ഹോസ്റ്റൽ കർഫ്യൂ: ഇരുപത്തഞ്ച് വയസിൽ താഴെയുള്ളവർക്ക് നിയന്ത്രണം വേണമെന്ന് ആരോഗ്യ സർവ്വകലാശാല

ഹോസ്റ്റൽ കർഫ്യൂ: ഇരുപത്തഞ്ച് വയസിൽ താഴെയുള്ളവർക്ക് 
നിയന്ത്രണം വേണമെന്ന് ആരോഗ്യ സർവ്വകലാശാല

പെൺകുട്ടികളുടെ ഹോസ്റ്റൽ സമയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ, കേരള ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം, സമൂഹത്തിൽ വ്യക്തി സ്വാതന്ത്രയാവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാവിധ ധാരണകളെയും യുക്തികളെയും നിരാകരിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇരുപത്തഞ്ച് വയസിൽ മാത്രമാണ് ഒരു വ്യക്തിക്ക് പക്വത വരുന്നത് എന്നും അതുവരെ ആളുകൾ വഴിതെറ്റി പോകാൻ സാധ്യതയുണ്ടെന്നും പറയുന്ന സത്യവാങ്മൂലം, പറയുന്ന കാര്യങ്ങളെ വസ്തുതാപരമാക്കാൻ പലതരം ശാസ്ത്രീയമായ തെളിവുകളും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ശാസ്ത്രീയമായി തലച്ചോറിന്റെ വളർച്ച പൂർണ്ണമാകുന്നത് ഇരുപത്തഞ്ച് വയസിലാണ്, അതുകൊണ്ട് പതിനെട്ടിലോ ഇരുപതിലോ ഒരു വ്യക്തി എടുക്കുന്ന തീരുമാനങ്ങൾ തെറ്റാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞു വെക്കുകയാണ് സർവ്വകലാശാല.

ഒരാൾക്ക് കല്യാണം കഴിക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശം പതിനെട്ട് വയസിലുണ്ടെന്നിരിക്കെ സ്വതന്ത്രമായി സഞ്ചരിക്കാൻ 25 വയസാകണം എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും, പക്വതയുടെ ഈ അളവുകോൽ എന്തുകൊണ്ട് ആൺകുട്ടികൾക്ക് ബാധകമാകുന്നില്ല എന്നും വിദ്യാർഥികൾ ചോദിക്കുന്നു.

9.30 ന് ശേഷം പുറത്ത് പോകുന്നവർ ലഹരി ഉപയോഗിക്കാനും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേർപ്പെടാനും സാധ്യയുണ്ടെന്ന് പറയുന്ന സത്യവാങ്മൂലം, വ്യക്തി സ്വാതന്ത്ര്യം എന്താണെന്നു പോലും മനസിലാക്കാൻ കഴിയാത്ത വിധം പിന്തിരിപ്പനാണ് എന്നും വിദ്യാർഥികൾ പറയുന്നു.

മൂവ്മെന്റ് രജിസ്റ്റർ ഉപയോഗിച്ച് പുറത്തുപോകാം എന്ന ഗവണ്മെന്റ് ഉത്തരവ് പിന്തുടർന്നുകൊണ്ടു തന്നെ മുന്നോട്ടു പോകാമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത. എന്നാൽ അതിൽ എക്സിറ്റ് സമയവുമായി ബന്ധപ്പെട്ട് പലതരം സംശയങ്ങൾ വിദ്യാർഥികൾക്ക് ബാക്കിനിൽക്കുന്നുണ്ട്. ഡിസംബർ 21 ആം തീയ്യതി കോടതി വിഷയം വീണ്ടും പരിഗണിക്കുകയാണ്. അതിലൂടെ സംശയങ്ങൾക്ക് വ്യക്തത വരുമെന്നാണ് വിദ്യാർഥികൾ കരുതുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് മെഡിക്കൽ കോളേജ്

പഠനങ്ങളിൽ മുഴുവൻ പെൺകുട്ടികളെ കുറിച്ച് മാത്രമാണോ പറഞ്ഞിരിക്കുന്നത്, പതിനെട്ട് അല്ലെങ്കിൽ ഇരുപത്തൊന്ന് വയസ് കഴിഞ്ഞാൽ വിവാഹം ചെയ്യാനും വോട്ട് ചെയ്യാനുമുള്ള അവകാശം ഒരാൾക്ക് ലഭിക്കുകയും, എന്നാൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വത ഇല്ല എന്നും പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനി ഹന്ന ചോദിക്കുന്നു.

ലേറ്റ് പാസ് ഉപയോഗിച്ച് പുറത്തിറങ്ങാം എന്ന നിയമം നിലനിൽക്കുന്നുണ്ട്. എന്നാൽ അത് മൂവ്മെന്റ് രജിസ്റ്റർ ആക്കി മാറ്റാൻ ആരോഗ്യ സർവ്വകലാശാല തീരുമാനിക്കുക തന്നെ ചെയ്യണം. ഇപ്പോൾ ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ മൂവ്മെന്റ് രജിസ്റ്റർ ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പുറത്ത് പോകാം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ ഹോസ്റ്റലിൽ നിന്നിറങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യവും, 24 മണിക്കൂർ ലൈബ്രറി സംവിധാനം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമാണ് ഒരു വ്യക്തതയില്ലാത്തത്. ആ വ്യക്തതയാണ് ഇനി കോടതിയിൽ നിന്നുമുണ്ടാകേണ്ടത്. ഹന്ന ദ ക്യു വിനോട് പറഞ്ഞു.

യുക്തിയില്ലാത്ത സത്യവാങ്മൂലം

ഒട്ടും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കേരള ആരോഗ്യ സർവ്വകലാശാല നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. അച്ചടക്കം കൊണ്ടുവരാൻ വേണ്ടിയാണ് ഇതെല്ലാം നടപ്പിലാക്കുന്നത് എന്ന് പറയുമ്പോൾ തന്നെ, എന്ത് അടിസ്ഥാനത്തിലാണ് 9.30 നു ശേഷം പുറത്തിറങ്ങുന്നത് മയക്കുമരുന്നുകൾ ഉപയോഗിക്കാൻ വേണ്ടിയാണെന്നും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടാനാണെന്നും പറയുന്നത്. സർവ്വകലാശാലയുടെ യുക്തി എന്ത് വിചിത്രമാണ്, തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ ചെയർ പേഴ്സൺ ഗീതു പറഞ്ഞു.

പതിനെട്ട് വയസിൽ എം.ബി.ബി.എസ് പഠിക്കാൻ വരുന്ന ഒരു വിദ്യാർഥി അയാളുടെ 24 ആം വയസിൽ ഹൗസ് സർജൻസിയിലേക്ക് കടക്കും. അത്രയും പക്വതയില്ലാത്ത ഡോക്ടർമാർ രോഗികളെ നോക്കുന്നതിനോട് ആരോഗ്യസർവ്വകലാശാല എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ താല്പര്യമുണ്ട്. ആ സമയത്ത് ഈ നിയന്ത്രണങ്ങളൊന്നും നമുക്കില്ല. വളരെ അത്യാവശ്യമായ റീഡിങ് റൂം, ലൈബ്രറി ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത്. അതുകൂടി ഉൾപെടുത്തിക്കൊണ്ടാണ് ഈ സമയപരിധി ഒഴിവാക്കണം എന്ന ആവശ്യം ഞങ്ങൾ ഉന്നയിക്കുന്നത്. ന്യായമായ ആവശ്യങ്ങളുന്നയിച്ച് മുന്നോട്ടു വന്ന ഒരുപാട് വിദ്യാർഥികളെ ശരിക്കും അപമാനിക്കുന്ന തരം മറുപടിയല്ലേ അവർ തന്നിട്ടുള്ളത്?

ഗീതു, കോളേജ് യൂണിയൻ ചെയർ പേഴ്സൺ, തൃശൂർ മെഡിക്കൽ കോളേജ്.

തൃശൂർ മെഡിക്കൽ കോളേജ്
തൃശൂർ മെഡിക്കൽ കോളേജ്

ഇവരീ പറയുന്ന സംഭവങ്ങളൊന്നും നടക്കാൻ രാത്രി 9.30 കഴിയണമെന്നില്ല. മയക്കുമരുന്ന് ഉപയോഗം രാത്രി മാത്രമേ നടക്കുന്നുള്ളൂ എന്നതിന് ആരോഗ്യ സർവ്വകലാശാലയ്ക്ക് തെളിവുകളൊന്നുമില്ലല്ലോ എന്നും ഗീതു ചോദിക്കുന്നു. രാത്രിയിൽ ഇതിന്റെ ഉപയോഗം കൂടുതലായിരിക്കും എന്ന് കരുതി ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുത്. രാത്രി 9.30 ന് ശേഷം പുറത്തിറങ്ങുന്നവർ മുഴുവൻ മയക്കുമരുന്ന് ഉപയോഗത്തിനും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ വേണ്ടിയുമാണ് എന്ന നിഗമനത്തിലേക്ക് ഇവരെത്തുന്നതെങ്ങനെയാണ്?

വിദ്യാർഥികൾ രാവിലെ 8 മണിക്ക് ക്ലാസ്സുകളിൽ കയറേണ്ടതായി വരും അപ്പോൾ അവർക്ക് കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ട് എന്നുറപ്പാക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കുണ്ട് എന്നാണ് സത്വവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ അവസാനവർഷം ഹൗസ് സർജൻസിയിൽ ഉറക്കം നഷ്ടപ്പെടുന്നതിൽ ഇവർക്ക് പ്രശ്നമില്ലേ? വിദ്യാർഥികൾ ചോദിക്കുന്നു.

ശാസ്ത്രത്തെ ഉപയോഗിക്കാൻ പാടില്ലാത്ത തരത്തിൽ വളരെ വിദഗ്ധമായാണ് സർവകലാശാല ഉപയോഗിക്കുന്നത്. ആർക്കും തള്ളിപ്പറയാൻ കഴിയാത്ത തരത്തിൽ, സാദാരണക്കാർ കേട്ടാൽ വിശ്വസിക്കുന്ന തരത്തിലാണത്. അത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.

മയക്കുമരുന്നുപയോഗം പോലെയുള്ള കാര്യങ്ങൾ ഉള്ളതുകൊണ്ട് എല്ലാവരെയും അടച്ചു പൂട്ടിയിടുക എന്നത് എന്ത് ന്യായമാണ്. അങ്ങനെയാണെങ്കിൽ മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കാനുള്ള കാര്യങ്ങളാണ് അധികാരികൾ ചെയ്യേണ്ടത്. ഇരുപത്തഞ്ചാം പിറന്നാളിന് എന്ത് മാറ്റമാണ് നമുക്ക് സംഭവിക്കാൻ പോകുന്നത്? പക്വത എന്ന് പറയുന്നത് സമൂഹത്തോട് ഇടപഴകിയല്ലേ ഉണ്ടായി വരൂ? തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ സെക്രട്ടറി അർച്ചിത് ചോദിക്കുന്നു.

ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ അവതരിപ്പിക്കപ്പെടുന്ന മൂവ്മെന്റ് രജിസ്റ്റർ നേരത്തെ തന്നെ ആരോഗ്യ സർവ്വകലാശാലയുടെ ഉത്തരവിലുണ്ടായിരുന്ന കാര്യമാണ്. ഇതെല്ലാം ആത്യന്തികമായി ബാധിക്കാൻ പോകുന്നത് ലേഡീസ് ഹോസ്റ്റലിലാണ്. മറ്റൊരു ഗുരുതരമായ ആരോപണം ആരോഗ്യ സർവ്വകലാശാലയുടെ ഭാഗത്ത് നിന്ന് വരുന്നത്, ഈ ഹർജി നൽകിയ പെറ്റിഷണേഴ്‌സ് എല്ലാ വിദ്യാർഥികളുടെയും പ്രതിനിധികളല്ല, മറ്റു പല വിദ്യാർഥികൾക്കും ഇപ്പോഴുള്ള ഹോസ്റ്റൽ സമയം തന്നെയാണ് വേണ്ടത് എന്നാണ്. അത് വളരെ അപകടകരമാണ്.

അർച്ചിത്, തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ സെക്രട്ടറി

പ്രശ്നങ്ങളില്ലാതാക്കാൻ ആളുകളെ പൂട്ടിയിട്ടിട്ട് കാര്യമില്ല

ഒരു കുടുംബവും കുട്ടിയുമെല്ലാം നിങ്ങൾക്ക് പതിനെട്ട് വയസിലാകാം പക്ഷെ പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും കല്യാണം അത്രക്ക് നിസ്സാരമായ കാര്യമാണോ എന്നും എഴുത്തുകാരി ഷാഹിന റഫീഖ് ചോദിച്ചു.

മെഡിക്കൽ വിദ്യാർഥികളെ സംബന്ധിച്ച് പ്രത്യേകിച്ച്, സമയം വച്ച് നിർവ്വചിക്കാൻ കഴിയുന്ന ഒരു കോഴ്സ് അല്ല അത്. ഇനി ഏതു കോഴ്സ് ആണെങ്കിലും, ഒരേ നിയമം നിലനിൽക്കുന്ന രാജ്യത്ത്, ഇപ്പോൾ 2022 കഴിഞ്ഞിട്ടും നമ്മൾ ഈ വിവേചനങ്ങൾ കൂടെ കൊണ്ട് നടക്കുന്നുണ്ട്. നമുക്ക് രണ്ട് ഭരണഘടനയൊന്നുമില്ലല്ലോ? എല്ലാവർക്കും ഒരേ ഭരണഘടന എന്ന് അംഗീകരിക്കുന്ന ഒരു സ്ഥലത്ത് ആണിനും പെണ്ണിനും രണ്ട് നിയമങ്ങൾ വെക്കുക എന്ന് പറയുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണ്. ഷാഹിന റഫീഖ് പറഞ്ഞു

ഷാഹിന റഫീഖ്
ഷാഹിന റഫീഖ്

സ്ത്രീകൾ വീട്ടിൽ കല്യാണമൊക്കെ കഴിച്ച് പ്രസവിച്ച് ഇരുന്നോട്ടെ പക്ഷെ പുറത്തിറങ്ങരുത് എന്ന് പറയുന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവർ ഇരുപത്തഞ്ച് വയസായാലെ തലച്ചോറിന്റെ വളർച്ച പൂർത്തിയാകൂ എന്ന് പറയുമ്പോൾ, ഈ പറയുന്ന മനുഷ്യർക്ക് ഇത്രയും വർഷങ്ങളായിട്ടും തലച്ചോറിന്റെ വളർച്ച പൂർത്തിയായോ? ഇല്ലല്ലോ..

ഷാഹിന റഫീഖ്

സ്ത്രീകൾ പുറത്ത് പോയാൽ എന്തെങ്കിലും അപകടങ്ങളുണ്ടാകും എന്ന ഭയത്തിൽ നിന്നുണ്ടാകുന്നതാണ് ഈ നിയന്ത്രണങ്ങൾ. അവിടെ ഭരണകൂടമടക്കം എല്ലാവരും എല്ലായിപ്പോഴും ചെയ്യുന്ന കാര്യം, ആർക്കാണോ അപകടം സംഭവിക്കാൻ സാധ്യത, അവരെ പൂട്ടിയിടുക എന്നതാണ്. അപകടമില്ലാതാക്കുന്ന അവസ്ഥയാണ് ഇല്ലാതാക്കേണ്ടത്. ദളിത് എഴുത്തുകാരിയും അധ്യാപികയുമായ രേഖാ രാജ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നത് പതിനെട്ട് വയസിലാണ്. ഭരണഘടന പൗരത്വത്തിന് പതിനെട്ടു വയസ് പറയുമ്പോൾ, ഇരുപത്തഞ്ച് വയസായാൽ മാത്രമേ പക്വതയുണ്ടാകൂ എന്ന് ഭരണഘടനയ്ക്ക് കീഴിലുള്ള മറ്റൊരു സ്ഥാപനം പറയുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളാണ് അവരിവിടെ ലംഘിക്കുന്നത്. എല്ലാ പൗരന്മാർക്കും തുല്യ അവകാശമെന്ന അടിസ്ഥാനപരമായ ഭരണഘടനാ തത്വമാണ് ഇവിടെ ലംഘിക്കപ്പടുന്നത്.

രേഖാ രാജ്

രേഖാ രാജ്
രേഖാ രാജ്

ബ‌യോളജിക്കലായ കാരണങ്ങൾ കൊണ്ട് ഒരാളുടെ പക്വതയും വ്യക്തിത്വവുമെല്ലാം അളക്കുന്നത് വളരെ പഴകിയതാണ്, ജീവശാസ്ത്ര സത്താവാദം എന്നൊക്കെ വിളിക്കാം അതിനെ. അതൊക്കെ ഏതോ കാലത്ത് ചോദ്യംചെയ്യപ്പെട്ട കാര്യമാണ്. മനുഷ്യന്റെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടു കൂടിയാണ് പലതും നിർണയിക്കപ്പെടുന്നത് എന്ന തരത്തിലുള്ള പഠനങ്ങൾ നിരവധി വന്നിട്ടുണ്ട്. ഇതൊന്നും നിലനിൽക്കുന്ന കാര്യമല്ല. പെൺകുട്ടികളെ തുല്യ പൗരന്മാരായും തുല്യ വ്യക്തികളുമായി കാണാൻ കഴിയുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. രേഖാ രാജ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in