'ആ അടിയില്‍ ഞങ്ങടെ കൊച്ചുങ്ങളെങ്ങാനും മരിച്ച് പോയിരുന്നെങ്കിലോ?'; വയനാട്ടില്‍ മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ അമ്മ പറയുന്നു

'ആ അടിയില്‍ ഞങ്ങടെ കൊച്ചുങ്ങളെങ്ങാനും മരിച്ച് പോയിരുന്നെങ്കിലോ?'; വയനാട്ടില്‍ മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ അമ്മ പറയുന്നു

'ആ അടിയില്‍ ഞങ്ങടെ കൊച്ചുങ്ങളെങ്ങാനും മരിച്ച് പോയിരുന്നെങ്കിലോ... നമ്മുടെ അച്ഛനും അമ്മയ്ക്കും പണ്ടൊന്നും ഇങ്ങനെ പറയാന്‍ പറ്റിയില്ല. ഇപ്പോ വിട്ടു കൊടുത്താല്‍ ശരിയാവില്ല. ഞങ്ങള്‍ താഴ്ന്ന് കൊടുക്കുന്നതോണ്ടാ ഇങ്ങനെ. ഇവരെ പേടിച്ച് കോഴീനേം പൂച്ചേനേം പട്ടീനേം ഒന്നും ഞങ്ങള്‍ വളര്‍ത്തുന്നില്ല. ഇവരുടെ കൃഷി സാധനങ്ങള്‍ നശിച്ച് പോകുമോ എന്ന് പേടിച്ച്. ഞങ്ങളെ ഒന്നിനേം വളര്‍ത്താന്‍ വിടില്ല. എല്ലാത്തിനേയും അവര്‍ വിഷം വെച്ച് കൊല്ലും,' വയനാട്ടില്‍ പൂതാടി പഞ്ചായത്തില്‍ നെയ്ക്കൂപ്പ പണിയ കോളനിയില്‍ വയല്‍ വരമ്പ് ചവിട്ടി നശിപ്പിച്ചെന്നാരോപിച്ച് അയല്‍വാസി മര്‍ദ്ദിച്ച മൂന്ന് കുട്ടികളില്‍ ഒരാളുടെ രക്ഷിതാവ് മല്ലിക പറഞ്ഞു നിര്‍ത്തി.

ആഗസ്റ്റ് 15ന് നടവയല്‍ എല്‍പി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അയല്‍വാസി മര്‍ദ്ദിച്ചത്. 6-7 വയസുവരെ പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. അടിയേറ്റ മൂന്ന് കുട്ടികളുടെയും കാലിലും വയറിന്റെ ഭാഗത്തും പുറത്തും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.

വയല്‍ വരമ്പില്‍ കയറി കളിച്ചിട്ടാണ് മര്‍ദ്ദിച്ചതെന്നാണ് പ്രതി രാധാകൃഷ്ണന്‍ പറയുന്നത്. എന്നാല്‍ വരമ്പില്‍ കയറി കളിച്ചിട്ടില്ലെന്നും തോട്ടില്‍ മീന്‍ പിടിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ പറഞ്ഞത്.

'കുട്ടികളെയും കൊണ്ട് ആദ്യം പൊലീസ് സ്റ്റേഷനില്‍ പോയി. അപ്പോ അവര് പറഞ്ഞു ആദ്യം ആശുപത്രിയില്‍ കാണിക്കാന്‍. അവിട്ന്ന് പനമരം ഗവ. ആശുപത്രിയില്‍ കാണിച്ചു. അവര് പറഞ്ഞു, അവര് പൊലീസില്‍ പറഞ്ഞോളാം എന്ന്. പൊലീസ് ഇതിന് പിന്നാലെ വന്ന് സ്റ്റേറ്റ്‌മെന്റ് ഒക്കെ എടുത്ത് പോയിട്ടുണ്ട്. ഒരു കുട്ടിക്ക് കാലിന് തൊലി പോയിട്ട് കെട്ടി വെച്ചിട്ടുണ്ട്. എന്റെ മകന് തുടയ്ക്കാണ് അടി കിട്ടിയത്. അതിന്റെ പാടും വേദനയുമൊക്കെയുണ്ട്. കുട്ടിക്ക് പനിക്കുകയും ചെയ്തിരുന്നു. വയല്‍ വരമ്പ് നശിപ്പിച്ചതിനാണ് കുട്ടികളെ അടിച്ചതെന്നാണ് പുള്ളി (രാധാകൃഷ്ണന്‍) പറഞ്ഞത്. മക്കള്‍ പറയുന്നത് വരമ്പില്‍ കയറി കളിച്ചിട്ടില്ല, തോട്ടില്‍ മീന്‍ പിടിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ്. ഇപ്പോ വന്ന് നോക്കിയാലും വരമ്പിനൊന്നും ഒരു പ്രശ്‌നവുമില്ല,' മല്ലിക പറഞ്ഞു.

കേസ് കൊടുത്തതിന് പിന്നാലെ രാഷ്ട്രീക്കാരും മറ്റും വന്ന് ഒത്ത് തീര്‍പ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ ആദിവാസി ഊരുകളില്‍ ഇത് നിത്യ സംഭവമാണെന്നാണ് സംവിധായിക ലീല സന്തോഷ് ദ ക്യുവിനോട് പറഞ്ഞത്. ആരും പേടിച്ചിട്ടോ, ഇതൊരു സ്വാഭാവിക സംഭവമായി മാറിയത് കൊണ്ടോ ആരും ഒന്നും പുറത്ത് പറയില്ലെന്നും ലീല പറഞ്ഞു.

'ഇത് വയനാട്ടില്‍ ഒരു സ്വാഭാവിക സംഭവമാണ്. വര്‍ഷങ്ങളായി സംഭവിക്കുന്നതാണ്. പുറത്തുവരുന്നത് ഇപ്പോഴാണ് എന്ന് മാത്രം. എന്റെ ഭര്‍ത്താവിന് വരെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് ചെറുപ്പത്തില്‍. ഞങ്ങളുടെ പലകുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. ഇവിടെ എല്ലാ വര്‍ഷവും വെള്ളം കയറുന്ന സ്ഥമാണ്. ഇതുവരെ ഇവരെ മാറ്റിപാര്‍പ്പിക്കുന്ന സ്ഥിതി പോലും ഉണ്ടായിട്ടില്ല,' ലീല സന്തോഷ് പറഞ്ഞു.

സംഭവത്തില്‍ എസ്.സി എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഒളിവിലായിരുന്ന ഇയാളെ രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ച അറസ്റ്റ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in