മുല്ലപ്പെരിയാറില്‍ എന്താണ് പുതിയ ആശങ്ക? ഡീകമ്മീഷനോ പരിഹാരം

മുല്ലപ്പെരിയാറില്‍ എന്താണ് പുതിയ ആശങ്ക? ഡീകമ്മീഷനോ പരിഹാരം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ അണക്കെട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. 2011ലാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഇത്തരമൊരു ചര്‍ച്ചയും വാദപ്രതിവാദങ്ങളും കേരളം കണ്ടത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനോട് അനുബന്ധിച്ച് ജലനിരപ്പ് ഉര്‍ന്നതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നത്.

ജലനിരപ്പ് സംബന്ധിച്ച് തമിഴ്‌നാട് ആദ്യ വാണിങ്ങ് നല്‍കിയത് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഇതിനൊടൊപ്പം കാലപ്പഴക്കം ചെന്ന ഡാമുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്ര സഭ മുല്ലപ്പെരിയാര്‍ കൂടി ഉള്‍പ്പെടുത്തിയത് ചര്‍ച്ചകള്‍ സജീവമാക്കി.

മുല്ലപ്പെരിയാര്‍ ചരിത്രം

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ വള്ളക്കടവിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയില്‍ നിന്ന് ഉത്ഭവിക്കുന്ന പെരിയാര്‍ 48 കിലോമീറ്റര്‍ പിന്നിട്ട് മുല്ലയാറുമായി ചേര്‍ന്ന് മുല്ലപ്പെരിയാറാകുന്നു.

1789ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ആലോചനകള്‍ തുടങ്ങുന്നത്. 1895 ഒക്ടോബര്‍ പത്തിനാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കുന്നത്. ആലോചനകള്‍ 1789ല്‍ തന്നെ തുടങ്ങിയിരുന്നു.

വൈഗ നദി ആറ് മാസക്കാലത്തോളം വറ്റിവരളുന്നത് ആ പ്രദേശത്ത് ജീവിക്കുന്നവരുടെ ജീവനോപാദികളെ ബാധിക്കുന്നതും കാര്‍ഷിക ഉത്പാദനം നടക്കാതെ വന്നതുമെല്ലാം മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു എന്ന വിലയിരുത്തലുകളുമുണ്ട്.

ബ്രിട്ടീഷ് എന്‍ജിനീയര്‍ ക്യാപ്റ്റന്‍ പെന്നിക്വിക്കും ആന്‍സ്മിത്തുമാണ് രൂപരേഖ തയ്യാറാക്കിയത്. തിരുവിതാംകൂറും മദിരാശി സര്‍ക്കാരുമായും ചര്‍ച്ച നടത്തി കരാറാക്കിയതിന് ശേഷം നിര്‍മ്മാണം തുടങ്ങി. 1887ലാണ് അണക്കെട്ട് നിര്‍മ്മാണം ആരംഭിക്കുന്നത്.

അണക്കെട്ടിന്റെ വലിപ്പം

1200 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആകെ നീളം. 152 അടി ഉയരവുമുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ ശേഷി.

ഇതുകൂടാതെ 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബി ഡാമും 240 അടി നീളവും 20 അടി വീതിയുമുള്ള എര്‍ത്ത് ഡാമും ചേര്‍ന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. തുടക്കത്തില്‍ 152 അടിയോളം വെള്ളം അണക്കെട്ടില്‍ സംഭരിച്ച് നിര്‍ത്തിയിരുന്നു.

ഇപ്പോഴത്തെ ആശങ്ക

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇപ്പോഴത്തെ ഒഴുക്ക് കൂടിയ നിലയിലാണുള്ളത്. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ കൂടിയാല്‍ ജലനിരപ്പ് 142 അടിയില്‍ എത്തുമെന്നാണ് ആശങ്ക. അതുകൊണ്ട് തന്നെ ഡാമില്‍ നിന്ന് തുരങ്കം വഴി തമിഴ്‌നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നുവിടണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.

ഇതിനോടൊപ്പം തന്നെ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ക്യാമ്പയിനും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. ഒക്ടോബര്‍ 16 മുതല്‍ കേരളത്തിലുണ്ടായ പ്രളയം വലിയ നാശനഷ്ടമുണ്ടാക്കിയതും ഈ ആവശ്യങ്ങള്‍ ബലപ്പെടാന്‍ കാരണമയി.

അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതായി തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 142 അടിയാണ് പരമാവധി ജലനിരപ്പ്. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ജസ്റ്റിസ് എസ്. ആനന്ദ് ചെയര്‍മാനായ അഞ്ചംഗ സമിതിയെ സുപ്രീം കോടതി 2010 ഫെബ്രുവരിയില്‍ മുല്ലപ്പെരിയാര്‍ വിഷയങ്ങള്‍ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2014ല്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി ലഭിച്ചത്.

യു.എന്‍ റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടേണ്ടതുണ്ടോ

അമ്പത് വര്‍ഷത്തിലധികം കാലപ്പഴക്കം ചെന്ന ലോകത്തിലെ വിവിധ അണക്കെട്ടുകള്‍ ആഗോള തലത്തില്‍ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത് 2021 ജനുവരിയിലാണ്.

പുറത്തുവന്ന ഘട്ടത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായില്ലെങ്കിലും ഇടുക്കി, കോട്ടയം ജില്ലകളിലെ കനത്ത മഴയും ഉരുള്‍പൊട്ടലും ഇപ്പോഴും തുടരുന്ന ഭീഷണിയും റിപ്പോര്‍ട്ടിനെ വീണ്ടും ചര്‍ച്ചകളിലേക്കെത്തിച്ചത്.

ലോകത്തിലെ വലിയ അണക്കെട്ടുകളുടെ നിര്‍മ്മാണ രീതി, അവയുടെ വ്യത്യസ്ത ഉപയോഗം, പ്രളയ നിയന്ത്രണം, അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഹൈഡ്രോ പവര്‍ സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ വിശദമായ അപഗ്രഥനം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ ഒരു ഡാം റെവല്യൂഷന്‍ തന്നെ സംഭവിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഈ ഡാമുകളില്‍ പലതും കാലപ്പഴക്കമെത്തിയെന്നതിനെ ആശങ്കയോടുകൂടി റിപ്പോര്‍ട്ട് അപഗ്രഥിക്കുന്നുണ്ട്. 2021ല്‍ പുറത്തു വന്ന യു.എന്‍ റിപ്പോര്‍ട്ട് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ചയാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതുതായ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല യു.എന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. മുന്‍ പഠനങ്ങളെയും അനുബന്ധ റഫറന്‍സുകളും ആധാരമാക്കിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകുന്നത്.

നിര്‍മ്മാണ ഘട്ടത്തില്‍ അമ്പത് വര്‍ഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ലൈഫ്‌സ്പാന്‍ എന്നാണ് ഉദ്ദേശിച്ചതെങ്കിലും മുല്ലപ്പെരിയാര്‍ ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ട്. അണക്കെട്ടിന് ഘടനപരമായ പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് തന്നെ അണക്കെട്ട് തകര്‍ന്നേക്കാമെന്ന് ഭീഷണി നിലവിലുണ്ട്.

ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ട് നിലനില്‍ക്കുന്നത്. 1978ല്‍ ഒരു ചെറിയ ഭൂകമ്പം അണക്കെട്ടില്‍ വിള്ളലുകള്‍ തീര്‍ത്തിട്ടുണ്ട്. കൂടുതല്‍ വിള്ളലുകള്‍ പിന്നീട് അണക്കെട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്.

അണക്കെട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച മെറ്റീരിയല്‍ ഔട്ട്‌ഡേറ്റഡ് ആണെന്നതുകൊണ്ട് തന്നെ ചോര്‍ച്ചകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്,'' എന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് പറയുന്നത്.

അമേരിക്കന്‍ ജേണല്‍ ഓഫ് വാട്ടര്‍ റിസോര്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെയും എന്തുകൊണ്ട് കേരളവും തമിഴ്‌നാടും ദശാബ്ദങ്ങളായി മുല്ലപ്പെരിയാറില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുവെന്ന റാവോ എസ് നടത്തിയ പുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണ് യു.എന്‍.റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തെ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ക്ക് പുറമേ പുതുതായ കണ്ടെത്തലുകള്‍ യു.എന്‍ റിപ്പോര്‍ട്ടില്‍ ഇല്ല എന്നതാണ് വസ്തുത.

മുഖ്യമന്ത്രി പറയുന്നത്

മുല്ലപ്പെരിയാറില്‍ പ്രശ്‌നങ്ങളില്ലെന്നും അനാവശ്യ ഭീതി പടര്‍ത്തിയാല്‍ നടപടിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പറഞ്ഞത്.

പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാടിന്റെ നിലപാട്

അതേസമയം പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ നിലപാടിനെതിരെ ശക്തമായ എതിര്‍പ്പാണ് തമിഴ്‌നാട് ഉയര്‍ത്തുന്നത്. പുതിയ അണക്കെട്ട് വേണമെങ്കില്‍ ഇരുസംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ പാടുള്ളുവെന്നാണ് കോടതി നിര്‍ദേശം.

ഡാം കമ്മീഷന്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിത് 125 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഡാം ഡീകമ്മീഷന്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള പരിഹാരം. പ്രയോഗിക തലത്തില്‍ അത് നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. കാരണം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണിത്. ഒരു ശത്രുതാ മനോഭാവത്തിലേക്ക് വരെ ഈ പ്രശ്‌നമെത്തും എന്നുള്ള സാഹചര്യവുമുണ്ട്. രണ്ട് സംസ്ഥാനങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണെങ്കില്‍ ജലനിരപ്പ് താഴ്ത്തി ടണല്‍ നിര്‍മ്മിച്ച് പുതിയ ഡാം നിര്‍മ്മിക്കാതെയും ഇപ്പോഴുള്ളത് പൊളിക്കാതെയും ഈ പ്രശ്‌നം എന്നന്നേക്കുമായി തന്നെ പരിഹരിക്കാം. ടണല്‍ നിരപ്പും ജലനിരപ്പും താഴ്ത്തി മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുള്ളു. ഇന്നത്തെ നിലയില്‍ അണക്കെട്ട് ഇതേപോലെ തുടരുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷിതത്വം നല്‍കുന്നതാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം പറയുന്നത്.

ഡാം പൊളിക്കണമെന്ന മുറവിളികള്‍

ഡാം അപകടമാണെന്ന് കേരളത്തില്‍ ആദ്യം പറഞ്ഞത് ഞാനാണ്. 35 വര്‍ഷം മുമ്പായിരുന്നു അത്. പിന്നീട് നമുക്ക് ഇക്കാര്യത്തെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കേണ്ടി വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പൊളിക്കാന്‍ കഴിയുന്നതല്ല എന്ന് ബോധ്യപ്പെടുന്നത്. ഇതില്‍ രണ്ട് കൂട്ടര്‍ക്കും സ്വീകാര്യമാകുന്ന പ്രായോഗികമായ പരിഹാരം മാത്രമാണ് സാധ്യമാകുക. ഇനിയും ഡീ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ടണല്‍ എന്നതാണ് മാര്‍ഗമെന്ന് തോന്നുന്നു, ജോണ്‍ പെരുവന്താനം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in