അവസാനിപ്പിക്കണ്ടേ കൊലപാതക രാഷ്ട്രീയം?

അവസാനിപ്പിക്കണ്ടേ കൊലപാതക രാഷ്ട്രീയം?

രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ഡിസംബര്‍ മാസത്തില്‍ ഇതുവരെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. ഡിസംബര്‍ 2ന് പത്തനംതിട്ടയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപ്, 18ന് എസ്.ഡി.പി.ഐ സ്രംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍. ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിലാണ് നടന്നത്. ഷാന്‍ വധക്കേസില്‍ ആര്‍.എസ്.എസുകാരും രഞ്ജിത്തിനെ കൊലപ്പെടുത്തിയതില്‍ എസ്.ഡി.പി.ഐക്കാരും പിടിയിലായി. 2021ല്‍ ഇതുവരെ 8 ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതില്‍ മൂന്ന് കൊലപാതക കേസുകളില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ രണ്ട് കൊലപാതക കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചാവേര്‍ രക്തത്തിന്റെ തുടര്‍ച്ചയാണ് കണ്ണൂരടക്കമുള്ള വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകമെന്ന് കയ്യടി നേടാനുള്ള വാദങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ പകയ്ക്ക് കൊലക്കത്തിയിലൂടെ മറുപടി നല്‍കുന്നതില്‍ വടക്കും തെക്കും തമ്മില്‍ വ്യത്യാസമില്ലാതാവുമ്പോള്‍ രക്തത്തിലെ ചാവേര്‍ പാരമ്പര്യ വാദം മാറ്റിവെക്കാം. ജീവന് വില കല്‍പ്പിക്കാത്ത രാഷ്ട്രീയ പക മാത്രമാണിത്. ഈ വര്‍ഷം നടന്ന കൊലപാതകങ്ങളില്‍ മൂന്നെണ്ണം ആലപ്പുഴ ജില്ലയിലാണ്. കണ്ണൂരില്‍ ഒരു കൊലപാതകമാണ് ഇക്കാലയളവില്‍ നടന്നത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 89 പേരാണ് രാഷ്ട്രീയ കാരണങ്ങളാല്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ 24 കേസുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. തൃശൂരില്‍ 20 പേരും പാലക്കാട് 9 പേരും കൊല്ലപ്പെട്ടു.

ചാവേര്‍ മനസ്ഥിതിയുള്ള വര്‍ഗീയവാദികള്‍ പേടിപ്പെടുത്തുന്നു

സുധാ മേനോന്‍, സാമൂഹിക നിരീക്ഷക

എത്ര കാലമായി നമ്മള്‍ രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയുകയും പഠനങ്ങളും, ഭാഷ്യങ്ങളും ചമക്കുകയും ചെയുന്നു? എത്ര കാലമായി ഇരകളായ മനുഷ്യരുടെ മൃതശരീരങ്ങളും, കുടുംബങ്ങളുടെ തോരാക്കണ്ണീരും, കുഞ്ഞുങ്ങളുടെ ദൈന്യചിത്രങ്ങളും നമ്മള്‍ പത്രങ്ങളിലും ചാനലുകളിലും കണ്ടുകൊണ്ടിരിക്കുന്നു? എന്നിട്ട്, പ്രബുദ്ധര്‍ എന്നറിയപ്പെടുന്ന ഇന്നാട്ടിലെ രാഷ്ട്രീയ സംഘടനകള്‍ക്ക് എന്തെങ്കിലും മനം മാറ്റം ഉണ്ടോ? ഉപാധികള്‍ ഇല്ലാതെ അക്രമവും കൊലപാതകവും അവസാനിപ്പിക്കാന്‍ ഇവര്‍ ആരെങ്കിലും തയാറാകുന്നുണ്ടോ? പകരം കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന മട്ടിലുള്ള അസംബന്ധവാദങ്ങള്‍ അല്ലേ ഇവര്‍ ഉയര്‍ത്തുന്നത്? ഹിംസാത്മകമായ രാഷ്ട്രീയം ഒരു ചര്യയായി കൊണ്ട് നടക്കുന്നവര്‍ക്ക് ജനാധിപത്യത്തെകുറിച്ചു സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളത്? രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങള്‍ നടത്തിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ നെഞ്ചില്‍ കൈവെച്ചു സ്വയം ചോദിച്ചു നോക്കൂ, ഇങ്ങനെ മനുഷ്യജീവന്‍ കൊന്നുതള്ളിയിട്ട് നിങ്ങള്‍ എന്താണ് നേടിയത് എന്ന്? അതിലൂടെയാണോ നിങ്ങളുടെ പ്രസ്ഥാനം ഇവിടെ വളര്‍ന്നത്?

നമ്മള്‍ സാധാരണമനുഷ്യര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നാലും ഇവര്‍ ഇതൊന്നും നിര്‍ത്തില്ല. അതിന് ഒരൊറ്റ വഴി മാത്രമേ ഉള്ളൂ. പൊലീസ് യാതൊരു രാഷ്ട്രീയസ്വാധീനത്തിനും അടിമപ്പെടാതെ ശരിയായ പ്രതികളെ പിടിക്കുക. ഒപ്പം, ഓരോ കൊലപാതകത്തിന് പിറകിലെയും കൃത്യമായ ആസൂത്രണവും, ജില്ലാ/ സംസ്ഥാനനേതാക്കളുടെ പങ്കും വെളിച്ചത്തുകൊണ്ട് വരികയും അവര്‍ എത്ര ജനസ്വാധീനമുള്ള നേതാവ് ആയാലും ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് അനിവാര്യമാണ് . 'വിലങ്ങുകളും ജയിലറകളും' നേതാക്കളിലേക്കു നീങ്ങാതെ ഈ പ്രക്രിയ അവസാനിപ്പിക്കാന്‍ ആര്‍ക്കും പറ്റില്ല. പോലീസിന്റെ വീഴ്ച്ച തന്നെയാണ് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളുടെ പിന്നിലുള്ള ഒരു കാരണം. അതോടൊപ്പം കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജയിലിലും പുറത്തും, സോഷ്യല്‍ മീഡിയയിലും കൊടുക്കുന്ന വീരപരിവേഷവും അവസാനിപ്പിക്കണം. ഏതു പാര്‍ട്ടിയില്‍ ആയാലും ആയുധമെടുത്ത് മറ്റൊരു ജീവന്‍ ഇല്ലാതാക്കുന്നവന് പൊതുപ്രവര്‍ത്തനത്തിനോ, രാഷ്ട്രീയപ്രവര്‍ത്തനത്തിനോ അര്‍ഹതയില്ല. വെറും സാമൂഹ്യവിരുദ്ധര്‍ മാത്രമാണ് അവര്‍.

പക്ഷേ അതിലേറെ പേടിപ്പെടുത്തുന്നത് ചാവേര്‍ മനസ്ഥിതി ഉള്ള വര്‍ഗീയവാദികള്‍ വളര്‍ന്നു വരുന്നതാണ്. രക്തസാക്ഷി ആകാന്‍ കൊതിക്കുന്ന മട്ടിലുള്ള പല പോസ്റ്റുകളും കാണിക്കുന്നത് കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയമതഭ്രാന്ത് തന്നെയാണ്. പോലീസും മാധ്യമങ്ങളും പൊതുസമൂഹവും ഒക്കെ ഗൗരവമായി എടുക്കേണ്ട കാര്യമാണിത്.

തുറന്ന് കാട്ടി ഒറ്റപ്പെടുത്തുക

വി.കെ സനോജ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

കൊലപാതക രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടികള്‍ നിലപാട് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും മതരാഷ്ട്രവാദികള്‍ അത് തുടരുകയാണ്. രണ്ട് തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. പരസ്പര സഹായസംഘം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് രണ്ടും. കലാപങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ഇല്ലെങ്കില്‍ ഇവര്‍ക്ക് വളരാന്‍ കഴിയില്ല. യഥാര്‍ത്ഥ വിശ്വാസി സമൂഹത്തെ തെറ്റായ നിലയില്‍ നയിക്കാനുള്ള ആഹ്വാനവും കുറെ കാലമായി ഇവര്‍ നടത്തുന്നുണ്ട്. തലശ്ശേരിയിലെ വര്‍ഗ്ഗീയ മുദ്രാവാക്യവും പ്രചാരണങ്ങളും ഹലാല്‍ വിവാദവും ആര്‍.എസ്.എസ് ഇത്തരമൊരു അജണ്ടയുടെ ഭാഗമായി ഉണ്ടാക്കിയതാണ്. ആര്‍.എസ്.എസ് അനുഭാവികളുടെ പ്രൊഫൈലില്‍ നിന്നല്ല പ്രചരണം ഉണ്ടാകുന്നത്. ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ ഭാഗത്ത് നിന്നാണ് ഇത്തരം ആഹ്വാനങ്ങളും നുണപ്രചരണങ്ങളും ആരംഭിക്കുന്നത്. ആര്‍.എസ്.എസിനെ പ്രതിരോധിക്കാനെന്ന മട്ടില്‍ വിശ്വാസികളെ കൂട്ടുപിടിക്കാന്‍ ഇസ്ലാമിക തീവ്രവാദ രാഷ്ട്രീയ ശക്തികളും ശ്രമങ്ങള്‍ നടത്തുന്നു. ഇതെല്ലാം തിരിച്ചറിയുന്നവരും മതേതര മനസ്സുള്ളവരുമായ കേരളത്തിലെ വിശ്വാസി സമൂഹം ഇവരുടെ വലയില്‍ വീണിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും വെല്ലുവിളിയായി തന്നെ നില്‍ക്കുന്നു. രണ്ട് സംഘടനകളും വലിയ അപകടമാണ് കേരളത്തില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. വര്‍ഗ്ഗീയ സംഘര്‍ഷം എന്നതിനപ്പുറത്തേക്ക് കലാപത്തിനുള്ള ശ്രമം നടത്തുന്നു.

രക്തസാക്ഷിയായാല്‍ ഈ ലോകത്തിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിപ്പിക്കുകയാണ്. ഇത് തന്നെയാണ് ഐ.എസ് തീവ്രവാദികള്‍ ചെയ്യുന്നതും. തങ്ങളുടെ നേതാവിനെ ആര്‍.എസ്.എസുകാര്‍ കൊന്നതാണെങ്കിലും രക്തസാക്ഷിത്വം തങ്ങള്‍ ആഗ്രഹിച്ചതാണെന്നും ആഹ്ലാദിച്ച് കൊണ്ടാണെന്നും വിലാപ യാത്രയാണെന്ന് വിശേഷിപ്പിക്കരുതെന്നും എസ്.ഡി.പി.ഐയുടെ നേതാവ് പത്രക്കാരോട് പരസ്യമായി പറയുകയാണ്. വിശ്വാസത്തിന്റെ പേരിലൊക്കെ ഇവരുടെ സംഘത്തിലെത്തുന്ന ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. എല്ലാ മതരാഷ്ട്ര വാദികളും ചെയ്യുന്നത് ഇതാണ്.

കേരളത്തിന്റെ സെക്കുലര്‍ ബോധത്തെ ഇനിയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ദേശീയ പ്രസ്ഥാനം, ജന്‍മി-നാടുവാഴിത്ത വിരുദ്ധ കര്‍ഷക സമരങ്ങള്‍, ജാതിക്കെതിരായ പ്രതിഷേധങ്ങള്‍ എന്നിവയിലൂടെയെല്ലാമാണ് ഈ കേരളം സെക്കുലര്‍ സമൂഹമായത്. ആ ആശയത്തെ ശക്തമായി മുന്നോട്ട് കൊണ്ടു പോകണം. നൂറ് വര്‍ഷം മുമ്പ് ആലുവയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ ചോദിച്ച ചോദ്യം വീണ്ടും ചോദിക്കേണ്ട സ്ഥിതിയാണ്. കാരണം അത്രമാത്രം ഇടുങ്ങിയ വഴികളിലൂടെ സമൂഹത്തെ നയിക്കുന്ന പ്രതിലോമ ശക്തികള്‍ കേരളത്തിലുണ്ട്. അവരെ തുറന്ന് കാട്ടി ഒറ്റപ്പെടുത്തുക.

കൊലപാതക രാഷ്ട്രീയം ആഘോഷിക്കപ്പെടുന്നത് ദുഃഖകരം

കെ.എസ് ശബരീനാഥ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

കൊലപാതക രാഷ്ട്രീയം ആഘോഷിക്കപ്പെടുന്നതും മഹത്വവത്കരിക്കപ്പെടുന്നതും ദുഃഖകരമാണ്. പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ സമൂഹം ഇതേ പ്രത്യയശാസ്ത്രങ്ങളെ കൂടുതല്‍ വെറുക്കുകയാണ്. ഈ കഴിഞ്ഞ കാലയളവില്‍ നടന്ന കൊലപാതകങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴും വാര്‍ത്തകള്‍ കാണുമ്പോഴും ഭൂരിഭാഗം പ്രതികളും 25 ഉം 30 ഉം വയസ്സിനു താഴെയുള്ള ചെറുപ്പക്കാരാണ് എന്നുള്ളത് വ്യാകുലപ്പെടുത്തുന്നു. ഈ സംഘടനകള്‍ക്കെതിരെ എത്രയോ കേസുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതും പരിതാപകരമാണ്. കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിന്റെ അറ്റത്ത് നില്‍ക്കുന്ന ഇവര്‍ക്ക് രാഷ്ട്രീയമായി അംഗീകാരം നേടി കൊടുക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ആര് അവസാനിപ്പിക്കും?

കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കണം. ജാഗ്രതയോടെ സര്‍ക്കാരും പോലീസും ഇടപെടണം. പൊതുരാഷ്ട്രീയത്തില്‍ അപ്രസക്തരായവര്‍ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വര്‍ഗീയതയുടെ കെണിയില്‍ മലയാളികള്‍ വീഴരുതെന്ന് മുന്നറിയിപ്പും നല്‍കി. കേരളത്തെ ചോരക്കളമാക്കാന്‍ ശ്രമിക്കുന്ന വിരുദ്ധ വര്‍ഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ ജാഗ്രതയോടെ രംഗത്ത് വരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പുകള്‍ മാത്രം പോര, കൊലപാതക രാഷ്ട്രീയം എങ്ങനെ അവസാനിപ്പിക്കണമെന്ന് കൂടി പറയാനും അതിന് മുന്‍കൈ എടുക്കാനും നേതൃത്വത്തിന് ഉത്തരവാദിത്തമില്ലേ?.

Related Stories

No stories found.
logo
The Cue
www.thecue.in