സംസ്ഥാന സര്‍ക്കാരിന്റെ വനിതാ സിനിമാ പദ്ധതിയില്‍ കൃത്രിമത്വം നടന്നെന്ന ആരോപണവുമായി മത്സരാര്‍ത്ഥി

സംസ്ഥാന സര്‍ക്കാരിന്റെ
വനിതാ സിനിമാ പദ്ധതിയില്‍ കൃത്രിമത്വം 
നടന്നെന്ന ആരോപണവുമായി 
മത്സരാര്‍ത്ഥി
Summary

ക്വാളിറ്റിയല്ല ഇവര്‍ നോക്കുന്നത് എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.വനിതാ സംവിധായകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ പ്രൊജക്ടിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി മത്സരാര്‍ത്ഥി രംഗത്ത്.

വനിതാ സംവിധായകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ പ്രൊജക്ടിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി മത്സരാര്‍ത്ഥി രംഗത്ത്. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുതിനായി കെ.എസ്.എഫ്.ഡി.സി വഴി നടപ്പാക്കുന്ന പദ്ധതിക്കെതിരെയാണ് ആരോപണം. വ്യക്തമായ വിശദീകരണം നല്‍കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും തന്റെ തിരക്കഥ തള്ളിയെന്നാണ് ലയ ചന്ദ്രലേഖയുടെ പരാതി.

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് 2016ല്‍ ഡയറക്ഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ലയ സോഷ്യല്‍ മീഡിയയിലൂടെയാണ് ആദ്യം വിധിനിര്‍ണയത്തിലെ ക്രമക്കേട് ആരോപിച്ച് രംഗത്ത് വരുന്നത്. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ പഠന കാലത്ത് ജാതിവിവേചനങ്ങള്‍ക്കും ലിംഗവിവേചനങ്ങള്‍ക്കുമെതിരെ സംസാരിച്ചിരുന്ന ആളായിരുന്നു താന്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജി വച്ച മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന് തന്നോട് മുന്‍വൈരാഗ്യമുണ്ടെന്നും ലയ പറയുന്നു. ശങ്കര്‍ മോഹന്‍ ചലച്ചിത്ര വികസന കോര്‍പറേഷനില്‍ വന്നതിനെ തുടര്‍ന്നാണ് താന്‍ ഒഴിവാക്കപ്പെട്ടതെന്ന് ലയ ആരോപിക്കുന്നു. ലയയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെും ഏറ്റവും മികച്ച രണ്ട് തിരക്കഥകളാണ് മത്സരത്തില്‍ നിന്ന് കെ.എസ്.എഫ്.ഡി.സി പ്രതീക്ഷിക്കുന്നതെന്നും ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ദ ക്യു'വിനോട് പറഞ്ഞു.

സെലക്ഷന്‍ പ്രക്രിയയില്‍ രൂക്ഷമായ അപാകതകളുണ്ടായിട്ടുണ്ട്: ലയ ചന്ദ്രലേഖ

സ്‌ക്രിപ്റ്റിന്റെ അഞ്ച് കോപ്പികള്‍ കെ.എസ് എഫ്.ഡി.സിയില്‍ സമര്‍പ്പിച്ച് തിരിച്ചുപോരുമ്പോള്‍ നിങ്ങളുടെ സ്‌ക്രിപ്റ്റ് ലഭിച്ചിരിക്കുന്നു എന്ന് പറയുന്ന ഒരു രേഖപോലും ലഭിച്ചിരുന്നില്ല, ഇരുപത്തിമൂന്ന് എന്ന ഒരു നമ്പര്‍ മാത്രമാണ് അവര്‍ പറഞ്ഞത്. അത് എന്താണെന്നു പോലും അവര്‍ പറഞ്ഞില്ല, ലയ ചന്ദ്രലേഖ ദ ക്യുവിനോട് പറഞ്ഞു.

കെ.ആര്‍ നാരായണനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതുകൊണ്ട്, ഇവളെ തുടര്‍ന്ന് മുന്നോട്ട് കടത്തി വിട്ടാല്‍ ശരിയാകില്ല എന്നവര്‍ക്ക് തോന്നിക്കാണും. ക്വാളിറ്റിയല്ല ഇവര്‍ നോക്കുന്നത് എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

ലയ ചന്ദ്രലേഖ

മൊത്തം 19 പേരാണ് ഇത്തവണ സ്‌ക്രിപ്റ്റ് സമര്‍പ്പിച്ചത്. അത് മാര്‍ച്ച് 24 നായിരുന്നു. ഷോര്‍ട്‌ലിസ്‌റ് ചെയ്യപ്പെട്ടു എന്ന് അറിയുന്നത് ഏപ്രില്‍ 13നാണ്. പതിനെട്ട് ദിവസം കൊണ്ട് പത്തൊന്‍പത് സ്‌ക്രിപ്റ്റ് വായിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ ഒന്നോ രണ്ടോ പേജ് വായിച്ച് ഇനിയിത് തുടര്‍ന്ന് വായിക്കേണ്ടതില്ല എന്ന് തീരുമാനിക്കണം. അതെങ്ങനെയാണ് സാധിക്കുക? ലയ ചോദിക്കുന്നു. ബാക്കിയെല്ലാ പണികളും മാറ്റിവച്ച് ഒരു തിരക്കഥ വായിക്കാന്‍ ഇരുന്നാല്‍ അത് തീര്‍ക്കാന്‍ രണ്ടു ദിവസം വരെ എടുക്കും. പതിനെട്ട് ദിവസം കൊണ്ട് പത്തൊന്‍പത് സ്‌ക്രിപ്റ്റുകള്‍ വായിച്ച് നോട്ട് എഴുതി, ചര്‍ച്ചചെയ്തു എന്ന് പറയുന്നതെങ്ങനെയാണ് വിശ്വസിക്കാനാകുക എന്നും ലയ ചോദിക്കുന്നു.

പ്രൊജക്റ്റ് ഈ തവണ പ്രഖ്യാപിച്ച സമയത്ത് തന്നെ മൂന്ന് ഘട്ടങ്ങളിലായാണ് സെലക്ഷൻ നടക്കുക എന്നവർ പറഞ്ഞിരുന്നു. അതിൽ പിന്നീട് മാറ്റം സംഭവിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് ഒടുവിൽ സെലക്ഷൻ നടന്നത്. അവർ പറഞ്ഞിരുന്നത് അനുസരിച്ച്, ആദ്യത്തെ ഘട്ടത്തിൽ ആയിരം വാക്കുകളുടെ ഒരു സിനോപ്സിസ് നമ്മൾ എഴുതി നൽകണം. അതിനൊപ്പം ഡയറക്ടറുടെ ബിയോഡേറ്റയും, അൻപത് വാക്കുകളിലുള്ള ഒരു വിവരണവും നൽകണം. അങ്ങനെ സമർപ്പിച്ചവരിൽ നിന്ന് നിന്ന് 15 പേരെ വീതം അടുത്ത ലെവെലിലേക്ക് തെരഞ്ഞെടുക്കുന്നു. അടുത്ത ലെവലിൽ ഓറിയന്റഷന് ക്ലാസ് നൽകുകയും, ഒരു ട്രീറ്റ്മെന്റ് നോട്ട് അപേക്ഷാർത്ഥികളെ കൊണ്ട് എഴുതിക്കുകയും ചെയ്യുന്നു. ട്രീറ്റ്മെന്റ് നോട്ട് സിനോപ്സിസിന്റെ ഒരു വലിയ രൂപമാണ്. അത് എഴുതി കഴിഞ്ഞതിനു ശേഷം, അതിൽ നിന്നും തെരഞ്ഞെടുക്കുന്ന 5 പേരോട് തിരക്കഥ സമർപ്പിക്കാൻ പറയുന്നു. അങ്ങനെ തിരക്കഥ സമർപ്പിച്ച അഞ്ചുപേരെയും വിധികർത്താക്കൾ കാണാൻ വിളിക്കുന്നു. ഇന്റർവ്യൂവിൽ നിന്ന് രണ്ടുപേരെ തെരഞ്ഞെടുക്കുന്നു എന്നതാണ് ഇതിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ. ഇത്തവണ ട്രീറ്റ്മെന്റ് നോട്ട് എഴുതിച്ചിട്ടേ ഇല്ല. സിനോപ്സിസ് വെക്കുന്നു, അതിൽ നിന്ന് 5 പേരോട് തിരക്കഥ എഴുതാൻ പറയുന്നു, അതിൽ നിന്ന് മൂന്നുപേരെ മാത്രം ഇന്റർവ്യൂവിന് വിളിക്കുന്നു. ഇത് നേരത്തെ അവർ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ട്‌സിന് വിരുദ്ധമാണ്. അഞ്ചുപേർക്ക് പോലും വിധികർത്താക്കളെ കാണാനുള്ള അവസരം അവർ തരുന്നില്ല. മികച്ച തിരക്കഥയ്ക്കപ്പുറം അത് സംവിധാനം ചെയ്യാനുള്ള ശേഷിയുണ്ടോ എന്നുകൂടി മനസിലാക്കാനുള്ള ഒരു വിലയിരുത്തലാണ് ഇത്. ഒരു സിനിമയുടെ എസ്തെറ്റിക് ആയ കാര്യങ്ങളും സാങ്കേതികത്വങ്ങളും ഒന്നും നമുക്ക് ഒരു സ്ക്രീൻപ്ലേയിൽ എഴുതാൻ കഴിയില്ല. തിരക്കഥ മാത്രം വച്ച് മൂന്നുപേരെ തെരഞ്ഞെടുക്കുന്നത് അനീതിയാണ്, ലയ ചന്ദ്രലേഖ പറഞ്ഞു.

രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപെട്ടവരുടെ ലിസ്റ്റ്
രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപെട്ടവരുടെ ലിസ്റ്റ്

ശങ്കര്‍ മോഹന് എന്നോട് മുന്‍വൈരാഗ്യമുണ്ട്

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്ത്, ഡിപ്ലോമ പ്രൊജക്റ്റ് ചിത്രാഞ്ജലിയില്‍ വച്ച് ഷൂട്ട് ചെയ്യാനായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് എനിക്ക് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ ആലോചിച്ചിരുന്ന കഥ അവിടെ ചെയ്യാന്‍ കഴിയില്ല എന്ന് മനസിലാക്കുകയും, എനിക്ക് കൂടുതല്‍ സമയം അനുവദിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനാവശ്യമായ ഫണ്ട് ബാക്കിയുണ്ട് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ സമയം ആവശ്യപ്പെട്ടപ്പോള്‍, ശങ്കര്‍ മോഹന്‍ അത് എതിര്‍ക്കുകയും ഞാന്‍ അയച്ചിട്ടുള്ള മെയിലിന് എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട്, ഇങ്ങനെ ചോദിക്കുകയാണെങ്കില്‍ ഇവിടെ നിന്ന് നിങ്ങളെ പുറത്തക്കും എന്ന രീതിയില്‍ ഒരു ഭീഷണിക്കത്ത് തിരിച്ചു നല്‍കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ ഉള്‍പ്പെടെ മറ്റു വിദ്യാര്ഥികളെല്ലാം ചേര്‍ന്നുകൊണ്ട്, ഈ ഡിപ്ലോമ പ്രോജെക്ടില്‍ നിന്ന് പിന്നോട്ട് പോവുകയും, ഈ നീതികേടിനെതിരെ പ്രതികരിക്കുകയും ഉണ്ടായി. ശങ്കര്‍ മോഹന് കൃത്യമായി വിരോധമുള്ള ഒരാളാണ് താന്‍ എന്നത് വ്യക്തമാണ് എന്നും ലയ പറയുന്നു. ഇങ്ങനെ പല സംഭവങ്ങളുടെ ഭാഗമായി ഇദ്ദേഹത്തിന് എന്നോട് വിരോധമുണ്ട്. എന്നാല്‍ ശങ്കര്‍ മോഹന്‍ തന്നെയാണ് എന്നെ പുറന്തള്ളിയതിനു പിന്നില്‍ എന്നല്ല ഞാന്‍ പറയുന്നത് ശങ്കര്‍ മോഹന്‍ ആകാന്‍ സാധ്യതയുണ്ട് എന്നാണ്. ഫെബ്രുവരി 24 ന് ഇദ്ദേഹത്തെ കെ.എസ്.എഫ്.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു ആരോപണം നടത്തുന്നത്.

ആരോപണങ്ങള്‍ എപ്പോഴും ഉണ്ടാകും; ഏറ്റവും മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കും: ഷാജി എന്‍. കരുണ്‍

രണ്ടുപേരെ തെരഞ്ഞെടുക്കാനാണ് ജൂറിയെ ചുമതലപ്പെടുത്തിയത്. ട്രീറ്റ്‌മെന്റ് പ്ലാന്‍ സമര്‍പ്പിക്കണമെന്ന നിബന്ധന ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തിരക്കഥയാണ് ഏറ്റവും പ്രധാനപ്പെട്ടത്, അതാണ് നോക്കുന്നത് എല്ലായിടത്തും അങ്ങനെയാണ്, ബാക്കിയെല്ലാം അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന സംഗതികള്‍ മാത്രമാണ് എന്നാണ് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായ ഷാജി എന്‍.കരുണ്‍ ദ ക്യുവിനോട് പറഞ്ഞത്.

നല്ല രണ്ട് തിരക്കഥകള്‍ മാത്രമല്ലെ നമുക്കിവിടെ എടുക്കാന്‍ കഴിയൂ? കെ എസ് എഫ്.ഡി.സി ക്ക് വ്യക്തതയുള്ള കാര്യം, രണ്ടു മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കുക എന്നതാണ്. ബാക്കി എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ല. ഐ.എ.എസിനും ഐ.പി.എസിനും ഒക്കെ പലരും ഒരുതവണ എഴുതിയിട്ട് കിട്ടാതാകുമ്പോള്‍ രണ്ടും മൂന്നും തവണ എഴുതാറില്ലേ? ആദ്യത്തെ തവണ കിട്ടിയില്ലെങ്കില്‍ അടുത്ത തവണ അപേക്ഷിക്കണം അത്രയല്ലേ എനിക്ക് പറയാന്‍ കഴിയൂ. ആരോപണങ്ങള്‍ എല്ലാത്തിലും ഉണ്ടാകുന്നതാണ്. ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചാലും ആരോപണങ്ങളുണ്ടാകില്ലേ? അപ്പോള്‍ ആരോപണമല്ല നമ്മള്‍ നോക്കേണ്ടത് എന്താണ് ഇതിന്റെ പ്രക്രിയ എന്നാണ് ആലോചിക്കേണ്ടത്.

ഷാജി എന്‍. കരുണ്‍

ശങ്കര്‍ മോഹന്റെ ഇടപെടലുണ്ടായോ എന്ന ചോദ്യത്തിന്, അതൊന്നും എന്നോട് ചോദിക്കരുത്, നിങ്ങള്‍ ഏതുപക്ഷത്ത് നിന്നാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്നായിരുന്നു ഷാജി എന്‍.കരുണ്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയുടെ കാലത്ത് ആര്‍ക്കും എന്തും എഴുതിയിടാം. എന്നെ സംബന്ധിച്ച് അതൊന്നുമല്ല വിഷയം. ഞങ്ങള്‍ ഒരു ജൂറിയെ തെരഞ്ഞെടുത്തു, അവര്‍ അറിവുള്ളവരാണ്, അവരത് തെരഞ്ഞെടുത്ത് എനിക്ക് തരട്ടെ. ഷാജി എന്‍. കരുണ്‍ പറഞ്ഞു.

ഷാജി എന്‍. കരുണ്‍
ഷാജി എന്‍. കരുണ്‍

സുതാര്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് എന്നതില്‍ അഭിമാനമുണ്ട്: ശംഭു പുരുഷോത്തമന്‍

ലയയെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട് കെ.ആര്‍ നായണനില്‍. എനിക്ക് അയാളെ അറിയാം. ഈ ആരോപണങ്ങളില്‍ കഴമ്പില്ല. ഇതെല്ലാം പബ്ലിക് ഡോക്യൂമെന്റാണ്. സെലക്ഷന്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നത് കൊണ്ട് ജൂറിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട് മാത്രം നമ്മള്‍ ജൂറിയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല എന്നേയുള്ളു. ആ പ്രക്രിയ പൂര്‍ത്തിയാക്കി വിജയികളെ പ്രഖ്യാപിക്കുന്ന സമയത്ത് എല്ലാ വിവരങ്ങളും പുറത്ത് വിടുന്നതായിരിക്കും. കെ.എസ്.എഫ്.ഡി.സി ഫിലിം ഓഫീസര്‍ ശംഭു പുരുഷോത്തമന്‍ ദ ക്യുവിനോട് പറഞ്ഞു.

ഷോര്‍ട്‌ലിസ്‌റ് ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, നിങ്ങള്‍ക്ക് ലഭിച്ച വിവരം ശരിയല്ല എന്നും, ഓരോ വര്‍ഷവും പലരീതിയില്‍ ഈ സെലക്ഷന്‍ പ്രക്രിയ പുതുക്കാറുണ്ട്, ആദ്യത്തെ തവണ 60 ല്‍ അധികം പേർ അയച്ച തിരക്കഥ വായിച്ചായിരുന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പിന്നീട് ഓരോ വര്‍ഷവും തെരഞ്ഞെടുപ്പ് സുഖമമാക്കാന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിരുന്നു. ശംഭു പുരുഷോത്തമന്‍ പറഞ്ഞു. ഒരു തരത്തിലുള്ള സ്വാധീനങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പ് പ്രക്രിയ ഭാഗമാകുന്നില്ല എന്നതില്‍ ഞങ്ങൾ അഭിമാനിക്കുന്നുണ്ട്, ആദ്യത്തെ തവണ സെലക്ഷന്‍ പ്രക്രിയയില്‍ തിരിമറി നടന്നിട്ടുണ്ട് എന്ന് പറഞ്ഞ് സുപ്രീം കോടതി വരെ കേസ് പോയിരുന്നു. എന്നാല്‍ അന്ന് കെ.എസ്.എഫ്.ഡി.സി ക്ക് അനുകൂലമായ വിധിയാണ് വന്നത് എന്നും ശംഭു പുരുഷോത്തമന്‍ പറഞ്ഞു.

ലയയുടെ ആരോപണങ്ങളില്‍ അന്വേഷണം വേണം: കുഞ്ഞില മാസില്ലാമണി

കെ.എസ്.എഫ്.ഡി.സിയുടെ സ്ത്രീ സംവിധായകര്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ ആദ്യ പതിപ്പ് മുതല്‍ തന്നെ വിധി നിര്‍ണയത്തിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് അത് ഒരു സംവിധായികയുടെ മോറാൽ തകര്‍ക്കുന്നതില്‍ എത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എപ്പോഴും സുതാര്യം ആയിരിക്കണം. എന്നാല് കെ.എസ്.എഫ്.ഡി.സി പ്രോജക്ട് ഇതുവരെ അങ്ങനെയല്ല. വിധി നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍ എന്താണ് എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ലയയുടെ ആരോപണങ്ങളുടെ വെളിച്ചത്തില്‍ അന്വേഷണം നടത്തണം.

കുഞ്ഞില മാസില്ലാമണി
കുഞ്ഞില മാസില്ലാമണി

ഞാന്‍ ജൂറിയില്‍ ഉണ്ടായിരുന്ന സമയത്ത് തിരക്കഥ സമര്‍പ്പിച്ച മുഴുവന്‍ പേരെയും ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു: ഡോ. ബിജു

ഞാന്‍ ജൂറിയുടെ ഭാഗമായിരുന്ന സമയത്ത് അപേക്ഷാര്‍ഥികളില്‍ നിന്ന് ആദ്യം ഒരു കണ്‍സെപ്റ്റ് നോട്ട് ആയിരുന്നു വാങ്ങിയിരുന്നത്. അത് മൂന്നുപേരടങ്ങുന്ന ജൂറി വായിച്ചിട്ട് അതില്‍നിന്ന് ഇരുപതിലധികം പേരെ തെരഞ്ഞെടുക്കുകയും, അവരില്‍ നിന്ന് പൂര്‍ത്തിയായ തിരക്കഥ അയക്കാന്‍ സമയം നല്‍കുകയും ചെയ്തു. തിരക്കഥകള്‍ വന്നപ്പോള്‍ സിനോപ്‌സിസ് കമ്മിറ്റിയിലുണ്ടായിരുന്നവര്‍ കൂടാതെ രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച ജൂറി ആ തിരക്കഥകള്‍ വായിച്ചു. ആ തിരക്കഥകള്‍ എഴുതിയ മുഴുവന്‍ ആളുകളെയും ഇന്റര്‍വ്യൂ ചെയ്തതിനു ശേഷമാണ് തിരക്കഥ തെരഞ്ഞെടുത്തത്. ഇപ്പോള്‍ പറയുന്ന ഓറിയന്റഷന് പ്രോഗ്രാമോ ട്രീറ്റ്‌മെന്റ് പ്ലേനോ അന്ന് ഉണ്ടായിരുന്നില്ല. കണ്‍സെപ്റ്റ് നോട്ട് വായിക്കുകയും അതില്‍ നിന്ന് തെരഞ്ഞെടുത്തവരെ കൊണ്ട് സ്‌ക്രിപ്റ്റ് എഴുതിക്കുകയുമാണ് ചെയ്തത്.

ഡോ. ബിജു
ഡോ. ബിജു

കണ്‍സെപ്റ്റ് നോട്ട് വായിച്ച് ഷോര്‍ട്‌ലിസ്‌റ് ചെയ്യുന്നതിന് പരിധിയൊന്നുമുണ്ടായിരുന്നില്ല. ഇരുപതിലധികം പേരെ തിരക്കഥ സമര്‍പ്പിക്കാന്‍ വേണ്ടി ഷോര്‍ട് ലിസ്റ്റ് ചെയ്തിരുന്നു. മൂന്നുമാസത്തോളം സമയം അവര്‍ക്ക് സ്‌ക്രിപ്റ്റ് എഴുതാന്‍ നല്‍കും അതിനു ശേഷമാണ് ഇന്റര്‍വ്യൂയിലേക്ക് അവരെ ക്ഷണിക്കുന്നത്. തിരക്കഥ സമര്‍പ്പിച്ച മുഴുവന്‍ പേരെയും ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. (ഡോ. ബിജു 2021 ല്‍ വനിതാ സംവിധായകര്‍ക്കുള്ള പ്രോജെക്ടില്‍ ജൂറി അംഗമായിരുന്നു)

Related Stories

No stories found.
logo
The Cue
www.thecue.in