ആകെ സമ്പാദ്യം 2,00850, രണ്ട് ലക്ഷം വാക്‌സിനായി ദുരിതാശ്വാസനിധിയില്‍, ഈ മനുഷ്യരിലൂടെ നമ്മള്‍ അതിജീവിക്കും; ഹൃദയം തൊടുന്ന അനുഭവം

ആകെ സമ്പാദ്യം 2,00850, രണ്ട് ലക്ഷം വാക്‌സിനായി ദുരിതാശ്വാസനിധിയില്‍, ഈ മനുഷ്യരിലൂടെ നമ്മള്‍ അതിജീവിക്കും; ഹൃദയം തൊടുന്ന അനുഭവം

വാക്‌സിന്‍ സൗജന്യമായി നല്‍കുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന അധിക ഭാരം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നല്‍കുന്നത്. രണ്ട് കോടിക്ക് മുകളിലാണ് ഇതിനോടകം സംഭാവനയായി വാക്‌സിന്‍ ചലഞ്ചിലൂടെ എത്തിയത്.

ബാങ്ക് ബാലന്‍സായി ആകെയുള്ള രണ്ട് ലക്ഷത്തി എണ്ണൂറ്റിയമ്പത് രൂപയില്‍ നിന്ന് രണ്ട് ലക്ഷം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട കണ്ണൂര്‍ സ്വദേശിയെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥനായ സി.പി സൗന്ദര്‍ രാജ്. ബീഡിത്തൊഴിലാളിയായി വിരമിച്ചയാളാണ് ആകെയുള്ള സമ്പാദ്യത്തിലെ സിംഹഭാഗവും കൊവിഡ് വാക്‌സിന് വേണ്ടി സംഭാവന നല്‍കിയത്. തന്റെ പേര് വെളിപ്പെടുത്തരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടതായി സൗന്ദര്‍രാജ്.

ബാങ്കില്‍ രണ്ട് ലക്ഷം രൂപ ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചു. ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളമെന്ന് ഇദ്ദേഹം പറഞ്ഞതായും സൗന്ദര്‍ രാജന്‍ എഴുതുന്നു. ടെലിവിഷനില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടതിന് പിന്നാലെയാണ് വാക്‌സിനായി സംഭാവന നല്‍കണമെന്ന് തീരുമാനിച്ചതെന്നും കണ്ണൂര്‍ സ്വദേശി.

സി.പി. സൗന്ദര്‍രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ഞാന്‍ ജോലിചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്നു. പാസ്സ് ബുക്ക് തന്നു ബാലന്‍സ് ചോദിച്ചു...200850 രൂപ ഉണ്ടെന്നു പറഞ്ഞു.

' ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം '

കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി.

വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.

'എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ' 'മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് '

അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോള്‍....

ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിര്‍ത്തുന്നത്.

അതാണ് ഉറപ്പോടെ പറയുന്നത് നമ്മള്‍ ഇതും അതിജീവിക്കും.....

അതാണ് ഉറപ്പോടെ പറയുന്നത്

ഇത് കേരളമാണ്

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പണമുള്ളവര്‍ മാത്രം വാക്സീന്‍ സ്വീകരിക്കട്ടെയെന്ന നയം സംസ്ഥാനത്ത് സ്വീകരിക്കാനാവില്ല. ജനത്തിന് നല്‍കിയ വാക്ക് സംസ്ഥാനം പാലിക്കുക തന്നെ ചെയ്യും. മഹാമാരിയെ തടയാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ മാര്‍ഗമാണ് വാക്സിന്‍. വാക്സിന്‍ പരമാവധി പേരിലേക്ക് എത്രയും വേഗത്തിലെത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇതിന് സര്‍ക്കാരിന് ഏറ്റവും വലിയ പിന്തുണ ജനം തന്നെയാണ്. യുവാക്കളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആവേശകരമായി പ്രവര്‍ത്തിച്ചു. സിഎംഡിആര്‍എഫിലേക്ക് ഇന്നലെ മുതല്‍ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മാത്രം ഒരു കോടിയിലേറെ രൂപ എത്തി. സമൂഹത്തിനാകെ വാക്സീനേഷന്‍ രോഗപ്രതിരോധത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന തിരിച്ചറിവോടെ സാമ്പത്തികമായി സഹായിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാവുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും ഒത്തൊരുമിക്കുന്ന ജനത ലോകത്തിന് മാതൃകയാണ്.

കൊവിഡ് വാക്സീന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയത് പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നല്‍കിയ വാക്സീന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തത് വാക്സിന് മത്സരം ഉണ്ടാക്കും. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന അവസ്ഥയില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം

വാക്‌സിന്‍ ചലഞ്ചില്‍ എങ്ങനെ പങ്കെടുക്കാം

ഓണ്‍ലൈന്‍ വഴി എങ്ങനെ പണം നല്‍കാം സിഎംഡിആര്‍ഫ് ഡൊണേഷന്‍ പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി donation.cmdrf.kerala.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക. തുറന്നുവരുന്ന ജാലകത്തില്‍ Donate എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ സംഭാവന നല്‍കാനുള്ള ഫോം കാണാം. ഇതില്‍ പെയ്‌മെന്റ് രീതി തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍ എന്നിവ വഴി പണം നല്‍കാം.

Related Stories

No stories found.
logo
The Cue
www.thecue.in