കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കും; മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി

കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കും; മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി

കെ മുരളീധരന്‍ എംപി നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന് സൂചന. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തണമെന്ന് കെ മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വട്ടിയൂര്‍ക്കാവ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഒരുങ്ങാന്‍ അടുത്ത അനുയായികള്‍ക്ക് കെ മുരളീധരന്‍ നിര്‍ദേശം നല്‍കി.

വടകര മണ്ഡലം ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത്. പി ജയരാജന്‍ ഇടതുസ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലം നിലനിര്‍ത്തുന്നതിനായി വട്ടിയൂര്‍ക്കാവില്‍ നിന്നും കെ മുരളീധരനെ വടകരയിലെത്തിക്കുകയായിരുന്നു. ഇതില്‍ ആര്‍എംപിയും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെയാണ് കെ മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തന്നെ തിരിച്ചെത്താനുള്ള ആലോചനയ്ക്ക് പിന്നില്‍. മറ്റ് രാഷ്ട്രീയ പ്രാധാനമില്ലാത്ത വടകര മണ്ഡലത്തില്‍ ഒതുങ്ങാന്‍ താല്‍പര്യമില്ലെന്ന് കെ മുരളീധരന്‍ അനുയായികളോട് വ്യക്തമാക്കിയിട്ടുണ്ട്.

കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കും; മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി
മൂന്ന് തവണ മത്സരിച്ചവര്‍ നിയമസഭയിലേക്കും വേണ്ടെന്ന് ലീഗ്; കൂടുതല്‍ സീറ്റ് ആവശ്യപ്പെടും;കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

വട്ടിയൂര്‍ക്കാവിലെ ജാതിസമവാക്യങ്ങള്‍ അപ്രസക്തമാക്കിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് വിജയിച്ചത്. മുന്‍ എംഎല്‍എ കൂടിയായ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി നായര്‍ വോട്ടുകള്‍ നിലനിര്‍ത്താമെന്നായിരുന്നു യുഡിഎഫ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയായെന്നാണ് മുന്നണി വിലയിരുത്തിയിട്ടുള്ളത്. കെ മുരളീധരന്റെ പിന്തുണ മണ്ഡലത്തില്‍ ലഭിച്ചിരുന്നില്ലെന്ന് കെ മോഹന്‍കുമാര്‍ തന്നെ പരാതി പറഞ്ഞിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിനായാണ് കെ മുരളീധരന്‍ ഉപതെരഞ്ഞെടുപ്പില്‍ സജീവമാകാതിരുന്നതെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം പറയുന്നത്. എന്‍എസ്എസ് വോട്ടുകള്‍ യുഡിഎഫിന് തിരിച്ചു പിടിക്കാന്‍ കെ മുരളീധരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വാദിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിധിക്ക് പിന്നാലെ പഴയ രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതും ഇത് മുന്‍കൂട്ടിക്കണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വികെ പ്രശാന്ത് എംഎല്‍എയുടെ ജനസമ്മിതിയെ കെ മുരളീധരന് വെല്ലുവിളിയാകില്ലെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. വടകര ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ സീറ്റ് നഷ്ടപ്പെട്ടാലും കേന്ദ്രത്തില്‍ തിരിച്ചടിയാകില്ലെന്നാണ് കെ മുരളീധരനെ അനുകൂലിക്കുന്നവരുടെ വാദം.

പി കെ കുഞ്ഞാലിക്കുട്ടി എംപിയും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന.കേരള കോണ്‍ഗ്രസ് പിളര്‍പ്പിലൂടെ ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ നിര്‍ണായക സ്ഥാനത്തേക്ക് പികെ കുഞ്ഞാലിക്കുട്ടി എത്തുമെന്നാണ് മുസ്ലിംലീഗ് നേതൃത്വം പറയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മത്സരരംഗത്തുണ്ടാകും. മലബാറില്‍ മത്സരിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഗ്രഹിക്കുന്നതെങ്കിലും സമസ്തയില്‍ നിന്നുള്ള എതിര്‍പ്പ് തിരിച്ചടിയാകുമോയെന്ന് ഭയക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്കതമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നതാണ് സമസ്തയെ ചൊടിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in