ഇരയെ കല്യാണം കഴിച്ചാല്‍ തീരുന്നതാണോ പോക്സോ കേസ്

ഇരയെ കല്യാണം കഴിച്ചാല്‍ തീരുന്നതാണോ പോക്സോ കേസ്
Summary

വിവാഹം കഴിച്ച് ഇല്ലാതാക്കപ്പെടുന്ന പോക്സോ കേസുകള്‍ വേറെയുമുണ്ട് കേരളത്തില്‍. രണ്ട് പെണ്‍കുട്ടികളെ പ്രതികള്‍ വിവാഹം കഴിച്ചുവെന്ന് കഴിഞ്ഞ ദിവസം വിചാരണക്കിടെ കോടതിയെ അറിയിച്ചു.ബലാത്സംഗം ചെയ്തുവെന്ന മൊഴി ഇരയെ കൊണ്ട് മാറ്റി പറയിപ്പിക്കുന്നു.

കൊട്ടിയൂര്‍ പോക്സോ കേസിലെ പ്രതി 49 കാരനായ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയെ വിവാഹം കഴിക്കുന്നതിനായി ജാമ്യം തേടിക്കൊണ്ട് ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചത് വലിയ ചര്‍ച്ചയായി. വിവാഹം കഴിച്ച് ഇല്ലാതാക്കപ്പെടുന്ന പോക്സോ കേസുകള്‍ വേറെയുമുണ്ട് കേരളത്തില്‍. രണ്ട് പെണ്‍കുട്ടികളെ പ്രതികള്‍ വിവാഹം കഴിച്ചുവെന്ന് കഴിഞ്ഞ ദിവസം വിചാരണക്കിടെ കോടതിയെ അറിയിച്ചു(പെണ്‍കുട്ടികളെ തിരിച്ചറിയാതിരിക്കാന്‍ കോടതി വിവരങ്ങള്‍ കൂടുതലായി ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നില്ല).

ബലാത്സംഗം ചെയ്ത പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞാല്‍ വിവാഹം കഴിച്ച് പോക്സോ കേസില്‍ നിന്നും പ്രതികള്‍ രക്ഷപ്പെടുകയാണ്. ഇരയെ തന്നെ മുന്നില്‍ നിര്‍ത്തിയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്താന്‍ വേണ്ടി പ്രതിയെ വിവാഹം കഴിക്കണമെന്നാണ് ഇര സുപ്രീംകോടതിയില്‍ പറഞ്ഞത്. വിവാഹം കഴിക്കാനുള്ള പ്രതിയുടെ ആവശ്യം ഹൈക്കോടതി തടഞ്ഞത് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹര്‍ജി തള്ളി. കേസിന്റെ തുടക്കം മുതല്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുടെ മറ്റൊരു തന്ത്രം മാത്രമാണിതെന്ന ആരോപണം ശക്തമാണ്.

റോബിന്‍ വടക്കുചേരി പയറ്റുന്ന തന്ത്രം മാത്രമല്ല ഇതെന്ന് കേരളത്തിലെ സമീപകാല കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പോക്സോ നിയമം വന്നതിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ഇരയെ വിവാഹം കഴിക്കുകയെന്നത്.

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെടാതിരിക്കാനും പിന്നീട് രക്ഷപ്പെടാനും ഫാദര്‍ റോബിന്‍ വടക്കുചേരി പ്രചരിപ്പിച്ച കഥകളും പൊലീസിനോടും കോടതിയോടും ഇരയെ കൊണ്ടും വീട്ടുകാരെ കൊണ്ടും പറയിപ്പിച്ച നുണകളും വിചാരണ വേളയില്‍ തന്നെ തുറന്ന് കാണിക്കപ്പെട്ടിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇരയെ വിവാഹം കഴിക്കാന്‍ റോബിന്‍ വടക്കുചേരി തയ്യാറായത്.

റോബിന്‍ വടക്കുചേരി പയറ്റുന്ന തന്ത്രം മാത്രമല്ല ഇതെന്ന് കേരളത്തിലെ സമീപകാല കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പോക്സോ നിയമം വന്നതിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ഇരയെ വിവാഹം കഴിക്കുകയെന്നത്. കേസിന്റെ വിചാരണ നീളുന്നത് ഇരയേയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കുന്നതിനുള്ള സാവകാശം പ്രതികള്‍ക്ക് ലഭിക്കുന്നു. ബലാത്സംഗം ചെയ്തുവെന്ന മൊഴി ഇരയെ കൊണ്ട് മാറ്റി പറയിപ്പിക്കുന്നു.

രണ്ടുപേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി തള്ളിയതോടെയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.

പരാതികള്‍ ശക്തമായതോടെ പോക്സോ കേസില്‍ പ്രതികളെ വെറുതെ വിടുന്ന രീതിയില്‍ ഇടപെടല്‍ നടത്തരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു

കല്യാണ ബ്രോക്കര്‍മാരായി നിയമസംവിധാനങ്ങള്‍

ഭാവി കണക്കിലെടുത്ത് പ്രതിയെ കല്യാണം കഴിക്കാന്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് പരസ്യമായി ചോദിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടി നേരത്തെ വിവാദമായിരുന്നു. പിന്നാലെ ഇതേ കാര്യം സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന എസ്.എ.ബോബ്ഡെയും ചോദിച്ചു. ബോബ്ഡെ ഇക്കാര്യം പിന്നീട് നിഷേധിച്ചു. 2017ല്‍ കൊല്ലം ജില്ലയില്‍ പോക്സോ കേസിലെ 13 പെണ്‍കുട്ടികള്‍ പ്രതികളെ വിവാഹം കഴിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തന്നെ മധ്യസ്ഥരാകുന്നതായും ആരോപണം ഉണ്ടായി. കോടതിയില്‍ പ്രതികളെ കണ്ടാല്‍ അറിയില്ലെന്ന് മൊഴി നല്‍കണമെന്ന് നിര്‍ബന്ധിച്ച പ്രോസിക്യൂട്ടര്‍ക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കാന്‍ ഇടപെട്ട പ്രോസിക്യൂട്ടര്‍ക്കെതിരായ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായില്ല.

പരാതികള്‍ ശക്തമായതോടെ പോക്സോ കേസില്‍ പ്രതികളെ വെറുതെ വിടുന്ന രീതിയില്‍ ഇടപെടല്‍ നടത്തരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

പരാതി വ്യാജമാണെന്ന് സ്ഥാപിക്കുന്നതിനും കേസ് എടുക്കുന്നത് വൈകിപ്പിക്കുന്നതിനും പെണ്‍കുട്ടികളെ നിരന്തരം കൗണ്‍സിലിങ്ങിന് വിധേയരാക്കുന്നതായും ആരോപണമുണ്ട്. 16 തവണ കൗണ്‍സിലിങ്ങിന് വിധേയയായ പരാതിക്കാരിയുമുണ്ട്.

വിചാരണ വേളയില്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പരാതിക്കാരായ കുട്ടികളുടെ മേല്‍ സാമ്പത്തികവും സാമൂഹികവുമായ സമ്മര്‍ദ്ദം ശക്തമാക്കുന്ന പ്രതികളുണ്ട്. രാഷ്ട്രീയ നേതാക്കളെ ഒത്തുതീര്‍പ്പിനായി രംഗത്തിറക്കുന്നു. അഭിഭാഷകര്‍ തന്നെ ഇടപെട്ട് പോലീസ് സംരക്ഷണം വാങ്ങി കൊടുക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

The Cue

വര്‍ധിച്ച് വരുന്ന കേസുകളും നീതികിട്ടാത്ത ഇരകളും

2015ന് ശേഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകളുടെ എണ്ണമാണിത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോയില്‍ നിന്നും ലഭിച്ച കണക്ക് പ്രകാരം

2017- 2697

2018- 3180

2019- 3609

2020- 3019

2021- ജൂണ്‍ വരെ 1617

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ 4.4 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയെ അറിയിച്ചിട്ടുള്ളത്.

കേസുകള്‍ വിചാരണ പൂര്‍ത്തിയാകാതെ കെട്ടിക്കിടന്നതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇരകള്‍ സാമൂഹ്യജീവിതമില്ലാതെ, നീതി കിട്ടാതെ മുറികള്‍ക്കുള്ളിലേക്ക് ഒതുങ്ങേണ്ടി വരുന്ന അവസ്ഥ. ഒരുവര്‍ഷം കൊണ്ട് കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് നിയമം അനുശാസിക്കുന്നത്.

കേസുകള്‍ അനന്തമായി നീളുന്നതിനുള്ള പരിഹാരം എന്ന നിലയിലാണ് കൂടുതല്‍ പോക്സോ കോടതികള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. 28 പ്രത്യേക കോടതികളിലായി വിചാരണ. ഇതിന് ശേഷം കേസുകളുടെ വിചാരണ വേഗത്തിലായിട്ടുണ്ട്. എന്നാല്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ഇപ്പോഴുമുണ്ട്.

പ്രതിയെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ ഭാവിയെന്ത്?

പ്രതികളുടെയും അഭിഭാഷകരുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാകുന്നുവെങ്കിലും അവരുടെ ഭാവി ജീവിതം എങ്ങനെയെന്ന് ആരും അന്വേഷിക്കുന്നില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകയായ പി.ഇ ഉഷ ചൂണ്ടിക്കാണിക്കുന്നു. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ഈ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ല.

പ്രതികള്‍ക്ക് രക്ഷപ്പെടുന്നതിന് വേണ്ടി മാത്രമാണ് ഇത്തരം വിവാഹം.കൊട്ടിയൂര്‍ കേസില്‍ കുഞ്ഞിന് രക്ഷിതാവിനെ കിട്ടുന്നതിനാണ് വിവാഹം കഴിക്കുന്നതെന്ന് പറയുന്നു.രക്ഷിതാവ് എന്നത് അച്ഛന്‍ തന്നെയാകുന്നു.

ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് കൊടുക്കണമെന്നതാണ് പ്രശ്നം. ഡി.എന്‍.എ ടെസ്റ്റില്‍ റോബിന്‍ വടക്കുഞ്ചേരിയാണെന്ന് തെളിഞ്ഞതാണ്. ബലാത്സംഗം ചെയ്യപ്പെട്ട് ജനിക്കുന്ന കുഞ്ഞും ഇതിലെ ഇരയാണ്. ലൈംഗികബന്ധം, ചാരിത്രം എന്നിവയെക്കുറിച്ചുള്ള സമൂഹത്തിലെ തെറ്റായ ധാരണകളുടെ ഇരയാകുകയാണ് ഇവര്‍. ഇതില്‍ മാറ്റം വരണം.
പി.ഇ ഉഷ

നിര്‍ഭയ ഹോമുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി പോകുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്നില്ലെന്നും പരാതിയുണ്ട്. ബലാത്സംഗ കേസില്‍ നിന്നും രക്ഷപ്പെട്ട് കഴിഞ്ഞാല്‍ മിക്കപ്രതികളും പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയോ കടന്നുകളയുകയോ ചെയ്യുന്നു.

പ്രതിയെ വിവാഹം കഴിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് ജെ.സന്ധ്യ പറയുന്നു. ഇത്തരം വിവാഹങ്ങളെ എതിര്‍ത്താല്‍ നമ്മളെ ഒഴിവാക്കി കേസ് ഒത്തുതീര്‍പ്പാക്കുകയാണ് പതിവ്.

കേസ് ഒത്തുതീര്‍പ്പാക്കി എങ്ങനെയെങ്കിലും രക്ഷപ്പെടുകയെന്നതാണ് പ്രതികളും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും ചെയ്യുന്നതെന്ന് സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കുന്ന പുനര്‍ജ്ജനി ചാരിറ്റബിള്‍ ട്രസ്റ്റിലെ അഡ്വക്കേറ്റ് പി.പി സ്വപ്ന ചൂണ്ടിക്കാണിക്കുന്നു. പോക്സോ നിയമം ശക്തമാണ്. കടുത്ത ശിക്ഷ ലഭിക്കും. കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിടുക എന്നത് മാത്രമാണ് പ്രതികള്‍ക്ക് മുന്നിലുള്ള വഴി. അതിന് പെണ്‍കുട്ടി കോടതിക്ക് മുന്നില്‍ മൊഴി മാറ്റി പറയണം. സമ്മര്‍ദ്ദം ചെലുത്തി ഇത് ചെയ്യുന്നു. ശാസ്ത്രീയമായ തെളിവുകള്‍ നിലനില്‍ക്കേയാണ് മൊഴി മാറ്റി പറഞ്ഞതിന്റെ പേരില്‍ പ്രതിയെ കുറ്റവിമുക്തനാക്കുന്നത്. പോക്സോ കേസില്‍ ശിക്ഷിക്കപ്പെടുന്നത് കുറയുന്നതും അതുകൊണ്ടാണെന്ന് പി.പി സപ്ന നിരീക്ഷിക്കുന്നു.

പെണ്‍കുട്ടികളുടെ വീട്ടുകാരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളെക്കുറിച്ച് കൃത്യമായി പഠിച്ചിട്ടാണ് പ്രതികള്‍ ഇടപെടുന്നത്. രാഷ്ട്രീയക്കാരെയും നാട്ടിലെ പ്രമാണിമാരെയും മധ്യസ്ഥരായി ഇറക്കുന്നു. വിചാരണ ആരംഭിക്കുമ്പോഴാണ് മൊഴി മാറ്റം അടക്കമുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്. പണം വാങ്ങാന്‍ തയ്യാറാവാത്ത ഇരകളെയും കുടുംബങ്ങളെയും പ്രതിയുടെ വീട്ടിലെ കാര്യങ്ങളും ഭാവി ജീവിതവും ഓര്‍മ്മിപ്പിച്ച് മൊഴി മാറ്റിക്കുന്നു.എഫ്.ഐ.ആര്‍ ഇട്ടതിന് ശേഷം വളരെ ജാഗ്രതയോടെ കേസിന്റെ ഓരോ ഘട്ടത്തെയും നിരീക്ഷിക്കേണ്ടതുണ്ട്.
പി.പി സപ്ന

പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയായി കേസ് അന്വേഷണവും വിചാരണയും മാറരുത് എന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. കൊട്ടിയൂര്‍ പീഡനകേസിലെ സമീപ ദിവസങ്ങളിലെ ചര്‍ച്ചകളും ജാഗ്രതയും മറ്റ് പോക്‌സോ കേസുകളും ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in