ഒറ്റമാസം കൊണ്ട് ബൈജൂസ് ആവശ്യപ്പെട്ടത് 170 പേരുടെ രാജി, തൊഴിലാളി വിരുദ്ധതയ്ക്ക് കേരളത്തില്‍ നിന്നൊരു മള്‍ട്ടിനാഷണല്‍ പതിപ്പ്

ഒറ്റമാസം കൊണ്ട് ബൈജൂസ് ആവശ്യപ്പെട്ടത് 170 പേരുടെ രാജി,  തൊഴിലാളി വിരുദ്ധതയ്ക്ക് കേരളത്തില്‍ നിന്നൊരു മള്‍ട്ടിനാഷണല്‍ പതിപ്പ്

ബൈജൂസ് കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ വകുപ്പ് ഇടപെടല്‍

ഒക്ടോബര്‍ 25ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് മുന്നില്‍ ടെക്‌നോപാര്‍ക്കില്‍ നിന്നെത്തിയ 150ലേറെ പേരുടെ നിവേദനത്തിന്റെ ഉള്ളടക്കം കമ്പനി തങ്ങളെ ജോലിയില്‍ നിന്ന് കൂട്ടപ്പിരിച്ചുവിടലിന് ഇരയാക്കിയെന്നായിരുന്നു. മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന രാജ്യാന്തര ശൃംഖലയുള്ള എഡ് ടെക് കമ്പനി ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ജീവനക്കാരോട് അപ്രതീക്ഷിതമായ നിര്‍ബന്ധിത രാജിയാവശ്യപ്പെട്ടത്. തിവനന്തപുരം സെന്റര്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ബൈജൂസ് ജീവനക്കാരോട് ഈ മാസം നിര്‍ബന്ധത രാജിയാവശ്യപ്പെട്ടത്.

ബൈജൂസ് ആപ്പിന്റെ അനിമേഷന്‍ വിഭാഗമാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. രാജിയാവശ്യപ്പെട്ട 170 പേരില്‍ 150 ലേറെ പേരുടെ പരാതിയില്‍ ടെക്‌നോ പാര്‍ക്ക് ജീവനക്കാരുടെ കൂട്ടായ്മ പ്രതിദ്ധ്വനി വിഷയം തൊഴില്‍ മന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുകയായിരുന്നു. മന്ത്രിയുടെ ഇടപെടലിന് പിന്നാലെ തിരുവനന്തപുരം ലേബര്‍ കമ്മീഷന്‍ പരാതി സ്വീകരിക്കുകയും ബൈജൂസ് മാനേജ്മെന്റുമായി ചര്‍ച്ച നടത്താന്‍ തിരുവനന്തപുരം ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ലേബര്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. അസൗകര്യമുള്ളതുകൊണ്ട് മറ്റൊരു ദിവസത്തേക്ക് യോഗം മാറ്റി വെക്കണമെന്ന് ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജ്മെന്റ് ആവശ്യപ്പെട്ടതായി തിരുവനന്തപുരം ലേബര്‍ ഓഫീസര്‍ ദ ക്യുവിനോട് പ്രതികരിച്ചു.

വളഞ്ഞ വഴിയില്‍ നിര്‍ബന്ധിത രാജി

മുഴുവന്‍ തൊഴിലാളികളെയും പിരിച്ച് വിടുകയാണെങ്കില്‍ അഥവാ സ്ഥാപനം തന്നെ അടച്ചു പൂട്ടുകയാണെങ്കില്‍, എത്ര വര്‍ഷമാണോ പ്രവര്‍ത്തന പരിചയമുള്ളത്, അതിന്റെ പകുതി മാസത്തെ സാലറി നല്‍കണമെന്നാണ് നിയമം, എന്നാല്‍ തൊഴിലാളികളുടെ ആവശ്യം അതിനേക്കാള്‍ വളരെ ചെറുതാണ്. കേവലം മൂന്നു മാസത്തെ ശമ്പളം മാത്രമേ അവര്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. അത് പോലും നല്കാന്‍ കമ്പനി തയ്യാറല്ല. ഒക്ടോബര്‍ മാസത്തെ ശമ്പളം മാത്രം നല്‍കാം എന്നാണ് കമ്പനി പറഞ്ഞതെന്ന് പ്രതിദ്ധ്വനി അം​ഗം.

'ഇത് പൂര്‍ണ്ണമായും സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് വിഭാഗമാണ്. ആനിമേഷന്‍ ചെയ്യുന്നവരാണ് മിക്കവരും. അവര്‍ക്ക് ജോലിക്കു പോകാന്‍ അങ്ങനെ ഒരുപാട് കമ്പനികളൊന്നുമില്ല. ടൂണ്‍സ് എന്ന ഒരു കമ്പനികൂടിയാണ് ഉള്ളത്. അവിടെയാണെങ്കില്‍ ഇപ്പൊ ആളെ എടുക്കുന്നുമില്ല. പെട്ടന്ന് ഇങ്ങനെ കമ്പനി പൂട്ടുകയാണ് എന്ന് പറയുമ്പോള്‍ മതിയായ നഷ്ടപരിഹാരം നല്‍കണം എന്നാണ് ഞങ്ങളുടെ ആവശ്യം.' പ്രതിദ്ധ്വനി അം​ഗം പറയുന്നു.

ബൈജൂസ് പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ടുകള്‍

ഇന്ത്യയിലെമ്പാടും ബൈജൂസ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുകയാണെന്ന് അടുത്തിടെ നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യത്ത് പല ഭാഗങ്ങളിലായി 50,000 തൊഴിലാളികളുണ്ട് ബൈജൂസിന്. 5% തൊഴിലാളികളെ കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇത് മൂലം ഏകദേശം 2500 ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. ഓണ്‍ലൈന്‍ ലേര്‍ണിംഗ് ആപ്പ് ആയി പേരെടുത്ത ബൈജൂസ്, ഒരുപാട് എതിരാളികള്‍ ഈ രംഗത്ത് വന്നതോടെ ഓണ്‍ലൈന്‍ കണ്ടന്റുകള്‍ കുറച്ച്, ട്യൂഷന്‍ സെന്ററുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കാനുള്ള നീക്കത്തിലാണെന്ന് ജീവനക്കാര്‍ പറയുന്നു. 22 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബൈജൂസിന് 2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 4,588 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇത് 2020 ല്‍ ഉണ്ടായ നഷ്ടത്തിന്റെ 20 ഇരട്ടിയാണെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ല്‍ കമ്പനിയുടെ നഷ്ടം 232 കോടിയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ചുവടുമാറ്റമായി വേണം ഇപ്പോഴുള്ള പിരിച്ചുവിടലിനെ കാണാന്‍. ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ വേണ്ടി അധ്യാപകരെ വലിയ സാലറി നല്‍കിക്കൊണ്ട് കൂട്ടമായി റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നും അതിനു വേണ്ടിയാണു ഇപ്പുറത്ത് കുറെ പേരെ പിരിച്ചുവിടുന്നത് എന്നും പ്രതിദ്ധ്വനി ദ ക്യു വിനോട് പറഞ്ഞു. തൊഴില്‍ വകുപ്പ് മന്ത്രി ഇടപെട്ടതിന്റെ ഭാഗമായാണ് കാര്യങ്ങള്‍ ലേബര്‍ കമ്മീഷന്റെ അടുത്തെത്തിയതെന്നും പ്രതിദ്ധ്വനി അം​ഗം പറയുന്നു. ഇവരുടെ സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമേ ഉള്ളൂ. അതുകൊണ്ടു തന്നെ ഈ നടപടി ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് തിരുവനന്തപുരം സെന്ററിലെ ജീവനക്കാരെയാണ്.

പ്രതിദ്ധ്വനി മന്ത്രിക്ക് പരാതി നൽകുന്നു
പ്രതിദ്ധ്വനി മന്ത്രിക്ക് പരാതി നൽകുന്നു

മന്ത്രി ശിവന്‍കുട്ടിയുടെ ഓഫീസില്‍ നിന്ന് ദി ക്യുവിനു നല്‍കിയ പ്രതികരണം

നൂറിലധികം പേര്‍ മന്ത്രിയെ കണ്ടു നിവേദനം കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ നിര്‍ദേശത്തില്‍ തിരുവനന്തപുരം ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതു കൊണ്ട് പങ്കെടുക്കാന്‍ കഴിയില്ല എന്നാണ് ബൈജൂസില്‍ നിന്നും ഇ-മെയില്‍ വഴി അറിയിച്ചത്. അവര്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി രണ്ടായിരത്തിലധികം പേരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ കേരളത്തിലും ആളുകളെ പിരിച്ച് വിടുന്നത് എന്നാണ് മനസിലാക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഓഫീസിലുള്ള 170 ഓളം തൊഴിലാളികളെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. രാജിവച്ചാല്‍ അവര്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങളൊന്നും കൊടുക്കേണ്ടതില്ല, പിരിച്ച് വിട്ടതാണെങ്കില്‍ അവര്‍ക്ക് ഗ്രാറ്റുവിറ്റി കൊടുക്കണം, ബോണസ് ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടിവരും. രാജിവെക്കുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി മാത്രമേ കൊടുക്കേണ്ടതുള്ളൂ. അങ്ങനെ ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനു വേണ്ടി അവരെ നിര്‍ബന്ധിതരാക്കി എന്നാണ് തൊഴിലാളികളുടെ ആരോപണം. അടുത്തയോഗം ഈ മാസം 31 ന് തിരുവനന്തപുരത്ത് വച്ചിട്ടുണ്ട്. അതില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പ്, തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ച നടപടികളുമായി മുന്നോട്ടു പോകും.

ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ മീറ്റിങ്ങില്‍ ബൈജൂസിന്റെ മാനേജ്‌മെന്റിന്റെ ഭാഗമായി ആരും പങ്കെടുത്തില്ല, അവര്‍ സ്ഥലത്തില്ലാത്തതുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാത്തത് എന്നാണ് ലേബര്‍ ഓഫീസറെ അറിയിച്ചത്. ഇവരുടെ മറ്റ് ഓഫീസുകള്‍ കേരളം മുഴുവനും ഉള്ളത് കൊണ്ട് തന്നെ സംസ്ഥാന തലത്തില്‍ ലേബര്‍ ഓഫീസര്‍, ലേബര്‍ കമ്മീഷന് ഒരു റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട് അത് ഉടന്‍ തന്നെ നല്‍കുമെന്ന് തിരുവനന്തപുരം ലേബര്‍ ഓഫീസര്‍ ദ ക്യുവിനോട് പറഞ്ഞു. അവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിക്കുന്നു എന്നാണ് പരാതി, അവര്‍ക്ക് ശമ്പള കുടിശിക കൊടുക്കണം. ഇതുവരെ ടര്‍മിനേഷന്‍ ലെറ്റര്‍ ഒന്നും കൊടുത്തിട്ടില്ല. അങ്ങനെ ടര്‍മിനേറ്റ് ചെയ്യുകയാണെങ്കില്‍ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും കൊടുക്കണം. ചര്‍ച്ചയ്ക്കു ശേഷം ഇപ്പോള്‍ പുറത്തായവരെ തിരിച്ചെടുക്കുകയോ, ആനുകൂല്യങ്ങള്‍ കൊടുക്കുകയോ ചെയ്തില്ലെങ്കില്‍ കേസ് ലേബര്‍ കോടതിയിലേക്ക് റെഫര്‍ ചെയ്യും, അങ്ങനെ നിര്‍ബന്ധിച്ച് ആരെയും രാജിവെപ്പിക്കാന്‍ കഴിയില്ല, അതിനെതിരെ സജീവമായ ഇടപെടല്‍ ഉണ്ടാകും, ജില്ലാ ലേബര്‍ ഓഫീസര്‍ പറഞ്ഞു.

തിരുവനന്തപുരം സെന്റര്‍ അടച്ചുപൂട്ടാനും ഇത്രയും തൊഴിലാളികളെ പിരിച്ചുവിടാനുമുള്ള നീക്കം എന്ത് കൊണ്ടാണെന്നും, അതില്‍ വിശദീകരണം എന്താണെന്നും ചോദിച്ച് ബൈജൂസ് തിരുവനന്തപുരം സെന്റര്‍ ഹെഡിനെ ദ ക്യു ബന്ധപ്പെട്ടപ്പോള്‍, അതില്‍ കമന്റ് ചെയ്യാനാകില്ലെന്നും നിങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ എച്ച് ആറിനെ ബന്ധപ്പെടാനും പറഞ്ഞത് പ്രകാരം തിരുവനന്തപുരം എച്ച് ആര്‍ ഹെഡിനെ ബന്ധപ്പെട്ടു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറല്ല എന്നും, എന്തെങ്കിലും അറിയണമെങ്കില്‍ ഒഫീഷ്യല്‍ മെയില്‍ ഐഡി യിലേക്ക് മെയില്‍ ചെയ്‌തോളൂ എന്ന മറുപടിയാണ് കിട്ടിയത്.

ബൈജു രവീന്ദ്രൻ
ബൈജു രവീന്ദ്രൻ

ലോകമാകെ പന്തലിച്ച മലയാളി സ്റ്റാര്‍ട്ടപ്പ്, കൊവിഡിലെ കുതിപ്പും കിതപ്പും

ബംഗളൂരു ആസ്ഥാനമായി മലയാളിയായ ബൈജു രവീന്ദ്രനും ബംഗ്ലൂരു സ്വദേശിയായ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011 ല്‍ ആരംഭിച്ച മുള്‍ട്ടിനാഷണല്‍ എഡ്-ടെക് കമ്പനിയാണ് ബൈജൂസ് ലേര്‍ണിംഗ് ആപ്പ്. ഇ ലേണിംഗ് രംഗത്തെ വമ്പന്‍മാരായി

ആപ്പ് സജീവമായത് 2015 ഊടുകൂടിയാണ്. കാര്യമായി എതിരാളികളൊന്നുമില്ലാതിരുന്ന മേഖലയില്‍ വളരെ പെട്ടെന്നായിരുന്നു ബൈജൂസിന്റെ വളര്‍ച്ച. ഷാരൂഖ് ഖാനും മോഹന്‍ലാലും ഉള്‍പ്പെടെ മുന്‍നിര സിനിമാ താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായി വന്നതോടെ ബൈജൂസ് അതിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചു. കേരളത്തില്‍ ചെറുരീതിയില്‍ തുടങ്ങി രാജ്യാന്തര തലത്തിലെത്തിയ കമ്പനി എന്ന രീതിയില്‍ കേരളത്തിന്റെ പൊതു ഇടങ്ങളിലും ബൈജൂസ് മികച്ച ബിസിനസ് മാതൃകയായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‌സര്‍മാരായതോടെ ബൈജൂസ് രാജ്യത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നുമായി.

15 ദിവസത്തെ റീഫണ്ട് പോളിസിയുള്ള കമ്പനിയാണ് ബൈജൂസ് എന്നാല്‍ റീഫണ്ട് ചോദിച്ചിട്ട് നല്‍കാതെ കടക്കെണിയിലായ ദിഗംബര്‍ സിംഗ് എന്ന രക്ഷിതാവിന്റെ അവസ്ഥയും ബി.ബി.സി വെബ് സൈറ്റിലെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കോവിഡിന് ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം വലിയതോതില്‍ ഓണ്‍ലൈന്‍ ആയി മാറിയതോടെ ഒരുപാട് ഓണ്‍ലൈന്‍ ലേര്‍ണിംഗ് പ്ലാറ്റുഫോമുകള്‍ അവതരിക്കപ്പെട്ടു. ഇതോടുകൂടിയാണ് ഈ മേഖലയില്‍ ശക്തമായ മത്സരം ആരംഭിച്ചത്. മറ്റ് കമ്പനികളും സിനിമാ താരങ്ങളെ ഇറക്കി. ട്യൂഷന്‍ സെന്ററുകളും, സ്‌കൂളുകളും തുടങ്ങി. ബൈജൂസിനെതിരെ ഉപഭോക്താക്കളില്‍ നിന്നും, ജീവനക്കാരില്‍ നിന്നും നേരത്തെ തന്നെ പരാതികള്‍ വന്നിട്ടുണ്ട്. ബൈജൂസിലെ തൊഴിലാളി വിരുദ്ധതയും, രക്ഷിതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സംഭവങ്ങളും 2021 ഡിസംബര്‍ ഏഴിന് വിശദമായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 15 ദിവസത്തെ റീഫണ്ട് പോളിസിയുള്ള കമ്പനിയാണ് ബൈജൂസ് എന്നാല്‍ റീഫണ്ട് ചോദിച്ചിട്ട് നല്‍കാതെ കടക്കെണിയിലായ ദിഗംബര്‍ സിംഗ് എന്ന രക്ഷിതാവിന്റെ അവസ്ഥയും ബി.ബി.സി വെബ് സൈറ്റിലെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിക്കുന്ന രീതിയെ കുറിച്ചും കാള്‍ സെന്ററുകളില്‍ ഒരു ദിവസം 120 മിനുട്ട് കസ്റ്റമറുമായി സംസാരിക്കാത്ത തൊഴിലാളികള്‍ക്ക് ആ ദിവസം ശമ്പളമില്ലാത്ത ലീവ് ആയി കമ്പനി കണക്കാക്കും എന്നതുള്‍പ്പെടെ ശക്തമായ തൊഴിലാളി വിരുദ്ധതയുടെ വിവരങ്ങളും അന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in