കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പൊലീസ്

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് പൊലീസ്

കാസര്‍ഗോഡ് ബേക്കലില്‍ നിന്നുള്ള പൊലീസ് അതിക്രമത്തിന്റെ ക്രൂരമായ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. കൊവിഡ് 19നും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിനും ശേഷം നിരന്തരമായി കേരളത്തില്‍ നിന്ന് പൊലീസ് ക്രൂരതയുടെയും അനാവശ്യമായി ഫൈന്‍ ചുമത്തുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ വലിയ ജനരോഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് കാസര്‍ഗോഡ് നിന്ന് പൊലീസുകാര്‍ വളഞ്ഞിട്ട് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്. പൊലീസ് മര്‍ദ്ദനത്തില്‍ ഹോട്ടല്‍ ഉടമയുടെ മുണ്ട് അഴിഞ്ഞ് വീഴുന്നതും പൊലീസ് ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

പൊലീസ് നടപടികളിലെ വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ എടാ, എടി വിളികള്‍ നിരോധിച്ചുകൊണ്ട് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പക്ഷേ അതുകൊണ്ടൊന്നും പൊലീസ് നല്ല നടപ്പ് പഠിച്ചില്ലെന്ന് അടിവരയിടുന്നതാണ് കാസര്‍ഗോഡ് നിന്ന് പുറത്ത് വന്ന ദൃശ്യങ്ങള്‍.

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് അര്‍ദ്ധരാത്രിയും തുറന്ന് ഹോട്ടല്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ഹോട്ടല്‍ ഉടമയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഹോട്ടലിന് ലൈസന്‍സ് ഇല്ലെന്ന് പൊലീസ് പറഞ്ഞതായും സ്ഥലത്തെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ദ ക്യുവിനോട് പറഞ്ഞു.

കാസര്‍ഗോട്ടെ സീ പാര്‍ക്ക് ഹോട്ടലിലാണ് സംഭവം നടന്നത്. ബേക്കല്‍ കോട്ടയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

പൊലീസ് അതിക്രമത്തില്‍ ഹോട്ടലിലുണ്ടായിരുന്ന കൊളവയലിലെ ഹാരിസ്(43), ഭാര്യഷഫാന, മകള്‍ സഫഖലീല്‍, ബന്ധുക്കളായ കെ.ബഷീര്‍, ഷഹദ, ഇക്ബാല്‍ ജംഗ്ഷനിലെ റംഷീദ്, മാണിക്കോത്തെ ദില്‍ഷാദ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തങ്ങളുടെ ഹോട്ടല്‍ മാത്രമായിരുന്നില്ല തുറന്നത്

അതേസമയം തങ്ങളുടെ ഹോട്ടല്‍ മാത്രമല്ല തൊട്ടടുത്തുള്ള ഹോട്ടലുകളൊന്നും അടച്ചില്ലെന്നാണ് ഹാരിസ് പറയുന്നത്.

'' എ.എസ്.ഐ സെബാസ്റ്റ്യന്‍ ആദ്യം ഹോട്ടലിലുണ്ടായിരുന്ന കസ്റ്റമറെ അടിച്ചു. പിന്നീട് പെങ്ങളുടെ മകനെയും സ്റ്റാഫിനെയും അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് എന്നെയും അടിച്ചത്. ലോക്ക്ഡൗണെല്ലാം കഴിഞ്ഞല്ലോ പിന്നെന്തിനാ തല്ലുന്നത് എന്ന് ചോദിച്ചു. ഇതിന് ശേഷം അദ്ദേഹം പോയി മറ്റ് പൊലീസുകാരെയും കൂട്ടി വന്നാണ് തങ്ങളെ മര്‍ദ്ദിച്ചത്. വനിതാ പൊലീസുകാര്‍ പോലുമില്ലാതെ സ്ത്രീകളെവരെ അടിച്ചു, '' ഹാരിസ് പറഞ്ഞു.

ഇരുപതോളം ആളുകള്‍ ജീവിക്കുന്നത് ഈ ഹോട്ടലില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണെന്ന് ഹോട്ടലില്‍ അമ്പത് ശതമാനം ഷെയറുള്ള രഞ്ജിത്ത് ജനാര്‍ദ്ദനന്‍ പറഞ്ഞു. തന്റെ അമ്മാവന്റെ സ്ഥലത്താണ് ഹോട്ടല്‍ നില്‍ക്കുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. തങ്ങളെ എ.എസ്.ഐ സെബാസ്റ്റ്യന്‍ നിരന്തരം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് പറയുന്നത്

സംഘര്‍ഷത്തില്‍ ബേക്കല്‍ എ.എസ്.ഐ സെബാസ്റ്റ്യനും മറ്റ് പൊലീസുകാര്‍ക്കും പരിക്കേറ്റുവെന്ന് പൊലീസ് പറയുന്നു.

തങ്ങള്‍ പതിനൊന്നര മണിക്ക് ഹോട്ടലില്‍ എത്തി ഹോട്ടലുടമ അബ്ദുള്‍ റഷീദിനോട് കടയടക്കാന്‍ പറഞ്ഞു. കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്ന സമയം 9.30 ആയതുകൊണ്ടും ഹോട്ടലില്‍ ഉള്ളവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് കൊണ്ടുമാണ് കട അടയ്ക്കാന്‍ പറഞ്ഞതെന്നാണ് എ.എസ്.ഐ സെബാസ്റ്റ്യന്‍ പറയുന്നത്. അതേസമയം ഹോട്ടലുടമ അബ്ദുള്‍ റഷീദും, മകന്‍ സഫീര്‍ (19) ഭാര്യ സഹോദരന്‍ ഹാരിസ് യു.വിയും കട അടക്കില്ലെന്ന് പറഞ്ഞു എന്നും പൊലീസ് പറയുന്നു.

ഹാരിസ് താന്‍ മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉന്നയിച്ച് അനാവശ്യമായി തന്നെ തള്ളിമാറ്റിയെന്നും എ.എസ്.ഐ സെബാസ്റ്റ്യന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തിയതെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.

സംഭവമറിഞ്ഞ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂടുതല്‍ പോലീസ് എത്തിയത്. പൊലീസിനെ അക്രമിച്ചവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ത്രീകളെയും കുട്ടികളേയും മുന്നില്‍ നിര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോട്ടലിനെതിരെ നേരത്തെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഫൈന്‍ ഈടാക്കുകയും ചെയ്തിരുന്നുവെന്നും ബേക്കല്‍ പൊലീസ് പറയുന്നു. എസ്.ഐ.എയേയും പോലീസുകാരേയും അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അറസ്റ്റുചെയ്ത റഷീദിനെ ഹാസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി പിന്നീട് റഷീദിനെ ജാമ്യത്തില്‍ വിട്ടയച്ചു.

പൊലീസിനെതിരെ ശക്തമായ പ്രതിഷേധം

പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കാസര്‍ഗോഡ് നിന്നും ഉയരുന്നത്.

പോലീസ് നടത്തിയ അതിക്രമത്തില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ അതിന് പിഴ ചുമത്തുന്ന നടപടിയില്‍ നിന്നും മാറി ഉപഭോക്താക്കളെയും ജീവനക്കാരെയും തല്ലി ചതക്കുകയും സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്ത നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രട്ടറി നാരായണന്‍ പൂജാരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലോക്ഡൗണ്‍ നിയമം ലംഘിച്ചതിന് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പോലീസ് നടപടിയാണ് ബേക്കലില്‍ ഉണ്ടായതെന്ന് ഉദുമ യൂണിറ്റ് പ്രസിഡന്റ് അഷറഫ് സാഗര്‍, സെക്രട്ടറി രാജേഷ് പെരിയ എന്നിവര്‍ പറഞ്ഞു.

സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in