പൊന്നാനി പിടിക്കാന്‍ ലീഗോ; ഗുരുവായൂരുമായി വച്ച് മാറാന്‍ കോണ്‍ഗ്രസ്

പൊന്നാനി പിടിക്കാന്‍ ലീഗോ; ഗുരുവായൂരുമായി വച്ച് മാറാന്‍ കോണ്‍ഗ്രസ്

പൊന്നാനി നിയമസഭ സീറ്റ് മുസ്ലിംലീഗുമായി വച്ച് മാറാന്‍ കോണ്‍ഗ്രസ് നീക്കം. പൊന്നാനി നല്‍കി ഗുരുവായൂര്‍ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് താല്‍പര്യം അറിയിച്ചിരിക്കുന്നത്. മലപ്പുറത്ത് ഒരു സീറ്റ് കൂടി ഏറ്റെടുക്കുന്നതിന് പകരമായി സംവരണ മണ്ഡലമായ തൃശൂര്‍ ജില്ലയിലെ ചേലക്കരയാണ് ലഭിക്കണമെന്നാണ് ലീഗ് മുന്നോട്ട് വച്ച നിര്‍ദേശമെന്ന് സൂചന.

പൊന്നാനിയില്‍ മുസ്ലീംലീഗും ഗുരുവായൂരില്‍ കോണ്‍ഗ്രസും മത്സരിച്ചാല്‍ ഇരുമണ്ഡലങ്ങളിലും ജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പി.ശ്രീരാമകൃഷ്ണന്‍ തന്നെ മത്സരിക്കുകയാണെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ലീഗിനെ അറിയിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയ്ക്ക് പുറത്ത് സീറ്റുകള്‍ നേടുക എന്ന താല്‍പര്യത്തോടെയാണ് ലീഗ് ചേലക്കര പകരമായി ചോദിക്കുന്നത്.

പൊന്നാനിയില്‍ മത്സരിച്ച് പരാജയപ്പെട്ട പി.ടി അജയമോഹനെയാണ് ഗുരുവായൂര്‍ സീറ്റിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് തന്റെ കുടുംബമെന്നതാണ് സീറ്റിന് അവകാശവാദമുന്നയിക്കുന്നതിന് അജയമോഹന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. രണ്ട് തവണ തോറ്റതിനാല്‍ പൊന്നാനിയില്‍ വീ്ണ്ടും മത്സരിക്കാന്‍ അജയമോഹന് കഴിയില്ല. ലീഗിന്റെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ പൊന്നാനിയും ഉള്‍പ്പെടെത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

സീറ്റ് മാറ്റം നടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് യുവാക്കളെ രംഗത്തിറക്കാനാണ് സാധ്യത.യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.എം റോഹിത്ത്,അഭിലാഷ് ഭാസി, സിദ്ധിഖ് പന്താവൂര്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in