ശ്രദ്ധ മാത്രമല്ല മരിച്ചത് അവരെല്ലാമായിരുന്നു; അമൽജ്യോതിയിൽ വിദ്യാർഥികൾ സമരത്തിൽ

ശ്രദ്ധ മാത്രമല്ല മരിച്ചത് അവരെല്ലാമായിരുന്നു; അമൽജ്യോതിയിൽ വിദ്യാർഥികൾ സമരത്തിൽ
Summary

ശ്രദ്ധയെ എച്ച്.ഒ.ഡി മുറിയിലേക്ക് വിളിച്ച് വരുത്തി എന്താണ് പറഞ്ഞത് എന്ന് അറിയണം. മൊബൈൽ ഉപയോഗിച്ചതിന് അച്ചടക്ക നടപടിയെടുക്കും എന്ന് പറഞ്ഞതിന് ഒരാൾ ആത്മഹത്യ ചെയ്യില്ല. ഇവിടുള്ളവരൊക്കെ എപ്പോഴാണ് മരിക്കുകയെന്ന് ഞങ്ങൾക്ക് പോലും അറിയില്ല. എന്തുകൊണ്ട് ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പറഞ്ഞില്ല? അമൽജ്യോതിയിൽ വിദ്യാർഥികൾ സമരത്തിൽ

കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ശ്രദ്ധയുടെ മരണത്തിന്‌ കോളേജ് അധികൃതർ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന ആവശ്യവുമായി വിദ്യാർത്ഥികൾ സമരത്തിൽ. വേനലവധി കഴിഞ്ഞ് ജൂൺ ഒന്നാം തീയ്യതി കോളേജിൽ തിരിച്ചെത്തിയ ശ്രദ്ധ തൊട്ടടുത്ത ദിവസം ജൂൺ 2 വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്യുന്നത്. ലാബിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന് പറഞ്ഞ് അധ്യാപകർ ശ്രദ്ധയുടെ മൊബൈൽ ഫോൺ വാങ്ങിച്ചു വെക്കുകയും, പിന്നീട് ഇതേ കാര്യം പറഞ്ഞ് എച്ച്.ഒ.ഡി മുറിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എച്ച്.ഒ.ഡി യുടെ മുറിയിൽ നിന്ന് ശ്രദ്ധ കരഞ്ഞുകൊണ്ടാണ് ക്ലാസ്സിലേക്ക് മടങ്ങി വന്നത്. അപ്പോൾ മുതൽ എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്ന് ശ്രദ്ധ പറയുന്നുണ്ടായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. അന്ന് തന്നെ ശ്രദ്ധയുടെ അച്ഛൻ സതീഷിനെ വിളിച്ച് ഫോൺ തങ്ങൾ വാങ്ങിച്ചു വച്ചിട്ടുണ്ട് എന്നും ശ്രദ്ധയ്ക്ക് പേപ്പർ ബാക്കുണ്ട്, അങ്ങനെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിപ്പിക്കാറുണ്ടെന്നും ക്യാമ്പസ്സിലേക്ക് വരണമെന്നും അധ്യാപകർ പറഞ്ഞിരുന്നു. അടുത്ത ദിവസം തന്നെ വരാമെന്ന് സതീഷ് പറയുകയും ചെയ്തു.

എച്ച്.ഒ.ഡി യുടെ മുറിയിൽ നിന്നും തിരിച്ചു വന്നത് മുതലാണ് ശ്രദ്ധ ഇത്രയും നിരാശയായി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും, എച്ച്.ഒ.ഡി യുടെ മാനസിക പീഡനമാണ് ഇതിനു കാരണമെന്നും സഹപാഠികൾ പറയുന്നു. അധ്യാപകർ മനുഷ്യത്വമില്ലാതെയാണ് ശ്രദ്ധയോടും മരണത്തിനു ശേഷം ശ്രദ്ധയുടെ രക്ഷിതാക്കളോടും പെരുമാറിയതെന്ന് പിതാവ് സതീഷിന്റെ സുഹൃത്ത് രഘുനന്ദനൻ പറയുന്നു. ആശുപത്രിയിൽ കുട്ടിയുടെ മൃതദേഹം കാണാൻ ചെന്ന സമയത്ത് അധ്യാപകർ ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറിയതെന്നും തങ്ങളെ ഒരുഭാഗത്തേക്ക് മാറ്റി നിർത്തി അവർ പൊയ്ക്കളഞ്ഞു എന്നും രഘുനന്ദനൻ ദ ക്യുവിനോട് പറഞ്ഞു.

ജൂൺ ഒന്നാം തീയ്യതി ഇവിടെനിന്ന് വളരെ സന്തോഷത്തോടെയാണ് അവൾ പോയത്. ഒന്നാം തീയ്യതി വൈകുന്നേരമാണ് കഴിഞ്ഞ സെമസ്റ്ററിന്റെ റിസൾട്ട് വരുന്നത്. മൂന്നോ നാലോ പേപ്പർ കിട്ടിയിട്ടില്ല എന്ന വിവരം അറിയുന്നത് ഒന്നാം തീയ്യതിയാണ്. കുഴപ്പമില്ല, നമുക്കെഴുതിയെടുക്കാം എന്നാണ് അവളുടെ അച്ഛൻ പറഞ്ഞത്. സപ്ലി എന്ന് പറയുന്നത് ഒരു അന്താരാഷ്ട്ര പ്രശ്നമൊന്നുമല്ലല്ലോ? അതിലൊന്നും ഒരു തരത്തിലും കുട്ടിയെ സങ്കടപ്പെടുത്തുന്ന തരത്തിൽ രക്ഷിതാക്കൾ പെരുമാറിയിട്ടില്ല.

രഘുനന്ദനൻ

കുട്ടിയുടെ ഫോൺ അധ്യാപകർ വാങ്ങി വെച്ച് എന്ന് അറിഞ്ഞപ്പോൾ അച്ഛൻ സഹപാഠിയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സഹപാഠി ഹോസ്റ്റലിനു പുറത്തയതിനാൽ അതിനു പറ്റിയില്ല. വെള്ളിയാഴ്ച ഉച്ചവരെ ശ്രദ്ധയ്ക്ക് ഒരു പ്രശ്നവുമില്ലെന്നും വ്യാഴാഴ്ച വീട്ടിൽ നിന്നും കോളേജിൽ എത്തിയപ്പോൾ മുതൽ സന്തോഷത്തിലായിരുന്നു എന്നും സഹപാഠികൾ പറയുന്നു. ലാബിനകത്ത് ഫോൺ ഉപയോഗിക്കരുത് എന്ന് നിയമമുണ്ട്, ശ്രദ്ധ ഉപയോഗിച്ചു എന്ന് പറയുന്നത് ശരിയാണ്. ലാബ് അസിസ്റ്റന്റ് പിടിച്ചെടുത്ത ഫോൺ അവിടെയുണ്ടായിരുന്ന ടീച്ചർക്ക് നൽകുകയും ടീച്ചർ എച്ച്.ഒ.ഡിക്ക് നൽകുകയുമായിരുന്നു. എച്ച്.ഒ.ഡി റൂമിലേക്ക് വിളിപ്പിച്ചതിന് ശേഷമാണ് ശ്രദ്ധ ഭയങ്കരമായി ഡൗൺ ആയതും എനിക്ക് എങ്ങനെയെങ്കിലും മരിച്ചാൽ മതിയെന്ന് പറഞ്ഞതും. സഹപാഠി ദ ക്യുവിനോട്.

ഹോസ്റ്റലിൽ ചെന്ന് അവൾ ആരുടെ അടുത്തും ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു. ഒരു ഏഴേമുക്കാൽ സമയത്ത് കൂടെയുള്ള കുട്ടി കഴിക്കാൻ പോയപ്പോൾ അവൾ കഴിക്കാൻ പോയില്ല. ആ ഗ്യാപ്പിലാണ് അവൾ ഹാങ്ങ് ചെയ്യുന്നത്. ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴും അവൾക്ക് ജീവനുണ്ടായിരുന്നു. മാനേജ്‌മന്റ് അധികൃതർ ഡോക്ടർമാരോട് പറഞ്ഞത് കുഴഞ്ഞുവീണതാണെന്നായിരുന്നു. പക്ഷെ ഇതുവരെയും മാനേജ്‌മന്റ് അത് സമ്മതിച്ചു തന്നിട്ടില്ല. ഗ്ലൂക്കോസ് കയറ്റിയപ്പോൾ ഒരു പതിനഞ്ച് സെക്കന്റ് അവൾ വിറച്ചു. കഴുത്തിലെ പാട് കണ്ട ഡോക്ടർമാർ ചോദിച്ചപ്പോൾ മാത്രമാണ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് അവർ പറഞ്ഞത്. അതുവരെ വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താത്തത് മരണത്തിന് കാരണമായി എന്നും വിദ്യാർഥികൾ ആരോപിക്കുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു എന്ന് കരച്ചിലടക്കിപ്പിടിച്ചല്ലാതെ സഹപാഠികൾക്ക് പറയാൻ കഴിയുമായിരുന്നില്ല. എന്നാൽ തങ്ങൾ ആശുപത്രിയിൽ കളവൊന്നും പറഞ്ഞിട്ടില്ല. ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്ന് തന്നെയാണ് പറഞ്ഞത് എന്നാണ് മാനേജ്‌മന്റ് അധികൃതർ വിദ്യാർത്ഥികൾക്ക് നൽകുന്ന മറുപടി.

ശ്രദ്ധ
ശ്രദ്ധ

വിദ്യാർത്ഥികളെ മരണത്തിലെത്തിക്കുന്ന അമൽജ്യോതി

നിരവധി മാനസിക സംഘർഷത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും എല്ലാവരും ആത്മഹത്യയുടെ വക്കിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. എന്തെങ്കിലും വിഷയത്തിൽ പ്രതികരിച്ചാൽ ഉടനെ പ്രതികരിച്ച വിദ്യാർത്ഥിക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കും. വളരെ എളുപ്പം സസ്‌പെൻഷൻ നൽകും. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ സദാചാര പൊലീസിങ് നടത്തുന്നവരാണ് അധ്യാപകരെന്ന് വിദ്യാർഥികൾ പറയുന്നു. പല സമയത്തും ഒരടിസ്ഥാനവുമില്ലാതെ വീട്ടിൽ വിളിച്ച് പറഞ്ഞ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. വീട്ടുകാർ പലപ്പോഴും കോളേജ് അധികൃതരെ മാത്രം വിശ്വസിക്കുകയും ചെയ്യുന്ന സമയത്ത്, പൂർണ്ണമായും ഒരു കുട്ടി സമ്മർദ്ദത്തിലായിപ്പോകും. ഒരാൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ എത്രയും പെട്ടന്ന് വീട്ടിലെത്തിക്കുന്ന കോളേജിന് ഒരു കുട്ടി മരിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും ഒരു വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു.

എച്ച്.ഒ.ഡി മുറിയിലേക്ക് വിളിച്ച് വരുത്തി എന്താണ് പറഞ്ഞത് എന്ന് അറിയണം. മൊബൈൽ ഉപയോഗിച്ചതിന് അച്ചടക്ക നടപടിയെടുക്കും എന്ന് പറഞ്ഞാൽ ഒന്നും ഒരാൾ ആത്മഹത്യ ചെയ്യില്ല. ഇവിടുള്ളവരൊക്കെ എപ്പോഴാണ് മരിക്കുകയെന്ന് ഞങ്ങൾക്ക് പോലും അറിയില്ല

സഹപാഠി

മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കളും നാട്ടിൽ രൂപീകരിക്കപ്പെട്ട ആക്ഷൻ കൗൺസിലും ചേർന്ന് പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ശ്രദ്ധയ്ക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി രൂപീകരിക്കപ്പെട്ട ആക്ഷൻ കൗൺസിലിൽ ഏകദേശം മുന്നൂറോളം പേര് അംഗങ്ങളായിട്ടുണ്ട്. വ്യാഴാഴ്ച കോളേജിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നുണ്ട്. ഞങ്ങൾക്കാവുന്ന രീതിയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും രഘുനന്ദനൻ ദ ക്യുവിനോട് പറഞ്ഞു. റിട്ടയർ ചെയ്ത പോലീസുകാരാണ് ഈ കോളേജിലെ ഗുണ്ടകൾ. അവരാണ് എല്ലാത്തിനും മുമ്പിലുണ്ടായിരുന്നത്. അവർ അവരുടേതായ എന്തൊക്കെയോ കോഡ് ഭാഷയുപയോഗിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്കത് മനസിലാകുന്നുണ്ടായിരുന്നില്ല. രഘുനന്ദനൻ പറഞ്ഞു.

വിദ്യാർത്ഥിസംഘടനകൾക്കൊന്നും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ള സ്ഥാപനമല്ല അമൽജ്യോതി. പേരിന് ഒരു സ്റ്റുഡന്റ് കൗൺസിൽ ഉണ്ടെങ്കിലും അതിൽ മാനേജ്മെന്റിന് താല്പര്യമുള്ള ഏറ്റവും നന്നായി പഠിക്കുന്ന സപ്ലി ഇല്ലാത്ത, അറ്റൻഡൻസ് കുറവില്ലാത്തവർ മാത്രമാണുള്ളത്. അതിൽ ഉള്ള ഒരു വിദ്യാർത്ഥി പോലും വിദ്യാർത്ഥി പക്ഷത്ത് നിന്ന് സംസാരിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സ്റ്റുഡന്റ് കൗൺസിൽ?

വിദ്യാർത്ഥി

മാനേജ്മെന്റ് കോളേജുകളിൽ സംഘടനാസ്വാതന്ത്ര്യത്തിന് സർക്കാർ നിയമം കൊണ്ട് വരണം: കെ.എസ്.യു

എല്ലാ മാനേജ്‌മന്റ് കോളേജുകളിലും സംഘടനാ സ്വാതന്ത്ര്യമില്ലാത്തത് കൊണ്ട് വിദ്യാർത്ഥികൾ വലിയ രീതിയിലുള്ള മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട് എന്നും അതിന് അറുതി വരാൻ സംഘടനാസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട് സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥയിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പുറത്ത് പറയാൻ അവർക്കൊരു മാർഗ്ഗവുമില്ല. മാനേജ്‌മന്റ് കോളേജുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. പൂർണ്ണമായും സമരം ചെയ്യുന്ന വിദ്യാർത്ഥികളോടൊപ്പമുണ്ടാകുമെന്നും, പോലീസ് ഉൾപ്പെടെ കാണിച്ചുകൊണ്ടിരിക്കുന്ന മെല്ലെപ്പോക്കിനെതിരെ ശക്തമായ സമരത്തിലേക്ക് പോകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ദ ക്യുവിനോട് പറഞ്ഞു

വിദ്യാർത്ഥികളോടൊപ്പം ശക്തമായ സമരവുമായി മുന്നോട്ട്: എസ്.എഫ്.ഐ

ഹോസ്റ്റൽ ഒഴിയണം എന്നാവശ്യപ്പെട്ട മാനേജ്മെന്റിന്റെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാകില്ല. തങ്ങളുടെ കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടപ്പോൾ സമരത്തിലേക്കിറങ്ങിയ വിദ്യാർത്ഥികളെയാണ് ഇവർ ഒതുക്കാൻ ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാകില്ല എന്ന് എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി മെൽബിൻ പറഞ്ഞു. എച്ച്.ഒ.ഡി, വാർഡൻ ഉൾപ്പെടെ മൂന്നു നാല് ആളുകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രധാന ആരോപണം. വിദ്യാർത്ഥികളോടൊപ്പം ചേർന്ന് ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും മെൽബിൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in