യുഎപിഎ കേസുകളുടെ ചാര്‍ജ് ഷീറ്റ് രഹസ്യരേഖകളല്ല, ദേശസുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ജനാധിപത്യത്തെ ഇരുട്ടില്‍ നിര്‍ത്തുകയാണ്

യുഎപിഎ കേസുകളുടെ ചാര്‍ജ് ഷീറ്റ് രഹസ്യരേഖകളല്ല, ദേശസുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ജനാധിപത്യത്തെ ഇരുട്ടില്‍ നിര്‍ത്തുകയാണ്

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് വടകര എം.എല്‍.എ കെ.കെ രമ നിയസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്നതുമായ കേസിലെ പ്രതികളുടെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരെയാണ് യു.എ.പി.എ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്, ഇവരുടെ പേര് വിവരങ്ങള്‍, ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍, സംസ്ഥാനത്ത് നിലവില്‍ യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായി കഴിയുന്നവരുടെ എണ്ണം, ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍, ഇവര്‍ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി, തുടങ്ങിയവയുടെ വിശദാംശങ്ങളാണ് കെ.കെ രമ ആരാഞ്ഞത്.

ഈ ചോദ്യങ്ങള്‍ക്കെല്ലാം ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഉള്‍പ്പെടുന്നതും കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്നതുമായ പ്രതികളുടെ വിവരങ്ങള്‍ നല്‍കുവാന്‍ കഴിയില്ലെന്ന മറുപടിയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്.

ഒക്ടോബര്‍ 27നാണ് മറുപടി നല്‍കിയത്. യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടതും യു.എ.പി.എ പിന്‍വലിക്കപ്പെട്ടതുമായ കേസുകളുടെ വിശദാംശങ്ങള്‍ മാത്രമാണ് കെ.കെ രമയ്ക്ക് നല്‍കിയത്.

വസ്തുപരമായ വിവരങ്ങള്‍ മാത്രം ആരാഞ്ഞുകൊണ്ട് നിയമസഭയില്‍ കെ.കെ രമ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് അഭിഭാഷകന്‍ പ്രമോദ് പുഴങ്ക ദ ക്യുവിനോട് പറഞ്ഞു. ''യു.എ.പി.എ കേസിലെ ചാര്‍ജ് ഷീറ്റുകള്‍ രഹസ്യ രേഖകളല്ല. അത് വാദിക്കും പ്രതിക്കും പൊതുജനത്തിനുമെല്ലാം കയ്യില്‍ കിട്ടുന്ന രേഖയാണ്.

കോടതി നടപടിയുമായി ബന്ധപ്പെട്ടിട്ടുള്ള യാതൊരുതരത്തിലുള്ള പരാമര്‍ശവും അതിലെ ഉത്തരത്തില്‍ നല്‍കേണ്ടതില്ല. നിയമസഭയില്‍ കെ.കെ രമ എത്ര കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എത്രയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട് തുടങ്ങിയ വസ്തുതാപരമായ ചോദ്യങ്ങള്‍ മാത്രമാണ് ഉന്നയിച്ചത്. അത് കോടതി നടപടികളുമായി ബന്ധപ്പെട്ട് കിടക്കുന്നതല്ല. വസ്തുതാപരമായ വിവരങ്ങള്‍ കോടതിയുടെ നടപടിക്രമവുമായി ബന്ധപ്പെട്ടതല്ലെന്നും പ്രമോദ് പുഴങ്കര കൂട്ടിച്ചേര്‍ത്തു.

പ്രമോദ് പുഴങ്കര പറഞ്ഞത്

നക്ഷത്രചിഹ്നമിടാത്ത, വസ്തുതാപരമായ വിവരങ്ങള്‍ ആരാഞ്ഞ ഒരു ചോദ്യത്തില്‍ ചര്‍ച്ച പോലുമില്ല. യു.എ.പി.എ കേസിലെ ചാര്‍ജ് ഷീറ്റുകള്‍ രഹസ്യ രേഖകളല്ല. അത് വാദിക്കും പ്രതിക്കും പൊതുജനത്തിനുമെല്ലാം കയ്യില്‍ കിട്ടുന്ന രേഖയാണ്. ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍, കുട്ടികളുമായി ബന്ധപ്പെട്ടത് തുടങ്ങിയ കേസുകളില്‍ വിക്ടിമിന്റെ സ്വകാര്യത പ്രാധാന്യമുള്ളതാണ്. അത്തരം കേസുകൡ ഇന്‍ ക്യാമറ പ്രൊസീഡിങ്ങ്‌സ് നടത്തും. അവിടെ കൃത്യമായി പേരുവിവരങ്ങള്‍ ലഭിക്കില്ല.

യു.എ.പി.എ കേസ് അങ്ങനെയുള്ളതല്ല. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളും വിവരങ്ങളും പോലും ലഭിക്കുന്നുണ്ട്. നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാന്‍ ജനപ്രതിനിധിക്ക് അവകാശമില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ അറിയും.

ജനപ്രതിനിധി നിയമസഭയിലാണ് ചോദിക്കുന്നത്. അതിന് മറുപടി നല്‍കാതിരിക്കുമ്പോള്‍ സഭയുടെ അവകാശത്തെ കൂടിയാണ് അവിടെ ചോദ്യം ചെയ്യപ്പെടുന്നത്. നിയമസഭയുടെ അവകാശം കൂടിയാണ് അതറിയുക എന്നത്.

ഈ നാട്ടില്‍ എത്ര പേരെ യു.എ.പി.എ ചുമത്തിയോ മറ്റ് വകുപ്പുകള്‍ ചുമത്തിയോ അറസ്റ്റ് ചെയ്തിട്ടുണ്ട്, ആരൊക്കെയാണവര്‍, എതൊക്കെ ജയിലുകളില്‍ അവര്‍ ഇപ്പോള്‍ കഴിയുന്നുണ്ട്, അവരുടെ പേരില്‍ നിങ്ങള്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങളെന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ മാത്രമോ കെ.കെ രമ ചോദിച്ചിട്ടുള്ളൂ. വസ്തുതാപരമായ വിവരങ്ങള്‍ മാത്രമാണ് ചോദിക്കുന്നത്. ഈ വിവരങ്ങള്‍ ഒരു ജനപ്രതിനിധിക്ക് നിയമസഭയില്‍ കിട്ടുന്നില്ലെങ്കില്‍ വേറെ ആര്‍ക്കാണ് കിട്ടുക. നാളെ ആരെവേണമെങ്കിലും പിടിച്ചുകൊണ്ടുപോയിക്കൂടെ യു.എ.പി.എ ചുമത്തി?

ഇത് നിയമസഭയില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകരുത്. പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തികൊണ്ടു വരേണ്ട വിഷയമാണിത്. നേരത്തെ സമാനമായ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടുണ്ട്. ഒരു പക്ഷേ ഇതാദ്യമായിട്ടായിരിക്കും സഭയില്‍ ഇത്തരമൊരു ഉത്തരം വരുന്നത്. ബുധനാഴ്ച പെഗാസസ് കേസില്‍ സുപ്രീം കോടതി തന്നെ പറഞ്ഞതാണല്ലോ ദേശീയ സുരക്ഷയുടെ മറവില്‍ ഉത്തരങ്ങള്‍ നല്‍കാതിരിക്കാന്‍ കഴിയില്ലെന്ന്. ഇവിടെ യു.എ.പി.എ അനുസരിച്ച് ആരെയാണ് അറസ്റ്റ് ചെയ്യുന്നത് എന്ന് പോലും സര്‍ക്കാര്‍ പറയുന്നില്ല. അത് ദേശവിരുദ്ധമാണ് എന്നാണ് പറയുന്നത്. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ദേശവിരുദ്ധമായ കാര്യം എന്ന് പറഞ്ഞ് ഒളിച്ചിരിക്കുന്നത് രാഷ്ട്രീയമായ ഒരു പാപ്പരത്തമാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ ദേശീയതലത്തില്‍ ഡ്രാക്കോണിയന്‍ നിയമം എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പൊതുസമൂഹത്തിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ലെജിസ്ലേഷനെയും മുഴുവന്‍ ഇരുട്ടത്ത് നിര്‍ത്തിക്കൊണ്ട് എന്തുതരം ദേശസുരക്ഷയും ക്രമസാമാധാനപാലനവുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനാധിപത്യത്തില്‍ അത്തരം ഒളിച്ചുകള്‍ ഇല്ല.

പതിനാലാം കേരള നിയമസഭയില്‍ 2017 മെയ് പത്തിന് 2011 ജൂണ്‍ മാസം മുതല്‍ 2016 മേയ് മാസം വരെ കേരളത്തില്‍ യു.എ.പി.എ നിയമപ്രകാരം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ എന്ന ഇ.പി ജയരാജന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നു. ഇ.പി ജയരാജനും നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാണ് ഉന്നയിച്ചത്.

പതിനാലം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ പി.കെ ബഷീര്‍ എത്രപേര്‍ക്കെതിരെ യു.എ.എ.പി കേസ് ചുമത്തിയിട്ടുണ്ട്, ആര്‍ക്കെല്ലാമെതിരെ, കാരണമെന്ത്? എന്നാരാഞ്ഞ ചോദ്യത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിട്ടുണ്ട്. യു.എ.പി.എ കേസുകള്‍ പുനഃപരിശോധന നടത്തിയിട്ടുണ്ടോ, എങ്കില്‍ എത്ര കേസുകളില്‍ നിന്നും യു.എ.പി.എ ഒഴിവാക്കിയിട്ടുണ്ട്, വിശദാംശം വെളിപ്പെടുത്തുമോ എന്ന പി.കെ ബഷീറിന്റെ ചോദ്യത്തിനും മറുപടി ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in