എം.കെ മുനീറിന് ഇരട്ടത്താപ്പ് - ശ്യാമ.എസ്.പ്രഭ, മൈത്രേയന്‍, ഡോ. മനോജ് വെള്ളനാട്

എം.കെ മുനീറിന് ഇരട്ടത്താപ്പ് 
- ശ്യാമ.എസ്.പ്രഭ, മൈത്രേയന്‍, ഡോ. മനോജ് വെള്ളനാട്

ട്രാന്‍സ് പങ്കാളികള്‍ക്ക് കുഞ്ഞ് ജനിച്ച സംഭവത്തെ പരിഹസിച്ച മുസ്ലിം ലീഗ് നേതാവ് എം.കെ മുനീറിനെതിരെതിരെ ഉയരുന്നത് കടുത്ത വിമര്‍ശനം. ട്രാന്‍സ്‌മെന്‍ പ്രസവിക്കില്ലെന്നും അങ്ങനെ കരുതുന്നവര്‍ മൂഡരുടെ സ്വര്‍ഗത്തിലാണെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു എം.കെ മുനീര്‍ പ്രസംഗിച്ചത്. യു.ഡി.എഫ് മന്ത്രിസഭയില്‍ സാമൂഹ്യക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എം.കെ മുനീറിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്യാമ. എസ്. പ്രഭ വിമര്‍ശിക്കുന്നു. സംസ്ഥാനത്ത് ട്രാന്‍സ്ജന്‍ഡര്‍ പോളിസി കൊണ്ടുവരാന്‍ മുന്‍കൈ എടുത്ത എം.കെ മുനീര്‍ അന്ന് ലൈംഗിക ന്യൂനപക്ഷങ്ങളോട് ഐക്യപ്പെടുകയും അവരുടെ നീതിക്കായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും ശ്യാമ.എസ്.പ്രഭ ചൂണ്ടിക്കാണിക്കുന്നു. വോട്ട് ലക്ഷ്യമിട്ടാണ് എം.കെ മുനീര്‍ ട്രാന്‍സ്ജന്‍ഡറുകളെ പരിഹസിച്ച് സംസാരിക്കുന്നതെന്നാണ് മൈത്രേയന്റെ വിമര്‍ശനം. ഇരകളെ ദ്രോഹിക്കുകയാണ് എം.കെ മുനീറെന്നും മൈത്രേയന്‍ കുറ്റപ്പെടുത്തുന്നു. സ്വന്തം ക്രെഡിബിളിറ്റി ദുരുപയോഗപ്പെടുത്തി സമൂഹത്തില്‍ ട്രാന്‍സ് ഫോബിയ പരത്തുന്നത് വലിയ ദ്രോഹമാണെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഡോക്ടര്‍ മനോജ് വെള്ളനാടും പറയുന്നു.

Chanthu Meppayur

എം.കെ മുനീര്‍ പറഞ്ഞത്

പുരുഷന്‍ എങ്ങനെ പ്രസവിക്കും. ഒരു സ്ത്രീ പുരുഷനാകാന്‍ ശ്രമിച്ച് അവിടെ എത്താത്ത അവസ്ഥയില്‍, ഗര്‍ഭപാത്രം അവിടെ തന്നെ നില്‍ക്കുന്നു. പുറംതോട് ഒരു പുരുഷനായെന്ന് പ്രഖ്യാപിക്കുമ്പോഴും അവര്‍ ജന്‍മം കൊണ്ട് സ്ത്രീയായിരുന്നുവെന്നതിന്റെ ഏറ്റവും വലിയ നിദര്‍ശനമാണ്. ഒരു പുരുഷനായി ഒരു സ്ത്രീ കൂടെ താമസിക്കുകയും അവര്‍ ഗര്‍ഭിണിയാവുകയും ചെയ്യണമെങ്കില്‍ അവിടെ അണ്ഡവും ബീജവും തമ്മില്‍ സങ്കലനം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. അല്ലാതെ ഒരു കുഞ്ഞ് ജനിക്കുന്നുവെന്ന് പറയുന്നത് ഈ ലോകത്ത് വലിയ അത്ഭുതമാണ്. ട്രാന്‍സ്‌മെന്‍ പ്രസവിച്ചുവെന്നാണ് മാധ്യമങ്ങള്‍ പോലും എഴുതുന്നത്. ട്രാന്‍സ്മാന്‍ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കുട്ടിയെ പ്രസവിക്കാന്‍ സാധിക്കില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണ്.

എം.കെ മുനീറിന്റേത് ഇരട്ടത്താപ്പ്

ശ്യാമ എസ് പ്രഭ- ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ്

ട്രാന്‍സ് പുരുഷന്‍മാര്‍ ഒരുക്കലും പ്രസവിക്കില്ലെന്ന് എം.കെ മുനീറിന് എങ്ങനെയാണ് പറയാന്‍ കഴിയുക. ട്രാന്‍സിന്റെ ശരീരം എന്താണെന്ന് എം.കെ മുനീറിന് ധാരണയില്ല. ട്രാന്‍സ്ജന്‍ഡര്‍ പോളിസിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്ന സമയത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു എം.കെ മുനീര്‍. അങ്ങനെയൊരു സ്ഥാനത്തിരുന്ന ആളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണമാണിത്. എം.കെ മുനീര്‍ പ്രതിനിധീകരിക്കുന്ന മതത്തിലെ ആളുകളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നു. ലിംഗനീതി, ലൈംഗിക വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിലും യാതൊരു ലോജിക്കുമില്ലാത്ത പ്രതികരണങ്ങളായിരുന്നു എം.കെ മുനീറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. പ്രസവിച്ച ട്രാന്‍സ്‌മെനിന് ഗര്‍ഭപാത്രമുണ്ടായിരുന്നുവെന്നും പുരുഷനൊപ്പം ജീവിച്ചത് കൊണ്ട് ഗര്‍ഭിണിയായെന്നുമാണ് എം.കെ മുനീറിന്റെ ചോദ്യം. ആ ട്രാന്‍സ്‌മെന്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് യാതൊരു പരിഗണനയുമുണ്ടായില്ല. സഹദ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ഉള്‍പ്പെടെ നടത്തി ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഒരുഘട്ടം കഴിഞ്ഞിരിക്കുകയായിരുന്നു. റിവേഴ്‌സ് തെറാപ്പി ചെയ്തിട്ടായിരിക്കണം ഗര്‍ഭിണിയായിട്ടുണ്ടാവുക. സഹദും പങ്കാളിയും സമൂഹത്തില്‍ നേരിട്ട പ്രയാസങ്ങള്‍ എം.കെ മുനീര്‍ ഓര്‍ത്തില്ല. സഹദിന്റെ ജന്‍ഡറും സെക്‌സും എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കാതെ തോന്നിയ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു.

്ട്രാന്‍സ്‌മെന്‍ പ്രസവിച്ചതുമായി ബന്ധപ്പെട്ട് വളരെ നെഗറ്റീവായ ചര്‍ച്ചകളും സമൂഹത്തില്‍ നടക്കുന്നു. മുലയും മുടിയും മുറിച്ച് മാറ്റി, താടിയും മീശയും വെച്ച് നടക്കുകയായിരുന്നുവെന്നാണ് ആരോപണം. മുലയും മുടിയും മുറിച്ചാല്‍ പുരുഷനാകുമോയെന്നാണ് ചോദ്യം. ഒരു വ്യക്തിക്ക് സ്ത്രീയായോ പുരുഷനായോ ട്രാന്‍സ്ജന്‍ഡറായോ സ്വയം പ്രഖ്യാപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. 2019ലെ നിയമത്തിലും സ്വയം പ്രഖ്യാപിക്കാമെന്നും അതിന് സര്‍ജറി മാനദണ്ഡമല്ലെന്നും പറയുന്നുണ്ട്. ട്രാന്‍സ്പുരുഷനും ട്രാന്‍സ് സ്ത്രീയും ഒരുമിച്ച് ജീവിക്കുമ്പോള്‍ അവരുടെ സെക്ഷ്വാലിറ്റിയെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നതാണ് പ്രസ്താവന. സിസ് ജന്‍ഡറായിട്ടുള്ള ഒരാളുടെ എല്ലാ സെക്ഷ്വാലിറ്റിയും ട്രാന്‍സ്ജന്‍ഡറിനും സാധ്യമാണ്. അത് മറച്ച് വെച്ചുകൊണ്ട് ആരെയൊക്കെയോ പ്രീതിപ്പെടുത്താനാണ് ഈ പ്രസ്താവന. പൊതുസമൂഹത്തിന് കൊടുക്കുന്ന സന്ദേശം അങ്ങേയറ്റം നെഗറ്റീവാണ്. സ്ത്രീയായി ജനിച്ച ഒരാള്‍ മനസു കൊണ്ട് പുരുഷനായിരിക്കുമ്പോള്‍ താന്റെ അവയവങ്ങള്‍ ഉപയോഗപ്പെടുത്തി പ്രസവിച്ചതിനെ നല്ല രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാനായിരുന്നു രാഷ്്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എം.കെ മുനീര്‍ ശ്രമിക്കേണ്ടിയിരുന്നത്.

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലുള്ള ആളുകള്‍ തന്നെ ഈ പ്രസവത്തെ പലതരത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഐ.വി.എഫ് വഴിയാണോ അതോ ഇന്റര്‍കോഴ്‌സ് വഴിയാണോ ഗര്‍ഭിണിയായതെന്നാണ് ചോദ്യം. ഇതിനെ കൂടുതലായിട്ടും അംഗീകരിച്ചിട്ടുള്ളത് ട്രാന്‍സ് വിഭാഗത്തിലെ സ്ത്രീകളാണ്. ട്രാന്‍സ് പുരുഷന്‍മാരില്‍ മിക്കവരും വിമര്‍ശിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. ട്രാന്‍സ്പുരുഷന്‍ പുരുഷന്‍ തന്നെയായിരിക്കണമെന്ന രീതിയിലുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ നിയമം ട്രാന്‍സ് പുരുഷന്‍മാരും പിന്‍തുടരുന്നുണ്ട്. അത് സമൂഹത്തിലേക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെന്നതിന്റെ സൂചനയാണ് മുനീറിന്റെ പ്രസ്താവന. മാറ് നീക്കം ചെയ്തുവെന്നതാണ് എം.കെ മുനീര്‍ പ്രതിനിധീകരിക്കുന്ന മതത്തിലെ പലരും വിമര്‍ശിച്ചത്. പ്രസവിച്ചാല്‍ എല്ലാ സ്ത്രീകള്‍ക്കും മുലയൂട്ടാന്‍ കഴിയില്ലല്ലോ. അവരെയൊന്നും വിമര്‍ശിക്കുന്നില്ലല്ലോ. ട്രാന്‍സ്പുരുഷനും ട്രാന്‍സ് സ്ത്രീക്കും കുഞ്ഞുണ്ടാകുമെന്നും അതിനെ മാതൃകാപരമായി വളര്‍ത്താനാകുമെന്നുമുള്ള വലിയ സന്ദേശം സമൂഹത്തിന് നല്‍കാനുള്ള അവസരമാണിത്.

എം.കെ മുനീറിനെ പോലെയുള്ള ഒരാളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണിത്. വലിയ വിഷമം തോന്നി. പുരോഗമനം പറയുന്നവര്‍ തന്നെയാണ് അവരുടെ ഇടങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ പച്ചയായ വിമര്‍ശനം ഉയര്‍ത്തുന്നത്. സംസ്ഥാനത്തിന് പോളിസിയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ ആഴത്തില്‍ മനസിലാക്കുന്ന രീതിയിലായിരുന്നു സംസാരിച്ചിരുന്നത്. അന്ന് ഏത് നിലപാടുകളോട് കൂടിയാണ് ഈ വിഭാഗത്തോട് ഐക്യപ്പെട്ടതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. മതപരമായ വേദികളില്‍ വിമര്‍ശിക്കുകയും അല്ലാത്ത ഇടങ്ങളില്‍ ഐക്യപ്പെടുകയും നീതിക്ക് വേണ്ടി സംസാരിക്കുകയുമാണ്. ഇരട്ടത്താപ്പാണിത്.

Chanthu Meppayur

എംകെ മുനീറിന്റെ പ്രസ്താവന ഇരകളോടുള്ള ദ്രോഹം; ലക്ഷ്യം വോട്ട് - മൈത്രേയന്‍

ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചുവെന്നതിലെ എം.കെ മുനീറിന്റെ പ്രതികരണം ധാരണാ പിശക് കൊണ്ടാണെന്ന് കരുതുന്നില്ല. സൂക്ഷമായി അലോചിച്ചാണ് പ്രതികരിച്ചിരിക്കുന്നത്. ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ്. മുനീറിന്റെ രാഷ്ട്രീയാവശ്യമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ജന്‍ഡറും സെക്‌സും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച ചര്‍ച്ച മുന്നോട്ട് കൊണ്ടു വന്നാല്‍ അത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടിന് എതിരായിരിക്കുമെന്ന് മുനീര്‍ കരുതുന്നുണ്ടാകണം. അതിനെ എളുപ്പത്തില്‍ മറികടക്കാനാണ് മുനീറിന്റെ ഈ ശ്രമം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാനും അത് കഴിഞ്ഞുള്ള സ്ഥാനങ്ങള്‍ നേടിയെടുക്കാനും ഇത്തരമൊരു നിലപാട് സ്വീകരിക്കണമെന്ന് മുനീര്‍ കരുതുന്നുണ്ടാവണം. അത് മുന്നില്‍ കണ്ട് നേരത്തെ തന്നെ നിലപാട് സ്വീകരിക്കുകയാണ്.ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ ഏറ് എന്ന മട്ടിലുള്ളതാണ് എം.കെ മുനീറിന്റെ പ്രതികരണം.

സെക്‌സ് എന്ന നിലയില്‍ ആണും പെണ്ണുമായിരിക്കുമ്പോള്‍ തന്നെ ഓറിയന്റേഷന്‍ എന്നനിലയില്‍ മാറ്റമുണ്ടാകാമെന്നും അതിനെ അംഗീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അറിയാത്ത ആളല്ല എം.കെ മുനീര്‍. ഇതിനെക്കുറിച്ച് തെറ്റിദ്ധാരണയുള്ളവരുടെ ബോധത്തില്‍ യാതൊരു മാറ്റവുമുണ്ടാകരുതെന്നും ഇതൊക്കെ വോട്ടായി മാറണമെന്നും കരുതുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി മുനീര്‍ വീണ്ടും നില്‍ക്കുന്നു. പിന്‍തിരിപ്പന്‍ എന്ന തന്നെ പറയേണ്ട പ്രസ്താവനയാണിത്.

എം.കെ മുനീറിന്റെ പ്രസ്താവന ഇരകളെ കൂടുതല്‍ ശ്വാസംമുട്ടിക്കും. ജാതീയമായും രാഷ്ട്രീയമായും ഭാഷപരമായുമുള്ള വിവേചനങ്ങള്‍ക്കൊപ്പം നില്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനവും. രാഷ്ട്രീയത്തിലൂടെ അധികാര കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നവര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണിത്. ലൈംഗിക ന്യൂനപക്ഷങ്ങളുണ്ടെന്ന് മനസിലാക്കുന്ന കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. കാലുറപ്പിക്കാന്‍ ഒരു ഇടമുണ്ടാകണമെന്ന് കരുതി അവര്‍ പോരാടുമ്പോള്‍ അതിനെ പിന്തുണയ്ക്കാം. പകരം ജനാധിപത്യ അവകാശങ്ങളെ തല്ലിക്കെടുത്തിക്കളയുന്നത് ജനദ്രോഹ നടപടിയാണ്. മുനീറിന്റെ പ്രസ്താവനയെ ദ്രോഹ പ്രവര്‍ത്തിയായി മാത്രമേ കാണാന്‍ കഴിയൂ.

മാപ്പര്‍ഹിക്കാത്ത കുറ്റം- ഡോ. മനോജ് വെള്ളനാട്

'ട്രാന്‍സ്മാന്‍ പ്രസവിച്ചു എന്നൊക്കെ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ മൂഢ സ്വര്‍ഗത്തിലാണ് '.

മോഡേണ്‍ മെഡിസിന്‍ ഡിഗ്രിയുള്ള സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന്റെ ഇന്നലത്തെ പ്രസ്താവനയാണ്. ഡോക്ടര്‍ എം കെ മുനീര്‍ മുമ്പും ട്രാന്‍സ് വ്യക്തികളെയും കമ്മ്യൂണിറ്റിയെയും അപമാനിക്കുന്ന പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്. വെറുമൊരു രാഷ്ട്രീയ നേതാവ് മാത്രമാണദ്ദേഹമെങ്കില്‍ അത് സാധാരണക്കാരന്റെ ഈ വിഷയത്തിലെ അറിവില്ലായ്മ മാത്രമായി കാണാം. പക്ഷെ അദ്ദേഹം ഡിഗ്രി സര്‍ട്ടിഫിക്കറ്റുള്ള ഡോക്ടറാണെന്നത് ഈ വിഷയത്തില്‍ കൂടുതല്‍ അപകടകരമാണ്.

ഡോക്ടറെന്ന ലേബലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്, അല്ലെങ്കില്‍ തന്നെ പാര്‍ശ്വവല്‍കരിക്കപ്പെട്ട ഒരു സമൂഹത്തെ പിന്നെയും സംശയത്തിന്റെയും സദാചാരത്തിന്റെയും നിഴലില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിട്ടുകൊടുക്കാനേ ഉപകരിക്കൂ.

ഇദ്ദേഹം മാത്രമൊന്നുമല്ല വേറെയും ഡോക്ടര്‍മാര്‍ ഇത്തരം മനുഷ്യവിരുദ്ധമായ പ്രസ്താവനകള്‍ പരസ്യമായി തന്നെ പറയുന്നത് കേട്ടിട്ടുണ്ട്. അവിടെയൊക്കെ മതങ്ങളുടെ അമിതമായ സ്വാധീനവും അടിസ്ഥാന വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങളും സ്വയം നവീകരിക്കാനോ അറിവുനേടാനോ തയ്യാറാകാത്തതും ഒക്കെ കാരണങ്ങളായി കാണാനും പറ്റും. എന്നുവച്ചാല്‍ വേണമെങ്കില്‍ തിരുത്താന്‍ പറ്റുന്ന പ്രശ്‌നങ്ങളേ ഉള്ളൂ എന്ന്.

ആദ്യം വേണ്ടത് Sex എന്താണ്, Gender എന്താണ് എന്നൊക്കെ വ്യക്തമായി, ശാസ്ത്രീയമായി MBBS കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുകയാണ്. LGBTIQ+ ആള്‍ക്കാരെല്ലാം തന്നെ സാധാരണ മനുഷ്യരാണെന്നു ഡോക്ടര്‍മാരെ ഒന്നാം വര്‍ഷം ഫിസിയോളജി പഠിപ്പിക്കുമ്പോള്‍ മുതലേ പഠിപ്പിക്കുക. ഒരാള്‍ ട്രാന്‍സ് -ഹോമോ - ക്വിയര്‍ ഒക്കെ ആവുന്നത് അയാളുടെ ചോയ്‌സ് അല്ലായെന്നും മനോരോഗമോ ശാരീരിക രോഗമോ അല്ലായെന്നും അത് തലച്ചോറിന്റെ വളരെ സ്വാഭാവികമായ ഒരു വ്യതിയാനം മാത്രമാണെന്നും, എന്നാല്‍ ട്രാന്‍സ്-ഹോമോ ഫോബിയകള്‍ തിരുത്തേണ്ട ചികിത്സിക്കേണ്ട പ്രശ്‌നമാണെന്നും പഠിപ്പിക്കണം.

ഇതൊന്നും അറിയാതെ ടെസ്റ്റിസിന്റെ അനാട്ടമിയും ഫിസിയോളജിയും പത്തോളജിയും പഠിച്ച് പാളയില്‍ കെട്ടിയാലൊന്നും ഒരാള്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടറാവില്ല. അറിവുകള്‍ കാലോചിതമായി പുതുക്കണം. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ സ്വയം നവീകരിക്കാന്‍ തയ്യാറാവണം. ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഒരു ഡോക്ടര്‍ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കില്‍ അയാള്‍ വെറും തോല്‍വിയാണ്.

ഈ പറഞ്ഞത് ഡോക്ടര്‍മാര്‍ക്ക് മാത്രമല്ലാ, സകല മനുഷ്യര്‍ക്കും, അവശ്യം വേണ്ട അവബോധമാണ്. പക്ഷെ ഡോക്ടര്‍മാര്‍ക്കു പോലും അതില്ലായെങ്കില്‍ സമൂഹത്തില്‍ നിന്നും 'ദൈവം തന്നത് ഓപറേഷന്‍ ചെയ്ത് മാറ്റിയിട്ടല്ലേ?', 'ഉള്ളതും വച്ചിരുന്നാ പോരേ?' 'പെണ്ണ് പ്രസവിച്ചിട്ട് ആണാണെന്ന് പറഞ്ഞു പറ്റിക്കുന്നോ?' എന്നൊക്കെ ചോദ്യങ്ങള്‍ ഉയരുന്നതില്‍ അതിശയിക്കാനില്ല. ആര്‍ക്കാണിവരെ തിരുത്താന്‍ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താന്‍ മുന്നില്‍ നില്‍ക്കേണ്ടത്?

അങ്ങനെ തിരുത്തേണ്ടവര്‍ തന്നെ സ്വന്തം ക്രെഡിബിളിറ്റി ദുരുപയോഗപ്പെടുത്തി സമൂഹത്തില്‍ ട്രാന്‍സ് ഫോബിയ പരത്തുന്നത് വലിയ ദ്രോഹമാണെന്ന് മാത്രമേ പറയാനുള്ളൂ. അതൊക്കെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്

Related Stories

No stories found.
logo
The Cue
www.thecue.in