ആവര്‍ത്തിക്കപ്പെടുന്ന പീഡന പരാതി; രക്ഷപ്പെടുന്ന ശിശുരോഗ വിദഗ്ധന്‍

ആവര്‍ത്തിക്കപ്പെടുന്ന പീഡന പരാതി; രക്ഷപ്പെടുന്ന ശിശുരോഗ വിദഗ്ധന്‍

ചികിത്സയ്‌ക്കെത്തിയ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് അറസ്റ്റിലായ ശിശുരോഗ വിദഗ്ധന്‍ സി.എം അബൂബക്കറിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. തുടര്‍ച്ചയായി പരാതി ഉയര്‍ന്നിട്ടും അബൂബക്കര്‍ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടുന്നുവെന്നാണ് ആരോപണം. ശക്തമായ നടപടി ഉണ്ടാകാത്തതാണ് പീഡനം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സഹോദരിക്കും അമ്മയ്ക്കുമൊപ്പം ചികിത്സയ്‌ക്കെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. 78കാരനായ സി.എം അബൂബക്കര്‍ ഏപ്രില്‍ 11, 17 തിയതികളിലായി ശാരീരികാതിക്രമം നടത്തിയെന്നാണ് കുട്ടിയുടെ മൊഴി. അറസ്റ്റിലായ സി.എം അബൂബക്കര്‍ മെയ് ഒന്നു വരെ റിമാന്‍ഡിലാണെങ്കിലും ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് മാറി. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ശേഷം സ്വകാര്യ ക്ലിനിക്കില്‍ പ്രാക്ടീസ് നടത്തുകയാണ് സി.എം അബൂബക്കര്‍. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടും അബൂബക്കറിന് സ്വകാര്യ മേഖലയിലെ മികച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ക്കുള്ള 2018ലെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.

പീഡന പരാതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും പണം നല്‍കിയും ഒതുക്കി തീര്‍ക്കുകയാണെന്ന് അന്വേഷി പ്രസിഡന്റ് കെ.അജിത ആരോപിച്ചു. 2013 ക്ലിനിക്കില്‍ ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരിയെ ശാരീരികമായി അതിക്രമിച്ചതായി പരാതി ഒതുക്കി തീര്‍ത്തതായി കാണിച്ച് അന്വേഷി അന്ന് രംഗത്തെത്തിയിരുന്നു. ക്ലിനിക്കില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാനസിക ബുദ്ധിമുട്ടുകള്‍ കാണിച്ചതോടെ കുടുംബം ചൈല്‍ഡ് ലൈനില്‍ അറിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കുകയും എഫ്.ഐ.ആര്‍ ഇടുകയും ചെയ്തു. പോക്‌സോ നിയമപ്രകാരമായിരുന്നു കേസ്. എന്നാല്‍ അന്വേഷണ ഘട്ടത്തില്‍ തന്നെ കുട്ടിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്ന് കാണിച്ച് കുടുംബം പോലീസിന് കത്ത് നല്‍കി. വലിയ സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് കുടുംബം കേസില്‍ നിന്നും പിന്മമാറിയതെന്നായിരുന്നു ആരോപണം.

ആദ്യ പരാതിയല്ല, ശിക്ഷ ഉറപ്പാക്കണം: കെ. അജിത

ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സയ്ക്കായി എത്തുന്ന കുട്ടിക്ക് ശാരീരിക അതിക്രമങ്ങളെക്കുറിച്ച് എത്രത്തോളം ബോധമുണ്ടാകുമെന്ന് ഓര്‍ക്കണം. സീനിയര്‍ പീഡിയാട്രിഷ്യനെതിരെയാണ് പരാതി വന്നിരിക്കുന്നത്. വളരെ പേരു കേട്ട ഡോക്ടറാണ്. ഒരു രോഗം വന്നാല്‍ കുട്ടികളുമായി എല്ലാവരും ഓടിയെത്തുന്ന ഡോക്ടറാണ്. ചികിത്സയ്ക്കായി എത്തുന്ന കുട്ടിയോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ അതിനുള്ള ശിക്ഷ ഇരട്ടിയായി അയാള്‍ക്ക് കിട്ടണം. രോഗിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഉത്തരവാദിത്തമുള്ള ആളാണ് ഡോക്ടര്‍. അങ്ങനെയൊരാള്‍ തന്നോട് ഈ രീതിയില്‍ പെരുമാറിയാല്‍ ആ കുട്ടിക്ക് ഉണ്ടാകുന്ന മാനസികാഘാതം ആരും കണക്കിലെടുക്കുന്നില്ല. ക്രിമിനല്‍ സ്വഭാവമുള്ള ഇത്തരം ഡോക്ടര്‍മാരെ സമൂഹം പിന്തുണയ്ക്കരുത്. ആദ്യമായിട്ടല്ല ഡോക്ടര്‍ അബൂബക്കറിനെതിരെയുള്ള പരാതി ഇല്ലാതാക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലുള്ളപ്പോഴും ഇയാള്‍ക്കെതിരെ പരാതി ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നത്. എത്ര തവണ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എത്ര പരാതി ഉയര്‍ന്നു എന്ന് പറയാന്‍ ഡോക്ടര്‍മാരും അബൂബക്കറിന്റെ സഹപ്രവര്‍ത്തകരും തയ്യാറാകണം. അവര്‍ക്കൊക്കെ ഒരുപാട് സംഭവങ്ങള്‍ അറിയാം.

പരാതിയില്‍ കേസെടുത്ത് റിമാന്‍ഡ് ചെയ്തിട്ടും ഡോക്ടര്‍ അബൂബക്കര്‍ ജയില്‍ എത്തിയിട്ടില്ല. രോഗിയായി ആശുപത്രിയില്‍ കഴിയുകയാണ്. ശക്തമായ എഫ്.ഐ.ആറുണ്ടെങ്കിലും ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിച്ച് ജാമ്യം വാങ്ങി വീട്ടിലേക്ക് പോകും. പോക്‌സോ കേസില്‍ ജാമ്യം നല്‍കരുതെന്നാണെങ്കിലും പണം ഒഴുക്കിയോ സമ്മര്‍ദ്ദം ചെലുത്തി മൊഴി മാറ്റിച്ചോ ജാമ്യം നേടിയെടുക്കും. രാഷ്ട്രീയക്കാരുടെ ഇടപെടലോ സാമ്പത്തികമായ വാഗ്ദാനമോ നല്‍കി പരാതിക്കാരെ വരുതിയിലാക്കി ഒതുക്കാന്‍ ഇവര്‍ക്ക് അറിയാം.

2013ലെ പോക്‌സോ കേസില്‍ എഫ്.ഐ.ആര്‍ ഇട്ടിട്ടും വിചാരണയ്ക്ക് വന്നില്ല. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം ഇതാണ്. ഇത്രയും ക്രൂരമായ കൃത്യം ചെയ്യുന്ന വ്യക്തിയെ എന്തിനാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ പിന്തുണയ്ക്കുന്നത് എന്തിനാണ്. ഗുരുതരമായ പരാതികള്‍ ഉയര്‍ന്ന ഒരാള്‍ക്ക് മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ച സര്‍ക്കാര്‍ ഇതിന് ഉത്തരം പറയണം. കൊച്ചുകുട്ടിയേയാണ് ഉപദ്രവിച്ചിരിക്കുന്നത്. ഇയാളെ മാതൃകപരമായി ശിക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കരുത്, പുറത്താക്കണം: ഡോക്ടര്‍ കെ.പി അരവിന്ദന്‍

കുട്ടികളുടെ കാര്യമായതിനാല്‍ ഗുരുതരമായ പ്രശ്‌നമാണിത്. സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന പ്രായത്തിലുള്ളവരുടെ പ്രശ്‌നം പോലെയല്ല കുട്ടികളുടെ വിഷയം. ശിശുരോഗ വിദഗ്ധരെ പോലെ കുട്ടികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന കമ്യൂണിറ്റിയില്‍ നിന്നും ദുരുപയോഗങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ആ രീതിയിലുള്ള കര്‍ശനമായ നിരീക്ഷണം ഉണ്ടാവണം. ഡോക്ടര്‍ സമൂഹത്തിനാണ് ഇതില്‍ ശ്രദ്ധിക്കാന്‍ കഴിയുക. ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ ആദ്യം അറിയുക മെഡിക്കല്‍ കമ്യൂണിറ്റിയിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അറിഞ്ഞാല്‍ തുടക്കത്തില്‍ തന്നെ ജാഗ്രതയോടെ ഇടപെട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂട്ടുനില്‍ക്കുകവാനോ രക്ഷിക്കാനോ പാടില്ലെന്നത് ഡോക്ടര്‍മാരുടെ സംഘടനങ്ങളുടെ പോളിസിയായിരിക്കണം. മുമ്പ് ഡോക്ടര്‍ അബൂബക്കറിനെതിരെ ആരോപണം ഉണ്ടായപ്പോള്‍ തന്നെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഡോക്ടര്‍മാരില്‍ നിന്നും ഉയര്‍ന്നിരുന്നു. പരാതി ഒത്തുതീര്‍പ്പാക്കി കേസ് ഇല്ലാതാക്കി. ഇതില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്.

പോലീസ്, കോടതി എന്നിവയില്‍ നിന്നും ക്രിമിനല്‍ കേസുകളില്‍ ഉണ്ടാകുന്ന വീഴ്ച ഈ പരാതികളിലും സംഭവിച്ചിട്ടുണ്ടാകാം. ഡോക്ടര്‍ കമ്യൂണിറ്റിയില്‍ നിന്നുള്ള പോലീസിംഗ് അത്യാവശ്യമാണ്. ഇത്തരം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കരുത്. ഇതിനായി സംഘടനകള്‍ തന്നെ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കണം.

കോടതി ശിക്ഷിച്ചാല്‍ പുറത്താക്കും: ഡോക്ടര്‍ ജോസ്. ഒ, ഇന്ത്യന്‍ അക്കാഡമി ഓഫ് പ്രീഡിയാട്രിക്‌സ് സംസ്ഥാന പ്രസിഡന്റ്

ഡോക്ടര്‍ അബൂബക്കര്‍ സംഘടനയിലെ അംഗമാണ്. പരാതി ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ സംഘടനയുടെ ഔദ്യോഗിക പദവികളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പോക്‌സോ കേസില്‍ നടപടി ഉണ്ടായാല്‍ അസോസിയേഷനില്‍ നിന്നും പുറത്താക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഉണ്ടായ പരാതിയില്‍ കോടതി തന്നെ ഡോക്ടര്‍ അബൂബക്കറിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. കോടതി വിധിയെ മാനിക്കുന്നതിനാല്‍ ഒത്തുതീര്‍പ്പിലൂടെയാണോ കേസ് ഇല്ലാതാക്കിയതെന്ന് അസോസിയേഷന് പറയാന്‍ കഴിയില്ല. 2013ല്‍ പോക്‌സോ കേസുണ്ടായപ്പോള്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് ഔദ്യോഗിക പദവികളില്‍ നിന്നും മാറ്റിയത്.

Related Stories

No stories found.
logo
The Cue
www.thecue.in