അപരിചിതന്‍ നിങ്ങളോട് മാത്രമെന്തിന് മോശമായി പെരുമാറി?; ലൈംഗികാധിക്ഷേപ പരാതി നല്‍കാനെത്തിയ യുവതിയോട് പൊലീസ്

അപരിചിതന്‍ നിങ്ങളോട് മാത്രമെന്തിന് മോശമായി പെരുമാറി?; ലൈംഗികാധിക്ഷേപ പരാതി നല്‍കാനെത്തിയ യുവതിയോട് പൊലീസ്
Summary

'ഇയാള്‍ കാണാനൊക്കെ കൊള്ളാമല്ലോ. ഒരു ദിവസം താമസിക്കാന്‍ കൂടെ വരാമോ,' എന്നാണ് അയാള്‍ വന്ന് ചോദിച്ചത്. പെട്ടെന്ന് അങ്ങനെ കേട്ടപ്പോള്‍ ഞാന്‍ ആകെ ഷോക്ക്ഡ് ആയി പോയി. തിരിച്ച്

നടുറോട്ടില്‍ വെച്ച് അപമര്യാദയായി പെരുമാറിയ ആള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കല്ലമ്പലം പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് യുവതിയുടെ പരാതി. തിരുവനന്തപുരത്തെ കല്ലമ്പലത്ത് നിന്ന് ബൈക്കിലെത്തിയ ആള്‍ തടഞ്ഞു നിര്‍ത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നെന്നും തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നാല് മാസമായിട്ടും പുരോഗതിയില്ലെന്നും അഥീന മുരളി ദ ക്യുവിനോട് പറഞ്ഞു.

ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും ഇതുവരെയും ഉണ്ടായില്ലെന്നും മുന്‍വിധിയോടെയാണ് പൊലീസ് സംസാരിച്ചതെന്നും അഥീന പറയുന്നു.

പരാതി നല്‍കിയതിന്റെ രസീത്
പരാതി നല്‍കിയതിന്റെ രസീത്

അടുത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം നോക്കി, വണ്ടിയുടെ നമ്പര്‍ ചെക്ക് ചെയ്ത ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ എത്തിയത്. എന്നാല്‍ എനിക്ക് പരിചയമില്ലാത്ത ആള്‍ എങ്ങനെയാണ് എന്നോട് അപമര്യാദയായി പെരുമാറുക എന്ന തരത്തിലാണ് പൊലീസ് സംസാരിച്ചതെന്നും അഥീന പറഞ്ഞു.

ഇതുപോലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പൊതുനിരത്തില്‍ വെച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതാണ്. ഇത്തരം സംഭവങ്ങളെ നിസാരമായി കാണാമോ എന്നും അഥീന ചോദിക്കുന്നു. പൊലീസ് സ്റ്റേഷനിലെ വനിതാ ഹെല്‍പ്പ് ഡെസ്‌കില്‍ വനിതാ പൊലീസുകാരെ പോലും പരാതി പറയാന്‍ ചെന്നപ്പോള്‍ കണ്ടില്ലെന്നും അഥീന കൂട്ടിച്ചേര്‍ത്തു.

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയാണ് അഥീന മുരളി.

സംഭവത്തെക്കുറിച്ച് അറിയാന്‍ ദ ക്യുവില്‍ നിന്ന് കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. നേരിട്ട് വന്ന് അന്വേഷിച്ചാല്‍ മതിയെന്നും സിഐയെ കണ്ടാല്‍ മതിയെന്നുമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച മറുപടി.

കല്ലമ്പലം പൊലീസ് സ്റ്റേഷന്‍, തിരുവനന്തപുരം
കല്ലമ്പലം പൊലീസ് സ്റ്റേഷന്‍, തിരുവനന്തപുരം

സംഭവത്തെക്കുറിച്ച് അഥീന ദ ക്യുവിനോട് പറഞ്ഞതിങ്ങനെ,

2021 ഡിസംബര്‍ 17ന് ഉച്ചയ്ക്ക് ഒരു 2.30 നാണ് കല്ലമ്പലത്ത് വെച്ച് സംഭവം നടക്കുന്നത്. ഞാന്‍ ആ സമയത്ത് തിരുവനന്തപുരം കളക്ട്രേറ്റിലെ കൊവിഡ് വാര്‍റൂമിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. തിരുവനന്തപുരത്ത് നിന്ന് വര്‍ക്കലയിലേക്ക് വരുന്ന സമയത്ത് റോഡില്‍ വെച്ച് ബൈക്കിലെത്തിയ ഒരാള്‍ വട്ടം നിന്ന് മോശമായി പെരുമാറുകയായിരുന്നു.

'ഇയാള്‍ കാണാനൊക്കെ കൊള്ളാമല്ലോ. ഒരു ദിവസം താമസിക്കാന്‍ കൂടെ വരാമോ,' എന്നാണ് അയാള്‍ വന്ന് ചോദിച്ചത്. പെട്ടെന്ന് അങ്ങനെ കേട്ടപ്പോള്‍ ഞാന്‍ ആകെ ഷോക്ക്ഡ് ആയി പോയി. തിരിച്ച് എങ്ങനെ റിയാക്ട് ചെയ്യണം എന്നുപോലും അറിയാന്‍ പറ്റാതെയാണ് നിന്നത്. ഞാന്‍ നടന്ന് പോകുന്നതിനിടയിലാണ് ഇത് കേട്ടത്. അത് കഴിഞ്ഞ് ഞാന്‍ തിരിച്ച് അയാളോട്, ' നീ എന്താടാ എന്നോട് ചോദിച്ചത്, അത് വീട്ടിലുള്ളവരോട് പോയി പറയെടാ'' എന്ന് അയാളോട് തിരിച്ച് പറയുന്നുണ്ട്.

എന്നാല്‍ 'നിനക്കെന്താടി വന്നാല്‍, ഇന്ന് ഒരു ദിവസത്തേക്ക് കൂടെ വരാമോ എന്നല്ലേ ചോദിച്ചത്' എന്നാണ് അപ്പോഴും അയാള്‍ പറഞ്ഞത്. ആ സമയത്ത് ഇത് കണ്ടു നിന്ന ഒരാള്‍ എന്താ കാര്യം എന്ന് ചോദിച്ച് വന്നപ്പോഴാണ് അയാള്‍ ബൈക്ക് എടുത്ത് പോയത്.

അടുത്തുള്ള കടയിലെ സി.സി.ടി.വിയില്‍ സംഭവത്തിന്റെ വിഷ്വല്‍സ് കൃത്യമായി പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. ശേഷം ഒരു സുഹൃത്തിന്റെ സഹായത്തോടെ വാഹനത്തിന്റെ നമ്പര്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആരുടെ പേരിലാണ് ബൈക്ക് തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് പരാതി നല്‍കുന്നതിനായി കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ഈ സംഭവം പൊലീസിനോട് പറഞ്ഞപ്പോള്‍ അതാരാണ്? നിങ്ങള്‍ക്കയാളെ പരിചയമുണ്ടോ? പരിചയമില്ലാത്ത ഒരാള്‍ നിങ്ങളോട് മാത്രമെങ്ങനെ പൊതു നിരത്തില്‍ എന്തിന് ഇത്രയും മോശമായി പെരുമാറി തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ അവിടെ നിന്ന് പൊലീസുകാര്‍ ഒട്ടും ഗൗരവത്തോടെയല്ല കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും മറുപടി തന്നതും.

ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് എസ് എച്ച് ഓയെ കാണാന്‍ പോലും സാധിച്ചത്. പൊലീസ് അവിടുന്ന് ഈ ബൈക്ക് നമ്പറിന്റെ ഡീറ്റെയ്ല്‍സ് എടുത്തിരുന്നു. പത്ത് വര്‍ഷമായി ഇതിന്റെ ഇന്‍ഷുറന്‍സ് ഒക്കെ പുതുക്കിയിട്ട്. മിക്കവാറും ഇത് ഇയാളുടെ വാഹനമാകാന്‍ സാധ്യതയില്ല. ഡീറ്റെയില്‍സ് കിട്ടിയാലും വണ്ടിയുടെ ഉടമയോ ഒന്നും ഇതാവണമെന്നില്ല എന്നൊക്കെയാണ് പൊലീസ് പറഞ്ഞത്. ബൈക്ക് ഉടമയുടേത് എന്ന് കരുതുന്ന ഈ അഡ്രസ് ഈ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ അല്ലല്ലോ? അന്വേഷിക്കാം എന്നേ ഉള്ളൂ ഇതൊന്നും കിട്ടുമെന്നുറപ്പില്ല തുടങ്ങിയ ഒഴുക്കന്‍ മറുപടികളോടെ പരാതി ഇവിടെ കൊടുത്തിട്ടില്ലേ, പൊയ്‌ക്കോളൂ വിവരം കിട്ടിയാല്‍ അറിയിക്കാം, പരാതിയില്‍ നമ്പര്‍ എഴുതിയിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.

പരാതി നല്‍കിയതിന്റെ രസീത് ചോദിച്ചപ്പോഴാണ് കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് വരെ അറിയുന്നത്. തുടര്‍ന്ന് രസീത് വേണമെന്ന് നിര്‍ബന്ധമായി പറഞ്ഞതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായത്.

കേസ് കൊടുത്ത സമയത്ത് അതിന്റെ പുരോഗതിയറിയാന്‍ കളക്ട്രേറ്റിലെ സ്റ്റാഫിനെ കൊണ്ട് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പച്ചിട്ടുണ്ടായിരുന്നു. അപ്പോഴും അവര്‍ കേസ് അന്വേഷിക്കുന്നുണ്ട് എന്ന് മാത്രമാണ് മറുപടി പറഞ്ഞത്.

ആ ബൈക്കിന്റെ അഡ്രസ് ഉള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഒന്നും കിട്ടിയിട്ടില്ല എന്ന് മാത്രമാണ് കല്ലമ്പലം പൊലീസ് മറുപടി പറഞ്ഞത്. അതിന് ശേഷവും ഞാന്‍ തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴും കേസില്‍ പ്രത്യേകിച്ച് പുരോഗതി ഉണ്ടായതായി അറിഞ്ഞില്ല. പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന കാര്യമായിട്ട് പോലും പൊലീസ് കൃത്യമായി നടപടിയെടുക്കാത്തതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in