അടൂർ ആ മുറ്റം അടിച്ചിട്ടുണ്ടോ, കക്കൂസ് കഴുകിയിട്ടുണ്ടോ; അധിക്ഷേപത്തിൽ പ്രതികരിച്ച് ശുചീകരണ തൊഴിലാളികൾ

അടൂർ ആ മുറ്റം അടിച്ചിട്ടുണ്ടോ, കക്കൂസ് കഴുകിയിട്ടുണ്ടോ; അധിക്ഷേപത്തിൽ പ്രതികരിച്ച്  ശുചീകരണ തൊഴിലാളികൾ
Summary

ആ കുഞ്ഞുമുറ്റം അടിച്ച് വൃത്തിയാക്കാൻ ഒരു മണിക്കൂറോ എന്ന് അടൂർ ചാനലിൽ ചോദിക്കുന്നത് കേട്ടു. അദ്ദേഹം അടിച്ച് നോക്കിയിട്ടാണോ അത് പറഞ്ഞത്. ഒരു തവണയെങ്കിലും അടിച്ചു നോക്കിയിട്ടായിരിക്കുമല്ലോ കൃത്യമായി സമയം അറിഞ്ഞത്. അടൂർ ഈ പണിയൊന്നും എടുത്തിട്ടില്ല. അതുകൊണ്ട് ഞങ്ങൾ കക്കൂസ് കഴുകേണ്ടി വരുന്നതോ അധിക്ഷേപിക്കപ്പെടുന്നതോ അദ്ദേഹത്തിന് പ്രശ്നമായി തോന്നില്ല.

അടൂർ ​ഗോപാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ, അധിക്ഷേപ പരാമർശത്തിനെതിരെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികൾ. നാലഞ്ച് പെണ്ണുങ്ങൾ ഉടുത്തൊരുങ്ങി വരുന്നുവെന്നും സമരം ചെയ്ത് സ്റ്റാറായി എന്നുമടക്കം തങ്ങളെ പറ്റി നടത്തിയ പരാമർശത്തിൽ അടൂരിനെ ഓർത്ത് ലജ്ജ തോന്നുന്നുവെന്ന് ശുചീകരണ തൊഴിലാളികൾ 'ദ ക്യുവിനോട് പറഞ്ഞു. ശുചീകരണ തൊഴിലെടുക്കുന്നവർക്ക് നല്ല വസ്ത്രം ധരിക്കാൻ അവകാശമില്ല എന്നാണോ അടൂർ പറയാൻ ശ്രമിക്കുന്നത് എന്നും തൊഴിലാളികൾ ചോദിക്കുന്നു.

ഡയറക്ടർ ശങ്കർ മോഹൻ ശുചീകരണ തൊഴിലാളികളെക്കൊണ്ട് വീട്ടിലെ കക്കൂസ് കഴുകിച്ചു എന്ന വാർത്ത നുണയാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് അടൂർ പറഞ്ഞത്. എന്നാൽ തങ്ങൾക്ക് ഡയറക്ടറുടെ വീട്ടിൽ നിന്ന് നേരിടേണ്ടി വന്ന അപമാനം അടൂർ കണ്ടിട്ടില്ലെന്നും, വിഷയത്തിൽ ഇതുവരെ തങ്ങളോട് സംസാരിക്കുക പോലും ചെയ്യാതെ എല്ലാം നുണയാണെന്ന് അടൂർ എങ്ങനെ പറയുമെന്നും തൊഴിലാളികൾ ചോദിക്കുന്നു. മുകളിലെ തട്ടിലിരുന്ന് നോക്കുന്ന അടൂരിനെ പോലുള്ളവർക്ക് തങ്ങളുടെ പ്രശ്നങ്ങൾ ഒരു പ്രശ്നമായി തോന്നില്ലെന്നും ശുചീകരണ തൊഴിലാളികൾ പറയുന്നു.

ശുചീകരണ തൊഴിലാളികൾ 'ദ ക്യുവിനോട് പറഞ്ഞത്

അടൂർ എന്താണ് ഉദ്ദേശിച്ചതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. ഞങ്ങൾ ഇന്നുവരെ മാന്യമല്ലാത്ത വേഷം ധരിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിട്ടില്ല. ഇനി ഞങ്ങൾ താഴെത്തട്ടിൽ പണിയെടുക്കുന്ന ശുചീകരണതൊഴിലാളികൾ ആയതുകൊണ്ട് നല്ല വസ്ത്രം ധരിക്കാൻ പാടില്ലെന്നോ പൊട്ട് തൊടാൻ പാടില്ലെന്നോ മറ്റോ ആണോ അടൂർ ഉദ്ദേശിച്ചത് എന്നും അറിയില്ല.

ഞങ്ങളെ ഡയറക്ടർ ശങ്കർ മോഹൻ വീട്ടിലെ കക്കൂസ് കഴുകിച്ചിട്ടില്ല എന്നാണ് അടൂർ പറഞ്ഞത്. അങ്ങനെ പറയാൻ അദ്ദേഹം ഒരുതവണ പോലും ഞങ്ങൾ പണിയെടുക്കുമ്പോൾ ആ വീട്ടിൽ വന്ന് കണ്ടിട്ടില്ല. അവിടെ ഞങ്ങൾ എടുക്കേണ്ടി വരുന്ന പണിയെന്തെല്ലാമാണ് എന്ന് കണ്ടിട്ടില്ല.

ആ കുഞ്ഞുമുറ്റം അടിച്ച് വൃത്തിയാക്കാൻ അര മണിക്കൂറോ ഒരു മണിക്കൂറോ എന്ന് അടൂർ ചാനലിൽ ചോദിക്കുന്നത് കേട്ടു. അദ്ദേഹം അടിച്ച് നോക്കിയിട്ടാണോ അത് പറഞ്ഞത്. ഒരു തവണയെങ്കിലും ആ മുറ്റം അടിച്ച് നോക്കിയതിന് ശേഷമായിരിക്കുമല്ലോ അങ്ങനെ പറഞ്ഞത്. ഏതൊരു കാര്യവും ചെയ്ത് നോക്കിയാലല്ലേ അതിന്റെ ബുദ്ധിമുട്ടും അതിന് വേണ്ടിവരുന്ന സമയവും നമുക്ക് അറിയാൻ കഴിയൂ.

ഞങ്ങളെ ഉൾക്കൊള്ളാനും അം​ഗീകരിക്കാനും കഴിയുന്നവർക്കേ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാകൂ. മുകളിലെ തട്ടിൽ ഇരുന്ന് നോക്കുന്നവർക്ക് ശുചീകരണ തൊഴിലാളികളുടെ പ്രശ്നങ്ങളൊന്നും പ്രശ്നങ്ങളായി തോന്നില്ല. അവർക്ക് ഞങ്ങളോട് അങ്ങനൊരു മാനുഷിക പരി​ഗണനയൊന്നുമില്ല. അടൂരിന് ഇത്രയും മോശപ്പെട്ട പ്രതികരണം നടത്താൻ മാത്രം മാന്യതയില്ലാതെ പോയല്ലോ എന്നോർത്ത് ഞങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ട്.

‍ഡയറക്ടറുടെ ഭാ​ഗത്ത് നിന്നും നേരിടേണ്ടിവന്ന പ്രശ്നങ്ങൾ തുറന്ന് പറഞ്ഞപ്പോഴെങ്കിലും ചെയർമാൻ എന്ന നിലയിൽ അടൂർ ഞങ്ങളോട് സംസാരിക്കേണ്ടതായിരുന്നു. എന്താണ് പ്രശ്നമെന്നും ഞങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്നും കേൾക്കേണ്ടതായിരുന്നു. അങ്ങനൊരു ചോദ്യം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതിന് പകരം അദ്ദേഹം ചെയ്തത് ഞങ്ങളെ അധിക്ഷേപിക്കുകയാണ്.

ഡയറക്ടർ ശങ്കർ മോഹൻ ഉന്നതകുലജാതനാണെന്നും സംസ്കാര സമ്പന്നനാണെന്നും പറഞ്ഞാണല്ലോ അടൂർ ന്യായീകരിച്ചത്. ചാനലിൽ വന്നിരുന്ന് ഇങ്ങനെ നുണ പറയുന്നതാണോ ഇവരുടെ സംസ്കാരം. ഞങ്ങളെക്കൊണ്ട് കക്കൂസ് കഴുകിച്ചില്ല എന്ന് പച്ചക്കള്ളമാണ് അദ്ദേഹം പറയുന്നത്. എന്നിട്ട് ഞങ്ങളാണ് കള്ളം പറയുന്നതെന്നാണ് അവർ പറയുന്നത്. സത്യം പറയുന്നതും സത്യത്തിന്റെ കൂടെ നിൽക്കുന്നതും ആണ് മഹിമ, അല്ലാതെ ജാതിയല്ല.

ഞങ്ങൾ അഞ്ചുപേരിൽ മൂന്ന് പേർ വിധവകളാണ്. മക്കളെ നന്നായി നോക്കാനും പഠിപ്പിക്കാനും വേണ്ടിയാണ് ഞങ്ങൾ ഈ കക്കൂസ് അടക്കം കഴുകാൻ പോയത്. ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളും പീഡനങ്ങളും സഹിക്കാനാകാതെ വന്നപ്പോഴാണ് ഞങ്ങൾ പ്രതികരിച്ചത്. അല്ലാതെ ഈ സ്ഥാനങ്ങളിൽ അടൂർ ഇരിക്കുന്നതിനോ ശങ്കർ മോഹൻ ഇരിക്കുന്നതിനോ ഞങ്ങൾക്ക് എന്തെങ്കിലും വ്യക്തിപരമായ എതിരഭിപ്രായം ഉണ്ടായിട്ടായിരുന്നില്ല. ഞങ്ങൾക്ക് കള്ളം പറഞ്ഞിട്ട് എന്ത് കിട്ടാനാണ്. ജോലി പോകാൻ വരെ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞങ്ങൾ നേരിടേണ്ടി വന്ന ജാതി വിവേചനം തുറന്നു പറഞ്ഞത്.

എന്തിന്റെ അടിസ്ഥാനത്തിലാണ് അടൂർ സംസാരിക്കുന്നതെന്ന് ഒരു തരത്തിലും മനസിലാകുന്നില്ല. അടൂർ ആ പണി ചെയ്തിട്ടില്ല. ഞങ്ങൾ പണിയെടുക്കുമ്പോൾ അവിടെ വന്നിട്ടില്ല. ഞങ്ങളെക്കൊണ്ട് ഡയറക്ടർ കക്കൂസ് കഴുകിച്ചോ മുറ്റം അടിപ്പിച്ചോ എന്നതൊന്നും കാണാതെയാണ്, ഒരുതവണ പോലും പ്രശ്നത്തെ പറ്റി ഞങ്ങളോട് സംസാരിക്കാതെയാണ് ഞങ്ങൾ പറയുന്നതെല്ലാം നുണയാണെന്ന് അടൂർ പറയുന്നത്.

സർക്കാർ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നറിയില്ല. അന്വേഷണ കമ്മീഷനെ മാറ്റി പുതിയ കമ്മീഷനെ നിയമിച്ചിരുന്നു. പക്ഷേ പിന്നീട് എന്തായെന്ന് ഒന്നും ഞങ്ങൾക്ക് അറിയില്ല. ഒന്നും ഞങ്ങളെ അറിയിച്ചിട്ടുമില്ല. ഇനി നടപടി ഉണ്ടായാൽ തന്നെ ഞങ്ങളുടെ ജോലി പോകുമോ എന്നറിയില്ല. ഞങ്ങൾ അനുഭവിച്ചതിന്റെ വേദനയും അപമാനവും ഞങ്ങൾക്കേ അറിയൂ. അതുകൊണ്ട് ഇനി ക്ലീനിം​ഗ് സ്റ്റാഫായി വരുന്നവർക്കെങ്കിലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല.

അടൂർ ​ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമർ‌ശം

‘നാലഞ്ച് പെണ്ണുങ്ങളുണ്ടവിടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നത്. അവർ കാമറയുടെ മുന്‍പിൽ വന്ന് പറയുന്നത് ഞങ്ങളെല്ലാം വിധവമാരാണെന്നാണ്. രണ്ട് പേർക്കേ ഭർത്താക്കൻമാർ മരിച്ചിട്ടുള്ളൂ. ബാക്കി നാല് പേർക്ക് ഭർത്താക്കൻമാർ ഉണ്ട്. പച്ചക്കള്ളമാണ് അവർ പറയുന്നത്. പഠിപ്പിച്ച് വിട്ടിരിക്കുകയാണ്.അവരിപ്പോ സ്റ്റാഴ്സ് ആണ്. നന്നായി ഉടുത്തൊരുങ്ങി വന്നു മാധ്യമങ്ങളെ കാണുന്നത്’.

‘ഡബ്ല്യു.സി.സി.യില്ലേ അതിലുളളവരെപ്പോലെ ഉടുത്തൊരുങ്ങിയാ വരുന്നത്. അങ്ങനെയാണ് അവരെ കണ്ടാൽ തോന്നുക. അവരിപ്പോ നിരന്തരം അഭിമുഖം കൊടുക്കുകയാണ്. അവരെ പഠിപ്പിച്ച് കഴിഞ്ഞു. അവർ സ്റ്റാർസ് ആയി. നേരത്തേ അവർക്ക് ഇതൊന്നും അറിഞ്ഞ് കൂടായിരുന്നു. ഇപ്പോൾ അവർക്ക് പരിശീലനം കൊടുത്ത് കഴിഞ്ഞു. ശങ്കർ മോഹനെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ക്ഷണിച്ച് കൊണ്ടുവന്നതാണ്. സർക്കാർ അദ്ദേഹത്തിന് താമസിക്കാനുള്ള വീടും മറ്റ് സൗകര്യങ്ങളും കൊടുക്കും എന്ന കണ്ടീഷനിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്.’

‘അവിടെ കെട്ടിടം കിട്ടാൻ വിഷമമാണ്. റബ്ബർ തോട്ടത്തിന് ഉള്ളിലോട്ടൊരു കെട്ടിടത്തിലാണ് കഴിയുന്നത്. ആ വീട് ദിവസവും പോയി ക്ലീൻ ചെയ്യേണ്ടതാണ് അവരുടെ ജോലി. തൂപ്പുകാര് സർക്കാർ ശമ്പളം വാങ്ങിക്കുന്നവരാണ്. പക്ഷേ അങ്ങനെ ചെയ്യിക്കുന്നില്ല. ആഴ്ചയിൽ ഒരു ദിവസം ഒരാൾ മുറ്റവും തിണ്ണയും തൂത്ത് കൊടുക്കണം. അര മുക്കാൽ മണിക്കൂർ എടുക്കില്ല. ഇതിനെ കുറിച്ചൊക്കെ കുറേ ആരോപണങ്ങൾ ഞാൻ കേട്ടു. കക്കൂസിൽ കയ്യിട്ട് വാരണമെന്നൊക്കെ. ഇതിനേക്കാൾ ആഭാസകരമായിട്ട് ഒന്നും പറയാനില്ല’.

‘ഞാൻ ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ജീവനക്കാരെ കൊണ്ട് അവർ ഒരിക്കൽ പോലും ബാത്ത്റൂം കഴുകിച്ചിട്ടില്ല. റബ്ബർ ഇല വീഴുന്നത് അടിച്ച് വാരുക മാത്രമാണ് വേണ്ടത്. എന്നിട്ട് അവർ പറയുന്നത് രാത്രിയിലൊക്കെ ജോലിയാണെന്നാണ്. എന്ത് ജോലിയാണ് അവർ ചെയ്യുന്നത്?’

Related Stories

No stories found.
logo
The Cue
www.thecue.in