രണ്ട് മാസം മുന്‍പ് പാലക്കാട് എ.ആര്‍. സ്ട്രീറ്റിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഒരു വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിയതാണ് ഉണ്ണികൃഷ്ണനും ഭാര്യ സൗദാമിനിയും. ഉത്സവം കഴിഞ്ഞാല്‍ ക്ഷേത്രം ഒരാഴ്ച അടച്ചിടും, അതാണ് പരമ്പരാഗത ആചാരം.
ഉത്സവത്തിന്റെ സമയത്ത് സമീപ പ്രദേശത്തെ ഒരു കുട്ടിയുടെ മാല കളഞ്ഞു പോയി. ഈ വിവരം ക്ഷേത്രത്തില്‍ അനൗണ്‍സും ചെയ്തിരുന്നു. പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഉണ്ണികൃഷ്ണന്റെയും ഭാര്യ സൗദാമിനിയുടെയും മുകളിലേക്ക് മോഷണക്കുറ്റം ആരോപിക്കപ്പെട്ടു. ഇരുവരും കളവുകാരായി മുദ്രക്കുത്തപ്പെട്ടു.
മഞ്ഞ സാരിയുടുത്ത, മറ്റൊരു മതത്തില്‍ നിന്ന് ചക്ലിയ സമുദായത്തിലേക്ക് വന്ന, ക്ഷേത്രത്തിന് വലിയ ഉപകാരങ്ങളൊക്കെ ചെയ്തുകൊടുക്കുന്ന പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ഒരു അന്യമതക്കാരി പെണ്ണിനാണ് മാല കിട്ടിയിരിക്കുന്നത് എന്ന് മഷിയിട്ട് നോക്കിയപ്പോള്‍ തെളിഞ്ഞുവെന്ന് പറഞ്ഞാണ് സൗദാമിനിയുടെ മേല്‍ കുറ്റം ആരോപിക്കപ്പെടുന്നത്.
മുസ്ലിം സമുദായത്തില്‍ ജനിച്ച സൗദാമിനി ചെറുപ്പം മുതല്‍ കല്‍പ്പാത്തിയിലെ ഒരു കുടുംബത്തില്‍ ഹിന്ദു മത വിശ്വാസിയായാണ് വളര്‍ന്നത്. 23-ാം വയസ്സിലാണ് ഉണ്ണി കൃഷ്ണനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. മഷിനോക്കിയ ആള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സൗദാമിനിയുടെ മേല്‍ കുറ്റം ആരോപിക്കപ്പെട്ടു. വിഷയത്തില്‍ പരാതിപ്പെട്ട കുടുംബത്തിന് ഊരുവിലക്കാണ് സമുദായം കല്‍പ്പിച്ച ശിക്ഷ.
തൊട്ടടുത്ത വീടുകളിലൊക്കെ കയറി മഷിയിട്ട് നോക്കിയപ്പോള്‍ താന്‍ മാലയെടുത്തുവെന്ന് മാല നഷ്ടപ്പെട്ട കുടുംബം പറഞ്ഞു നടന്നുവെന്ന് സൗദാമിനി ദ ക്യുവിനോട് പറഞ്ഞു. സുഹൃത്തുക്കളാണ് ഇക്കാര്യം സൗദാമിനിയോട് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് നാട്ടില്‍ പരക്കെ ഇത്തരമൊരു സംസാരം നടക്കുന്നുവെന്ന് സൗദാമിനിയും ഉണ്ണികൃഷ്ണനും അറിയുന്നത്. ഇക്കാര്യം സൗദാമിനി കുടുംബത്തെ നേരില്‍ കണ്ട് ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാല്‍ തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെ വ്യാജ മോഷണക്കുറ്റം ആരോപിച്ച് കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട സൗദാമിനിക്കും കുടുംബത്തിനും ചക്ലിയ സമുദായത്തിലെ തന്നെ ഒരു പറ്റം ആളുകളുടെ ഇടയില്‍ നിന്ന് തന്നെ കടുത്ത വിവേചനവും ഊര് വിലക്കുമാണ് നേരിടേണ്ടി വന്നത്.
മോഷണക്കുറ്റം ആരോപിച്ചവരോട് ഇക്കാര്യം നേരില്‍ ചോദിക്കാന്‍ പോയപ്പോള്‍ ഉണ്ടായ വാക്ക് തര്‍ക്കം വലിയ മാനസിക വിഷമമാണ് സൗദാമിനിക്ക് ഉണ്ടാക്കിയത്. തുടര്‍ന്ന് ഇവര്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ പോകുകയും ക്ഷേത്രത്തിന് മുന്നില്‍ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് സൗദാമിനി പറയുന്നത് ഇങ്ങനെ.
''മാല എടുത്തത് ഞാനാണ് എന്ന പ്രചരണം എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അവരുമായി വാക്കു തര്‍ക്കമായതും കടുത്ത വേദനയുണ്ടാക്കി. ഞാന്‍ ഞായറാഴ്ച രാവിലെ അമ്പലത്തിന്റെ ഗേറ്റിന്റെ അവിടെ പോയി നിന്ന് നെഞ്ചിലടിച്ച് സത്യം ചെയ്ത് കരഞ്ഞു.
മാല എനിക്ക് റോഡില്‍ നിന്ന് കിട്ടിയിട്ടേ ഇല്ലല്ലോ ഭഗവാനേ. പിന്നെ എന്തിനാണ് ഞാനിതൊക്കെ അനുഭവിക്കുന്നത്. എന്തിനാണ് ഇങ്ങനെയൊക്കെ നുണ പറയുന്നത്.
വിഷമം കൊണ്ട് ഗേറ്റ് കുലുക്കി ഞാന്‍ പൊട്ടിക്കരഞ്ഞു. നന്നായി ഗേറ്റ് കുലുക്കിയിരുന്നു. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. അപ്പോള്‍ ഗേറ്റിന്റെ കണ്ണി പൊട്ടി. അത് ഞാന്‍ അറിഞ്ഞിട്ടേ ഇല്ലായിരുന്നു.
പിന്നെ അത് അമ്പല ഗേറ്റിന്റെ കണ്ണി ആരോ പൊട്ടിച്ചുവെന്ന് പറഞ്ഞ് ചര്‍ച്ചയായി. തുടര്‍ന്ന് ഞാനും ഭര്‍ത്താവും അമ്പലത്തിലേക്ക് പോയി. ഞാന്‍ തന്നെയാണ് ഗേറ്റ് ഞാന്‍ കുലുക്കിയപ്പോള്‍ പൊട്ടിയതാണ് എന്ന് തോന്നുന്നു എന്ന് പറഞ്ഞത്.
എന്റെ കയ്യില്‍ നിന്നാണ് തെറ്റ് വന്നത് എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ ക്ഷമ ചോദിച്ചു. അമ്പലകമ്മിറ്റിക്കാര്‍ സാരമില്ല ചേച്ചി എന്നാണ് പറഞ്ഞത്. അന്ന് വലിയ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ഏട്ടന്‍ വെല്‍ഡിങ്ങ്കാരെ കൊണ്ടുവന്ന് അത് ശരിയാക്കി കൊടുത്തു. പിന്നീട് ക്ഷേത്ര കമ്മിറ്റിക്കാര്‍ ഇത് വന്ന് ചോദിക്കുകയോ പരാതി കൊടുക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല. ''
എന്നാല്‍ തനിക്ക് മേല്‍ വ്യാജ മോഷണക്കുറ്റം ആരോപിച്ചത് സൗദാമിനി വനിതാ പൊലീസ് സെല്ലില്‍ പരാതിപ്പെട്ടു. ഇതിന് പിന്നാലെയാണ് വ്യാജ മോഷണക്കുറ്റം ആരോപിച്ച് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍നേരിട്ടുകൊണ്ടിരുന്ന കുടുംബത്തിന് അമ്പലത്തിന്റെ ഗേറ്റ് തകര്‍ത്തു എന്ന ആരോപണം കൂടി നേരിടേണ്ടി വന്നത്.
തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ഉണ്ണികൃഷ്ണനെയും സൗദാമിനിയെയും വിലക്കിയെന്ന തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശം ഗ്രൂപ്പുകളില്‍ പ്രചരിച്ചു. അമ്പലത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനമാണിതെന്നാണ് മൂന്ന് വ്യക്തികള്‍ സ്വയം പരിചയപ്പെടുത്തികൊണ്ട് പറയുന്ന സന്ദേശത്തിലുള്ളത്. ഇപ്രകാരമാണ് വാടസ്ആപ്പ് സന്ദേശത്തിന്റെ ചുരുക്കം.
''ക്ഷേത്രത്തിലെ ഗേറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഉണ്ണികൃഷ്ണന്‍, സൗദാമിനി എന്നീ വ്യക്തികളെ അമ്പല കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അമ്പലത്തിലെ ജനറല്‍ ബോഡിയില്‍ ദേശക്കാരും എല്ലാവരും കൂടി എടുത്ത തീരുമാനമാണ് ഇത്. അതുകൊണ്ട് അവരെ ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്യുകയാണ്,'' എന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദേശം. ഈ വാട്‌സ്ആപ്പ് സന്ദേശം ദ ക്യു വെരിഫൈ ചെയ്തതാണ്.
എന്നാല്‍ നാട്ടുകാര്‍ക്ക് തങ്ങളോട് സംസാരിക്കരുത്, ഒരു ചടങ്ങിനും ഞങ്ങളെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞുള്ള നിര്‍ദേശവും ലഭിക്കുന്നുണ്ടെന്ന് സൗദാമിനി ദ ക്യുവിനോട് പറഞ്ഞു.
പൊലീസുകാര്‍ എന്തുകൊണ്ട് മാല പോയിട്ട് ഇതുവരെയായിട്ടും പരാതി കൊടുത്തില്ല എന്ന് ചോദിച്ചിരുന്നു. അതിന് ശേഷമാണ് ഗേറ്റിന്റെ കാര്യത്തില്‍ പിടിച്ചത്.
ഞങ്ങളെ കാണുമ്പോള്‍ ഇപ്പോള്‍ നാട്ടുകാര്‍ മിണ്ടില്ല. എന്താണ് എന്ന് ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് മിണ്ടാന്‍ പാടില്ല എന്ന് തീരുമാനമുണ്ട് എന്നാണ് പറയുന്നത്. പോയ ആഴ്ച ഞങ്ങളുടെ ബന്ധുവിന്റെ തന്നെ ഒരു പരിപാടി നടന്നു. അതിന് ഞങ്ങളെ വിളിച്ചില്ല. രണ്ട് ദിവസം മുന്നെ ഒരു കല്യാണം വിളി വന്നിരുന്നു. അവരോട് ഞങ്ങളുടെ വീട്ടില്‍ പോകാന്‍ പാടില്ല എന്ന് പറഞ്ഞു.
ഈ പ്രശ്‌നങ്ങളൊക്കെ നടക്കുന്ന സമയത്ത് അമ്പലത്തിന്റെ പൂജയുടെ കാര്യം പറയാനാണ് എന്ന് പറഞ്ഞ് ഒരു യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അന്ന് നിങ്ങള്‍ അവരുടെ വീട്ടിലേക്ക് പോകാനോ, അവര്‍ വീട്ടിലേക്ക് വരാനോ പാടില്ല, എന്നൊക്കെ നിര്‍ദേശം കൊടുത്തു. മാലയുടെയും ഗേറ്റിന്റെയുമൊക്കെ കാര്യം പറഞ്ഞാണ് വിലക്ക്, മിനി ദ ക്യുവിനോട് പറഞ്ഞു.
എന്നാല്‍ ഊര് വിലക്ക് എന്നത് വ്യാജ വാര്‍ത്തയെന്നാണ് സമുദായ നേതാവായ ദണ്ഡപാണി പറയുന്നത്. മഷിനോക്കി ഒരു കുടുംബത്തിന് മേല്‍ മോഷണക്കുറ്റം ആരോപിച്ച കടുത്ത മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് കൂടുതലൊന്നും പറയാത്ത ദണ്ഡപാണി ക്ഷേത്രത്തിന്റെ ഗേറ്റ് ചുറ്റിക കൊണ്ട് അടിച്ചു പൊളിച്ചു എന്ന തീര്‍ത്തും അവാസ്തവമായ ആരോപണമാണ് കുടുംബത്തിന് മേല്‍ ഉന്നയിക്കുന്നത്.
ഇരുപതിനായിരം രൂപ വിലയുള്ള കല്‍വിളക്ക് തകര്‍ത്തുവെന്നും ദണ്ഡപാണി ആരോപിക്കുന്നു. അതേസമയം പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രകമ്മിറ്റിക്കാര്‍ ഒരു പരാതി പോലും കൊടുത്തിട്ടില്ല. ചുറ്റിക കൊണ്ട് ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്തെങ്കില്‍ എന്തുകൊണ്ട് ഒരു പരാതിപോലും കൊടുക്കാന്‍ ഇവര്‍ തയ്യാറായില്ല എന്നതാണ് ചോദ്യം.
മോഷണക്കുറ്റം ആരോപിച്ച് ഊരുവിലക്കുന്നു എന്ന് കാണിച്ച് മിനിയും കുടുംബവും പരാതി കൊടുത്തപ്പോള്‍ മാത്രമാണ് ക്ഷേത്രത്തിന്റെ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നതെന്ന് ചക്ലിയ സമുദായത്തില്‍ തന്നെ പെട്ട നാട്ടുകാരില്‍ ഒരാള്‍ ദ ക്യുവിനോട് പറഞ്ഞു. ക്ഷേത്രത്തിന്റെ ഗേറ്റ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തുവെന്നും കല്‍വിളക്ക് തകര്‍ത്തുവെന്നതും തെറ്റായ ആരോപണം മാത്രമാണെന്ന് ഇവര്‍ പറയുന്നു. ഗേറ്റിന്റെ ഒരു കൊളുത്ത് പൊട്ടിയതിന് അപ്പുറത്ത് ഒരു ചര്‍ച്ചയും ഉണ്ടായിരുന്നില്ല എന്നാണ് ഇവര്‍ ദ ക്യുവിനോട് പറഞ്ഞത്.
ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്തതില്‍ പരാതിപ്പെട്ടിട്ടില്ലെന്ന് ദണ്ഡപാണി തന്നെ ദ ക്യുവിനോട് പറയുന്നുണ്ട്. ചിത്രങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും പരിശോധിച്ചാലും ഇത് കുടുംബത്തിന് മേല്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടത് പോലെ കെട്ടിവെച്ച കുറ്റമാണെന്ന് മനസിലാക്കാം.
''അമ്പലം തകര്‍ത്തുവെന്ന് ഞങ്ങള്‍ പൊലീസില്‍ പരാതി കൊടുക്കുകയോ ഈ കുട്ടിയെ തടഞ്ഞ് നിര്‍ത്തി ചോദിക്കുകയോ ഈ കുട്ടിയുടെ വീട്ടില്‍ പോയിട്ട് അസഭ്യം വിളിച്ച് പറയുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഈ കുട്ടിയാണ് ഞങ്ങള്‍ക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ വുമണ്‍ സെല്ലില്‍ പരാതി കൊടുത്തത്. ഇതിന്റെ ഭാഗമായണ് ഡി.വൈ.എസ്.പി ഞങ്ങളെ വിളിച്ച് വരുത്തിയത്,'' എന്നാണ് ദണ്ഡപാണി ദ ക്യുവിനോട് പറഞ്ഞത്.
ഈ പ്രശ്‌നങ്ങളെല്ലാം ചക്ലിയ സമുദായത്തിലെ തന്നെ അതിസാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന സൗദാമിനിയുടെയും ഉണ്ണികൃഷ്ണന്റെയും കുടുംബത്തിന്റെ താളം തെറ്റിച്ചു. കുട്ടികള്‍ മാനസികമായി തളര്‍ന്നു, ഉപജീവനം പോലും വലിയ പ്രതിസന്ധി നേരിടുന്നുവെന്നാണ് സൗദാമിനി പറയുന്നത്.
കുട്ടികളെയാണ് ഇതെല്ലാം മോശമായി ബാധിച്ചത്. എന്താ അമ്മ ഇങ്ങനെയെന്ന് മക്കളൊക്കെ ചോദിക്കുന്നുണ്ട്. പലയിടത്തും ഞാന്‍ സ്റ്റിച്ചിങ്ങിന് അളവെടുക്കാന്‍ ആളുകള്‍ ഫോണ്‍ വിളിക്കുമ്പോഴൊക്കെ പോകാറുണ്ട്. അവരൊക്കെ എന്താ മോഷണത്തിന്റെയും സ്വര്‍ണത്തിന്റെയുമൊക്കെ കാര്യം കേള്‍ക്കുന്നുണ്ടല്ലോ എന്ന് പറയുമ്പോള്‍ എനിക്ക് വിഷമം സഹിക്കാന്‍ പറ്റില്ല.
മാനസികമായി തളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ തയ്യല്‍ ജോലിയും ഏട്ടന്‍ കല്‍പ്പണിക്കും പോയാണ് ജീവിക്കുന്നത്. മൂത്ത ആള്‍ പ്ലസ്ടു, ഒരാള്‍ എട്ടാം ക്ലാസ്. മൂത്ത മകന്‍ സ്‌കൂളില്‍ പോകാന്‍ മടിയാകുന്നു അമ്മ, കുട്ടികള്‍ കളിയാക്കുന്നു എന്ന് പറഞ്ഞ് ഒരാഴ്ചയായി സ്‌കൂളില്‍ പോയിട്ട്. അവന്‍ ഇപ്പോള്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി നില്‍ക്കുകയാണ്,''
കുടുംബത്തിന്റെ തന്നെ താളം തെറ്റിയിരിക്കുകയാണെന്ന് സൗദാമിനി പറയുന്നു. അതിനിടെ ഓഗസ്റ്റ് 15 ന് നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് ഇക്കാര്യത്തില്‍ പൊതുയോഗം വിളിച്ചിട്ടുണ്ടെന്ന് ദണ്ഡപാണി പറഞ്ഞു. വിഷയത്തില്‍ സൗദാമിനി എസ്.സി-എസ്.ടി കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടുണ്ട്.
എണ്‍പതിനായിരത്തിനടുത്ത് രൂപ വില വരുന്ന മാലയാണ് നഷ്ടപ്പെട്ടതെന്നാണ് മാലനഷ്ടപ്പെട്ട കുടുംബം പറയുന്നത്. നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന ചക്ലിയ സമുദായത്തില്‍ തന്നെയുള്ള ഇവര്‍ക്ക് വലിയൊരു നഷ്ടമാണത്. പക്ഷേ അത് ആരുടെയങ്കിലും മേലെ സംശയത്തിന്റെ നിഴലില്‍ ഒരു തെളിവുമില്ലാതെ കെട്ടിവെക്കുന്നതിന് ന്യായീകരണമില്ല.
പരമ്പരാഗതമായി ചെരുപ്പുകുത്തികളായി ജോലി നോക്കുന്ന ഞങ്ങള്‍ കഷ്ടപ്പെട്ട് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ ഗേറ്റാണ് തകര്‍ത്തത് എന്ന ആരോപണമാണ് സൗദാമിനിക്കും ഉണ്ണികൃഷ്ണനും മേല്‍ ഇപ്പോള്‍ ക്ഷേത്രകമ്മിറ്റിയിലെ തന്നെ ചിലര്‍ ചുമത്തുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു പരാതി പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ക്ഷേത്രത്തിന്റെ പൊട്ടിപോയ ഗേറ്റിന്റെ കണ്ണി ഉണ്ണികൃഷ്ണനും കുടുംബവും തന്നെ നന്നാക്കി കൊടുത്തതാണ്. തെളിയിക്കപ്പെടാത്ത മോഷണക്കുറ്റം മഷി നോക്കി ചുമത്തിയെന്നതിന് പുറമെ ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്തുവെന്ന ആരോപണം കൂടി ചക്ലിയ സമുദായത്തില്‍ തന്നെ പെട്ട ഉണ്ണികൃഷ്ണന്റെയും സൗദാമിനിയുടെയും മേല്‍ കെട്ടിവെച്ച് അവരെ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുത്തുന്നു എന്നതാണ് വലിയ പ്രശ്‌നം.