'ഞങ്ങളോടെന്തിനാണ് വിവേചനം?'

ഹോസ്റ്റൽ കർഫ്യൂവിനെതിരെ 
വിദ്യാർത്ഥിനികൾ കോടതിയിൽ

'ഞങ്ങളോടെന്തിനാണ് വിവേചനം?' ഹോസ്റ്റൽ കർഫ്യൂവിനെതിരെ വിദ്യാർത്ഥിനികൾ കോടതിയിൽ

ആൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക് എപ്പോൾ വേണമെങ്കിലും കയറാനും ഇറങ്ങാനും സാധിക്കും. സമയനിയന്ത്രണം അവരെ ബാധിക്കുന്നില്ല. ലേഡീസ് ഹോസ്റ്റലുകളിൽ മാത്രമാണ് നിയന്ത്രണവും കർഫ്യൂവും.

രാത്രി 9.30 നുള്ളിൽ ഹോസ്റ്റലിൽ കയറണമെന്ന സർക്കാർ ഉത്തരവ് കർശനമാക്കിയതിനെ തുടർന്ന് പ്രതിഷേധം തുടരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളുടെ വാക്കുകളിലുണ്ട് ഹോസ്റ്റൽ സമയനിയന്ത്രണത്തിലെ ലിം​ഗ വിവേചനം. പതിനെട്ടു വയസു കഴിഞ്ഞ വ്യക്തികളാണ് തങ്ങൾ എന്നും, ലിംഗവിവേചനത്തിലൂന്നിയ ഇത്തരം നിയന്ത്രണങ്ങൾ അം​ഗീകരിക്കാനാകില്ലെന്നും സമരം ചെയ്യുന്ന വിദ്യാർത്ഥികൾ. 'ആസാദി ബ്രേക്ക് ദി കർഫ്യൂ' കാമ്പയിന്റെ തുടർച്ചയായി ഇതേ ആവശ്യങ്ങളിലൂന്നി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്

കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾ. ഹോസ്റ്റൽ കർഫ്യൂവിന് ആധാരമായ നിയമത്തിൽ മാറ്റം വരുത്തുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. നവംബർ 21 നാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റൽ നാലിന്റെ അസിസ്റ്റന്റ് വാർഡൻ ഡോ. നൗഫിറ, ഇനി മുതൽ കർഫ്യൂ ശക്തമാക്കും എന്ന് വിദ്യാർത്ഥിനികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജ് ചെയ്തതിനെ തുടർന്നാണ് ഇവർക്ക് മിന്നൽ സമരത്തിലേക്ക് പോകേണ്ടി വന്നത്. നിലനിൽക്കുന്ന സർക്കാർ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഹോസ്റ്റൽ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് എന്ത് സംഭവിച്ചാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം വാർഡൻ ഏറ്റെടുക്കേണ്ടി വരുമെന്നും ലേഡീസ് ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ ഡോ. നൗഫിറ ദ ക്യു വിനോട് പറഞ്ഞു. ഉത്തരവ് നേരത്തെ നിലവിലുണ്ടെങ്കിലും ഈ അടുത്ത ദിവസങ്ങളിലായാണ് കർശനമാക്കിയതെന്ന് വിദ്യാർഥികൾ പറയുന്നു. 2019 ൽ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് മുൻനിർത്തിയാണ് ഹോസ്റ്റൽ അധികൃതർ 2022ലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

എന്തിനാണ് പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണം?

മെൻസ് ഹോസ്റ്റലുകളിൽ സ്ഥിതി ഇതല്ലെന്നും, എപ്പോഴും കയറാനും ഇറങ്ങാനും കഴിയുന്ന അവസ്ഥയാണെന്നും വിദ്യാർഥികൾ. ലേഡീസ് ഹോസ്റ്റലുകളിൽ മാത്രം വ്യത്യസ്ത നിലപാടെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ കൊണ്ടുവന്ന നിയമം പെൺകുട്ടികൾക്ക് മാത്രമായി കർശനമാക്കി നടപ്പാക്കുകയാണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്, മുൻപുണ്ടായിരുന്ന വാർഡന്മാർ കുറച്ചുകൂടി ഇത് മനസിലാക്കുമായിരുന്നു എന്നാൽ ഇപ്പോൾ വന്ന പുതിയ വാർഡൻ ഒരു തരത്തിലും കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നില്ല, ഗേറ്റ് അടച്ചു കഴിഞ്ഞാൽ പിന്നീട് ആര് വന്നാലും തുറക്കുന്നതായിരിക്കില്ല എന്ന് കർശനമായി പറഞ്ഞു കഴിഞ്ഞു. ആ സമയത്തിന് ശേഷം വന്നാൽ നിങ്ങൾക്ക് പുറത്തെവിടെ വേണമെങ്കിലും നിൽക്കാം, ഹോസ്റ്റലിൽ കയറാൻ കഴിയില്ല എന്നാണ് ലഭിച്ച നിർദ്ദേശം, അങ്ങനെയാണ് ഞങ്ങൾ പ്രതിഷേധത്തിനിറങ്ങിയത്. ഇതിനു മുമ്പും ഹോസ്റ്റലിൽ വൈകിയെത്തുന്ന വിദ്യാർത്ഥികളെ കുറിച്ച് വീട്ടിൽ വിളിച്ച് മോശം അഭിപ്രായങ്ങൾ പറയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. മെഡിക്കൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണും ഹോസ്റ്റൽ സെക്രട്ടറിയുമായ ഫിയോണ പറയുന്നു. നിരവധി തവണ മാപ് എഴുതിച്ചിട്ടുണ്ട് പലതവണ എതിർപ്പുകൾ ഉയർന്നിട്ടുണ്ടെങ്കിലും, ശക്തമായ പ്രതിഷേധത്തിലേക്ക് ആളുകൾ ഇപ്പോഴാണ് കടന്നത്.

ഈ വിഷയത്തിൽ മുമ്പ് പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ പി.ടി.എ യുടെ അഭിപ്രായം നോക്കി തീരുമാനിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന്, പി.ടി.എ ക്ക് ഈ വിഷയത്തിൽ ഇടപെടാൻ കഴിയുമോ എന്നറിയാൻ വിദ്യാർഥികൾ ആർ.ടി.ഐ ഫയൽ ചെയ്തു. അതിൽ ലഭിച്ച മറുപടി പ്രകാരം ഹോസ്റ്റൽ സമയം തീരുമാനിക്കുന്നതിൽ പി.ടി.എ ക്ക് യാതൊരു പങ്കുമില്ലെന്നാണ് അറിഞ്ഞത്. ഫിയോണ ദ ക്യു വിനോട് പറഞ്ഞു.

ഒരു സ്ഥാപനമെന്ന രീതിയിൽ അവർക്ക് ഒരുപാട് പരിമിതികളുണ്ട്, അത് അംഗീകരിക്കുന്നു. ഈ ഉത്തരവിനപ്പുറം എന്തെങ്കിലും ചെയ്യാൻ അവർക്കു കഴിയില്ല. എന്നാൽ ഈ ഉത്തരവാദിത്വം മെൻസ് ഹോസ്റ്റലിന്റെ കാര്യത്തിൽ എന്തുകൊണ്ട് അവർക്ക് തോന്നുന്നില്ല? ലേഡീസ് ഹോസ്റ്റലിൽ നിയമം പാലിച്ചില്ലെങ്കിൽ മാത്രമാണോ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നത്?

ഫിയോണ

കാമ്പസിലെ സുരക്ഷാ പരിമിതിക്ക് കർഫ്യൂ ആണോ പരിഹാരം

ഇവിടെ ക്യാമ്പസ്സിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരന്തരമായി അപേക്ഷകൾ നൽകിയിട്ടുണ്ട്. ആവശ്യത്തിന് സെക്യൂരിറ്റി സ്റ്റാഫുകളില്ല. സ്ട്രീറ്റ് ലൈറ്റുകളില്ല, സി.സി.ടി.വി കളില്ല. അതിനേക്കാളൊക്കെ പ്രധാനപ്പെട്ടത് ഒരു അടച്ചുറപ്പുള്ള കാമ്പസാണ്. ക്യാമ്പസ്സിന് ചുറ്റുമതിലില്ല എന്നത് വളരെ പെട്ടന്ന് പരിഹരിക്കേണ്ട പ്രശ്നമാണ്. വിദ്യാർഥികൾ പറയുന്നു. ആർക്കും ക്യാമ്പസ്സിലേക്ക് കയറി വരാൻ കഴിയുന്ന അവസ്ഥയാണെന്നും, അതുകൊണ്ടാണ് മുൻപ് റിപ്പോർട്ട് ചെയ്ത പല പ്രശ്നങ്ങളും ക്യാമ്പസ്സിൽ ഉണ്ടായതെന്നും വിദ്യാർഥികൾ പറയുന്നു. വൈകുന്നേരം അഞ്ചുമണിക്കും ഏഴുമണിക്കും പെൺകുട്ടികളെ പുറത്ത് നിന്ന് വന്ന ആളുകൾ ഉപദ്രവിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും, അതിനെല്ലാം അധികൃതർ കണ്ടെത്തുന്ന പരിഹാരം കർഫ്യൂ ശക്തമാക്കുക എന്നത് മാത്രമാണെന്നും വിദ്യാർഥികൾ പറയുന്നു. മറ്റു പ്രശ്നങ്ങളെ മുഴുവൻ വളരെ എളുപ്പത്തിൽ തള്ളിക്കളയാൻ കഴിയുന്ന ഒരു ന്യായം മാത്രമാണത്, യഥാർത്ഥ പ്രശ്നം ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് അല്ലാതെ കുട്ടികളെ അടച്ചിടുക എന്നതല്ല. വിദ്യാർഥികൾ പറയുന്നു.

കഴിഞ്ഞ രണ്ടു വർഷമായി ഹോസ്റ്റൽ നിയന്ത്രണത്തിലെ ലിം​ഗ വിവേചനം വനിതാ കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്, അവർക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടെങ്കിലും ഈ നിയമം നിലനിൽക്കുന്നതുകൊണ്ട് ഒരു തരത്തിലും ഇടപെടാൻ കഴിയാത്ത അവസ്ഥയാണ്. നിയമം ആവശ്യമില്ല എന്ന് സർക്കാരിനെ ബോധ്യപ്പെടുത്താമെന്ന് ഉറപ്പ് വനിതാ കമ്മീഷനിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ.

ആൺകുട്ടികൾക്ക് മാത്രമായി 24 മണിക്കൂർ റീഡിം​ഗ് റൂം

കാമ്പസിൽ ഇരുപത്തിനാലു മണിക്കൂർ റീഡിങ് റൂം ആവശ്യപ്പെട്ടിരുന്നു, എന്നാൽ അധികൃതർ അത് ആൺകുട്ടികൾക്ക് മാത്രമായി അംഗീകരിച്ചു. പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ തന്നെ സൗകര്യം ചെയ്തു തരാം എന്നാണ് പറഞ്ഞത്. ഇതിൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. വിദ്യാർഥികൾ പറയുന്നു. നിയമം നേരത്തെ ഉണ്ടായിരുന്നതാണ്, എന്നാൽ ഓരോ വാർഡന്മാരെ അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. സ്ട്രിക്ട് ആക്കണമെന്ന് ഒരു വാർഡന് തോന്നിയാൽ അവർക്കത് ചെയ്യാൻ കഴിയും. യൂണിയൻ ജനറൽ സെക്രട്ടറി ഹെന്ന ദ ക്യു വിനോട് പറഞ്ഞു.

ബോയ്സ് ഹോസ്റ്റലിൽ സെക്യൂരിറ്റിയോ പൂട്ടാൻ ഗേറ്റോ ഇല്ല. അവർക്ക് രാത്രി രണ്ടുമണിക്ക് ചായ കുടിക്കാൻ പോകണമെന്ന് തോന്നിയാൽ അവർ രണ്ടുമണിക്ക് ചായകുടിക്കാൻ പോകും.

ഹന്ന, ജനറൽ സെക്രട്ടറി കോളേജ് യൂണിയൻ

ഈ സമരം നടന്നതിന് ശേഷം പ്രിൻസിപ്പൽ ഒരു മീറ്റിങ് വിളിച്ച് ചേർത്തിരുന്നു. അതിൽ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളും അദ്ധ്യാപകരും, പങ്കെടുത്തിരുന്നു. പി.ടി.എ ഉൾപ്പെടെയുള്ളവരുമായി ആലോചിക്കാമെന്നും, ഒരു പത്തംഗ സമിതി രൂപീകരിച്ച് റിപ്പോർട്ട് ആവശ്യപ്പെടും, അതനുസരിച്ച് സർക്കാരിന് നിർദ്ദേശങ്ങൾ നൽകുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ ഇങ്ങനെ ഒരു സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല എന്നാണ് ഹെന്ന പറയുന്നത്. ഞങ്ങൾ ഹൈക്കോടതിയിൽ ഹർജിയുമായി പോകുന്നത് അതുകൊണ്ടു കൂടിയാണ്. എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന തരത്തിൽ ഒരു വിധിയാണ് പ്രതീക്ഷിക്കുന്നത്. ഹന്ന പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ലേഡീസ് ഹോസ്റ്റലിന്റെയും മെൻസ് ഹോസ്റ്റലിന്റെയും സമയം 9.30 ആണ്. ഞങ്ങൾക്ക് അതനുസരിച്ച് പ്രവർത്തിക്കാൻ മാത്രമേ സാധിക്കൂ, എന്നിട്ടും രാത്രി പത്തര വരെ ഞങ്ങൾ ആളുകൾക്ക് കേറാൻ സമയം അനുവദിക്കാറുണ്ട്. മെഡിക്കൽ കോളേജ് ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ ഡോ. നൗഫിറ പറഞ്ഞു. പതിനെട്ടു വയസു തികഞ്ഞവരാണെന്നും അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ നിലനിൽക്കുന്ന നിയമം അനുസരിച്ച് മാത്രമേ നമുക്ക് പ്രവർത്തിക്കാൻ സാധിക്കൂ. ഈ നിയമങ്ങൾ കുട്ടികൾ പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് വാർഡൻ എന്ന രീതിയിൽ തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഡോ. നൗഫിറ പറഞ്ഞു.

മൂന്ന് ലേഡീസ് ഹോസ്റ്റലുകളാണ് ഇവിടെയുള്ളത്. അതിൽ ഇപ്പോൾ സംഭവം നടന്ന ഹോസ്റ്റലിൽ അണ്ടർ ഗ്രാജുവേറ്റ് വിദ്യാർഥികൾ മാത്രമേ ഉള്ളു. അവർക്ക് രാത്രി കാഷ്വലിറ്റി പോസ്റ്റിങ്ങ് ഉണ്ടാകാറില്ല. പ്രാക്ടിക്കലുകൾ മുഴുവൻ വൈകുന്നേരം നാലുമണിയോടെ അവസാനിക്കും. അതുകൊണ്ടാണ് ഈ ഹോസ്റ്റലിൽ നിയമം കർശനമായി നടപ്പാക്കിയത്, മറ്റു ഹോസ്റ്റലുകളിൽ ഇപ്പോഴും നിയമം ലംഘിക്കുന്നുണ്ട്. നാലാം വർഷം ലേബർ റൂം ഡ്യൂട്ടി ഉണ്ടെങ്കിൽ തന്നെ അത് രാവിലെ 8 മുതൽ രാത്രി 8 വരെയും നൈറ്റ് ഷിഫ്റ്റ് രാത്രി 8 മുതൽ രാവിലെ 8 വരേയുമാണ്. അതിനിടയിൽ അവർക്ക് പുറത്ത് പോകാൻ കഴിയില്ല. ഡോ. നൗഫിറ പറഞ്ഞു.

ഹോസ്റ്റലിലെ ലേറ്റ് രജിസ്റ്റർ പരിശോധിച്ചപ്പോൾ നിരന്തരമായി ഒരുമണിക്കും രണ്ടുമണിക്കും ഹോസ്റ്റലിൽ കയറുന്നവരുണ്ടെന്നു മനസിലാക്കിയെന്നും, രാത്രി ഗേറ്റ് തുറന്നു കൊടുത്തില്ലെങ്കിൽ സെക്യൂരിറ്റിയെ അസഭ്യം പറയുമെന്ന് പരാതി ലഭിച്ചിട്ടുമുണ്ടെന്നും വാർഡൻ പറയുന്നു. നൈറ്റ് പട്രോളിംഗിന് വരുന്ന പോലീസ് എന്തിനാണ് ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് തുറന്നിട്ടിരിക്കുന്നത് എന്ന് ചോദിച്ചതിനെ തുടർന്നാണ് വൈസ് പ്രിൻസിപ്പലിനെ വിവരമറിയിച്ചത് എന്നും വാർഡൻ ദ ക്യു വിനോട് പറഞ്ഞു.

ക്യാമ്പസ് ഇലക്ഷനും ഹോസ്റ്റൽ ഇലക്ഷനും വരൻ പോവുകയാണ് അതിന്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളുടെ മുന്നിൽ ഇമേജ് ഉണ്ടാക്കിയെടുക്കാൻ ഉള്ള ശ്രമമായി കൂടെ ഇതിനെ കാണണമെന്നും ഡോ. നൗഫിറ പറയുന്നു.

ഗേൾസിന് എന്തെങ്കിലും പറ്റിയാൽ അത് ആൺകുട്ടികൾക്ക് പറ്റുന്ന പോലെയല്ല. അതിന് വാർത്താ പ്രാധാന്യമേറും. ആരോടും വിവേചനം ഉള്ളതുകൊണ്ടല്ല. നർക്കോട്ടിക്‌സ് ബ്യൂറോയുടെ ക്ലോസ് നിരീക്ഷണം ഉള്ള ക്യാമ്പസാണിത്. ഇങ്ങെയുള്ള നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. റൂൾസ് എല്ലാവരുടെയും സുരക്ഷക്ക് വേണ്ടിയാണ്‌

ഡോ. നൗഫിറ, മെഡിക്കൽ കോളേജ് ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ

കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന നിയമത്തിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ട് എന്ത് മാറ്റം വരുത്താനാകും എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി മെഡിക്കൽ കോളേജുകൾ ആരോഗ്യ സർവ്വകലാശാലയ്ക്ക് കീഴിലാണെന്നും, അതുകൊണ്ട് സർവ്വകലാശാലയ്ക്ക് ഈ നിയമത്തിൽ ഇളവ് ആവശ്യപ്പെടാൻ കഴിയുമെന്നും, നേരത്തെ തന്നെ രാത്രി 9.30 നു ശേഷം പുറത്തിറങ്ങാമെന്ന് ഔദ്യോഗികമായി ആരോഗ്യ സർവ്വകലാശാല അംഗീകരിച്ചിട്ടുണ്ട് എന്നും, ആ പോയിന്റ് ഉന്നയിച്ചുകൊണ്ടായിരിക്കും ഹൈക്കോടതിയിൽ വാദം നടക്കാൻ സാധ്യതയെന്നും നിയമ വിദഗ്ദർ ദ ക്യു വിനോട് പറഞ്ഞു. കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കുന്ന വിഷയമാണെങ്കിലും, വിദ്യാർത്ഥികളുടെ വാദങ്ങൾ മിക്കതും മെഡിക്കൽ പഠനസാഹചര്യങ്ങളുമായി ബന്ധപ്പെട്ടതായതു കൊണ്ട് കോടതി ഈ വിഷയം മാത്രമായി പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്.

Related Stories

No stories found.
The Cue
www.thecue.in