എല്ലാവരെയും കടക്കെണിയിലാക്കി ഒരാള്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നത് എന്ത് നീതി? കേരള സംഗീത നാടക അക്കാദമിക്കെതിരെ നാട്ടക്

എല്ലാവരെയും കടക്കെണിയിലാക്കി ഒരാള്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നത് എന്ത് നീതി? കേരള സംഗീത നാടക അക്കാദമിക്കെതിരെ നാട്ടക്

കൊവിഡിന് ശേഷം നാടക മേഖലക്ക് ഉണര്‍വ്വ് നല്‍കുന്നതിനായി കേരള സംഗീത നാടക അക്കാദമി പ്രഖ്യാപിച്ച പദ്ധതിയില്‍ നിയമലംഘനം നടന്നതായി പരാതി. എഴുപതിലധികം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്ത 25 സ്‌ക്രിപ്റ്റുകള്‍ക്ക് നാടക നിര്‍മ്മാണത്തിനായി 2 ലക്ഷം രൂപ വീതം കൊടുക്കുന്ന പദ്ധതിയിലാണ് നിയമലംഘനം നടന്നതായി ആരോപിക്കുന്നത്.

കരാറില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളില്‍ കോഴിക്കോട് 'ബാക് സ്റ്റേജ്' തിയറ്ററിന് മാത്രമായി ഇളവ് ചെയ്തുകൊടുത്തതായും നിയമങ്ങള്‍ ലംഘിച്ചതായും നാടക കലാകാരന്മാരുടെ സംഘടനയായ 'നാട്ടക്' ആരോപിക്കുന്നു. ഇതിന്റെ വിശദവിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി ഒരു പരാതി നാട്ടക് കേരള സംഗീത നാടക അക്കാദമി സെക്രട്ടറിക്ക് സമര്‍പ്പിച്ചു.

നാടക കലാകാരര്‍ക്കിടയില്‍ ഉച്ചനീചത്വം സൃഷ്ടിക്കുന്ന അക്കാദമിയുടെ നിലപാട് അവസാനിപ്പിക്കണമെന്ന് 'നാട്ടക്' അക്കാദമിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

'സര്‍ക്കാര്‍ സാമ്പത്തിക സഹായവും അവസരങ്ങളും അര്‍ഹതപ്പെട്ട എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും തുല്യതയോടെ നല്‍കാനുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് അക്കാദമി നടത്തേണ്ടത്. നിരന്തരം ചൂണ്ടി കാണിച്ചിട്ടും പക്ഷപാതപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ആര്‍ട്ട് സമൂഹത്തിന്റെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യലാണ്. ബാക് സ്റ്റേജിന്റെ നാടകം കരാര്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അക്കാദമി അവതരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയും ആ സംഘത്തിന് എതിരെ കരാര്‍ ലംഘിച്ചതിനുള്ള നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യണം,' പരാതിയില്‍ പറയുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ കരാര്‍ പ്രകാരം തെരഞ്ഞെടുത്ത 25 സ്‌ക്രിപ്റ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നാടകങ്ങള്‍ അരങ്ങേറാന്‍ പാടുള്ളു. അല്ലാത്തപക്ഷം അനുവദിച്ചിട്ടുള്ള ഗ്രാന്റും നാടകം ചെയ്യാനുള്ള അവസരവും നഷ്ടമാകും. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ഈ നാടകങ്ങള്‍ മറ്റൊരിടത്തും അരങ്ങേറിയതാകാനും പാടില്ല. എന്നാല്‍, കോഴിക്കോട് ബാക് സ്റ്റേജ് തിയേറ്ററിനായി ഈ നിയമങ്ങളെല്ലാം ലംഘിച്ചിരിക്കുന്നുവെന്നും അതിനെതിരെ തങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും നാട്ടകിന്റെ സംസ്ഥാന സെക്രട്ടറി ജെ. ഷൈലജ ദ ക്യുവിനോട് പറഞ്ഞു.

നാടക് ഉന്നയിക്കുന്ന പ്രധാന പരാതികള്‍ ഇതെല്ലാമാണ്:

1. ബാക് സ്റ്റേജ് തിയേറ്റര്‍ നിര്‍മ്മിക്കുന്ന നാടകത്തിന്റെ സ്‌ക്രിപ്റ്റ് നേരത്തെ തെരഞ്ഞെടുത്തവയുടെ കൂട്ടത്തിലുള്ളതല്ല.

2. നാടകങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള കരാറില്‍ ബാക് സ്റ്റേജ് തിയേറ്റര്‍ സോളോ പെര്‍ഫോമെന്‍സാണ് നിര്‍മ്മിക്കുന്നത്.

3. അക്കാദമി നിശ്ചയിച്ചിട്ടുള്ള ആദ്യ അവതരണത്തിന് മുന്നേ 200 രൂപ പാസ് വച്ച് ആ സോളോ പെര്‍ഫോമന്‍സ് പ്രീമിയര്‍ ഷോ നടത്തുന്നു.

തെരഞ്ഞെടുത്ത സ്‌ക്രിപ്റ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനായി അക്കാദമിയെ സമീപിച്ചവര്‍ക്ക് പോലും അവസരം നിഷേധിക്കപ്പെടുകയാണ്. ഇത്രയും നിയമലംഘനങ്ങള്‍ നടത്തിയിട്ടും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അക്കാദമി മൗനം പാലിക്കുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളതെന്നും ഈ പരാതിയുടെ പകര്‍പ്പ് സാംസ്‌കാരിക മന്ത്രിക്കും കൈമാറിയിട്ടുണ്ടെന്നും ജെ ഷൈലജ ദ ക്യുവിനോട് പറഞ്ഞു.

നാട്ടക് സംസ്ഥാന സെക്രട്ടറി ജെ. ഷൈലജയുടെ വാക്കുകള്‍

രണ്ട് ലക്ഷം രൂപ വീതം 25 നാടകങ്ങള്‍ക്ക് നല്‍കുമെന്നതാണ് കരാര്‍. അതിന്റെ അടിസ്ഥാനത്തില്‍ മറ്റെവിടെയും കളിച്ചിട്ടില്ലാത്ത ആ നാടകങ്ങളുടെ രണ്ട് പ്രീമിയര്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. ഒരു ലക്ഷം രൂപ നാടകത്തിന്റെ പ്രൊഡക്ഷന്റെ ചിലവും രണ്ട് ഷോകള്‍ക്കായി 50,000 രൂപ വീതവുമാണ് ഒരു നാടകത്തിന് ലഭിക്കുക. തിരഞ്ഞെടുത്ത സ്‌ക്രിപ്റ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണമെന്ന് പറഞ്ഞവര്‍ക്ക് പോലും അവസരം നിഷേധിക്കപ്പെട്ടു. ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്ന അക്കാദമി കോഴിക്കോട് ബാക് സ്റ്റേജ് തിയേറ്ററിന് മാത്രം ആനുകൂല്യം അനുവദിച്ചിരിക്കുകയാണ്. സോളോ പെര്‍ഫോമെന്‍സുകള്‍ക്ക് വേറെ കരാര്‍ പ്രാബല്യത്തില്‍ വരാനിരിക്കെ, നാടകങ്ങള്‍ക്കായി അനുവദിച്ച കരാറില്‍ സോളോ പെര്‍ഫോമന്‍സിന് അവസരം നല്‍കിയെന്നത് ആദ്യത്തെ നിയമലംഘനമാണ്.

നാടക അക്കാദമിയുടെ കരാര്‍ പ്രകാരം ഈ പദ്ധതിയുടെ പരിധിയില്‍ പെടുന്ന നാടകങ്ങള്‍ മറ്റെവിടെയും അവതരിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ബാക് സ്റ്റേജ് തിയേറ്റര്‍ മെയ് ഒന്നിന് ആ സോളോ പെര്‍ഫോമന്‍സ് 200 രൂപ ടിക്കറ്റില്‍, പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ അതിന് മുമ്പ് തന്നെ അവതരിപ്പിക്കാനൊരുങ്ങുന്നു.

കരാറിന് തന്നെ ഞങ്ങള്‍ എതിരാണ്. പക്ഷെ, ബാക്കിയുള്ളവരെല്ലാം ഈ കരാറിനനുസരിച്ച് കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം ആനുകൂല്യം അനുവദിച്ച് കൊടുക്കുന്നതിനോട് യോജിച്ച് കൊടുക്കാന്‍ സാധിക്കില്ല. ഒരു സോളോ പെര്‍ഫോമന്‍സ് രണ്ട് തവണ അവതരിപ്പിക്കാന്‍ അക്കാദമി കൊടുക്കുന്നത് 30,000 രൂപയാണ്. എന്നാല്‍ നാടകത്തിനായി വിളിച്ചിട്ടുള്ള രണ്ട് ലക്ഷം രൂപയുടെ പദ്ധതിയില്‍ സോളോ പെര്‍ഫോമന്‍സ് കൊണ്ടുവരികയും നേരത്തെ മറ്റൊരിടത്ത് അത് പെര്‍ഫോം ചെയ്ത ശേഷം സ്‌ക്രിപ്റ്റ് പൂര്‍ണമായും മാറ്റുന്നതും അനുവദനീയമല്ല.

ഇത് അക്കാദമിക്കകത്ത് തന്നെയുള്ള ചില തല്‍പ്പര കക്ഷികള്‍ അനുവദിച്ചുകൊടുത്തതാണ്. അല്ലെങ്കില്‍ ഇതെങ്ങനെ സംഭവിക്കും.? ഇതുപോലെ അക്കാദമി അവര്‍ക്ക് തോന്നിയ പോലുള്ള പ്രവൃത്തികള്‍ ചെയ്യുകയാണ്. കൊവിഡ് കാലത്ത് 27 ദിവസം അക്കാദമിയുടെ മുന്നില്‍ നമ്മള്‍ സമരം ചെയ്തിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും ഏകാധിപത്യപരമായ പ്രവൃത്തികള്‍ അവര്‍ നിര്‍ത്തുന്നില്ല. ഇതില്‍ ഒരുപാട് കലാകാരന്മാര്‍ക്ക്് പ്രതിഷേധമുണ്ട്. അതാണ് നാടക് സംഘടനയിലൂടെ പ്രകടമാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in