വിയര്‍പ്പ് വറ്റിച്ചുണ്ടാക്കിയ സമ്പാദ്യത്തിനായി കാത്തിരിക്കുന്നവരാണിവിടെ, കരുവന്നൂര്‍ തട്ടിപ്പ് കേസ് എല്ലാവരും അറിയേണ്ടതുണ്ട്

വിയര്‍പ്പ് വറ്റിച്ചുണ്ടാക്കിയ സമ്പാദ്യത്തിനായി കാത്തിരിക്കുന്നവരാണിവിടെ, കരുവന്നൂര്‍ തട്ടിപ്പ് കേസ് എല്ലാവരും അറിയേണ്ടതുണ്ട്

എടച്ചാലി രാമന്‍ എന്റെ അമ്മയുടെ അമ്മാവനായിരുന്നു, കല്യാണം കഴിക്കാത്തതിനാല്‍ ഞങ്ങളുടെ കൂടെയാണ് താമസിച്ചിരുന്നത്, ചാച്ചന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്, ചാച്ചന്റെ മരുന്ന് വാങ്ങാനും മറ്റ് ചെലവിനുമൊക്കയായിട്ട്, പൊറത്തിശ്ശേരി ശാഖയിലായിരുന്നു നിക്ഷേപം, കുറച്ചുനാള്‍ പലിശ കിട്ടി, പിന്നെ ഒന്നും കിട്ടാതായി, അതിനിടയ്ക്കാണ് ചാച്ചന് അസുഖം വരുന്നത്, തലച്ചോറുമായി ബന്ധപ്പെട്ടായിരുന്നു അസുഖം, ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു, തൃശ്ശൂര് ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി സര്‍ജറി ചെയ്യാനും അവര്‍ നിര്‍ദേശിച്ചു. അത്രയും അത്യാവശ്യം വന്നപ്പോഴാണ് ബാങ്കിലേക്ക് ചെന്നത്, മൂന്ന് ലക്ഷം രൂപയ്ക്കായിട്ടാണ് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കിയിട്ട് ഒരു മാസത്തിന് ശേഷമാണ് 50000 രൂപ തരാന്‍ ബാങ്ക് തയ്യാറായത്, അത് കിട്ടി മൂന്നാമത്തെ ദിവസം ചാച്ചന്‍ മരിച്ചു.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന എടച്ചേലില്‍ രാമന്റെ ബന്ധു സന്തോഷ് ദ ക്യൂവിനോട് സംസാരിക്കുമ്പോള്‍ മരണം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടുണ്ട്. ജൂലൈ ഇരുപത്തിയഞ്ചിനായിരുന്നു രാമന്റെ മരണം. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ബാങ്കില്‍ നിക്ഷേപിച്ച പൈസ തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് ചികിത്സ മുടങ്ങി തൃശൂര്‍ മാപ്രാണത്തെ റിട്ട. നേഴ്സ് ഫിലോമിനയും മരണപ്പെടുന്നത്. സ്വന്തം ചികിത്സയ്ക്കായി സ്വന്തം സമ്പാദ്യം പോലും ഉപയോഗിക്കാന്‍ കഴിയാതെ മരണപ്പെടേണ്ടി വന്ന രണ്ട് ജീവിതങ്ങള്‍.

മകന്റെ കല്യാണത്തിനായി 15 ലക്ഷം രൂപയാണ് മാപ്രാണം സ്വദേശിനി ഷൈലജ ബാങ്കിലിട്ടത്. കുറച്ച് പലിശയുണ്ടെന്നായിരുന്നു സമാധാനം. എന്നാല്‍ കല്യാണ സമയത്ത് കാശ് ചോദിച്ചപ്പോള്‍ കിട്ടിയില്ല. ആകെ കിട്ടിയത് ഒന്നരലക്ഷം രൂപ. അതുകൊണ്ട് എന്താകാനാണെന്ന് ഷൈലജ ചോദിക്കുന്നു. അറുപത് കഴിഞ്ഞ ഷൈലജയ്ക്ക് മരുന്നിന് തന്നെ മാസം നല്ല ചെലവ് വരും, വലിയ സാമ്പത്തിക ശേഷിയില്ല, ആ പൈസ കൊണ്ട് ജീവിക്കാനായിരുന്നു ഉള്ള സമ്പാദ്യം ബാങ്കിലിട്ടിരുന്നത്. പക്ഷേ ഇന്നാ പ്രതീക്ഷ ഷൈലജയ്ക്കോ ഷൈലജയെ പോലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനിരയായ, ആയുഷ്‌കാലം മുഴുവനും സ്വരൂപിച്ച സമ്പാദ്യം നഷ്ടമായ, സ്വപ്നങ്ങള്‍ തകര്‍ന്ന ഒരുപാട് പേര്‍ക്കുണ്ടോ എന്ന് സംശയമാണ്.

എന്താണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്

2021 ജൂലൈ 14നാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. വ്യാജ രേഖകളുണ്ടാക്കിയും ആവശ്യമായ സെക്യുരിറ്റിയില്ലാതെയുമെല്ലാം 2011 മുതല്‍ ബാങ്ക് അധികൃതര്‍ അനധികൃത ലോണുകള്‍ നല്‍കിയത്. ഇടതുഭരണസമിതിയിലെ അംഗങ്ങളും, അവരുടെ ബിനാമികളും ബന്ധുക്കളുമെല്ലാമായിരുന്നു വായ്പയായി പണം തട്ടിച്ചത്. 11,000 ത്തിലധികം വരുന്ന ബാങ്കിലെ നിക്ഷേപകരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടതുഭരണ സമിതിയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വന്തമാക്കിയത്. തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് പെസോ ഇന്‍ഫ്രാ സ്ട്രക്‌ചേഴ്‌സ്, സിസിഎം ട്രേഡേഴ്‌സ്, മൂന്നാര്‍ ലക്‌സ്വേ ഹോട്ടല്‍സ്, തേക്കടി റിസോര്‍ട്ട് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ട് എന്ന വിവരവും പുറത്ത് വന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി അഞ്ച് പേര്‍ മാത്രമാണ് ജയിലില്‍ കഴിയുന്നത്. മുന്‍ സെക്രട്ടറി ടി ആര്‍ സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സികെ ജില്‍സ്, ഇടനിലക്കാരനും ബാങ്ക് അംഗവുമായ അരുണ്‍, കമ്മീഷന്‍ ഏജന്റ് എ കെ ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റ് അക്കൗണ്ടന്റ് റജി അനില്‍ എന്നിവരാണ് അറസ്റ്റിലായത്.

നെല്ലായി സ്വദേശി സുജോയിയുടെ പരാതിയില്‍ പറയുന്നത് സുജോയി ബാങ്കില്‍ അംഗത്വം എടുക്കുന്നതിനായി നല്‍കിയ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും ഉപയോഗിച്ച് കൃത്രിമ രേഖകള്‍ ഉണ്ടാക്കി മാനേജര്‍ എംകെ ബിജുവും സംഘവും 25 ലക്ഷം രൂപ വായ്പയെടുത്തു എന്നതായിരുന്നു. ബിജു കരീം, ജില്‍സ്, ബിജോയ് എന്നിവരെ പ്രതികളാക്കി ഇതില്‍ കേസെടുത്തിരുന്നു. 2016 മാര്‍ച്ചില്‍ ഈ വായ്പ തിരിച്ചടച്ച് ഇതേ ഉദ്യോഗസ്ഥര്‍, അതേ ദിവസം തന്നെ 50 ലക്ഷം രൂപ ഇതേ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തു എന്നും സിജോയിയുടെ പരാതിയില്‍ പറയുന്നു.

300 കോടി രൂപയുടെ ക്രമക്കേടും 104 കോടിയുടെ കൊള്ളയും

312 കോടി രൂപയുടെ നിക്ഷേപമുള്ള കരുവന്നൂര്‍ ബാങ്കില്‍ 300 കോടി രൂപയുടെ ക്രമക്കേടും 104 കോടിയുടെ കൊള്ളയുമാണ് സെക്രട്ടറിയും ബ്രാഞ്ച് മാനേജരും ഒരു കമ്മീഷന്‍ ഏജന്റുമടക്കമുള്ള സംഘം നടത്തിയതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഒമ്പതംഗ ഉദ്യോഗസ്ഥ സമിതി കണ്ടെത്തല്‍.

ബാങ്കിന്റെ ആസ്തിയെ പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ച എല്ലാ മാര്‍ഗരേഖയും ലംഘിച്ചാണ് വായ്പ നല്‍കിയിരിക്കുന്നതെന്നും ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിലെ കമ്പ്യൂട്ടര്‍ രേഖകളടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് ആയിരുന്നു തട്ടിപ്പ് കേസിലെ അന്വേഷണം നയിച്ചത്. എന്നാല്‍ സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ പോലും കുറ്റപത്രം നല്‍കിയിട്ടില്ല. കേസില്‍ സസ്പെന്‍ഡ് ചെയത 16 ഉദ്യോഗസ്ഥരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞുകൊണ്ട് സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ സി.പി.ഐ.എം നേതൃത്വത്തിലുള്ള ബാങ്ക് ഭരണ സമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു.

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് വായ്പാതട്ടിപ്പ് നടന്നതിന് ശേഷം, ഉദ്യോഗസ്ഥരുടെ ഭീഷണി കാരണം രണ്ട് പേര്‍ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിരുന്നു. ആലപ്പാടന്‍ ജോസ്, ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദന്‍ എന്നിവരാണ് ജീവനൊടുക്കിയത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതോടെയാണ് ആത്മഹത്യകളുണ്ടായത്.

ഫിലോമിനയുടെയും രാമന്റെയും മരണത്തോടെ വീണ്ടും തട്ടിപ്പ് കേസുകള്‍ പ്രധാനവാര്‍ത്തകളായി മാറുമ്പോള്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ പ്രതികരണം. കരുവന്നൂര്‍ ബാങ്ക് ഇതിനോടകം നിക്ഷേപകര്‍ക്ക് 38.75 കോടി രൂപ തിരികെ നല്‍കിയെന്നും ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാല്‍ വിദഗ്ധ ചികിത്സ തേടാന്‍ കഴിയാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കിയെന്നുമാണ് മന്ത്രിയുടെ വിശദീകരണം. സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞതും സമാനമായി തന്നെയായിരുന്നു.

നിക്ഷേപകര്‍ക്ക് പണം അനുവദിക്കാനായി കേരള ബാങ്കില്‍ നിന്ന് അടിയന്തരമായി 25 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 10 കോടി റിസ്‌ക് ഫണ്ടായും ലഭ്യമാക്കും. സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങള്‍ സാമ്പത്തിക ബാധ്യതയിലാണെന്ന വാര്‍ത്ത തെറ്റിധാരണാജനകമാണ്. 132 മിസ്സെലേനിയസ് സഹകരണ സംഘങ്ങളില്‍ മാത്രമാണ് പ്രശ്‌നം. ഇവയില്‍ പലതും സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കുകളല്ലെന്നും സംസ്ഥാനത്ത് സര്‍വീസ് കോഓപറേറ്റീവ് ബാങ്കുകളുടെ എണ്ണം വളരെ കുറവാണെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. എന്നാല്‍ തട്ടിപ്പിനിരയാക്കപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ ഈ പ്രഖ്യാപനങ്ങള്‍ മതിയാകുമോ എന്ന് അറിയില്ല.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നടക്കുന്നത് നീതി നിഷേധമാണെന്ന് സാമൂഹിക നിരീക്ഷക സുധാ മേനോന്‍ പറയുന്നു. നിക്ഷേപകരുടെ ഭാഗത്താണ് നീതിയും ന്യായവുമുള്ളത്. കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന വിഷയമാണിതെന്നും സുധാ മേനോന്‍ ദ ക്യുവിനോട് പറഞ്ഞു.

സഹകരണ സംരംഭങ്ങള്‍ പിടിച്ചടക്കിയതിലൂടെയാണ് ബി.ജെ.പി ഗുജറാത്ത് പിടിച്ചടക്കിയത്. 90 കളില്‍ ഇതുപോലെ പല സഹകരണ ബാങ്കുകള്‍ പല പ്രതിസന്ധിയിലായപ്പോള്‍ അതില്‍ നിക്ഷേപം ഇട്ടും നിയന്ത്രിച്ചുകൊണ്ടും ആണ് ബി.ജെ.പി ഗുജറാത്ത് പിടിച്ചടക്കിയത്. നിരവധി സഹകരണ ബാങ്കുകളുണ്ട് കേരളത്തില്‍. ഇവ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇത്തരം വിഷയങ്ങള്‍ കേരളത്തിന്റെ പല ഭാഗത്തായി വരുമ്പോള്‍ ഇതിനെതിരെ കൃത്യമായ ഒരു നയപരിപാടി കൊണ്ടു വരാനും അതിനെ അട്ടിമറിക്കാനും ഉള്ള സാധ്യത കൂടുതലാണ്. നമ്മള്‍ തന്നെ ഇത് കൈവിട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. കേന്ദ്രത്തിന് ഇടപെടല്‍ നടത്താനും, അവര്‍ക്ക് ദുര്‍വിനിയോഗം ചെയ്യാനും സാഹചര്യം നമ്മള്‍ തന്നെ ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടപെടല്‍ നടത്തേണ്ടതും അത്യാവശ്യമാണ്. സഹകരണ മേഖലയുടെ വിശ്വാസ്യത കൂടി നഷ്ടപ്പെട്ടുകഴിയുകയാണ്. രാഷ്ട്രീയ നേതാക്കന്മാരൊക്കെ തന്നെ ഡയറക്ടര്‍മാരായി വരുമ്പോള്‍ അവരോടുകൂടിയുള്ള വിശ്വാസ്യതയുടെ പുറത്തല്ലേ നമ്മള്‍ പണം ഇടുന്നത്. ഇത്തരം തട്ടിപ്പുകളൊക്കെ പുറത്തുവരണം. ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണത്തിലുള്ള ബാങ്കുകള്‍ എന്നുള്ളതുകൊണ്ട് തന്നെ അതില്‍ നിയന്ത്രണം അത്യാവശ്യമാണ്. ഈ രാഷ്ട്രീയക്കാര്‍ക്കും പാര്‍ട്ടികള്‍ക്കും അതില്‍ ഉത്തരവാദിത്തവും ഉണ്ട്,' സുധാ മേനോന്‍ പറഞ്ഞു.

ഏതാണ്ട് ഒന്നൊന്നര വര്‍ഷം മുമ്പ് ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നത് പ്രധാനപ്പെട്ട ഒന്നായി കാണണമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറയുന്നു. സഹകരണ മേഖലയില്‍ ആകെ പ്രശ്‌നമാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ലെങ്കിലും വിരലില്‍ എണ്ണാവുന്ന സഹകരണ മേഖലകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേരള ബാങ്ക് അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും അതിലൂടെ പരിഹരിക്കും എന്നാണ് മന്ത്രിമാരും ബന്ധപ്പെട്ട ആളുകളും ഒക്കെ പറഞ്ഞതെങ്കിലും ഒന്നും നടന്നില്ല. അതുകൊണ്ടെല്ലാം തന്നെ ഇപ്പോള്‍ വന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ പ്രാധാന്യമുള്ളതും അങ്ങേയറ്റം ആശങ്കയുള്ളതുമാണ്. നിക്ഷേപകര്‍ക്ക് പണം കൊടുക്കണം എന്ന് തന്നെയാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്. മാത്രമല്ല, ക്രൈം ബ്രാഞ്ച് ഈ അന്വേഷണം നടത്തുന്നതുകൊണ്ട് കാര്യമില്ലെന്നും അതുകൊണ്ട് തന്നെ കേസ് സിബിഐ ഏറ്റെടുക്കണമെന്നും സിപി ജോണ്‍ ആവശ്യപ്പെടുന്നു.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരായുണ്ടായിരുന്നത് പതിനൊന്നായിരത്തിനടുത്ത് ആളുകളായിരുന്നു. കേരളത്തില്‍ അങ്ങോളം ഇങ്ങോളം അവരിലോരോരുത്തരുടെയും പ്രതിബിംബങ്ങളുണ്ട്. ചികിത്സയ്ക്കായും വിവാഹത്തിനായും വീടുപണിയ്ക്കായുമെല്ലാം പണം സ്വരൂക്കൂട്ടി ഒരു വിശ്വാസത്തിന്‍ മേല്‍ സഹകരണ ബാങ്കിലേക്ക് ഓടുന്നവര്‍. ആ വിശ്വാസമാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം തിരിച്ച് പിടിക്കേണ്ടതും ആ വിശ്വാസമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in