സംഘം ചേര്‍ന്ന് കല്ലെറിഞ്ഞു, ഭീഷണിപ്പെടുത്തി; പേരാവൂരില്‍ ട്രാന്‍സ് ദമ്പതികളെ വീടുകയറി ആക്രമിച്ചെന്ന് പരാതി

സംഘം ചേര്‍ന്ന് കല്ലെറിഞ്ഞു, ഭീഷണിപ്പെടുത്തി;  പേരാവൂരില്‍ ട്രാന്‍സ് ദമ്പതികളെ വീടുകയറി ആക്രമിച്ചെന്ന് പരാതി

കണ്ണൂര്‍ പേരാവൂരില്‍ ശിഖ, ബെനിഷ്യോ എന്നീ ട്രാന്‍സ് ദമ്പതികളെ വീടുകയറി അക്രമിച്ചെന്ന് പരാതി. ഓഗസ്റ്റ് 29 ന് ബെനിഷ്യോയുടെ സഹോദരൻ സന്തോഷ് മദ്യപിച്ച് ആളുകളെക്കൂട്ടി വീട്ടിലേക്ക് അതിക്രമിച്ചു കടന്ന് കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് ശിഖ, പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. ട്രാന്‍സ് പുരുഷനായ ബെനിഷ്യോയുടെയും ട്രാന്‍സ് വനിതയായ ശിഖയുടെയും വിവാഹത്തില്‍ ബെനിഷ്യോയുടെ അമ്മയ്ക്കും സഹോദരനും അതൃപ്തിയുണ്ടായിരുന്നു. രണ്ടുപേരുടെയും സ്വത്വം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഇവര്‍ പലപ്പോഴായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ട്. ശിഖ പറയുന്നു.

വിവാഹത്തിന് ശേഷം എറണാകുളത്ത് വാടക വീട്ടില്‍ ഒരുമിച്ച് നില്‍ക്കുകയായിരുന്ന ശിഖയും ബെനിഷ്യോയും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബെനിഷ്യോയുടെ കണ്ണൂരിലെ കുടുംബവീട്ടിലേക്ക് മാറുകയായിരുന്നു. അവിടെയുണ്ടായിരുന്ന അമ്മയ്ക്കും സഹോദരന്‍ സന്തോഷിനും ഇവര്‍ വീട്ടില്‍ താമസിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു.

തുടര്‍ന്ന് ബെനിഷ്യോയുടെ അമ്മ, വീട് തന്റേതാണെന്നും ശിഖയും ബെനിഷ്യോയും അവിടെ താമസിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടെന്നും കാണിച്ച് പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ പൊലീസെത്തി കുടുംബവീട്ടില്‍ താമസിക്കാന്‍ ശിഖയ്ക്കും ബെനിഷ്യോയ്ക്കും തുല്യ അവകാശമുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്ത ദിവസം കൂത്തുപറമ്പ് കോടതിയില്‍ തങ്ങള്‍ അമ്മയെ തല്ലിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തെന്ന് ശിഖയും ബെനിഷ്യോയും പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പേരാവൂര്‍ പൊലീസിനും പരാതി നല്‍കിയിരുന്നു.

വിഷയത്തില്‍ ഡി.വൈ.എസ്.പി ഇടപെടുകയും രണ്ടുകൂട്ടരേയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും അരിശം കയറിയ അമ്മയും സഹോദരനും മറ്റൊരു കുടുംബ വീട്ടിലേക്ക് മാറിയെന്ന് ശിഖ പറയുന്നു. അതിനു ശേഷമാണ് കഴിഞ്ഞ ദിവസം ആക്രമണം നടക്കുന്നത്.

ആദ്യം വീട്ടിലേക്ക് കയറിവന്ന സഹോദരന്‍ തങ്ങളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് അപായപ്പെടുത്തതാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഇടപെട്ട് സഹോദരനെ അടുത്തുള്ള മറ്റൊരു കുടുംബ വീട്ടിലേക്കു മാറ്റി. കാര്യങ്ങള്‍ ശാന്തമായതിനു ശേഷം ശിഖയും ബെനിഷ്യോയും വാതിലടച്ച് കിടന്നു. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം വീണ്ടും വന്ന ബെനിഷ്യോയുടെ സഹോദരനും സംഘവും അവരെ വീണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് ശിഖ ദ ക്യുവിനോട് പറഞ്ഞു.

ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു വ്യക്തി എന്ന നിലയില്‍ ഇത്രയും അനുഭവിക്കേണ്ടി വന്നതില്‍ ഒരുപാട് സങ്കടമുണ്ട്.

കഴുത്തിൽ സാരമായ പരിക്കുകളുമായി ശിഖ ആശുപത്രിയിൽ
കഴുത്തിൽ സാരമായ പരിക്കുകളുമായി ശിഖ ആശുപത്രിയിൽ

ശിഖ പറയുന്നത്

പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് വാതിലടച്ച് കിടന്ന ഞങ്ങള്‍, രാത്രി ഒരു 10:30 ആയപ്പോഴേക്കും വീടിന്റെ പുറകില്‍ ആരൊക്കയോ നടക്കുന്നതിന്റെ കാല്‍പ്പെരുമാറ്റം കേട്ടു. കുറച്ച് സമയത്തിനുള്ളില്‍ മുന്‍വശത്തെ വാതിലില്‍ അവര്‍ ശക്തമായി തട്ടി. തുറക്കാന്‍ ആവശ്യപ്പെട്ടു. വന്നവരില്‍ ആരോ അമ്മയെന്ന് പറയുന്നത് കേട്ട് ബന്ധുവീട്ടില്‍ നിന്നും അമ്മ വന്നതാണെന്ന് കരുതി ഞങ്ങള്‍ വാതില്‍ തുറന്നു. ആദ്യം ആരാണെന്ന് മനസിലായില്ല. പിന്നീടാണ് കോക്കാട്ട് തോമസും ഓട്ടോ ഡ്രൈവര്‍ രതീശന്‍ എന്ന ആളുമാണ് അത് എന്ന് മനസ്സിലായത്. അവര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഞങ്ങളുടെ സ്വത്വത്തെ കുറിച്ചും ബന്ധത്തെ കുറിച്ചും അസഭ്യം പറയാന്‍ തുടങ്ങി.

എന്റെ ഭര്‍ത്താവിനെ അക്രമിക്കുന്നതിനിടയില്‍ കയറിയ എന്റെ മുടിയില്‍ ചുറ്റിപ്പിടിച്ച് ഭിത്തിയില്‍ അടിക്കുകയും നെഞ്ചില്‍ ശക്തമായി കുത്തുകയും ചെയ്തു. ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞിട്ടും തോമസ് എന്നയാള്‍ പിടിവിട്ടില്ല. പിന്നീട് ജോഫി അന്റണി വെമ്പള്ളിക്കുന്നേല്‍ എന്ന വ്യക്തിയും ഭര്‍ത്താവിന്റെ സഹോദരന്‍ സന്തോഷും അയല്‍വാസിയായ സൊമേഷ് എന്ന വ്യക്തിയും ആക്രമിക്കാന്‍ ശ്രമിച്ചു. അതില്‍ നിന്ന് രക്ഷപെടാന്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കേണ്ടി വന്നു. പിന്നീട് തോമസ് എന്റെ ഭര്‍ത്താവിന്റെ വണ്ടി തല്ലി താഴെയിടുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പിന്നീട് എല്ലാ നാട്ടുകാരും കേള്‍ക്കെ ഞങ്ങള്‍ കഞ്ചാവാണെന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തി. അക്രമികളില്‍ ഒരാളായ സൊമേഷ് നമ്മളെപോലുള്ളവര്‍ (transgenders ) സമൂഹത്തിന് അപമാനമാണെന്നു പറഞ്ഞ് റോഡിലുള്ളവരോട് ഞങ്ങള്‍ക്കുനേരെ കല്ലെറിയാന്‍ ആവശ്യപ്പെട്ടു. കല്ലേറില്‍ സാരമായ പരിക്കുകള്‍ പറ്റിയ ഞങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ആളുകളെ പിരിച്ച് വിടുകയായിരുന്നു. ചികിത്സയ്ക്കായി പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യസഹായം തേടി. തലയിലും നെഞ്ചിലും അസഹനീയമായ വേദനയെ തുടര്‍ന്ന്, വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു വ്യക്തി എന്ന നിലയില്‍ ഇത്രയും അനുഭവിക്കേണ്ടി വന്നതില്‍ ഒരുപാട് സങ്കടമുണ്ട്.

സ്വത്വം പോലും അംഗീകരിക്കാത്ത ഒരിടത്ത് നിന്നാണ് ഞങ്ങൾ കുടുംബമുണ്ടാക്കുന്നത്

"കേരളത്തിന്റെ സാമൂഹിക ഇടത്തിൽ ട്രാൻസ് വ്യക്തികൾ എത്രത്തോളം സുരക്ഷിതരാണ് എന്നാണ് നമ്മൾ ആദ്യം ആലോചിക്കേണ്ടത്. നമ്മുടെ സ്വത്വം അംഗീകരിക്കാത്ത സ്ഥലങ്ങളിലാണ് നമ്മൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുന്നത്. അവരെ ഒരു കുടുംബമായി അംഗീകരിക്കുക എന്നത് മാത്രമല്ല, അവർക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും അംഗീകരിക്കുക എന്നത് പ്രധാനമാണ്. ഒരു കമ്മ്യൂണിറ്റിയുണ്ടാക്കുന്നതുപോലും പ്രശ്നമാണ് പലപ്പോഴും. അത്തരമൊരു അവസ്ഥയിൽനിന്നുകൊണ്ട് സർവൈവ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല." ട്രാൻസ് ആക്ടിവിസ്റ് ശീതൾ ശ്യാം ദ ക്യുവിനോട് പറഞ്ഞു.

ശീതൾ ശ്യാം
ശീതൾ ശ്യാം

ശിഖയ്ക്കും അവരുടെ പാർട്നർക്കും അതിജീവിക്കാനുള്ള ഊർജ്ജമാണ് വേണ്ടത്. കേസുമായി മുന്നോട്ട് പോകുമ്പോൾ അവരുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പല തരം സമ്മർദ്ദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

നമ്മൾ ഏതെങ്കിലും തരത്തിൽ മുന്നോട്ട് പോയെ പറ്റൂ. അതിന് ഇത്തരത്തിലുള്ള സംഭവങ്ങൾ നിരന്തരം അഭിമുഖീകരിക്കേണ്ടി വരും. സമൂഹത്തെ ബോധവൽക്കരിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. മറ്റൊന്ന് പോലീസിനെ ബോധവത്കരിക്കുക എന്നതാണ്. ട്രാൻസ് വ്യക്തികൾക്ക് സംരക്ഷണം നൽകേണ്ടത് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ അവരാണ് ഇത് കൃത്യമായി മനസിലാക്കേണ്ടത്. നിലവിൽ ട്രാൻസ്ജൻഡർ പ്രൊട്ടക്ഷൻ ആക്ട് ഉണ്ട്. ട്രാൻസ് വ്യക്തികളെ അകാരണമായി ഭീഷണിപ്പെടുത്തുകയോ, അവരുടെ കുടുംബ സംവിധാനത്തെ തകർക്കുകയോ അവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയോ ചെയ്യുന്നത് നിയമപരമായി തെറ്റാണ്. അതുകൊണ്ടുതന്നെ അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ വേണം.

സാമൂഹിക നീതി വകുപ്പ് മന്ത്രിതന്നെ ഈ വിഷയത്തിൽ നേരിട്ടിടപെടുകയും, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുള്ളത് ഒരു നല്ല സൂചനയാണ്. പൊലീസും വിഷയത്തിൽ കൃത്യമായി ഇടപെട്ടിട്ടുണ്ട്. ശിഖയ്ക്കും അവരുടെ പാർട്നർക്കും അതിജീവിക്കാനുള്ള ഊർജ്ജമാണ് വേണ്ടത്. കേസുമായി മുന്നോട്ട് പോകുമ്പോൾ അവരുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പല തരം സമ്മർദ്ദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനെ തരണം ചെയ്ത് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. ശീതൾ പറഞ്ഞു.

ക്വീർ ബന്ധങ്ങൾ കുടുംബമായി കണക്കാക്കാം എന്ന സുപ്രീംകോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം കൂടുതൽ ചർച്ചകൾക്ക് വഴിവച്ചേക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in