ദേശാഭിമാനി ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയുമായി നെഹ്‌റു ഗ്രൂപ്പ് സിഇഒ; എസ്എഫ്‌ഐ സമരത്തിനിടെ കോളേജ്‌മേധാവിക്ക് വേദിയൊരുക്കി പാര്‍ട്ടി പത്രം  

ദേശാഭിമാനി ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയുമായി നെഹ്‌റു ഗ്രൂപ്പ് സിഇഒ; എസ്എഫ്‌ഐ സമരത്തിനിടെ കോളേജ്‌മേധാവിക്ക് വേദിയൊരുക്കി പാര്‍ട്ടി പത്രം  

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയറിയിക്കാന്‍ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള നെഹ്‌റു കോളേജ് മാനേജ്‌മെന്റ്. ജൂലൈ 14ന് നടക്കുന്ന ദേശാഭിമാനി കോയമ്പത്തൂര്‍ ബ്യൂറോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നെഹ്‌റു ഗ്രൂപ്പ് സിഇഒ പി കൃഷ്ണകുമാര്‍ ആശംസയറിക്കുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പുറത്തുവന്നു. ഗാന്ധിപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും മുന്‍ എംപിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. ജിഷ്ണു കേസില്‍ സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥികളെ തോല്‍പിച്ച് മാനേജ്‌മെന്റ് പകവീട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ നെഹ്‌റു കോളേജില്‍ സമരം നടത്തുന്നതിനിടെയാണ് സ്ഥാപനമേധാവിയ്ക്ക് പാര്‍ട്ടി പത്രം വേദിയൊരുക്കുന്നത്.

ജിഷ്ണു കേസില്‍ കോളേജ് മാനേജ്‌മെന്റ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഒന്നാം പ്രതിയായതിനേത്തുടര്‍ന്ന് അനുജന്‍ പി കൃഷ്ണകുമാര്‍ സിഇഒ, സെക്രട്ടറി ചുമതലകള്‍ ഏറ്റെടുത്തിരുന്നു.

ഇത്തരം സംഭവങ്ങളോട്‌ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

ഇതിനൊക്കെ എന്താ ഞാന്‍ പറയുക. സാമ്പത്തികവും സ്വാധീനവും ഉള്ള ആളുകളെ ഉന്നതനിലയില്‍ തന്നെ ഇരുത്തും. പാവപ്പെട്ട ആള്‍ക്കാരുടെ സങ്കടവും കണ്ണീരും ഒന്നും ആരും കാണില്ല. എന്ത് അക്രമം കാണിച്ചാലും എന്ത് ചെയ്താലും.

മഹിജ

ഇപ്പോഴും പാമ്പാടി നെഹ്‌റു കോളേജില്‍ പ്രശ്‌നങ്ങളാണ്. ജിഷ്ണുവിന്റെ കേസില്‍ സാക്ഷി പറഞ്ഞ കുട്ടികളെയെല്ലാം പ്രശ്‌നത്തില്‍ പെടുത്തിയും തോല്‍പിച്ചും കോളേജ് പക വീട്ടുകയാണെന്നും മഹിജ വ്യക്തമാക്കി.

ദേശാഭിമാനി ‘അക്ഷരമുറ്റം’ ക്യാംപെയ്‌നിന്റെ സ്‌പോണ്‍സര്‍മാരായിരുന്നു നെഹ്‌റു ഗ്രൂപ്പ്. ജിഷ്ണു സംഭവത്തിന് ശേഷം ഒഴിവാക്കിയ നെഹ്‌റു ഗ്രൂപ്പിനെ വ്യാവസായിക താല്‍പര്യത്തിന് വേണ്ടി ദേശാഭിമാനി വീണ്ടും സമീപിക്കുന്നതിന്റെ ഭാഗമാണ് ഉദ്ഘാടന ക്ഷണമെന്ന് ആരോപണമുണ്ട്.

ജിഷ്ണു കേസില്‍ ശക്തമായ നിലപാടെടുത്ത പാര്‍ട്ടി പത്രം വ്യാവസായിക താല്‍പര്യത്തിന് വഴങ്ങുകയാണോയെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ചോദിച്ചു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് എടുത്ത ഒരു പത്രമാണ് ദേശാഭിമാനി. ആ പത്രമാണ് ജിഷ്ണു കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന, സിബിഐ അന്വേഷണം നേരിടുന്ന സ്ഥാപനത്തിന്റെ മേധാവിയെ അതിഥിയായി വേദിയിലിരുത്തുന്നത്. ഇത്രയും കളങ്കിതരായ ആള്‍ക്കാരെ വിളിച്ചിരുത്തി ദേശാഭിമാനി പോലൊരു പത്രം കളങ്കിതമാകരുത്. പത്രവും പാര്‍ട്ടിയും അത് തിരുത്തണം.

ശ്രീജിത്ത്

പാര്‍ട്ടിയും സര്‍ക്കാരും സ്വാശ്രയകച്ചവടത്തിനെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നത്. അതില്‍ വെള്ളം ചേര്‍ക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അപലപനീയമാണ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണ്. സമരം ചെയ്യുകയും സാക്ഷി പറയുകയും ചെയ്ത വിദ്യാര്‍ത്ഥികളെ തോല്‍പിച്ചുകൊണ്ടിരിക്കുകയാണ് നെഹ്‌റു കോളേജ് മാനേജ്‌മെന്റ്. തോല്‍പിച്ചത് മനപൂര്‍വ്വമാണെന്നും പ്രതികാരനടപടിയാണെന്നും യൂണിവേഴ്‌സിറ്റി തന്നെ കണ്ടെത്തി. എസ്എഫ്‌ഐ ഇപ്പോഴും സമരരംഗത്താണുള്ളത്. ഇന്നലെ വരെ കോളേജിന് മുന്നില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സമരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആ സ്ഥാപനത്തിന്റെ സെക്രട്ടറിയെ അതിഥിയാക്കുന്നത്. പികെ ശശി എംഎല്‍എ നെഹ്‌റു ഗ്രൂപ്പിന്റെ പരിപാടി (പി കെ ദാസ് മെഡിക്കല്‍ കോളേജ്, വാണിയംകുളം പാലക്കാട് ) ഉദ്ഘാടനം ചെയ്യാന്‍ വന്നിട്ട് വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്കും ദേശീയ ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരിക്കും പരാതി കൊടുത്തിരുന്നു. ചര്‍ച്ച ചെയ്യുമെന്ന ഉറപ്പും പാര്‍ട്ടി നല്‍കിയതാണെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കൂട്ടിച്ചേര്‍ത്തു.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു പ്രണോയ്. 17കാരനായ ജീഷ്ണുവിനെ 2017 ജനുവരി ആറിന് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കൂട്ടുകാര്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണുവിനെ രക്ഷിക്കാനായില്ല. കോപ്പിയടി ആരോപിച്ച് കോളേജ് അധികൃതര്‍ നടപടിയെടുത്തതിനേത്തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. കോളേജില്‍ ഇടിമുറിയും രക്തക്കറയും കണ്ടെത്തിയതോടെ കേസില്‍ ദുരൂഹതയേറി. കോളേജ് അധികൃതരില്‍ നിന്നുണ്ടായ പീഡനവും ഭീക്ഷണിയും വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. നീതി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ സമരം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ദേശാഭിമാനി ബ്യൂറോ ഉദ്ഘാടനത്തിന് ആശംസയുമായി നെഹ്‌റു ഗ്രൂപ്പ് സിഇഒ; എസ്എഫ്‌ഐ സമരത്തിനിടെ കോളേജ്‌മേധാവിക്ക് വേദിയൊരുക്കി പാര്‍ട്ടി പത്രം  
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 83ലക്ഷം പിഴയിളവ് നല്‍കി സര്‍ക്കാര്‍; 1.17കോടി വേണമെന്ന നഗരസഭ തീരുമാനം അസാധുവാക്കി 

കോളേജിനും തന്റെ സഹോദരനുമെതിരെ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് പി കൃഷ്ണകുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും തന്റെ ജ്യേഷ്ഠനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കോളേജിലെത്തി ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഹ്‌റു ഗ്രൂപ്പിനെ തകര്‍ക്കാന്‍ ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തനം നടക്കുന്നു. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം എന്നീ ആവശ്യങ്ങളാണ് കൃഷ്ണകുമാര്‍ ഉന്നയിച്ചിരുന്നത്.

logo
The Cue
www.thecue.in