ട്രാന്‍സ്‌മെന്‍ ആണെന്ന് പറഞ്ഞപ്പോള്‍ മുണ്ട് വലിച്ചൂരി, കമ്പിവടിവെച്ച് അടിച്ചു; ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികൾക്ക് നാട്ടുകാരുടെ ആക്രമണം

ട്രാന്‍സ്‌മെന്‍ ആണെന്ന് പറഞ്ഞപ്പോള്‍ മുണ്ട് വലിച്ചൂരി, കമ്പിവടിവെച്ച് അടിച്ചു; ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികൾക്ക് നാട്ടുകാരുടെ ആക്രമണം
Summary

രാത്രി സുഹൃത്തുക്കളെ കാത്ത് ഞങ്ങള്‍ ഒരു കാണിക്ക വഞ്ചിയുടെ അടുത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ഓട്ടോക്കാരനും, പോലീസ് ആണെന്ന് പറഞ്ഞ് മറ്റൊരാളും അങ്ങോട്ട് വന്നു, എന്തിനാടാ ഇവിടെ ഇരിക്കുന്നത് വഞ്ചി മോഷ്ടിക്കാന്‍ വന്നതാണോ എന്ന് ചോദിച്ച് തല്ലാന്‍ തുടങ്ങി.

കൊല്ലം അഞ്ചാലുംമൂട് ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികൾക്ക് നേരെ നാട്ടുകാരുടെ ആക്രമണം. അടുത്തുള്ള ക്ലബ്ബില്‍ ക്രിസ്മസ് പരിപാടികാണാന്‍ പോയി മടങ്ങി വരുമ്പോഴാണ് നാട്ടുകാരില്‍ നിന്നും പത്തോളം ട്രാൻസ്ജെൻഡർ വ്യക്തികൾ ക്രൂരമര്‍ദ്ദനത്തിനിരയായാത്. റോഡരികില്‍ സുഹൃത്തുക്കളെ കാത്തുനില്‍ക്കവെയാണ് ഓട്ടോ ഡ്രൈവറും പൊലീസ് എന്ന് പറഞ്ഞ മറ്റൊരാളും ചേര്‍ന്ന് ചോദ്യം ചെയ്യാനും അതിന് ശേഷം മര്‍ദ്ദിക്കുകയും ചെയ്തത്. ട്രാന്‍സ്‌മെന്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഉടുത്തിരുന്ന മുണ്ട് അഴിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ കയറിപ്പിടിച്ചെന്നും അക്രമത്തിനിരയായവർ ക്യുവിനോട് പറഞ്ഞു.

കൊല്ലം നീരാവിലെ സ്‌കൂളിനടുത്ത് വച്ച് രാത്രി പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഒരു ബൈക്ക് മാത്രമുള്ളതുകൊണ്ട് സുഹൃത്തുക്കള്‍ പോയി തിരിച്ചു വരുന്നത് കാത്ത് റോഡില്‍ നില്‍ക്കുകയായിരുന്നു ആക്രമണത്തിനിരയായ നൃതികും ആധവും. ഈ സമയത്ത് ഓട്ടോറിക്ഷ ഡ്രൈവറും പോലീസ് ആണെന്നു പറഞ്ഞു വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനായ മറ്റൊരാളും അടുത്തേക്ക് വന്നു. പിന്നീട് അതിനടുത്ത് ഉണ്ടായിരുന്ന കാണിക്ക വഞ്ചി മോഷ്ടിക്കാന്‍ വന്നതാണോ? എന്നുചോദിച്ചുകൊണ്ടാണ് ഇവര്‍ തങ്ങളെ കയ്യേറ്റം ചെയ്തതെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു.

ആധവ്, അഭിഷേക്, വിധു
ആധവ്, അഭിഷേക്, വിധു

അഞ്ചാലുംമൂട് പോലീസില്‍ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികൾ പരാതി നല്‍കിയിട്ടുണ്ടെങ്കിലും, അവര്‍ക്കെതിരെ നാട്ടുകാരുടെ പരാതിയും നിലനില്‍ക്കുന്നതുകൊണ്ട്, ഇപ്പോള്‍ ജാമ്യം എടുക്കേണ്ട അവസ്ഥയാണ്. വിഷയം അറിഞ്ഞിട്ടില്ലെന്നും, സ്റ്റേഷനില്‍ കാര്യങ്ങള്‍ അന്വേഷിക്കാമെന്നും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ദി ക്യു വിനോട് പറഞ്ഞു.

ട്രാന്‍സ് മെന്‍ ആണോ ഞങ്ങള്‍ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞ് വസ്ത്രം വലിച്ചൂരി

രാത്രി സുഹൃത്തുക്കളെ കാത്ത് ഞങ്ങള്‍ ഒരു കാണിക്ക വഞ്ചിയുടെ അടുത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ഓട്ടോക്കാരനും, പോലീസ് ആണെന്ന് പറഞ്ഞ മറ്റൊരാളും അങ്ങോട്ട് വന്നു, എന്തിനാടാ ഇവിടെ ഇരിക്കുന്നത് വഞ്ചി മോഷ്ടിക്കാന്‍ വന്നതാണോ എന്ന് ചോദിച്ച് തല്ലാന്‍ തുടങ്ങി. ഞങ്ങള്‍ ട്രാന്‍സ് മെന്‍ ആണ്, ഞങ്ങളുടെ സുഹൃത്തുക്കളെ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു. അപ്പോള്‍ ട്രാന്‍സ് മെന്‍ ആണോ ഞങ്ങള്‍ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ കൂടെയുള്ള ഒരാളെ പിടിച്ച് ഓട്ടോയുടെ അടുത്തേക്ക് മാറ്റി മുണ്ടുരിഞ്ഞ് ശരീരം പരിശോധിക്കാന്‍ തുടങ്ങി. ഞാനത് തടഞ്ഞു നിര്‍ത്താനൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ അവര് ഞങ്ങളെ വിട്ടില്ല, തടഞ്ഞു വച്ചു. അങ്ങനെ സുഹൃത്തുക്കളെ ഞങ്ങള്‍ തിരിച്ച് വിളിച്ചു. പാതി വഴിയില്‍ നിന്ന് തിരിച്ചു വന്ന അവരോട് നിങ്ങളും ട്രാന്‍സ് മെന്‍ ആണോ എന്ന് ചോദിച്ച് അവരുടെ ശരീരത്തിലും കയറി പിടിച്ചു. അക്രമത്തിനായായവരിലൊരാളായ നൃതിക് പറഞ്ഞു.

നൃതിക്
നൃതിക്

ആധവിനെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിരിക്കുന്നു എന്ന് അറിഞ്ഞ് അവരുടെ ചില ട്രാന്‍സ്‌വിമണ്‍ സുഹൃത്തുക്കള്‍ സ്ഥലത്തേക്ക് എത്തിയിരുന്നു, ആക്രമണം ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാരായ ചിലര്‍ കൂടി ആദ്യമുണ്ടായ രണ്ട്‌പേര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് ഇരുമ്പു കമ്പികളും പലകയും ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെടാന്‍ ഓടാന്‍ ശ്രമിക്കുമ്പോഴും ആളുകള്‍ പിന്തുടര്‍ന്ന് തല്ലുകയായിരുന്നു. ആക്രമണത്തില്‍ തന്റെ കാലിന് ചതവുണ്ടായെന്ന് നൃതിക് പറയുന്നു. പലര്‍ക്കും ഇരുമ്പു വടികള്‍ കൊണ്ടും പലക കഷ്ണങ്ങള്‍ കൊണ്ടും തലയിലടക്കം മര്‍ദ്ദനമേറ്റു. മറ്റൊരാളുടെ കൈ ഒടിഞ്ഞു, കൂടെയുണ്ടായിരുന്നവര്‍ക്ക് മുഴുവന്‍ മാരകമായി പരുക്കേറ്റുവെന്നും ഇവര്‍ പറയുന്നു.

ഓടി രക്ഷപ്പെട്ടതുകൊണ്ട് ഞങ്ങളുടെ വണ്ടി അവിടെ കുടുങ്ങി പോയി, അത് എടുക്കാന്‍ തിരിച്ചു പോയപ്പോള്‍ തരില്ല എന്ന് പറഞ്ഞു. അവസാനം പോലീസ് അത് കൊണ്ട് പോയി, എന്നാല്‍ അതിനു മുമ്പ് തന്നെ വണ്ടി അവര്‍ തല്ലി തകര്‍ത്തിരുന്നു. ഞങ്ങള്‍ വീട് തല്ലി തകര്‍ത്തു എന്ന് പറഞ്ഞ് അവര് ഞങ്ങള്‍ക്കെതിരെ കേസും കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങാന്‍ ജാമ്യം എടുക്കേണ്ട അവസ്ഥയിലാണ്, നൃതിക് ദ ക്യു വിനോട് പറഞ്ഞു.

പോലീസുകാരനാണെന്നു പറഞ്ഞ് മര്‍ദ്ദനം

പോലീസുകാരന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ വ്യക്തിയാണ് ആ വീടുകള്‍ തല്ലി തകര്‍ത്തത് എന്നും അതിന്റെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും ഇവര്‍ പറയുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാള്‍ പോലീസ് അല്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥനാണെന്നും ഇവര്‍ക്ക് മനസിലായത് .

അഞ്ചാലുംമൂട് സ്റ്റേഷനിലെ എസ്.ഐ ആണെന്ന് പറഞ്ഞാണ് ആദ്യം സംസാരിച്ചത്. പിന്നീട് വേറെ ഏതോ സ്റ്റേഷനിലെ എസ്.ഐ ആണെന്ന് പറഞ്ഞു. പിന്നീട് പോലീസുകാരാണ് പറഞ്ഞത് ഫോറസ്റ്റ് ഉദ്യോഗസ്ഥനാണെന്നെന്നും വിശദമായ പരാതി അഞ്ചാലുംമൂട് പോലീസിന് നല്‍കിയിട്ടുണ്ട് എന്നും മര്‍ദ്ദനമേറ്റ ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികൾ പറഞ്ഞു.

ഞങ്ങളുടെ പിള്ളേരിപ്പോ വരും ഞങ്ങള്‍ പൊയ്‌ക്കോളാം എന്ന് പറഞ്ഞതായിരുന്നു, എന്നിട്ടും കാര്യമില്ലാതെ അവര് ഞങ്ങളെ തല്ലുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ അഭിഷേഖ് മുണ്ടായിരുന്നു ഉടുത്തത്. നിങ്ങള്‍ ട്രാന്‍സ് മെന്‍ ആണോ, നിങ്ങള്‍ ആരാണെന്ന് അറിയണം എന്ന് പറഞ്ഞുകൊണ്ട് മുണ്ട് വലിച്ചൂരി. വേദനിപ്പിച്ചു. ഇപ്പോള്‍ അവനു വേദന കാരണം അടിവസ്ത്രം പോലും ഇടാന്‍ കഴിയാത്ത അവസ്ഥയാണ്. അവനു നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. അക്രമിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന ആധവ് പറയുന്നു

ചേട്ടാ ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന് ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു. അപ്പോഴും ചേട്ടാ എന്ന് മാത്രമേ ഞങ്ങള്‍ വിളിച്ചിട്ടുള്ളു. ഞങ്ങളെ സ്റ്റേഷനില്‍ ഹാജരാക്കിക്കോളൂ എന്ന് പറഞ്ഞിട്ടും അവര് പോലീസിനെ വിളിച്ചില്ല അവര്‍ക്ക് ഞങ്ങളെ സ്റ്റേഷനില്‍ കൊണ്ടുപോകേണ്ടായിരുന്നു.

ആധവ്

എന്റെ തലയ്ക്കു കൊല്ലേണ്ടിയിരുന്ന അടിയാണ് മാറി അഭിഷേകിന്റെ കൈക്കുകൊണ്ടത്. വേറൊരാള്‍ക്ക് കൊള്ളേണ്ട അടി മാറി വിധുവിന്റെ കാലിനു കൊണ്ടു. അവന്റെ കാലിന് നേരത്തെ തന്നെ പരിക്ക് പറ്റിയിരിക്കുകയായിരുന്നു. ഞങ്ങളെ തല്ലിയാല്‍ ആരും ചോദിയ്ക്കാന്‍ വരില്ല എന്ന ധൈര്യമായിരുന്നു അവര്‍ക്ക്. ആധവ് ദ ക്യുവിനോട് പറഞ്ഞു.

ഈ ആളുകളില്‍ നിന്ന് രക്ഷപെടാന്‍ പുലര്‍ച്ചെ മൂന്നു മണിവരെ പല സ്ഥലത്തായി പമ്മിയിരിക്കുകയായിരുന്നെന്നും, നാല് പേരും സര്‍ജറി കഴിഞ്ഞിട്ടില്ലാത്തവരായതുകൊണ്ട് ശരീരം വളരെയധികം ശ്രദ്ധിച്ചാണ് ഇപ്പോള്‍ കൊണ്ടു നടക്കുന്നതെന്നും അവര്‍ പറയുന്നു.

വീട് ആക്രമിച്ചു എന്ന് പറഞ്ഞ് ഞങ്ങള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുള്ളതുകൊണ്ട്, ഹോസ്പിറ്റലില്‍ പോയി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഞങ്ങളും ജാമ്യം എടുക്കേണ്ട അവസ്ഥയാണ്. അക്രമിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന ട്രാന്‍സ്‌വുമണ്‍ ദക്ഷ പറയുന്നു.

അക്രമികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ പൊലീസ്?

ഈ കേസ് ഇനി എങ്ങനെ പോകുമെന്നതില്‍ സംശയങ്ങളുണ്ട് എന്നും സ്റ്റേഷനില്‍ എഴുതിയ എഫ്.ഐ.ആറില്‍ തങ്ങള്‍ പറഞ്ഞ കാര്യങ്ങളൊന്നും വന്നിട്ടില്ലെന്നും ജില്ലാ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ കൂടിയായ ട്രാന്‍സ്ജെന്‍ഡര്‍ ആര്‍ദ്ര പറയുന്നു. അത് മാറ്റിയെഴുതാത്തപക്ഷം കേസിന്റെ ഗതി മാറാന്‍ സാധ്യതയുണ്ട്. അതിനി മാറ്റിയെഴുതാന്‍ ഇവര്‍ക്ക് പരുക്ക് പറ്റിയത് സാക്ഷ്യപ്പെടുത്തി ആശുപത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം. ആദ്യം സംഭവ സ്ഥലത്തുണ്ടായിരുന്ന നാലുപേരും പിന്നീട് ഇവര്‍ സഹായത്തിനായി വിളിച്ച ശിവന്യ, ദക്ഷ, ഫാത്തിമ, നന്ദിനി, ഫെബ, തസ്നി എന്നീ ട്രാന്‍സ് വിമെനിനും നാട്ടുകാരില്‍ നിന്ന് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്.

ഇവര്‍ വിളിച്ചിട്ടാണ് ആര്‍ദ്ര സ്ഥലത്തെത്തുന്നത്. സ്‌കൂട്ടറില്‍ അവിടേക്കെത്തുന്ന ആര്‍ദ്ര കാണുന്നത് ആളുകള്‍ ഓടിച്ചിട്ട് തല്ലുന്ന ഈ കുട്ടികളെയാണ്. അതില്‍ ശിവന്യ എന്ന കുട്ടിയെ തന്റെ സ്‌കൂട്ടറില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ആര്‍ദ്ര ശ്രമിച്ചു. എന്നാല്‍ അക്രമികള്‍ പുറകേ വന്നു വീണ്ടും തല്ലി. രണ്ടു പേര്‍ക്കും നന്നായി തല്ലുകൊണ്ടു എന്നും ആര്‍ദ്ര പറയുന്നു.

പൊലീസ് എഫ്.ഐ.ആറിന്റെ കോപ്പി ആവശ്യപ്പെട്ടിട്ട് തന്നില്ല. മീഡിയയില്‍ പറയും എന്ന് പറഞ്ഞതിന് ശേഷം മാത്രമാണ് തന്നത്. പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ന് ഞങ്ങള്‍ കലക്ടറെ കണ്ട് പരാതി നല്‍കിയിരുന്നു. ഉടനെ പ്രതികളെ അറസ്റ്റ് ചെയ്യണം. ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരു അവസ്ഥയുണ്ടാകരുത്. ആര്‍ദ്ര പറഞ്ഞു.

കേസിന്റെ വിവരങ്ങളന്വേഷിച്ച് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ ദ ക്യു ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ വഴി വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നാണ് പൊലീസ് പറഞ്ഞത്.

ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ ബോധവത്കരണം പരാജയപ്പെട്ടതിന്റെ ഫലം: വിജയരാജമല്ലിക

ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് എന്ന് മനസിലായപ്പോഴാണ് അവര്‍ ആക്രമിച്ചത്, ട്രാന്‍സ്‌ജെന്‍ഡര്‍ ബോധവല്‍ക്കരണത്തിന്റെ കുറവ് എത്രത്തോളം ഉണ്ടെന്ന് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വിജയരാജ മല്ലിക പറഞ്ഞു. നിലവില്‍ നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമാക്കണം എന്നാണ് എന്റെ അഭിപ്രായം. ട്രാന്‍സ് ജന്‍ഡര്‍ ആണെന്ന് മനസിലായപ്പോള്‍ അവിടെ ഒരു കാടിനകത്തുള്ള ഭണ്ഡാരപ്പെട്ടി കക്കാന്‍ നില്‍ക്കുകയാണെന്നാണ് മദ്യപിച്ച് വന്ന നാട്ടുകാര്‍ക്ക് തോന്നിയത്. അവര്‍ ഇവരെ തടഞ്ഞു നിര്‍ത്തി മുണ്ട് ഊരി മാറ്റി പരിശോധിച്ചു എന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. ഇത് ബോധവത്കരണത്തിലെ കുറവുകൊണ്ടാണ്. അത് പരിഹരിക്കാന്‍ സാമൂഹിക നീതി വകുപ്പ് കൃത്യമായി ഇടപെടണം, വിജയരാജ മല്ലിക ദ ക്യുവിനോട് പറഞ്ഞു.

വിജയരാജമല്ലിക
വിജയരാജമല്ലിക

ഇന്‍ക്ലൂസിവിറ്റിയെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. എന്താണ് ഇന്‍ക്ലൂസിവിറ്റി? എങ്ങനെ അത് ഉറപ്പാക്കാം? അതിനെ കുറിച്ചാകണം നമ്മുടെ ബോധവല്‍ക്കരണ ക്ലാസുകള്‍. നമ്മുടെ വ്യക്തിഗതമായ അനുഭവങ്ങള്‍ മാത്രമല്ല അതിനപ്പുറത്തേക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ കൊണ്ട് ഉപകാരമുണ്ടാകേണ്ടതുണ്ട്. ഇത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഇത് എല്ലാവരും ഒരുമിച്ച് ചെയ്യേണ്ട കാര്യം കൂടിയാണ്. ഇനിയും കൃത്യമായി ഇത് നടന്നില്ലെങ്കില്‍ ആളുകള്‍ക്ക് അടികിട്ടിക്കൊണ്ടേയിരിക്കും

വിജയരാജമല്ലിക

Related Stories

No stories found.
logo
The Cue
www.thecue.in