കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവകാശലംഘനങ്ങൾ, കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയുന്നില്ലേ ?

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവകാശലംഘനങ്ങൾ, കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയുന്നില്ലേ ?

Published on

കേരളത്തിലെ ഏക സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി വിരുദ്ധതയുടെ കേന്ദ്രമാകുന്ന വിവരം കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയാത്തത് എന്തുകൊണ്ടാണ് ?

ഇന്ത്യയില്‍ തന്നെ കോവിഡിന്റെ മറവില്‍ ഒരു ബാച്ച് പൂര്‍ണ്ണമായി ഒഴിവാക്കിയ ഏക സ്ഥാപനം കോട്ടയം ജില്ലയിലെ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായിരിക്കും. 2021 , 2022 വര്‍ഷങ്ങളിലേക്ക് രണ്ടു ബാച്ചുകളിലായി ആളുകളെ എടുക്കുന്നതിനുപകരം ഒരുമിച്ച് ഒറ്റ ബാച്ച് ആക്കി മാറ്റുന്നതിലൂടെ അവസരം നഷ്ടപ്പെടുന്നവരെത്രപേരാണ്? അവരെ കൂടി പ്രതിനിധീകരിക്കുന്നില്ലേ കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍? ഒരു കോഴ്‌സിലേക്ക് കേവലം പത്തുപേര്‍ക്ക് മാത്രം അവസരം ലഭിക്കുന്ന ഒരു സ്ഥാപനത്തില്‍ ഒരു ബാച്ച് ഇല്ലാതാക്കുക എന്നത് മറ്റൊരു ഗവണ്മെന്റ് സ്ഥാപനവും കേരളത്തില്‍ സിനിമ പഠിപ്പിക്കുന്നില്ല എന്നതുകൊണ്ട് തന്നെ വലിയ ക്രൂരതയാണ്. 2021 ലും 2022 ലും രണ്ടു തവണകളിലായി പ്രവേശന പരീക്ഷകളും അഭിമുഖങ്ങളും നടത്തി, കൃത്യമായ മെറിറ്റ് ലിസ്റ്റോ വെയ്റ്റിംഗ് ലിസ്റ്റോ പ്രസിദ്ധീകരിക്കാതെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിഷന്‍ നടത്തിയത്. കേവലം ആറ് സീറ്റുകളിലേക്ക് മാത്രം എല്ലാ സംവരണ തത്വങ്ങളും ലംഘിച്ചുകൊണ്ട് പ്രവേശനം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യങ്ങള്‍പോലും ലംഘിച്ചുകൊണ്ട് ബോണ്ട് ഒപ്പിട്ടു വാങ്ങുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.

* വ്യക്തി സ്വാതന്ത്ര്യങ്ങൾ പോലും ലംഘിക്കുന്ന നിബന്ധനകൾ ഉൾപ്പെടുത്തി ബോണ്ട് ഒപ്പിടീപ്പിച്ചു

* കെ ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിൽ സംവരണം അട്ടിമറിച്ചുകൊണ്ട് പ്രവേശനം.

* ഇതുവരെ ഒരു ബാച്ച് പോലും പൂർണ്ണമായ സർട്ടിഫിക്കറ്റുകളോടുകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയിട്ടില്ല.

* രണ്ടു ബാച്ചുകളെ ഒരുമിച്ച് ഒറ്റ ബാച്ചാക്കി വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തി.

* മൂന്നു വർഷത്തെ കോഴ്സ് ആറ് വർഷം കഴിഞ്ഞിട്ടും തീർന്നിട്ടില്ല.

* അനാസ്ഥമൂലം ഇല്ലാതാകുന്ന ഗ്രാന്റുകളും ഫെലോഷിപ്പുകളും.

* ലോക്ക്ഡൗണിൽ ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ നിർത്തിവച്ചു.

ഡയറക്ടര്‍ ഓരോ സമയത്തായി പുതുക്കുന്ന നിയമങ്ങളെല്ലാം പിന്തുടരാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്നും, ഓരോ കോഴ്സിന്റേയും ദൈര്‍ഘ്യം എപ്പോള്‍ വേണമെങ്കിലും മാറ്റി നിശ്ചയിക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും, വിദ്യാര്‍ഥികള്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് അത് പിന്തുടരേണ്ടതാണെന്നും ബോണ്ടില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസ്സില്‍ നിന്ന് പുറത്തുപോകണമെങ്കില്‍ വകുപ്പ് മേധാവിയില്‍നിന്നും അനുവാദം എഴുതി വാങ്ങണം, അനുവാദമില്ലാതെ പുറത്തുപോകുന്നവരില്‍നിന്നും പിഴ ഈടാക്കുന്നതാണെന്നും ബോണ്ടില്‍ പറയുന്നു. ഏറ്റവും കുറഞ്ഞത് എണ്‍പത് ശതമാനം അറ്റെന്‍ഡന്‍സ് എങ്കിലും വേണം പരീക്ഷയെഴുതാന്‍ എന്നിങ്ങനെ കേരളത്തിലെ മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഈ ബോണ്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകള്‍ പിന്തുടരുന്ന അറ്റന്റന്‍സ് നിരക്ക് 75 ശതമാനമാണ്. അഞ്ച് ശതമാനം കൂട്ടി എണ്‍പത് ശതമാനത്തിലേക്കാണ് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അത് ഉയര്‍ത്തിയിരിക്കുന്നത്. പുതിയ ഡയറക്ടർ ശങ്കർ മോഹന്റെ നിയമനത്തിന് ശേഷമാണ് സ്ഥാപനം ഇത്തരത്തിൽ ഏകാധിപത്യപരമായതെന്നും വിദ്യാർഥികൾ പറയുന്നു.

മിണ്ടാട്ടമില്ലാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍

കേന്ദ്ര സര്‍വ്വകലാശാലകളില്‍ മാത്രം കേട്ട് കേള്‍വിയുള്ള ഇത്തരം ഏകാധിപത്യ പ്രവണതകള്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കേരളം പോലൊരു സംസ്ഥാനത്ത് അനുവദിച്ചു കൊടുക്കന്നതില്‍ വലിയ പങ്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാണ്. ഡിപ്ലോമ കോഴ്സുകള്‍ മാത്രമുള്ള കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് പോലും യൂണിറ്റ് ഇല്ല എന്നാണ് അറിയുന്നത്. കേരളത്തില്‍ ഓരോ ക്യാമ്പസും പിടിച്ചെടുക്കാന്‍ ആവേശം കൊള്ളുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ കണ്ണില്‍ ഈ സ്ഥാപനം എന്തുകൊണ്ടാണ് പെടാത്തത്?

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.കെ അനുശ്രീ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരെ ബന്ധപ്പെട്ടെങ്കിലും വിഷയം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും, പരിശോധിച്ചതിനു ശേഷം പ്രതികരിക്കാമെന്നും ദ ക്യുവിനോട് പറഞ്ഞു. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും രണ്ടു സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

ലോക്ഡൗണ്‍ കാലം മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍

കോവിഡ് സെന്റര്‍ ആയിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണമെന്നസര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നപ്പോഴും കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നിരുന്നില്ല, അത് രണ്ടുവര്‍ഷത്തെ ബാച്ചുകളെ ഒരുമിച്ച് ഒരു ബാച്ചാക്കി മാറ്റാനുള്ള പദ്ധതിയായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ആ സമയത്ത് പ്രാക്ടിക്കല്‍ ക്ലാസുകള്‍ ക്യാമ്പസ്സിന് പുറത്ത് മറ്റൊരു ഭരണങ്ങാനത്തായിരുന്നു നടന്നുകൊണ്ടിരുന്നത്. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും എന്തുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നില്ല എന്ന് ചോദിച്ചപ്പോള്‍ ക്യാമ്പസ് വൃത്തിയാക്കണമെന്നും, പെയിന്റ് അടിക്കണമെന്നുമായിരുന്നു മറുപടി. എന്നാല്‍ സാധനങ്ങള്‍ എടുക്കാന്‍ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ ക്യാമ്പസ് പൂര്‍ണ്ണമായും അറ്റകുറ്റപ്പണി നടത്തിയതായാണ് കണ്ടതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കോവിഡ് ഒന്നാം തരംഗത്തിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന ഉത്തരവ് പുറത്തുവന്നിട്ടും ക്യാമ്പസ് തുറക്കാതിരുന്ന അധികൃതരോട് ഓണ്‍ലൈനില്‍ സിനിമ പഠിപ്പിക്കേണ്ട എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതോടെ അവര്‍ ഓണ്‍ലൈന്‍, ഓഫ് ലൈൻ ക്ലാസുകള്‍ എല്ലാം നിര്‍ത്തി. രണ്ടു വര്‍ഷത്തിനടുത്ത് പൂര്‍ണ്ണമായും ക്ലാസുകള്‍ നിര്‍ത്തിവച്ചു

ഹോസ്റ്റലില്‍ സൗകര്യങ്ങളില്ല, സാധനങ്ങള്‍ വാങ്ങേണ്ടതുണ്ട് എന്നീ ന്യായം പറഞ്ഞുകൊണ്ട് ഏകദേശം ആറുമാസം കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ ക്ലാസ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാല് വിദ്യാര്‍ഥികള്‍ ഭരണങ്ങാനത്ത് വച്ച് നടത്തിയ ക്ലാസ്സുകള്‍ക്ക് പോയില്ല. ആ ക്ലാസ്സുകളുടെ അവസ്ഥ വളരെ മോശമായിരുന്നു. പോകാതിരുന്ന നാലുപേരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കി. കൊവിഡിന്റെ

സമയത്ത് ഹാജര്‍ നിര്‍ബന്ധമാക്കരുത് എന്ന ഉത്തരവ് നിലവിലുള്ളപ്പോള്‍ തന്നെയാണ് ക്ലാസ്സില്‍ പങ്കെടുക്കാത്തതിന് നാലുപേരെ അവര്‍ പുറത്താക്കുന്നത്. പിന്നീട് ക്യാമ്പസ് തുറന്ന ഉടനെ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചു. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഇടപെട്ടു. തിരിച്ചെടുക്കാന്‍ പറ്റില്ല എന്നൊക്കെ ഡയറക്ടര്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് നിരുപാധികം നാലുപേരെയും തിരിച്ചെടുത്തു.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

കോഴ്‌സ് ദൈര്‍ഘ്യവും ഘടനയും എപ്പോള്‍ വേണമെങ്കിലും മാറാം

മൂന്നു വര്‍ഷമുണ്ടായിരുന്ന ഡിഗ്രി ഡിപ്ലോമ കോഴ്‌സ് പിന്നീട്, രണ്ടു വര്‍ഷത്തെ പി.ജി ഡിപ്ലോമയാക്കിമാറ്റി. നേരത്തെയുണ്ടായിരുന്ന പല കാര്യങ്ങളും വെട്ടിക്കുറച്ചു. പല പ്രൊജക്ടുകളുടെയും കാലാവധിയും, അനുവദിക്കുന്ന തുകയും കുറച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമായ വര്‍ക്ഷോപ്പുകള്‍ പൂര്‍ണ്ണമായും എടുത്തുകളഞ്ഞു. വൈഫൈ സംവിധാനങ്ങളൊന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല, ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ സമരത്തിന് ആഹ്വാനം ചെയ്തു. അധികൃതരുടെ അനാസ്ഥമൂലം 2014 ല്‍ ആരംഭിച്ച ബാച്ചുകള്‍, കോഴ്‌സ് പൂര്‍ത്തീകരിക്കുന്നത് 2019 ലാണ്. മറ്റെല്ലാ കോളേജുകളിലും എത്ര കാലതാമസമുണ്ടായാലും അതിനൊക്കെ ഒരു പരിധിയുണ്ട്, പക്ഷെ ഇവിടെ വര്‍ഷങ്ങളാണ് നീണ്ടുപോകുന്നത്. സിനിമ പഠിക്കുമ്പോള്‍ ഏറ്റവും വിലപ്പെട്ട കാര്യം പലതരം ഇന്റെന്‍സീവ് എക്‌സറ്റന്‍സിവ് പ്രൊജെക്ടുകളാണ്. മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്തതുകൊണ്ട്, അതിലും വലിയതോതില്‍ കാലതാമസം ഉണ്ടാകാറുണ്ട്. ആ സമയത്തെല്ലാം സമരങ്ങള്‍ നടന്നിട്ടുമുണ്ട്. പൂര്‍വ്വ വിദ്യാര്‍ഥികള്‍ പറയുന്നു. വിഷയങ്ങൾ ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കൃത്യമായ ഇടപെടലുകളുണ്ടായില്ല.

അധികൃതരുടെ അനാസ്ഥ മൂലം നഷ്ട്ടപ്പെടുന്ന ഗ്രാന്റുകള്‍ ഫെലോഷിപ്പുകള്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഇ ഗ്രാന്റ്‌സ് ഉള്‍പ്പെടെയുള്ള ഫെല്ലോഷിപ്പുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ കാലം മുതല്‍ കൃത്യമായി ലഭിക്കാറില്ല എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഓ.ബി.സി വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാന്റുകള്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചമൂലം നഷ്ടപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് നല്‍കേണ്ട എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും ഇവരുടെ ഭാഗത്തു നിന്ന് സംഭവിച്ച വീഴ്ച്ച മൂലമാണ് അത് സംഭവിച്ചത്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീ ആയും മെസ് ഫീ ആയും ലഭിക്കുന്ന എല്‍.ബി.എസ് ഫണ്ടിനെ കുറിച്ച് സ്ഥാപന അധികൃതര്‍ക്ക് യാതൊരു വിവരവുമില്ലായിരുന്നെന്നും, വിദ്യാര്‍ഥികള്‍ നിരന്തരം പുറകെ നടന്നിട്ടാണ് ഒടുവില്‍ പതിനയ്യായിരം രൂപ കിട്ടിയത് എന്നും വിദ്യാര്‍ഥികള്‍ ദ ക്യുവിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥി സമരങ്ങള്‍

2013 ലാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യത്തെ ബാച്ച് വരുന്നത്, അന്നുമുതല്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളാണ്. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ നല്‍കാത്തതിന്റെ പേരിലായിരുന്നു അതെല്ലാം. ഈ സ്ഥാപനത്തെ ഒരു സ്‌കൂളുപോലെ കൊണ്ടുപോകാനാണ് അധികൃതര്‍ക്ക് താല്‍പര്യം. മുപ്പത് വയസില്‍ കൂടുതല്‍ പ്രായമായവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ നേടി മറ്റുള്ളവരെ വഴിതെറ്റിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയച്ചിരുന്നു. എത്ര നിലവാരമില്ലാത്ത ആരോപണമാണത്, ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് ഏഴുമണിക്ക് ശേഷം പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. നിരവധി തവണ സമരങ്ങള്‍ ചെയ്തും, അധികൃതരെ ചോദ്യം ചെയ്തുമാണ് ഞങ്ങള്‍ മുന്നോട്ട് പോയിട്ടുള്ളത്. ഇപ്പോള്‍ ഈ ബോണ്ട് ഒപ്പിടീക്കല്‍ അടക്കമുള്ള കാര്യം വിദ്യാര്‍ത്ഥികളെ വീണ്ടും പഴയതുപ്പോലെ നിയന്ത്രിക്കാനാണെന്നും പൂര്‍വ്വ വിദ്യാര്‍ഥികള്‍ പറയുന്നു. ബോണ്ട് ഒപ്പിടുന്നതിലൂടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ നിയമപരമായി നടത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു സാധിക്കും. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന ഉത്തരവ് പുറത്തുവന്നിട്ടും ക്യാമ്പസ് തുറക്കാതിരുന്ന അധികൃതരോട് ഓണ്‍ലൈനില്‍ സിനിമ പഠിപ്പിക്കേണ്ട എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതോടെ അവര്‍ ഓണ്‍ലൈന്‍, ഓഫ് ലൈൻ ക്ലാസുകള്‍ എല്ലാം നിര്‍ത്തി. രണ്ടു വര്‍ഷത്തിനടുത്ത് പൂര്‍ണ്ണമായും ക്ലാസുകള്‍ നിര്‍ത്തിവച്ചു. സ്ഥാപനത്തിന്റെ നേതൃത്വത്തേക്കാള്‍, ചെയ്യാതിരുന്ന ജോലികള്‍ക്കെല്ലാം കൃത്യമായി ന്യായീകരണങ്ങള്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥരാണ് ഈ സ്ഥാപനത്തെ നശിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചെര്‍ത്തു.

ചരിത്രകാരന്‍ രാജന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മാര്‍ക്ക് നല്‍കുന്ന രീതിയിലുള്‍പ്പെടെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ആ പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല

കോഴ്‌സ് കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പൂര്‍വ്വ വിദ്യാര്‍ഥികള്‍

കോഴ്‌സ് കഴിഞ്ഞ് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ ഒരുപാട് അവ്യക്തതകളുണ്ട്. സര്‍ട്ടിഫിക്കറ്റിലും മാര്‍ക്ക് ലിസ്റ്റിലും വ്യത്യസ്ത റോള്‍ നമ്പര്‍ വന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സ് അഞ്ച് വര്‍ഷമെന്നും ആറ് വര്‍ഷമെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ സംഭവവും ഉണ്ട്. ഇത് അഡ്മിനിസ്ട്രേഷന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ റീ ഇഷ്യൂ ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് കൃത്യമായി ചെയ്തില്ല. കോണ്‍വൊക്കേഷന്‍ ദിവസം തന്നെ അതിനെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്തു. മുഖ്യാതിഥിയായി എത്തിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ മാര്‍ക്ക് ലിസ്റ്റോ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റോ ലഭിച്ചിട്ടില്ല. അതില്‍ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതികള്‍ കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമൊന്നുമായില്ല. പലതവണ ഇതുമായി ബന്ധപ്പെട്ട് ഡയര്‍ക്ടറെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല. ചരിത്രകാരന്‍ രാജന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മാര്‍ക്ക് നല്‍കുന്ന രീതിയിലുള്‍പ്പെടെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ആ പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല എന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ആദ്യ ബാച്ചില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ പറയുന്നത്

ഞങ്ങള്‍ ഈ കോഴ്‌സിന് ചേരുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നാവശ്യപ്പെട്ടുകൊണ്ട് ഞങ്ങള്‍ സമരം ചെയ്തു. ഒരു പ്രാക്ടിക്കല്‍ കോഴ്‌സ് ഇങ്ങനെ ചെയ്തിട്ട് കാര്യമില്ല എന്ന് പറഞ്ഞുകൊണ്ട് വിദ്യാര്‍ഥികള്‍ വന്നപ്പോഴാണ് അവര്‍ എക്വിപ്‌മെന്റുകള്‍ വാടകയ്ക്കെടുത്ത് ക്ലാസുകള്‍ നടത്താന്‍ തയ്യാറായത്. ഇതൊരു റെസിഡന്‍ഷ്യല്‍ ക്യാമ്പസ് ആണെന്നും പുറത്ത് പോകുന്നതിന് അനുവാദം വേണം എന്നൊക്കെ അന്നേ അവര്‍ പറയുന്നുണ്ടായിരുന്നു. അവിടെ പഠിക്കുന്ന മിക്കവാറും വിദ്യാര്‍ഥികള്‍ മുതിര്‍ന്നവരായിരുന്നു. പ്ലസ് ടു ആയിരുന്നു കോഴ്‌സുകളുടെ യോഗ്യതയെങ്കിലും ഡിഗ്രി കഴിഞ്ഞ് പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള, മുപ്പത് വയസ്സൊക്കെ പ്രായമുള്ളവരാണ് അന്നുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരു പരിധിക്കപ്പുറം വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. അന്ന് ഈ നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. പൂര്‍ണ്ണമായ നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ വേണ്ടിയാകണം ഇപ്പോള്‍ ബോണ്ട് ഒപ്പിടുന്ന രീതികളിലേക്കൊക്കെ അധികൃതര്‍ പോകുന്നത്. പിന്നീട് വന്ന ബാച്ചുകളില്‍ മുപ്പതു വയസ്സിനുമുകളില്‍ പ്രായമായവരെ എടുക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.

എല്ലാത്തിലും അവസാന തീരുമാനമെടുത്തിരുന്നത് ഗവേര്‍ണിങ് കൗണ്‍സില്‍ ആയിരുന്നു. ഇപ്പോള്‍ എല്ലാ അധികാരങ്ങളും ഡയറക്ടറുടെ കൈകളിലെത്തുന്ന രീതിയിലേക്ക് അവര്‍ കാര്യങ്ങള്‍ മാറ്റി

2013 ല്‍ തുടങ്ങിയ മൂന്ന് വര്‍ഷത്തെ കോഴ്‌സ് അവസാനിക്കുന്നത് 2019 ലാണ്. ശരിക്ക് പറഞ്ഞാല്‍ കോഴ്‌സ് തീരാന്‍ അഞ്ചുവര്‍ഷമെടുത്തു. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു സ്വയംഭരണ സ്ഥാപനമായി മാറി. സ്ഥാപനത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ എല്ലാം അവര്‍ തിരുത്തി. ഗവര്‍ണിങ് കൗണ്‍സിലില്‍ സ്ഥലത്തെ എം.പി, എം.എല്‍.എ എന്നിവര്‍ അംഗങ്ങള്‍ ആകേണ്ടതാണ്. അവരെയെല്ലാം ഗവേര്‍ണിങ് കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. എല്ലാത്തിലും അവസാന തീരുമാനമെടുത്തിരുന്നത് ഗവേര്‍ണിങ് കൗണ്‍സില്‍ ആയിരുന്നു. ഇപ്പോള്‍ എല്ലാ അധികാരങ്ങളും ഡയറക്ടറുടെ കൈകളിലെത്തുന്ന രീതിയിലേക്ക് അവര്‍ കാര്യങ്ങള്‍ മാറ്റി. നേരത്തെ ഉണ്ടായിരുന്ന മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ് വച്ച് രണ്ട് വിദ്യാര്‍ത്ഥി പ്രതിനിധികളെയും, ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയെയും അക്കാഡമിക് കൗൺസിലിൽ ഉള്‍പെടുത്തണമെന്നുണ്ട്. 2019 നു ശേഷം രൂപീകരിച്ച അക്കാഡമിക് കൗണ്‍സിലുകളിലേക്ക് ഇത്തരം തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടില്ല. അതുപോലെ തന്നെ മൂന്നു വര്‍ഷമായി നടന്നിരുന്ന കോഴ്‌സുകള്‍ രണ്ട് വര്‍ഷമാക്കി ചുരുക്കാനും ഇവര്‍ തീരുമാനിച്ചു.

കെ.ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനം സംവരണ വിരുദ്ധമാകുമ്പോള്‍

ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകര്‍ മിക്കവാറും താത്കാലിക നിയമനങ്ങളാണ് എന്നിരിക്കെ, അതില്‍ ഒരു തരത്തിലും റിസര്‍വേഷന്‍ പിന്‍തുടരുന്നില്ല എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സവര്‍ണ്ണരെയും കുടുംബക്കാരെയും തിരുകി കയറ്റുന്ന ഒരു സ്ഥാപനമായി കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാറുകയാണ് എന്ന ആരോപണം, വിദ്യാര്‍ത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന വിവരങ്ങളുമായി ചേര്‍ത്ത് വായിക്കണം. പ്രവേശന പ്രക്രിയയില്‍ സംവരണം പാലിച്ചില്ല എന്ന് ആരോപിച്ച് ശരത് എന്ന ദളിത് വിദ്യാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശരത് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹിയറിങ് നടന്നുകൊണ്ടിരിക്കെയാണ് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും ബോണ്ട് ഒപ്പിട്ടു വാങ്ങുന്നു എന്ന ആരോപണം പുറത്ത് വരുന്നത്.

ഈ വിഷയങ്ങളില്‍ സ്ഥാപനത്തിന്റെ വിശദീകരണം ചോദിച്ചു കൊണ്ട് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍, ഓരോ കോഴ്‌സിലും ഏര്‍പ്പെടുത്തിയിട്ടുള്ള കട്ട് ഓഫ് മാര്‍ക്ക് ലഭിക്കാത്തതുകൊണ്ടാണ് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാതിരുന്നത് എന്നാണ് സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നല്‍കിയ വിശദീകരണം. ബോണ്ട് ഒപ്പിട്ടു വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചപ്പോള്‍, 'എസ്.ആര്‍.എഫ്.ടി.ഐ, എഫ്.ടി.ഐ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒപ്പിട്ടു വാങ്ങുന്നതിനു സമാനമായ ബോണ്ട് മാത്രമാണ് ഞങ്ങളും വാങ്ങുന്നത്.' എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ദ ക്യുവിനോട് പറഞ്ഞത്. എന്നാല്‍ എസ്.ആര്‍.എഫ്.ടി.ഐ യുടെ ബോണ്ടില്‍ ഇല്ലാത്ത നിബന്ധനകളാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

(ഈ റിപ്പോർട്ടിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും വ്യത്യസ്ത ബാച്ചുകളിലായി കെ.ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച വിദ്യാർഥികളിൽനിന്ന് ദ ക്യു ശേഖരിച്ചതാണ്. ആരുടേയും പേരോ മറ്റു വിവരങ്ങളോ നൽകരുത് എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് വിദ്യാർത്ഥികളുടെ പേരുകൾ ഒഴിവാക്കിയത്.)

logo
The Cue
www.thecue.in