കിളികൊല്ലൂർ മർ‌ദനം; പൊലീസ് തിരക്കഥ മുതൽ സൈന്യത്തിന്റെ ഇടപെടൽ വരെ

കിളികൊല്ലൂർ മർ‌ദനം; പൊലീസ് തിരക്കഥ മുതൽ സൈന്യത്തിന്റെ ഇടപെടൽ വരെ

എം.ഡി.എം.എ കേസില്‍ പിടിയിലായ പ്രതിയെ കാണാന്‍ സ്റ്റേഷന്‍ അതിക്രമിച്ച് കയറിയ സൈനികനും സഹോദരനും പൊലീസുകാരെ മര്‍ദിച്ചു എന്ന വാര്‍ത്തയില്‍ നിന്ന് കള്ളക്കേസില്‍ കുടുക്കി പൊലീസ് ജീവിതം തകര്‍ത്ത രണ്ട് ചെറുപ്പക്കാര്‍ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ വിഘ്‌നേഷിന്റെയും സഹോദരന്‍ വിഷ്ണുവിന്റെയും അവസ്ഥ ഇന്ന് കേരളം ചര്‍ച്ച ചെയ്യുകയാണ്.

പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സൈന്യം ഇടപെടുകയാണ്. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും വിശദീകരണം തേടിയിട്ടുണ്ട്. സൈനികനായ വിഷ്ണുവിനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് പരാതി നല്‍കാനൊരുങ്ങുകയാണ്.

മര്‍ദ്ദനത്തെക്കുറിച്ച് വിഘ്‌നേഷും സഹോദരന്‍ വിഷ്ണുവും പറയുന്നത് പട്ടാളക്കാരനാണ് എന്നതിന്റെ പേരില്‍ പക തീര്‍ക്കുന്നത് പോലെയായിരുന്നു വിഷ്ണുവിനെ പൊലീസ് മര്‍ദ്ദിച്ചതെന്നാണ്.

മര്‍ദ്ദനത്തില്‍ വിഘ്‌നേഷിന്റെ വലത് കൈയ്യിലെ മൂന്ന് വിരലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. ആഹാരം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി അഞ്ച് മിനിറ്റ് പോലും നേരെ നില്‍ക്കാന്‍ കഴിയില്ല. പൊലീസ് ലിസ്റ്റില്‍ ഉണ്ടെങ്കിലും അടിയേറ്റ് ചതഞ്ഞ ശരീരവുമായി വിഘ്‌നേഷിന് ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല.

എം.ഡി.എം.എ കേസ് പൊലീസ് കെട്ടിച്ചമച്ച കഥ

എം.ഡി.എം.എ കേസില്‍ പിടിയിലായ പ്രതിയെ കാണാന്‍ സ്റ്റേഷന്‍ അതിക്രമിച്ച് കയറിയ സൈനികനും സഹോദരനും പൊലീസുകാരെ മര്‍ദ്ദിച്ചു എന്നതായിരുന്നു പത്രമാധ്യമങ്ങളില്‍ പൊലീസ് കൊടുത്ത വാര്‍ത്ത. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ യെ സഹോദരന്‍മാര്‍ കസേരയില്‍ നിന്ന് വലിച്ച് നിലത്തിട്ട് സ്റ്റൂള്‍ കൊണ്ട് തലക്കടിച്ചു എന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ എം.ഡി.എം.എ കേസില്‍ പിടിക്കപ്പെട്ട പ്രതിയെ ജാമ്യത്തിലിറക്കാന്‍ കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ മണികണ്ഠന്‍ വിളിച്ചിട്ടാണ് വിഘ്‌നേഷ് സ്റ്റേഷനിലേക്ക് വന്നത്.

പി.എസ്.സി ലിസ്റ്റില്‍ ഉള്ളതിനാല്‍ ജാമ്യം നില്‍ക്കാന്‍ ബുദ്ദിമുട്ട് ഉണ്ടെന്ന് പറഞ്ഞ് വിഘ്‌നേഷ് ഇറങ്ങുമ്പോഴാണ് സഹോദരന്‍ വിഷ്ണു സംഭവസ്ഥലത്തേക്ക് വരുന്നത്. അപ്പോള്‍ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍ യാതൊരു പ്രകോപനവും കൂടാതെ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. പ്രകാശ് ചന്ദ്രന്‍ അസഭ്യം പറഞ്ഞപ്പോള്‍ താനൊരു പട്ടാളക്കാരനാണെന്നും മര്യാദക്ക് സംസാരിക്കണമെന്നും വിഷ്ണു പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രകാശ് ചന്ദ്രന്‍ വിഷ്ണുവിനെയും വിഘ്‌നേഷിനെയും മര്‍ദിച്ച് സ്റ്റേഷനിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു.

സ്റ്റേഷനില്‍ വെച്ച് തുടര്‍ച്ചയായി മുഖത്തടിച്ചപ്പോള്‍ സൈനികനായ വിഷ്ണു തിരിച്ചടിച്ചു. ഇതിനിടെ മദ്യപിച്ചിരുന്ന പ്രകാശ് ചന്ദ്രന്‍ ബാലന്‍സ് നഷ്ടപ്പെട്ട് നിലത്ത് വീഴുകയും തലയില്‍ മുറിവേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ ചേര്‍ന്ന് സൈനികനായ വിഷ്ണുവിനെയും അനുജന്‍ വിഘ്‌നേഷിനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

പൊലീസ് മര്‍ദനത്തെ പറ്റി പുറത്ത് പറഞ്ഞാല്‍ ലഹരി മാഫിയ ബന്ധമുണ്ടെന്ന് വാര്‍ത്ത കൊടുത്ത് ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി

വിഷ്ണുവിന്റെ വിവാഹം മുടങ്ങി, പെരുവഴിയിലായി വിഘ്‌നേഷിന്റെ സര്‍ക്കാര്‍ ജോലി മോഹവും

പട്ടാളക്കാരനായ വിഷ്ണു വിവാഹ നിശ്ചയത്തിന് ലീവെടുത്ത് നാട്ടില്‍ വന്നതായിരുന്നു. വിവാഹത്തിന് മുന്നോടിയായി വീട് മിനുക്കാന്‍ പെയ്ന്റ് വാങ്ങാന്‍ പോയപ്പോഴായിരുന്നു ഈ സംഭവങ്ങള്‍. ഈ കാരണത്താല്‍ വിഷ്ണുവിന്റെ വിവാഹം മുടങ്ങി.

മര്‍ദ്ദനത്തില്‍ വിഘ്‌നേഷിന്റെ വലത് കൈയ്യിലെ മൂന്ന് വിരലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. ആഹാരം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി അഞ്ച് മിനിറ്റ് പോലും നേരെ നില്‍ക്കാന്‍ കഴിയില്ല. പൊലീസ് ലിസ്റ്റില്‍ ഉണ്ടെങ്കിലും അടിയേറ്റ് ചതഞ്ഞ ശരീരവുമായി വിഘ്‌നേഷിന് ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല.

സംഭവത്തെ പറ്റി വിഘ്‌നേഷ് പറയുന്നത് ഇങ്ങനെ

25.08.2022 വൈകിട്ട് നാട്ടുകാരനും കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരനുമായ മണികണ്ഠന്‍ ഫോണ്‍ വിളിച്ച് സ്റ്റേഷനിലോട്ട് വരാന്‍ പറഞ്ഞു. നാട്ടുകാരനായ അനന്ദു സ്റ്റേഷനിലുണ്ട്. ഒരു കേസില്‍ പിടിച്ചതാണ്. അവനെ ഇറക്കാനാണ്. ആധാര്‍ കാര്‍ഡ് എടുത്തോ എന്നും പറഞ്ഞു. എന്താണ് കേസെന്നോ മറ്റ് വിവരങ്ങളോ പറഞ്ഞില്ല. നാട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായ വിഘ്‌നേഷ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എം.ഡി.എം.എ കേസിലാണ് അനന്ദുവിനെ പിടിച്ചത് എന്നറിയുന്നത്.

വളരെ ചെറിയ അളവ് എം.ഡി.എം.എ ആയതുകൊണ്ട് റിമാന്റ് ചെയ്യാന്‍ കഴിയില്ലെന്നും വിഘ്‌നേഷിന്റെ ജാമ്യത്തില്‍ ഇറക്കണമെന്നും മണികണ്ഠന്‍ പറഞ്ഞു. സത്യത്തില്‍ അകത്ത് കിടക്കണ്ട കേസാണ്. പിന്നെ ഞാന്‍ ഇപ്പോ ഈ സ്റ്റേഷനില്‍ ആയതുകൊണ്ട് ഒഴിവാക്കുകയാണ് എന്നും മണികണ്ഠന്‍ പറഞ്ഞു. എന്നാല്‍ പി.എസ്.സി പൊലീസ് ലിസ്റ്റില്‍ ഉള്ളത് കൊണ്ട് ജാമ്യം നില്‍ക്കാന്‍ അസൗകര്യമുണ്ടെന്ന് വിഘ്‌നേഷ് പറഞ്ഞു. തനിക്ക് പറ്റില്ലെന്നും അനന്ദുവിന്റെ വീട്ടുകാരെ അറിയിക്കാനും മണികണ്ഠനോട് പറഞ്ഞ് വിഘ്‌നേഷ് റോഡിലേക്ക് ഇറങ്ങി.

ഈ സമയം റോഡ് സൈഡില്‍ ഒരു സ്ത്രീ തലകറങ്ങി വീണു. വിഘ്‌നേഷും നാട്ടുകാരും ചേര്‍ന്ന് അവരെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. ഇതെല്ലാം കണ്ടിട്ടും ഇടപെടാതെ സീനിയര്‍ സി.പി.ഒ പ്രകാശ് ചന്ദ്രന്‍ അവിടെ സിവില്‍ ഡ്രസ്സില്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്റ്റേഷനിലേക്ക് പോയ അനുജനെ നേരം വൈകിയിട്ടും കാണാതായതോടെ സൈനികനായ വിഷ്ണു സ്‌കൂട്ടറില്‍ അവിടെ എത്തി. സ്‌കൂട്ടര്‍ ഒതുക്കാന്‍ പോകവേ അതേ ദിശയില്‍ വന്ന ഒരു ഓട്ടോ സ്‌കൂട്ടറില്‍ ഇടിക്കാന്‍ പോയി. ബ്രേക്ക് ചെയ്തതിനാല്‍ അപകടം ഒഴിവായി ഓട്ടോ പോകുകയും ചെയ്തു.

വണ്ടി ഒതുക്കി വിഷ്ണു ഇറങ്ങിയതും അവിടെ നിന്ന പ്രകാശ് ചന്ദ്രന്‍ വന്ന് എവിടെ നോക്കിയാടാ വണ്ടിയെടുക്കുന്നത് എന്ന് ചോദിച്ച് അസഭ്യം പറയാന്‍ തുടങ്ങി. അയാള്‍ സംസാരിക്കുമ്പോള്‍ മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ചീത്ത വിളിക്കുകയും തട്ടിക്കയറുകയും ചെയ്തതോടെ വിഷ്ണു പ്രകാശനോ ചന്ദ്രനോട് മാന്യമായി സംസാരിക്കാന്‍ പറഞ്ഞു. ഓട്ടോക്കാരന്റെ ഭാഗത്തെ തെറ്റല്ലേ, താന്‍ ഇന്റിക്കേറ്റര്‍ ഇട്ടല്ലേ വളച്ചത് എന്നും ചോദിച്ചു. മിണ്ടാതിരിക്കാനും ഒരുപാട് സംസാരിച്ചാല്‍ പണി തരുമെന്നും പറഞ്ഞ് പ്രകാശ് ചന്ദ്രന്‍ ചീത്ത വിളി തുടര്‍ന്നതോടെ താന്‍ ആര്‍മിയില്‍ ആണെന്നും ലീവിലാണെന്നും കുറച്ചുകൂടി മാന്യമായി സംസാരിക്കണമെന്നും വിഷ്ണു പറഞ്ഞു. അതോടെ പ്രകോപിതനായ പ്രകാശ് ചന്ദ്രന്‍ അതെന്താടാ ആര്‍മിയെ ചീത്ത വിളിക്കാന്‍ പറ്റില്ലേ എന്ന് പറഞ്ഞ് കേട്ടാലറക്കുന്ന തെറിവിളി തുടര്‍ന്നു. സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വിഷ്ണുവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റും ഫോണും ചേര്‍ത്ത് പിടിച്ച് പോക്കറ്റ് വലിച്ച് കീറി.

തോന്നിവാസം കാണിക്കരുതെന്നും ഈ കാണിച്ചതിന് എസ്.ഐ യെ കണ്ട് പരാതി കൊടുത്തിട്ടേ പോകൂ എന്നും വിഷ്ണു പറഞ്ഞതോടെ പ്രകാശ് ചന്ദ്രന്‍ വിഷ്ണുവിനെയും വിഘ്‌നേഷിനെയും കുത്തിന് പിടിച്ച് വലിച്ചുകൊണ്ടുപോയി. ഈ സമയം ഇത് ഫോണില്‍ പകര്‍ത്താനായി വിഘ്‌നേഷ് ഫോണ്‍ എടുത്തു. അപ്പോള്‍ അവിടെ സിവില്‍ ഡ്രസ്സില്‍ ഉണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ വന്ന് ഫോണ്‍ തട്ടിപ്പറിക്കുകയും രണ്ടുപേരെയും മര്‍ദിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

സ്റ്റേഷനകത്ത് വെച്ച് എസ്.ഐ യെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐ സ്വാതി ഇറങ്ങി വന്ന് എന്താണ് കാര്യമെന്ന് ചോദിച്ചു. അകാരണമായി തങ്ങളെ മര്‍ദിച്ചെന്നും തന്റെ പോക്കറ്റ് വലിച്ചുകീറിയെന്നും താനൊരു പട്ടാളക്കാരനാണെന്നും വിഷ്ണു എസ്.ഐ യോട് പറഞ്ഞു. പൊലീസുകാരന്‍ മദ്യപിച്ചിട്ടുണ്ടെന്നും അയാളുടെ മെഡിക്കല്‍ എടുക്കണമെന്നും വിഷ്ണു ആവശ്യപ്പെട്ടു.

ഇത് കേട്ട് നിന്ന പ്രകാശ് ചന്ദ്രന്‍ എസ്.ഐ യുടെ മുന്നില്‍ വെച്ച് വിഷ്ണുവിന്റെ മുഖത്ത് ആഞ്ഞടിച്ചു. തുടരെ മുഖത്ത് അടിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം വിഷ്ണു തടഞ്ഞു. പെട്ടെന്ന് ബാലന്‍സ് പോയ പ്രകാശ് ചന്ദ്രന്‍ വീഴാന്‍ പോയപ്പോള്‍ വിഷ്ണുവിന്റെ കോളറില്‍ പിടിക്കുകയും ഇരുവരും നിലത്ത് വീഴുകയും ചെയ്തു. വീഴ്ചയില്‍ പ്രകാശ് ചന്ദ്രന്റെ തല ചെറുതായി മുറിഞ്ഞു. പെട്ടെന്ന് പുറത്ത് നിന്ന് ഓടിവന്ന സി.ഐ. വിനോദ്, എസ്.ഐ. അനീഷ്, മണികണ്ഠന്‍ എന്നിവര്‍ പൊലീസുകാരനെ തല്ലുമോടാ എന്ന് ചോദിച്ച് വിഷ്ണുവിനെ ചവിട്ടി താഴെയിട്ടു. വിഷ്ണുവിനെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയി വിവസ്ത്രനാക്കി പൊലീസുകാര്‍ ചുറ്റും നിന്ന് ബൂട്ട് ഇട്ട് തലയിലും മുഖത്തും ചവിട്ടി.

വിഷ്ണുവിനെ ക്രൂരമായി അക്രമിക്കുന്നത് കണ്ട് തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞ വിഘ്‌നേഷിനെ സി.ഐ. വിനോദും മണികണ്ഠനും കൈവിലങ്ങിട്ട് തുരുതുരാ ചവിട്ടി. ഉറക്കെ നിലവിളിച്ച വിഘ്‌നേഷിനെ സി.ഐ. വിനോദ് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തി തല ഭിത്തിയില്‍ ഇടിപ്പിച്ചു. നിന്നെ കൊല്ലുമെടാ എന്ന് പറഞ്ഞ് കനമുള്ള ലാത്തിയെടുത്ത് മുതുകത്തും തോളിലും കാല്‍മുട്ടിന്റെ ചിരട്ടയിലും ആഞ്ഞടിച്ചു.

ഇതേസമയം വേറെയും പൊലീസുകാര്‍ വന്ന് അടിക്കുകയും ചവിട്ടുകയും ചെയ്തു. ലാത്തി കൊണ്ടുള്ള അടിയേറ്റ് വിഘ്‌നേഷിന്റെ ഇടത് കയ്യിലെ രണ്ട് വിരലുകളും വലത് കയ്യിലെ ചെറുവിരലും കൈപ്പത്തിയും പൊട്ടി. വിരലൊടിഞ്ഞാല്‍ നീയെങ്ങനെ തോക്ക് പിടിക്കുമെന്ന് ചോദിച്ച് പട്ടാളക്കാരനായ വിഷ്ണുവിന്റെ വിരല്‍ അടിച്ചൊടിക്കുമെന്ന് പറഞ്ഞ് എസ്.ഐ. അനീഷ് ആക്രോശിച്ചു. മുറിഞ്ഞ കയ്യില്‍ തന്നെ തുടരെ തുടരെ അടിച്ചു. വി?ഗ്‌നേഷിന്റെ തല കാല്‍മുട്ടുകള്‍ക്കിടയില്‍ അമര്‍ത്തിപ്പിടിച്ച് മറ്റു പൊലീസുകാരെ കൊണ്ട് മുതുകിനും നട്ടെല്ലിനും ചവിട്ടിപ്പിച്ചു.

നിലവിളിച്ച് കരഞ്ഞപ്പോഴും എസ്.ഐ. സ്വാതി ഇതെല്ലാം കണ്ട് അവിടെ നിന്നു. മാഡം എല്ലാം കണ്ടതല്ലേ, ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഒന്ന് പറ എന്ന് വിഘ്‌നേഷ് പറഞ്ഞപ്പോള്‍, നീയൊക്കെ കൊണ്ടോ, പൊലീസുകാരന്റെ കയ്യീന്നല്ലേ അടി കിട്ടിയത്, അതും വാങ്ങി വീട്ടില്‍ പോയാല്‍ പോരായിരുന്നോ, അവന്റെയൊക്കെ മറ്റേടത്തെ പരാതി, ഇനി അനുഭവിച്ചോ എന്നതായിരുന്നു എസ്.ഐ യുടെ മറുപടി.

പ്രകാശ് ചന്ദ്രന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞതിന് വിഘ്‌നേഷിന്റെ കാല്‍ അടിച്ചൊടിക്കാന്‍ സിവില്‍ ഡ്രസ്സിലായിരുന്ന ഒരു വനിതാ പൊലീസുകാരി മറ്റു പൊലീസുകാര്‍ക്ക് നിര്‍ദേശം കൊടുത്തു. ഇതുകേട്ട് സി.ഐ. വിനോദ് വിഘ്‌നേഷിനെ കഴുത്തിന് കുത്തിപ്പിടിച്ച് അടിനാവിക്ക് ചവിട്ടി. അഞ്ച് പൊലീസുകാര്‍ ബലമായി നിലത്ത് പിടിച്ച് കിടത്തി. സി.ഐ. വിനോദ് മുഖത്തും മണികണ്ഠന്‍ നട്ടെല്ലിനും ചവിട്ടിപ്പിടിച്ചു. എസ്.ഐ. അനീഷ് കാലില്‍ ആഞ്ഞടിച്ചു. ഇനി അടിക്കല്ലേ സാറേ ചത്തുപോകുമെന്ന് പറഞ്ഞ് കരഞ്ഞപ്പോഴും നിര്‍ത്തിയില്ല. ലാത്തി ഒടിയുന്നത് വരെ അടിച്ചു. ലാത്തി ഒടിഞ്ഞപ്പോള്‍ ഫൈബര്‍ ലാത്തിയെടുത്ത് അടി തുടര്‍ന്നു.

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നത് പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര് പറഞ്ഞ് സി.ഐ. വിനോദ് ക്രൂരമായി മര്‍ദിച്ചു. നീ ഡി.വൈ.എഫ്.ഐ അല്ലേ, നീയിനി കൊടി പിടിക്കുന്നത് എനിക്കൊന്ന് കാണണമെന്ന് പറഞ്ഞ് കയ്യില്‍ ആഞ്ഞടിച്ചു.

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് പത്രത്തില്‍ കൊടുത്ത് നിന്റെയൊക്കെ ജീവിതം തൊലച്ച് തരാമെന്ന് എസ്.ഐ. അനീഷ് പറഞ്ഞു. നിനക്കൊക്കെ എങ്ങനെ പണി തരണമെന്ന് അറിയാമെന്നും, പി.എസ്.സി ലിസ്റ്റിലുള്ള വിഘ്‌നേഷിനോട് പൊലീസിലെന്നല്ല ഒരു സര്‍ക്കാര്‍ ജോലിയിലും കയറാന്‍ അനുവദിക്കില്ലെന്നും അതിനുള്ള പണി ഇവിടെ ചെയ്ത് വെച്ചിട്ടേ പോകൂ എന്നും പറഞ്ഞു. രണ്ടുപേരെയും പുറം ലോകം കാണിക്കില്ല എന്നും എസ്.ഐ. അനീഷ് പറഞ്ഞു. അതിനിടയില്‍ നിങ്ങള്‍ ശരിക്കും സഹോദരങ്ങള്‍ ആണോ എന്ന് ചോദിച്ച് മാതൃത്വത്തെയും പിതൃത്വത്തെയും ചോദ്യം ചെയ്യുന്ന വിധത്തില്‍ ഒരുപാട് അസഭ്യങ്ങള്‍ സി.ഐ. വിനോദ് പറഞ്ഞു.

ഇതിനിടയില്‍ ഓമനക്കുട്ടന്‍ എന്ന ഒരു പൊലീസുകാരന്‍ വന്ന് ആര്‍മിയിലെ വിഷ്ണുവിന്റെ ജോലി തെറിപ്പിക്കുമെന്നും എം.ഡി.എം.എ ബന്ധം ഉണ്ടാക്കിത്തരാമെന്നും പറഞ്ഞ് കുറേ ചീത്തവിളിച്ചു. നേതാക്കളൊക്കെ തിരിച്ചുപോയത് എം.ഡി.എം.എ കണ്ണികളാണെന്ന് പറഞ്ഞത് കൊണ്ടാണെന്നും അയാള്‍ പറഞ്ഞു. ഈ സമയത്ത് സ്റ്റേഷനിലേക്ക് വന്ന ലകേശ് എന്ന പൊലീസുകാരന്‍ അടികൊണ്ട് ചോരയില്‍ കുളിച്ചിരുന്ന വിഷ്ണുവിന്റെയും വിഘ്‌നേഷിന്റെയും അടുത്ത് വന്ന് ഇനിയാരും നിങ്ങളെ മര്‍ദിക്കില്ലെന്നും മുറിവ് പരിശോധിക്കാനായി തിരിഞ്ഞിരിക്കാനും പറഞ്ഞു. തിരിഞ്ഞിരുന്ന വിഘ്‌നേഷിന്റെ നട്ടെല്ലിന് ബൂട്ടിട്ട് ആഞ്ഞു ചവിട്ടി. നിലവിളിച്ച് കരഞ്ഞതോടെ നിലത്തിട്ട് പിന്നെയും ചവിട്ടി. അപ്പോള്‍ രണ്ട് പൊലീസുകാര്‍ വന്ന് ഇനിയും ചവിട്ടിയാല്‍ ചത്തുപോകുമെന്ന് പറഞ്ഞ് പിടിച്ചുമാറ്റി.

പട്ടാളക്കാരനാണ് എന്ന ഒറ്റക്കാരണം പറഞ്ഞ് വിഷ്ണുവിനെ പൊലീസുകാര്‍ ക്രൂരമായി തല്ലിച്ചതച്ചു. പണ്ട് കാപ്പ ചുമത്തിയ ഒരു ഗുണ്ടയുടെ നടു ചവിട്ടിപ്പൊട്ടിച്ചിട്ടുണ്ടെന്നും ഒരുത്തനും ചോദിച്ചിട്ടില്ലെന്നും അതുകൊണ്ട് ആരെയും പേടിയില്ലെന്നും എസ്.ഐ. അനീഷ് പറഞ്ഞു.

പിന്നീട് സി.ഐ. വിനോദ് വന്ന് വിഷ്ണുവിന്റെ കാല് ബൂട്ടിട്ട് ചവിട്ടി ഞെരിച്ചു. നിന്നെയൊക്കെ കാണാന്‍ വരുന്നവരൊക്കെ പറയുന്നത് നിനക്കൊന്നും വലിയും കുടിയും ഒന്നുമില്ലെന്നാണല്ലോ. പിന്നെ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. നടന്ന സംഭവങ്ങളൊക്കെ വിഗ്‌നേഷ് പറഞ്ഞപ്പോള്‍, ഇത് കേട്ടിട്ട് പ്രകാശന്‍ പിള്ളേരോട് പോയി ചൊറിഞ്ഞ് ഉണ്ടാക്കിയതാണെന്ന് തോന്നുന്നല്ലോ, കേസ് ആക്കണോ വേണ്ടയോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. പിന്നീട് സ്റ്റേഷനില്‍ കാണാനെത്തിയ വാര്‍ഡ് മെമ്പര്‍മാരോടും ബ്ലോക്ക് മെമ്പര്‍മാരോടും പാര്‍ട്ടി നേതാക്കളോടുെമല്ലാം ഇത് എം.ഡി.എം.എ കേസാണെന്ന് പൊലീസ് പറഞ്ഞു. ചോരയില്‍ കുളിച്ചിരിക്കുന്ന കോലം പുറത്ത് കാണിക്കാന്‍ പറ്റാത്തതിനാല്‍ വന്നവരെയൊന്നും അകത്തേക്ക് കടത്തിവിട്ടില്ല.

എം.ഡി.എം.എ എന്ന് പറഞ്ഞപ്പോള്‍ നിന്റെയൊക്ക നേതാക്കള്‍ പേടിച്ചുപോയി. നിനക്കൊന്നും ഇതുമായി ബന്ധമില്ലെന്ന് അറിയാമെന്നും ഞാനായിട്ട് ഉണ്ടാക്കി തരാമെന്നും ജീവിതം തൊലക്കുമെന്നും എസ്.ഐ. അനീഷ് പറഞ്ഞു. അതിനിടയില്‍ ഉയര്‍ന്ന റാങ്കുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലേക്ക് വന്നു. തറയില്‍ രക്തം കെട്ടിക്കിടക്കുന്നത് കണ്ട് എന്താണെന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ വിഘ്‌നേഷും വിഷ്ണുവും സി.പി.ഒ പ്രകാശ് ചന്ദ്രനെ ഇവിടെയും കൊണ്ടുവന്ന് ഇടിച്ചു എന്ന് എസ്.ഐ അനീഷ് കള്ളം പറഞ്ഞു.

മെഡിക്കലിനായി ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ എസ്.ഐ. അനീഷ് വന്ന് ഭീഷണിപ്പെടുത്തി. പൊലീസിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ച് ഇങ്ങോട്ട് തന്നെയാണ് വരുന്നതെന്നും കൊന്നുകളയും, അറിയാമല്ലോ എന്നും പറഞ്ഞു. പരിക്ക് കണ്ട് പൊലീസുകാര്‍ അടിച്ചു എന്ന് എഴുതട്ടെ എന്ന് ഡോക്ടര്‍ ചോദിച്ചെങ്കിലും ജീവനില്‍ ഭയന്നും പൊലീസുകാര്‍ പത്രത്തില്‍ കൊടുത്താല്‍ വിഷ്ണുവിന്റെ വിവാഹം മുടങ്ങുമെന്നും ഭയന്ന് വിഗ്‌നേഷ് വേണ്ടെന്ന് പറഞ്ഞു.

പിറ്റേ ദിവസം ഒരു ഉദ്യോഗസ്ഥന്‍ വന്ന് ലോക്കപ്പില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് വിഷ്ണുവിന്റെയും വിഘ്‌നേഷിന്റെയും ഫോട്ടോ എടുത്തു. വൈകിട്ട് കോടതിയില്‍ പോകുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയാന്‍ തോന്നിയാല്‍ നമുക്ക് പത്രത്തില്‍ കൊടുക്കണ്ടേ എന്ന് പറഞ്ഞു.

വൈകിട്ട് മെഡിക്കലിന് പോയപ്പോള്‍ ഡോക്ടറോടും മജിസ്‌ട്രേറ്റിനോടും വിഘ്‌നേഷ് സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞു. മൊഴി രേഖപ്പെടുത്തി പൊലീസിനെതിരെ പരാതിയും സ്വീകരിച്ച് രണ്ടുപേരെയും റിമാന്റ് ചെയ്തു. തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ എം.ഡി.എം.എ പ്രതികളെ കാണാന്‍ സ്റ്റേഷന്‍ അതിക്രമിച്ച് കയറി എന്ന രീതിയില്‍ തലേദിവസം എടുത്ത ഫോട്ടോ അടക്കം വാര്‍ത്ത വന്നു. മുഖ്യമന്ത്രിക്കോ ഡി.ജി.പിക്കോ പരാതി കൊടുത്താല്‍ വീട്ടില്‍ കഞ്ചാവ് പൊതി കൊണ്ടുവെച്ചിട്ടായാലും പണി തരുമെന്ന ഭീഷണിയുമുണ്ടായിരുന്നു.

പൊലീസ് നാടകം പുറത്തായത് സി.സി.ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തില്‍

ജാമ്യത്തില്‍ ഇറങ്ങിയ യുവാക്കള്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി. സ്റ്റേഷനിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് സംഭവത്തില്‍ കുറ്റക്കാര്‍ പൊലീസുകാരാണെന്ന് കണഅടെത്തിയത്. നിജസ്ഥിതി ബോധ്യപ്പെട്ട് മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ശക്തമായ നിലപാട് എടുത്തതോടെയാണ് നടപടിയുണ്ടാകുന്നത്. ഇതോടെ സംഭവത്തിന്റെ വസ്തുതകള്‍ മറച്ചു വെച്ച് കെട്ടിച്ചമച്ച കഥയാണ് പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകരോട് അടക്കം വിശധീകരിച്ചത് എന്ന് തെളിഞ്ഞു.

ഇനിയും പൂര്‍ത്തിയാകാതെ കുറ്റക്കാര്‍ക്കെതിരായ നടപടികള്‍

ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ പൂര്‍ണമായി നടപടിയെടുത്തിട്ടില്ല. ഒന്‍പത് പേര്‍ക്കെതിരെ പരാതി നല്‍കിയതില്‍ വെറും നാല് പൊലീസുകാര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. സംഭവം പുറത്തുവന്നതോടെ നടപടിയെന്നോണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദിനെയും വിഘ്നേഷിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ മണികണ്ഠന്‍ പിള്ളയെയും ഒഴിവാക്കി എസ്.ഐ. അനീഷ്, എ.എസ്.ഐ. പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപ് എന്നിവരെ പാരിപ്പള്ളി, ഇരവിപുരം, അഞ്ചാലുംമൂട് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി.

തുടര്‍ന്ന് പ്രശ്നം കൂടുതല്‍ ചര്‍ച്ചയായതോടെ വ്യാഴാഴ്ച ഉച്ചയോടെ ദക്ഷിണമേഖല ഐ.ജി. പി.പ്രകാശ് അന്വേഷണ വിധേയമായി ദിലീപ് ഒഴികെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ എ.സി.പി. പ്രദീപ്കുമാറിനെ ചുമതലപ്പെടുത്തിയതോടെ കൂടുതല്‍ പൊലീസുകാര്‍ക്കെതിരേ നടപടികള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in