'ആ കുട്ടിയുടെ ആവശ്യം കേട്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല', സാന്ദ്രക്ക് വേണ്ടി മാത്രം ഓടിയ 70 സീറ്റുള്ള ബോട്ട്

'ആ കുട്ടിയുടെ ആവശ്യം കേട്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല', സാന്ദ്രക്ക് വേണ്ടി മാത്രം ഓടിയ 70 സീറ്റുള്ള ബോട്ട്
പിന്നെ സംഭവിച്ചത് ചരിത്രമാണ്. 70 സീറ്റുകളുള്ള സര്‍ക്കാര്‍ ബോട്ട് ഈ വിദ്യാര്‍ത്ഥിനിക്കായി ഒരു മണിക്കൂര്‍ യാത്രക്ക് തയ്യാറായി

സാന്ദ്ര എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതാനായി ഒറ്റയ്ക്ക് ബോട്ടില്‍ യാത്ര ചെയ്യുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ജലഗതാഗത വകുപ്പ് ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പരീക്ഷണ മുടങ്ങാതിരിക്കാന്‍ അഞ്ച് ജീവനക്കാരുമായി ബോട്ട് സര്‍വീസ് നടത്തിയതാണ് ചര്‍ച്ചയായിരുന്നത്. ജപ്പാനിലെ സെക്കി ഹോക്കുവില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വേണ്ടി മാത്രമായി രണ്ട് നേരം സര്‍ക്കാര്‍ ട്രെയിന്‍ ഓടിക്കുന്നതുമായി താരതമ്യം ചെയ്തായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ അടക്കം സാന്ദ്രയുടെ പരീക്ഷക്ക് വേണ്ടിയുള്ള ബോട്ട് യാത്ര ചര്‍ച്ചയായത്. ലോക്ഡൗണ്‍ മൂലം നീണ്ടുപോയ പ്ലസ് ടു പരീക്ഷ അവസാനം തീയതി നിശ്ചയിച്ച് എത്തിയപ്പോള്‍ തനിക്ക് സ്‌കൂളിലെത്താന്‍ ആവില്ല എന്ന് തിരിച്ചറിഞ്ഞ ഒരു വിദ്യാര്‍ത്ഥിനിയുടെ സങ്കടത്തിന് പരിഹാരമേകുകയായിരുന്നു ജലഗതാഗത വകുപ്പ്.

കുട്ടനാട്ടിലെ ഒറ്റപ്പെട്ടു കിടക്കുന്ന എം ബ്ലോക്ക് എന്ന തുരുത്തിലാണ് കോട്ടയം കാഞ്ഞിരം എസ്.എന്‍.ഡി.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സാന്ദ്രയുടെ വീട്. വീട്ടില്‍ നിന്നും ബോട്ടിന്റെ പാതയിലേക്ക് വള്ളത്തില്‍ കയറിയാണ് ഇവിടെയുള്ളവര്‍ പോകാറ്. കാരണം ഇവര്‍ താമസിക്കുന്ന ഇടത്തേക്ക് ബോട്ട് സര്‍വീസ് നടത്താനാവില്ല. കുറച്ചു കുടുംബങ്ങള്‍ മാത്രമാണ് ഈ തുരുത്തില്‍ താമസിക്കുന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് വള്ളം പിടിച്ച് ബോട്ടിനടുത്തേക്ക് ചെല്ലാന്‍ അവരുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുകയുമില്ല. ഇതിനിടെയാണ് ലോക്ക് ഡൗണ്‍ കാരണം നീട്ടിവെച്ച രണ്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം സാന്ദ്രയെ വിഷമവൃത്തത്തിലാക്കി. തന്റെ ബുദ്ധിമുട്ടുകള്‍ സാന്ദ്ര കേരളാ ജലഗതാഗത വകുപ്പിനെ അറിയിച്ചു.

ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് ഞങ്ങള്‍ക്ക് ബോട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ ആദ്യം ഇത് ഒരു പ്രതിബന്ധമായി തന്നെ തോന്നി. പക്ഷേ മാനുഷികമായി ചിന്തിക്കേണ്ട സമയം ആയിരുന്നു അതെന്ന് എനിക്ക് തോന്നി.

ഷാജി.വി.നായര്‍, ( എസ് ഡബ്ല്യൂ ടി ഡി) ഡയറക്ടര്‍

പിന്നെ സംഭവിച്ചത് ചരിത്രമാണ്. 70 സീറ്റുകളുള്ള സര്‍ക്കാര്‍ ബോട്ട് ഈ വിദ്യാര്‍ത്ഥിനിക്കായി ഒരു മണിക്കൂര്‍ യാത്രക്ക് തയ്യാറായി. ആ ചരിത്ര തീരുമാനത്തിന് ചുക്കാന്‍ പിടിച്ച കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് (കെ എസ് ഡബ്ല്യൂ ടി ഡി) ഡയറക്ടര്‍ ഷാജി.വി.നായര്‍ ദ ക്യുവിനോട്. ''രണ്ട് ജില്ലകള്‍ക്കിടയിലായിട്ടാണ് ശരിക്കും സാന്ദ്ര താമസിക്കുന്നത്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് ഞങ്ങള്‍ക്ക് ബോട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ ആദ്യം ഇത് ഒരു പ്രതിബന്ധമായി തന്നെ തോന്നി. പക്ഷേ മാനുഷികമായി ചിന്തിക്കേണ്ട സമയം ആയിരുന്നു അതെന്ന് എനിക്ക് തോന്നി. എനിക്കും പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകളുണ്ട്. സാന്ദ്രയുടെ ആവശ്യം കേട്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ഉടനെ ബോട്ട് സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ജീവനക്കാരോട് ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ അവരും പൂര്‍ണ്ണ മനസ്സോടെ തയ്യാറായി വന്നു. സാന്ദ്രയുടെ വീടിനടുത്തേയ്ക്ക് ബോട്ട് ചാലില്ല. വളരെ പ്രയാസപ്പെട്ട് വേണം അവിടെയെത്താന്‍. അരമണിക്കൂറോളം എടുത്ത് ഞങ്ങള്‍ കുട്ടിയുടെ വീട്ടിലെത്തി, അവളുടെ വീട്ടു മുറ്റത്തു നിന്നും ബോട്ടില്‍ കയറ്റി സ്‌കൂളില്‍ എത്തിച്ചു.പരീക്ഷ കഴിയുന്നത് വരെ അവിടെ കാത്തു നിന്നു. പിന്നീട് അവളെയും കൂട്ടി തിരിച്ചു വീട്ടിലേക്ക്. സ്രാങ്കും ബോട്ട് മാസ്റ്ററും രണ്ട് സഹായികളും കുട്ടിയുടെ പരീക്ഷ കഴിയുന്നത് വരെ കാത്തുനിന്നു. സാധാരണ ഈടാക്കുന്ന ചാര്‍ജ് മാത്രം ഈടാക്കി.''

സാന്ദ്രയുടെ വീട്ടില്‍നിന്നും ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തില്‍ ബോട്ട് ചാലില്‍ എത്താന്‍ നല്ല ചെലവ് വരും. സാധാരണ അവര്‍ കുറെ ആളുകള്‍ ഒരുമിച്ചാണ് ഇങ്ങനെ വള്ളം പിടിച്ച് ബോട്ടു കയറാന്‍ വരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ക്കു വേണ്ടി മാത്രം അഞ്ചു ജീവനക്കാര്‍ ഒരു മണിക്കൂറോളം ബുദ്ധിമുട്ടണം. മഴക്കാലമായതിനാല്‍ വള്ളത്തിലെ യാത്ര ക്ലേശകരമാണ്. പോരാത്തതിന്രണ്ടു ജില്ലകളുടെ അതിര്‍ത്തി കേറിയിറങ്ങി കിടക്കുന്നതിനാല്‍ ബോട്ട് യാത്രയ്ക്ക് പ്രത്യേക അനുമതിയും വേണം. ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് ഇത്രയും കടമ്പകള്‍ കടക്കാന്‍ ആവില്ല എന്ന ചിന്തയാണ് ഞങ്ങളെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

ആദ്യം ഒരു പേടിയുണ്ടായിരുന്നു ഇത് നിയമവിരുദ്ധമാകുമോ എന്ന്. എന്നാല്‍ പിന്നീട് ഞാന്‍ ഇത് ഗതാഗതമന്ത്രിയെ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം അഭിനന്ദിക്കുകയാണ് ചെയ്തത്. അനുമതിയും ലഭിച്ചു. അത് ഞങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. രണ്ടു പരീക്ഷകളാണ് കുട്ടിക്ക് എഴുതാന്‍ ഉണ്ടായിരുന്നത്. ഇങ്ങനെ ബോട്ട് ഇല്ലായിരുന്നെങ്കില്‍ അത് എഴുതാന്‍ കഴിയുമായിരുന്നില്ല. വളരെ പെട്ടെന്ന് നോ പറയാവുന്ന ഒരു സാഹചര്യത്തില്‍ ഉണ്ടായ ആ പെണ്‍കുട്ടിയുടെ ഭാവിക്ക് ഒരു മുതല്‍ക്കൂട്ട് ആയെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഏറെ സന്തോഷമെന്നും കെ എസ് ഡബ്ല്യൂ ടി ഡി ഡയറക്ടര്‍ ഷാജി.വി.നായര്‍ ദ ക്യുവിനോട്.

ബോട്ട് എഞ്ചിന്‍ ഘടിപ്പിച്ച വള്ളം വാടകയ്ക്ക് എടുക്കുന്നതിന് ഒരൊറ്റ യാത്രയ്ക്ക് കുറഞ്ഞത് 4,000 രൂപയെങ്കിലും ചെലവാകുമെന്ന് വകുപ്പിലെ അലപ്പുഴ യൂണിറ്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ കെ.എ പറയുന്നു. ഇങ്ങനെ ഒരു ആവശ്യം സാന്ദ്ര അറിയിച്ചപ്പോള്‍ ഞാന്‍ നേരെ ഷാജി സാറിനോട് ഇത് പറഞ്ഞു. അദ്ദേഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നത് കൊണ്ടാണ് ഇത് സഫലമാക്കാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സാധിച്ചത്. വലിയ സംഭവമാകും എന്നൊന്നും കരുതിയല്ല ഞങ്ങള്‍ ഇത് ചെയ്തത്. ബോട്ടിലെ ജീവനക്കാര്‍ ഒന്ന് രണ്ടു ഫോട്ടോ എടുത്ത് അവരുടെ ഫേസ്ബുക്കില്‍ ഇട്ടു എന്ന് മാത്രമേയുള്ളൂ. പക്ഷേ ഇന്നത് വലിയ വാര്‍ത്തയാണ് എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷമായെന്നും സന്തോഷ് കുമാര്‍ കെ.എ ദ ക്യുവിനോട് പറഞ്ഞു. കൊവിഡ് കാലത്ത് ഒരു വിദ്യാര്‍ത്ഥിയുടെ പരീക്ഷക്ക് മുടങ്ങാതിരിക്കാന്‍ ഓടിയ ബോട്ട് യാത്ര അതിജീവനത്തിന്റെ കൂടെ മാതൃകയാണ്

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in