ഒരുപന്തിയിലിരുന്ന് ദൈവത്തിന്റെ ഭക്ഷണം കഴിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണം'; പെര്‍ളയിലെ ദളിതര്‍ കേരള സര്‍ക്കാരിനോട്

ഒരുപന്തിയിലിരുന്ന് ദൈവത്തിന്റെ ഭക്ഷണം കഴിക്കാനെങ്കിലും ഞങ്ങളെ അനുവദിക്കണം'; പെര്‍ളയിലെ ദളിതര്‍ കേരള സര്‍ക്കാരിനോട്

'ബാക്കിയുള്ളവരെല്ലാം പന്തിയിലിരുന്നല്ലേ ഭക്ഷണം കഴിക്കുന്നത്. അതുപോലെ ഞമ്മക്കും തരണം. ഗവര്‍മെന്റിനോട് പറയാനുള്ളത് അതാണ്'

കേരളത്തില്‍ ജീവിക്കുന്ന ഒരു ദളിതന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഇതാണ്. കാസര്‍കോട് പെര്‍ള സ്വര്‍ഗ ബദിയാറു ജടാധാരി ക്ഷേത്രത്തില്‍ ദളിതര്‍ കടുത്ത ജാതി വിവേചനം നേരിടുകയാണ്. ദളിതര്‍ക്ക് ക്ഷേത്രത്തിലെ പ്രവേശന വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാരും പട്ടികജാതി-പട്ടികവര്‍ഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

ക്ഷേത്രത്തിലെ 18 പടികള്‍ ദളിതര്‍ ചവിട്ടരുതെന്ന വിലക്ക് ലംഘിച്ച് പട്ടികജാതി ക്ഷേമസമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ പ്രവേശിച്ചു. പൊതുവഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാനും ഉത്സവത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനും കാണിക്കയിടാനും അന്നദാനത്തില്‍ എല്ലാ ജാതിക്കാര്‍ക്കുമൊപ്പം പങ്കെടുക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ദളിതര്‍ മന്ത്രി കെ.രാധാകൃഷ്ണന് പരാതി നല്‍കിയിട്ടുണ്ട്. ദളിതര്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ക്ഷേത്രം മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. ഉത്സവ ദിവസം ദളിത് വിഭാഗത്തില്‍പ്പെട്ട കൃഷ്ണ മോഹന പൊസല്യ പ്രവേശിച്ച് വിലക്ക് ലംഘിച്ചതോടെയാണ് ക്ഷേത്രം അടച്ചിട്ടത്.

തൊട്ടുകൂടായ്മ, പ്രവേശന വിലക്ക്

ഭട്ട് സമുദായക്കാരാണ് ബദിയാറു ജഡാധാരി ക്ഷേത്ര നടത്തിപ്പുകാര്‍. ഇവരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പൊതുവഴിയിലൂടെ ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. നായര്‍, ഷെട്ടി, ബണ്ട്‌സ്, ഗൗഡ (തുളു), മണിയാണി, കൊങ്കിണി, മറാട്ടി എന്നീ വിഭാഗക്കാര്‍ക്ക് ദേവസ്ഥാനത്ത് മുഖ്യവഴിയിലുടെ പോകാം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം. നേരിട്ട് കാണിക്കയിടാം. തീയ, ബൈര വിഭാഗങ്ങള്‍ക്ക് പുറമേ എസ്.സി വിഭാഗത്തില്‍പ്പെട്ട മൊഗേര്‍, നാല്‍ക്കദായ, ആദിവാസി വിഭാഗമായ കൊറഗര്‍ എന്നിവരാണ് പ്രദേശത്തുള്ളത്. മറാട്ടിക്കാര്‍ എസ്.സി വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

മറാട്ടി വിഭാഗക്കാര്‍ ബ്രാഹ്‌മണര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് ജാതി വിവേചന പരാതിയെ എതിര്‍ക്കാന്‍ മേല്‍വിഭാഗക്കാര്‍ വാദിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

പ്രത്യേക വഴിയിലൂടെ ക്ഷേത്രത്തിലെത്തുന്ന ദളിതര്‍ കാണിക്ക നേരിട്ട് നല്‍കാന്‍ പാടില്ല. മേല്‍ജാതിക്കാരുടെ കയ്യില്‍ കൊടുക്കണം. ക്ഷേത്രത്തിനടുത്ത് നിന്ന് ചടങ്ങുകള്‍ കാണാനും അനുവദിക്കില്ല. ജഡാധാരി തെയ്യമാണ് ഇവിടം ആടുന്നത്. നല്‍ക്കദായ എന്ന ദളിത് വിഭാഗക്കാരാണ് തെയ്യം കെട്ടുക. ഇവര്‍ക്കും പൊതുവഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ക്ഷേത്ര മുറ്റത്ത് പ്രത്യേകം നിശ്ചയിച്ച പ്രദേശത്താണ് തെയ്യം കെട്ടിയാടുന്നത്. തെയ്യത്തിന്റെ കയ്യില്‍ നിന്നും പ്രസാദം മേല്‍ജാതിക്കാര്‍ നേരിട്ട് സ്വീകരിക്കില്ല.

ജാതി വിളിച്ച് അന്നദാനം

ഉത്സവത്തോടനുബന്ധിച്ച് അന്നദാനം നടക്കാറുണ്ട്. വര്‍ഷത്തില്‍ മൂന്ന് തവണയാണ് അന്നദാനമുള്ളത്. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഇരുന്ന് അന്നദാനം സ്വീകരിക്കാന്‍ അനുവാദമില്ല. മറ്റ് സമുദായക്കാര്‍ കഴിച്ചതിന് ശേഷം ദളിതര്‍ക്ക് ദൂരെ വിളമ്പും. ഓരോ ജാതിക്കാരുടെയും പേരുവിളിച്ചാണ് ഭക്ഷണം നല്‍കുക. ജാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷണം നല്‍കുമ്പോള്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കൊറഗര്‍ ദൂരെ മാറിയിരുന്ന് കഴിക്കണം. അല്ലെങ്കില്‍ വീട്ടില്‍ കൊണ്ടു പോകണം. കൃഷ്ണ മോഹന പൊസല്യ പറയുന്നു.

'ക്ഷേത്രത്തില്‍ പ്രവേശിക്കാനോ നടയിലൂടെ പോകാനോ നമ്മക്കൊന്നും അനുവാദമില്ല. പന്തിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അവകാശമില്ല. ദൈവത്തിന്റെ തട്ടില്‍ നേര്‍ച്ചയിടാന്‍ പാടില്ല. ഭക്ഷണത്തിന് പ്രത്യേക പാത്രം കൊണ്ടു പോകണം. ദൂരെ മാറിയിരുന്ന് വേണം കഴിക്കാന്‍. മറ്റ് ജാതിക്കാര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഭക്ഷണം കൊടുക്കും. നമ്മക്ക് കിട്ടുക രാത്രി പത്ത് പതിനെന്ന് മണിയാകും. നമ്മളെ അറിയിക്കാന്‍ അവര് നീട്ടി കൂവും. അപ്പോള്‍ എല്ലാരും പ്രത്യേക വഴിയിലൂടെ പോയി ഭക്ഷണം വാങ്ങണം. ഇത് ഇല്ലാതാക്കാനാണ് ഉത്സവത്തിന്റെ ദിവസം പോയത്. തെയ്യം കെട്ടുന്ന ആളോട് എന്നെ പേടിപ്പിക്കാനായി ശപിക്കാന്‍ ക്ഷേത്ര ഭരണസമിതി ആളുകള്‍ ആവശ്യപ്പെട്ടു. ദൈവം എന്നെ നശിപ്പിക്കും എന്ന് ശപിച്ചു. ആശിര്‍വാദം തരേണ്ട ദൈവത്തെ കൊണ്ടാണ് ബ്രാഹ്‌മണര്‍ പ്രതികാരം ചെയ്യിച്ചത്'.

ബ്രാഹ്‌മണരുടെ വീടുകളിലും ദളിതര്‍ ജാതി വിവേചനം നേരിടുന്നുണ്ട്. എന്നാല്‍ അമ്പലം പൊതുഇടമായത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും കൃഷ്ണ മോഹന പൊസല്യ പറയുന്നു.

ബി.ജെ.പിക്കും കോണ്‍ഗ്രസിനും സ്വാധീനമുള്ള പഞ്ചായത്താണ് എന്‍മകജെ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതലുള്ള മേഖല. ജാതി വിവേചനത്തിനെതിരെ ശക്തമായ ഇടപെടല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ഈ മേഖലയിലെ ദളിതര്‍ ആവശ്യപ്പെടുന്നത്.

ദൈവകോപം ഭയന്ന് പ്രതിഷേധിക്കാന്‍ പോലും ദളിതര്‍ ആദ്യകാലത്ത് തയ്യാറായിരുന്നില്ല. പഴയ ആളുകള്‍ക്ക് പ്രതിഷേധിക്കാനും അമ്പലത്തില്‍ കയറാനും ഭയമുണ്ടെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി ബി.എം പ്രദീപ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പുതിയ തലമുറ ജാതി വിവേചനത്തിന് എതിരാണ്. കടുത്ത വിവേചനമാണ് അവിടെ നടക്കുന്നത്. ദളിതരെ പ്രവേശിപ്പിച്ച് കൊണ്ട് ക്ഷേത്രത്തില്‍ ഉത്സവം വീണ്ടും ആരംഭിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. അതുകൊണ്ടാണ് സര്‍ക്കാരിന് പരാതി അയച്ചതെന്നും ബി.എം പ്രദീപ് പറയുന്നു.

ഞങ്ങള്‍ക്ക് മൂന്ന് ആവശ്യങ്ങള്‍ മാത്രമേയുള്ളു. അറ്റാക്ക് ചെയ്യാനൊന്നും ഞങ്ങളില്ല. ശാന്തി സമരം മാത്രമേയുള്ളു. നാട്ടാര്‍ക്ക് നല്ലതിന് വേണ്ടി മാത്രം. ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടത്തി തരണം' കൃഷ്ണ മോഹന പൊസല്യ ആവശ്യപ്പെടുന്നു.

The Cue
www.thecue.in