സ്വീപ്പര്‍മാര്‍ ഡയറക്ടറുടെ വീടും വൃത്തിയാക്കണം, കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലാളികളുടെ പ്രതിഷേധം; നിഷേധിച്ച് ഡയറക്ടര്‍

സ്വീപ്പര്‍മാര്‍ ഡയറക്ടറുടെ വീടും വൃത്തിയാക്കണം, കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലാളികളുടെ പ്രതിഷേധം; നിഷേധിച്ച് ഡയറക്ടര്‍
Summary

ഡയറക്ടറുടെ വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ ക്ലീന്‍ ആക്കാന്‍ വിളിക്കും. പോകുമ്പോള്‍ കയ്യില്‍ ഒരു ജോഡി വസ്ത്രം കരുതണം. പുറത്തെ കുളിമുറിയില്‍ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാത്രമേ വീട്ടില്‍ കയറ്റൂ. നന്നായി വൃത്തിയാകണമെന്ന് പറഞ്ഞ് അവരുടെ കുളിമുറി കൈകൊണ്ട് ഉരച്ചു കഴുകാന്‍ പറയും. ഡയറക്ടറുടെ വീട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ്. അതുകൊണ്ട് പണിയെടുത്തില്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിയില്‍ നിന്ന് പിരിച്ച് വിടുമെന്ന് പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനമായ കോട്ടയം കാഞ്ഞിരമറ്റം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ സ്വീപ്പര്‍മാരെ ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നുവെന്ന് ആരോപണം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ടുജോലിക്ക് എത്തണമെന്നും, ഇല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ജീവനക്കാര്‍ ദ ക്യുവിനോട് പ്രതികരിച്ചു. ആരോപണം വാസ്തവ രഹിതമാണെന്നും ഡയറക്ടര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് വാടകയ്ക്ക് എടുത്ത് നല്‍കിയിരിക്കുന്ന ഔദ്യോഗിക വസതിയാണ് ക്ലീനിംഗ് സ്റ്റാഫ് വൃത്തിയാക്കുന്നതെന്നും, അത് അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണെന്നും ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ദ ക്യു'വിനോട് പറഞ്ഞു.

രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഡ്യൂട്ടി ടൈം. ആദ്യമൊക്കെ ഡ്യൂട്ടി ടൈം കഴിഞ്ഞായിരുന്നു ഞങ്ങള്‍ ഡയറക്ടറുടെ വീട്ടിലേക്ക് പോയിരുന്നത്. പിന്നീട് അതുപറ്റില്ലെന്നും, ഡ്യൂട്ടി ടൈമില്‍ വന്ന് പഞ്ച് ചെയ്ത ശേഷം അത്യാവശ്യം പണികള്‍ മാത്രം ചെയ്തുതീര്‍ത്ത് ഡയറക്ടറുടെ വീട്ടിലേക്ക് പോകണമെന്ന് നിര്‍ദേശിച്ചതായും സ്വീപ്പര്‍ ജോലി ചെയ്യുന്നവര്‍ ദ ക്യു'വിനോട് പറഞ്ഞു.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ്, കോട്ടയം
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ്, കോട്ടയം

'ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ് ഈ പണി ചെയ്യുന്നത്, ഉത്തരവ് ലംഘിച്ചാല്‍ പിരിച്ചുവിടുമെന്ന് പറഞ്ഞു'

ജീവനക്കാര്‍ ദ ക്യു'വിനോട് പറഞ്ഞത് ഇങ്ങനെ '' കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കെ.ആര്‍. നാരായണന്‍ ഇന്സ്റ്റിറ്റിയൂട്ടില്‍ സ്വീപ്പറായി ജോയിന്‍ ചെയ്ത്. ഇന്റര്‍വ്യൂ വഴിയായിരുന്നു ഞങ്ങള്‍ മൂന്നുപേരെ ജോലിക്ക് എടുത്തത്. ജോലി തുടങ്ങി ഒന്നര മാസം കഴിഞ്ഞപ്പോഴാണ് ഡയറക്ടറുടെ വീട്ടിലെ പണികളും ചെയ്യണമെന്ന് പറയുന്നത്.

ഡയറക്ടര്‍ താമസിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായ കെട്ടിടത്തിലാണ്, അതുകൊണ്ട് അവിടുത്തെ പണിയും ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഞങ്ങളെ വിട്ടത്. അങ്ങനെ എല്ലാ ആഴ്ചയിലും ഒരു ദിവസം ഞങ്ങള്‍ അവിടെ പോയി പണിയെടുക്കാറുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പണികളെല്ലാം പത്ത് മണിക്കുള്ളില്‍ തീര്‍ത്തിട്ട് വേണം ഡയറക്ടറുടെ വീട്ടിലേക്ക് പോകാന്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം അവിടെ എത്താന്‍.

രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഞങ്ങളുടെ ഡ്യൂട്ടി ടൈം. ആദ്യമൊക്കെ ഡ്യൂട്ടി ടൈം കഴിഞ്ഞായിരുന്നു ഞങ്ങള്‍ ഡയറക്ടറുടെ വീട്ടിലേക്ക് പോയിരുന്നത്. പിന്നീട് അതുപറ്റില്ലെന്നും, ഡ്യൂട്ടി ടൈമില്‍ വന്ന് പഞ്ച് ചെയ്ത ശേഷം അത്യാവശ്യം പണികള്‍ മാത്രം ചെയ്തുതീര്‍ത്ത് ഡയറക്ടറുടെ വീട്ടിലേക്ക് പോകണമെന്നും പറഞ്ഞു.

ഡയറക്ടറുടെ വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ ക്ലീന്‍ ആക്കാന്‍ വിളിക്കും. അവിടെ പോയാല്‍ പുറത്തെ കുളിമുറിയില്‍ നിന്ന് കുളിച്ചിട്ടേ അകത്തേക്ക് കയറ്റൂ. കുളിച്ച് മാറ്റാന്‍ ഒരു ജോഡി വസ്ത്രം കൊണ്ടുപോകണം.അല്ലെങ്കില്‍ വീട്ടില്‍ കയറ്റില്ല. നന്നായി വൃത്തിയാകണമെന്ന് പറഞ്ഞ് അവരുടെ കുളിമുറി കൈകൊണ്ട് ഉരച്ചു കഴുകാന്‍ പറയും. പണി പോകുമെന്ന് പേടിച്ചിട്ടാണ് എല്ലാം ചെയ്യുന്നത്. ഡയറക്ടര്‍ താമസിക്കുന്ന കെട്ടിടം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ്, അതുകൊണ്ട് പണിക്ക് പോയില്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിയില്‍ നിന്ന് പിരിച്ച് വിടുമെന്ന് പറഞ്ഞിരുന്നു. ആ പേടിയിലാണ് വീട്ടിലെ പണികളും എടുക്കുന്നത്.

വലിയ മുറ്റമുള്ള വീടാണ്. ഒരാളെ കൊണ്ട് വൃത്തിയാക്കുക എന്നുപറഞ്ഞാല്‍ വലിയ ബുദ്ദിമുട്ടാണ്. ഇത്രയും ദൂരം പോയി പണിയെടുക്കാനുള്ള ബുദ്ദിമുട്ട് ഓഫീസില്‍ പറഞ്ഞപ്പോള്‍ പോയില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മിണ്ടാതെ പോകുന്നതാണ് നല്ലതെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഞങ്ങള്‍ ഈ പ്രശ്‌നങ്ങളൊന്നും ആരോടും പറയാതെ പണിക്ക് പോകുകയാണ് ചെയ്തത്.

ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ് ഈ പണി ചെയ്യുന്നത്. അടുത്ത് തന്നെ ഒരു ജോലി കിട്ടിയതുകൊണ്ട് അത്രയും ആത്മാര്‍ത്ഥമായി തന്നെയാണ് ആ പണിയെടുക്കുന്നത്. എട്ടും ഒമ്പതും വര്‍ഷത്തോളമായി അവിടെ സ്വീപ്പര്‍ ജോലിയെടുക്കുന്നവരുണ്ട്. അവരും ഇത്ര വര്‍ഷങ്ങളായി ഇതുതന്നെയാണ് ചെയ്യുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് തുറന്നുപറയാന്‍ കഴിയാത്തവരുണ്ട്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാലും ഇത് തന്നെയേ പറയാനുള്ളൂ എന്നും ജീവനക്കാരി ദ ക്യുവിനോട് പറഞ്ഞു. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇനി ജോലിക്ക് പോകുന്നവര്‍ക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും, അതുകൊണ്ട് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ജീവനക്കാര്‍.

ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ പ്രതികരണം

സ്വീപ്പിംഗ് തൊഴിലാളികള്‍ വൃത്തിയാക്കുന്നു എന്നുപറയുന്നത് എന്റെ വീടല്ല. ഡയറക്ടര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് വാടകയ്ക്ക് എടുത്ത് നല്‍കിയിരിക്കുന്ന ഔദ്യോഗിക വസതിയാണ്. അത് വൃത്തിയാക്കുക എന്നുപറയുന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലീനിംഗ് സ്റ്റാഫിന്റെ ഡ്യൂട്ടി തന്നെയാണ്. ഞാന്‍ ഡയറക്ടറായി വന്നതിന് ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടക്കം കൃത്യമായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഡ്യൂട്ടി ടൈമിന്റെ കാര്യത്തിലും പഞ്ചിങ്ങിലും അത് വേണമെന്ന് പറഞ്ഞിരുന്നു. അത് ഇഷ്ടപ്പെടാത്തവര്‍ അവിടെയുണ്ട്. വീട്ടുപണി എടുപ്പിച്ചു എന്നൊക്കെ പറയുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്; ഡയറക്ടര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in