റാന്നിയിലെ ജാതി വിവേചനം; കേസെടുക്കാന്‍ നിര്‍ദേശിച്ച് എസ്.സി/എസ്.ടി കമ്മീഷന്‍

റാന്നിയിലെ ജാതി വിവേചനം; കേസെടുക്കാന്‍ നിര്‍ദേശിച്ച് എസ്.സി/എസ്.ടി കമ്മീഷന്‍

പത്തനംതിട്ട റാന്നിയില്‍ ദളിത് കുടുംബങ്ങളെ ഇഷ്ടദാനം കിട്ടിയ സ്ഥലത്ത് വീട് വെക്കാന്‍ അനുവദിക്കാത്ത വിഷയത്തില്‍ കേസ് എടുക്കാന്‍ നിര്‍ദേശിച്ച് എസ്.സി.എസ്.ടി കമ്മീഷന്‍. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കാനും അന്വേഷണം നടത്താനും പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് എസ്.സി/ എസ്.ടി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു.

പട്ടിക ജാതി വിരുദ്ധ നിലപാടാണ് കുടുംബങ്ങളോട് പരിസരവാസികള്‍ സ്വീകരിച്ചത്. ഭരണഘടയോടും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന വിധത്തിലുള്ള നീചമായ പ്രവര്‍ത്തിയാണ് നടന്നത്. കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും നിര്‍ദേശം നല്‍കുമെന്നും ബി.എസ് മാവോജി പറഞ്ഞു.

ദളിത് കുടുംബങ്ങളോട് തര്‍ക്കമുള്ള ബൈജു സെബാസ്റ്റ്യനോട് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി സമവായത്തിന് നിര്‍ദേശിച്ചെങ്കിലും ഇയാള്‍ ഇത് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.

റാന്നിയില്‍ ഇഷ്ടദാനം കിട്ടിയ സ്ഥലത്ത് ദളിത് കുടുംബങ്ങളെ വീട് വെക്കാന്‍ അനുവദിക്കാത്ത വാര്‍ത്ത ദ ക്യു പ്രതിനിധി കവിതാ രേണുക റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത് മെമ്പറില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കടുത്ത ജാതിവിവേചനമാണ് തങ്ങള്‍ നേരിടുന്നതെന്ന് ദളിത് കുടുംബങ്ങള്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ വീട് വെക്കുന്നത് തടയാന്‍ പൊതുവഴി അടച്ചെന്നും പഞ്ചായത്ത് കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

പട്ടിക വര്‍ഗക്കാര്‍ ആയ തങ്ങള്‍ ഇവിടെ താമസിക്കരുത് എന്ന് പറഞ്ഞ് പ്രദേശവാസികള്‍ ജാതീയമായി അധിക്ഷേപിച്ചെന്നും, സ്ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തി അധിക്ഷേച്ചു എന്നും കുടുംബങ്ങള്‍ പരാതിപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in