'കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം അട്ടിമറിക്കുന്നു', ദളിത് അപേക്ഷാര്‍ത്ഥി കോടതിയിലേക്ക്

'കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണം അട്ടിമറിക്കുന്നു', ദളിത് അപേക്ഷാര്‍ത്ഥി കോടതിയിലേക്ക്

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് 2021-22 വര്‍ഷത്തെ പ്രവേശന പ്രക്രിയയില്‍ സംവരണം അട്ടിമറിച്ചുകൊണ്ട് ദളിത് വിദ്യാര്‍തഥികളുടെ അവസരം നഷ്ടപ്പെടുത്തിയെന്ന ആരോപണവുമായി അപേക്ഷാര്‍ത്ഥി ശരത് രംഗത്ത്. സ്‌ക്രിപ്റ്റ് ആന്‍ഡ് ഡയറക്ഷന്‍, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രഫി, എഡിറ്റിംഗ് എന്നിങ്ങനെ നാല് പിജി ഡിപ്ലോമ കോഴ്‌സുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്. ഓരോ കോഴ്‌സിലും കൃത്യമായി സംവരണം പിന്തുടരണം എന്നിരിക്കെ, മുഴുവന്‍ പിജി ഡിപ്ലോമ കോഴ്‌സിലേക്കുമായാണ് സംവരണാടിസ്ഥാനത്തില്‍ സ്ഥാപനം ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. കോഴ്‌സുകള്‍ക്ക് ആനുപാതികമായി പ്രവേശനം നല്‍കാത്തത് കാരണം, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചി അനുസരിച്ച് പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്ന് ശരത് ദ ക്യുവിനോട് പറഞ്ഞു. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

ഞാന്‍ എഡിറ്റിംഗിലേക്കാണ് അപേക്ഷിച്ചത്. ഈ വര്‍ഷം എഡിറ്റിംഗില്‍ അവര്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയെ പോലും എടുത്തിട്ടില്ല

സാങ്കേതികത്വങ്ങള്‍ പറഞ്ഞ് അവസരം നഷ്ടപ്പെടുത്തുന്നു

ഒരു വര്‍ഷം സ്ഥാപനം എടുക്കുന്ന നാലുപേര്‍ക്കും ചിലപ്പോള്‍ അഡ്മിഷന്‍ കിട്ടുന്നത് ഏതെങ്കിലും ഒരു കോഴ്‌സിലേക്കായിരിക്കും. അതായത് ഒന്നുകില്‍ ഡയറക്ഷനില്‍ മാത്രമായിരിക്കും. അപ്പോള്‍ ഓഡിയോഗ്രഫിയോ എഡിറ്റിംഗോ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അതിന് സാധിക്കുന്നില്ല എന്നിടത്ത് ഒരുപാട് പേര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നാണ് ശരത് പറയുന്നത്.

കെ.ആര്‍. നാരായണനെ പോലൊരാളുടെ പേരിലുള്ള ഈ സ്ഥാപനത്തില്‍ എന്നെ പോലൊരു ദളിത് വിദ്യാര്‍ത്ഥി ഇത് അനുഭവിക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്.

'ഞാന്‍ എഡിറ്റിംഗിലേക്കാണ് അപേക്ഷിച്ചത്. ഈ വര്‍ഷം എഡിറ്റിംഗില്‍ അവര്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയെ പോലും എടുത്തിട്ടില്ല. പ്രവേശനപരീക്ഷയ്ക്ക് ശേഷം ഇന്റര്‍വ്യൂ വിളിച്ചപ്പോള്‍ പത്ത് പേരു പങ്കെടുത്തു. അതില്‍ നിന്ന് ആറുപേരെയാണവര്‍ തെരഞ്ഞെടുത്തത്. പത്ത് സീറ്റുകളില്‍ ബാക്കി നാല് സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ജാതി അധിക്ഷേപം ജീവിതകാലം മുഴുവന്‍ അനുഭവിച്ച കെ.ആര്‍. നാരായണനെ പോലൊരാളുടെ പേരിലുള്ള ഈ സ്ഥാപനത്തില്‍ എന്നെ പോലൊരു ദളിത് വിദ്യാര്‍ത്ഥി ഇത് അനുഭവിക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്.

എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഒരേ കട്ട് ഓഫ് എന്ന് പറയുന്നതും സംവരണ തത്വങ്ങളുടെ ലംഘനമാണ്. ഓരോ കാറ്റഗറി അടിസ്ഥാനപ്പെടുത്തി മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും നല്‍കേണ്ടതാണ്

45 മാര്‍ക്കാണ് കട്ട് ഓഫ് ആയി നിശ്ചയിച്ചിരിക്കുന്നത്. അതിന് മുകളില്‍ എത്തിയവരെ മാത്രമേ അഡ്മിഷനില്‍ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ആറുപേരെ മാത്രം തെരഞ്ഞെടുത്തതെന്നാണ് സ്ഥാപനം പറയുന്നത്. എങ്കില്‍ എന്റെ മാര്‍ക്കെത്രയാണെന്ന് പറയൂ. എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഒരേ കട്ട് ഓഫ് എന്ന് പറയുന്നതും സംവരണ തത്വങ്ങളുടെ ലംഘനമാണ്. ഓരോ കാറ്റഗറി അടിസ്ഥാനപ്പെടുത്തി മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും നല്‍കേണ്ടതാണ്. എന്റെ മാര്‍ക്കെത്രയാണെന്ന് ചോദിച്ചപ്പോള്‍, തരണമെങ്കില്‍ ഡയറക്ടര്‍ വരണം, ഡയറക്ടര്‍ ലീവിലാണ് എന്നാണ് മറുപടി ലഭിച്ചത്. ഞാന്‍ ഓള്‍ ഇന്ത്യ തലത്തില്‍ എസ്.ആര്‍.എഫ്.ടി.ഐ യുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഒന്നാമതുള്ള ആളാണ്. ഇന്റര്‍വ്യൂവിലും പരീക്ഷയിലും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന ഉറപ്പ് എനിക്കുണ്ട്. ഈ മുപ്പതാം തീയ്യതി അഡ്മിഷന്‍ അവസാനിക്കുകയാണ്. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനു മുമ്പേ ചെയ്യണം. ആര്‍.ടി.ഐ ഫയല്‍ ചെയ്യാമെന്ന് കരുതിയാല്‍, മുപ്പതു ദിവസത്തിനുള്ളില്‍ മാത്രമേ അതിന് മറുപടി ലഭിക്കുകയുള്ളു. ഈ അവസ്ഥയില്‍ കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് വഴി, അതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്,' ശരത് പറയുന്നു.

ഗവണ്മെന്റ് ഉത്തരവുകള്‍ കാറ്റില്‍ പറത്തി ഒഴിവു സീറ്റുകളിലേക്ക് ആളുകളെ എടുക്കാതിരിക്കുന്നു

കോഴ്‌സ് നിര്‍ത്തി പോകുന്നവരുടെ ഒഴിവിലേക്ക് കാറ്റഗറി അടിസ്ഥാനപ്പെടുത്തി കൃത്യമായി ആളെ എടുക്കുന്നില്ല എന്ന വിമര്‍ശനവും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. സീറ്റ് പൂര്‍ണ്ണമായും ഫില്‍ ചെയ്യണമെന്ന് ഗവണ്മെന്റ് ഉത്തരവുള്ളപ്പോഴാണ് കേവലം പത്ത് സീറ്റുമാത്രമുള്ള കോഴ്‌സില്‍ നാല് സീറ്റുകള്‍ ഒഴിച്ചിടുന്നത്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഒമ്പതു പേരു വന്നിട്ട് ആറു പേരെ മാത്രമാണ് എടുത്തത്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് ലഭിക്കാത്ത പ്രശ്‌നങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. ഈ ഗ്രാന്റ്‌സിനോടൊപ്പം താമസ സൗകര്യത്തിനും, ഭക്ഷണത്തിനുമായി നല്‍കുന്ന സര്‍ക്കാര്‍ അലവന്‍സ് കൃത്യമായി ലഭിക്കാറില്ല, അത് സ്ഥാപനത്തിലുള്ളവര്‍ക്ക് അറിയുകയുമില്ലായിരുന്നു. കാലങ്ങള്‍ക്ക് ശേഷമാണ് ഇത് തിരിച്ചറിഞ്ഞ് പതിനഞ്ചായിരത്തോളം രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തന്നത്. ദളിത് വിദ്യാര്‍തഥികളുടെ കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി അനാസ്ഥയുണ്ടാകുന്നുണ്ടെന്നും, വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതേസമയം ആരോപണം ശരിവെക്കുന്ന തരത്തില്‍ എഡിറ്റിംഗിലും ഓഡിയോഗ്രാഫിയിലും സീറ്റുകള്‍ ഫില്‍ ചെയ്തിട്ടില്ലെന്നാണ് സ്ഥാപന അധികൃതരുടെ വിശദീകരണം. കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് കിട്ടിയ കുട്ടികള്‍ ഇല്ലാത്തതു കൊണ്ടുമാണ് സീറ്റുകള്‍ ഫില്‍ ചെയ്യാത്തതെന്നുമാണ് അധികൃതര്‍ ദ ക്യുവിനോട് പറഞ്ഞത്.

2019 ൽ തന്നെ പലതരം വിവാദങ്ങൾ കെ ആർ നാരായണൻ ഇൻസ്റ്റിറ്റിട്യൂട്ടുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി മുപ്പത് വയസ്സായി നിശ്ച്ചയിച്ചതും, വി.എഫ്.എക്സ് കോഴ്സിന് അപേക്ഷിക്കുന്നവർക്ക് മികച്ച നിലവാരമുള്ള ലാപ്‌ടോപ്പുകൾ ഉണ്ടെന്ന് ഇന്റർവ്യൂ സമയത്ത് ഉറപ്പുവരുത്തണമെന്ന് പറഞ്ഞതും വിവാദമായിരുന്നു. ഒരു സർക്കാർ സ്ഥാപനത്തിൽ പഠിക്കാൻ വിലപിടിപ്പുള്ള ലാപ്‌ടോപ്പുകൾ വേണമെന്ന ആവശ്യം, സാധാരണക്കാരെയും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെയും തിരഞ്ഞുപിടിച്ച് പുറന്തള്ളാൻ വേണ്ടിയുള്ളതാണ് എന്ന ആരോപണങ്ങൾ അന്നുതന്നെ ഉയർന്നിട്ടും ഈ വർഷത്തെ നോട്ടിഫിക്കേഷനിലും ഈ കാര്യങ്ങൾ ആവർത്തിക്കുന്നുണ്ട്.

ഉത്തരേന്ത്യയില്‍ പല കേന്ദ്ര സര്‍വകലാശാലകളിലും യോഗ്യതയുള്ള വിദ്യാർഥികൾ ഇല്ല എന്ന വിശദീകരണം നല്‍കി എസ്.സി/എസ്.ടി സീറ്റുകള്‍ ഒഴിച്ചിടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുമ്പ് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും, ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍നിന്നും ഇത്തരം പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോഴും അവിടങ്ങളെല്ലാം ജാതി വിവേചനങ്ങളുടെ കേന്ദ്രങ്ങളായി നില്‍ക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാനമായി മദ്രാസ് ഐ.ഐ.ടി യില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒരു മലയാളി അധ്യാപകന്‍ ജാതി വിവേചനങ്ങളെ തുടര്‍ന്ന് രാജി വച്ചതും വലിയ വാര്‍ത്തയായിരുന്നു. ഏറ്റവും ഒടുവിൽ പൂനെ FTII യിൽ ഈ വർഷം ജൂലൈ 26 ന് സമാനമായി അധികൃതർ സംവരണം അട്ടിമറിക്കുന്നു എന്നാരോപിച്ച് വിദ്യാർഥികൾ സമരം ചെയ്തിരുന്നു.

എസ്.സി. എസ്.ടി. സീറ്റുകള്‍ ഒഴിച്ചിടുന്ന തരത്തില്‍ ജാതി വിവേചനത്തിന്റെ കേന്ദ്രങ്ങളായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറുന്നുണ്ട് എന്നതിലേക്കാണ് ശരത് എന്ന ദളിത് അപേക്ഷാര്‍ത്ഥിയുടെ ആരോപണവും വിരല്‍ചൂണ്ടുന്നത്. എം.ജി സര്‍വ്വകലാശാലയില്‍ ജാതി പീഡനങ്ങളെ തുടര്‍ന്ന് സ്വന്തം പ്രബന്ധം സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്ന പി.എച്ച്ഡി. സ്‌കോളര്‍ ദീപ മോഹനന് ശേഷം വീണ്ടും കേരളത്തിലെ വിദ്യാഭാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ പുറത്ത് വരികയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in