‘ബീഫ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു’; നാണക്കേട് വിചാരിച്ചാണ് പിന്മാറിയതെന്ന് ജര്‍മന്‍ മലയാളികള്‍

‘ബീഫ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു’; നാണക്കേട് വിചാരിച്ചാണ് പിന്മാറിയതെന്ന് ജര്‍മന്‍ മലയാളികള്‍

ആഗസ്റ്റ് 31ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫുര്‍ടില്‍ സംഘടിപ്പിച്ച മേളയിലെ മലയാളി സ്റ്റാളില്‍ നിന്ന് ബീഫ് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘ്പരിവാര്‍ സംഘടനയായ വിഎച്ച്പിയുടെ ആവശ്യത്തിന് വഴങ്ങിയെന്ന് ഗുരുതര ആരോപണം. 'മുകളില്‍ നിന്ന്' സമ്മര്‍ദ്ദമുണ്ടായെന്ന് കോണ്‍സുലേറ്റ് പറഞ്ഞതായി ജര്‍മന്‍ മലയാളികളുടെ വെളിപ്പെടുത്തല്‍.

ജര്‍മനിയില്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ ഫെസ്റ്റി'ലെ കേരള സ്റ്റാളില്‍ നിന്ന് ബീഫ് പിന്‍വലിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. 'മുകളില്‍ നിന്ന്' സമ്മര്‍ദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ കോണ്‍സുലേറ്റ് ബീഫ് വിഭവം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് ഫ്രാങ്ക്ഫുര്‍ട് കേരള സമാജം പറഞ്ഞു. ബീഫ് മെനുവില്‍ നിന്നും ഒഴിവാക്കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഫെസ്റ്റ് ബഹിഷ്‌കരിച്ചെന്നും ഇന്ത്യക്ക് പുറത്തേക്ക് പടരുന്ന മത അസഹിഷ്ണുത, ഭക്ഷണ സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയോട് എതിര്‍പ്പുയര്‍ത്തി ഫ്രാങ്ക്ഫുര്‍ട് നഗരത്തില്‍ പ്രതിഷേധം നടത്തിയെന്നും കേരള സമാജം പറഞ്ഞു. നാണക്കേട് വിചാരിച്ചാണ് ബീഫ് പിന്‍വലിച്ചതെന്ന് ഫ്രാങ്ക്ഫുര്‍ടിലെ യുവാക്കളുടെ കൂട്ടായ്മയായ 'സെക്കുലര്‍ ഇന്ത്യന്‍സ് ജര്‍മനി' 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

ജര്‍മനിയില്‍ കിടന്ന് ഇന്ത്യക്കാര്‍ തമ്മില്‍ കശപിശ കൂടണ്ടല്ലോ എന്ന് കരുതിയാണ് ബീഫ് ഒഴിവാക്കിയത്. ഇന്ത്യക്കാര്‍ യൂറോപ്പില്‍ മൊത്തം നാണം കെടുന്ന അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി. ഭയന്നിട്ടല്ല.

സെക്കുലര്‍ ഇന്ത്യന്‍സ് ജര്‍മനി

തീവ്ര വലതു പക്ഷ നിലപാടുകാരുടെ ഇടപെടല്‍ ഇന്ത്യക്കു പുറത്തും അസഹിഷ്ണുത പടര്‍ത്തുകയാണെന്ന് ഫ്രാങ്ക്ഫുര്‍ട് കേരള സമാജം

സെക്കുലര്‍ ഇന്ത്യന്‍സ് ജര്‍മനിയുടെ പ്രതികരണം

“ഇന്ത്യന്‍ ഫെസ്റ്റ് എല്ലാ തവണയും നടത്താറുണ്ട്. നമ്മുടെ ഇന്ത്യ എന്തെന്ന് ജര്‍മന്‍കാരെ കാണിക്കുക എന്നതായിരുന്നു ഉദ്ദേശം. കേരള സമാജത്തിന്റെ ഫുഡ് സ്റ്റാളില്‍ സ്വാഭാവികമായും പൊറോട്ടയും ബീഫും ഇടം പിടിച്ചു. ഫെസ്റ്റിന് മുമ്പ് ഞങ്ങള്‍ മെനുവിവരം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ബിജെപി അനുകൂലികളും വലതുപക്ഷക്കാരുമായ കുറച്ചുപേര്‍ ഇതിനെ എതിര്‍ത്തു. ഹിന്ദു സെന്റിമെന്റ്‌സിനെ മുറിവേല്‍പിക്കുകയാണ് എന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങളുണ്ടായി. ഇന്ത്യ ബീഫ് നിരോധിച്ച രാജ്യമാണെന്നൊക്കെ ഇവിടെ നുണ പ്രചരിപ്പിച്ചു. സ്റ്റാള്‍ തുറക്കുന്നതിന് 18 മണിക്കൂര്‍ മുമ്പ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് വിളിവന്നു. മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു, ബീഫ് പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ജര്‍മനിയില്‍ കിടന്ന് ഇന്ത്യക്കാര്‍ തമ്മില്‍ കശപിശ കൂടണ്ടല്ലോ എന്ന് കരുതി കേരള സമാജം ബീഫ് ഒഴിവാക്കി. ഇന്ത്യക്കാര്‍ യൂറോപ്പില്‍ മൊത്തം നാണം കെടുന്ന അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി. ഫെസ്റ്റിലേക്ക് അവര്‍ സംഘം ചേര്‍ന്നെത്തി പ്രശ്‌നങ്ങളുണ്ടാക്കുകയോ പൊലീസ് ഇടപെടുകയോ ചെയ്തിട്ടില്ല. പോലീസ് ഓടിച്ചു എന്നതൊക്കെ തെറ്റായ വാര്‍ത്തയാണ്. ഇത് അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് കരുതി ഞങ്ങള്‍ ചെറുപ്പക്കാരുടെ കൂട്ടായ്മ ഇവിടെ ഒരു സൈലന്റ് പ്രൊട്ടസ്റ്റ് നടത്തി. നമ്മുടെ രാജ്യം സഹിഷ്ണുതയുള്ള ഒന്നായിരുന്നു. എല്ലാവരുടേയും ഭക്ഷണ ശീലങ്ങളെ മാനിച്ചും മറ്റ് വിശ്വാസികളെ ആരേയും തടയാതെയുമാണ് നമ്മള്‍ കഴിഞ്ഞത്. ഇപ്പോള്‍ നമ്മള്‍ എന്ത് കഴിക്കണമെന്ന് ചിലര്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി. ഒരാളുടെ മൗലിക അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്. നാളെ ഇന്ത്യക്കാര്‍ ജീന്‍സ് ഇടരുത് ദോത്തിയുടുക്കണം എന്ന് അവര്‍ പറഞ്ഞാലോ? നമ്മളാണ് ഈ അവസ്ഥയിലെത്തിച്ചത്. നമ്മള്‍ നിശ്ശബ്ദരായിരുന്നതുകൊണ്ടാണ്. വൈകിപ്പോയി. എന്തായാലും ഇതിങ്ങനെ വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.”

‘ബീഫ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു’; നാണക്കേട് വിചാരിച്ചാണ് പിന്മാറിയതെന്ന് ജര്‍മന്‍ മലയാളികള്‍
‘സി വി കൊടുക്കില്ല’;ജെഎന്‍യു അധികൃതര്‍ അടിസ്ഥാനകാര്യങ്ങള്‍ പോലും മാറ്റുകയാണെന്ന് റൊമീല ഥാപ്പര്‍

ഫ്രാങ്ക്ഫുര്‍ട് കേരള സമാജത്തിന്റെ പ്രസ്താവന

“പടരുന്ന അസഹ്ഷ്ണുത ...

ഇന്ത്യൻ കോൺസുലേറ്റ് ഫ്രാങ്ക്ഫുർട് സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു വലതു പക്ഷ തീവ്ര നിലപാടുകാരുടെ ഇടപെടൽ ഇന്ത്യക്കു പുറത്തും അസഹ്ഷ്ണുതാ പടർത്തുന്നു ...

ഓഗസ്റ്റ് 31 നു ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിനോടനുബന്ധിച്ചു കേരളം സമാജം ഫ്രാങ്ക്ഫുർട്ടിന്റെ സ്റ്റാളിൽ കേരളത്തിന്റെ തനതായ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പൊറോട്ടയും ബീഫും മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. ഈ മെനു ശ്രദ്ധയിൽ പെട്ട വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ ബീഫ് വിതരണത്തിന് എതിരെ എതിർപ്പുമായി പ്രതിഷേധം സംഘടിപ്പിക്കുവാൻ ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു കേരളം സമാജത്തോട് ബീഫ് മെനുവിൽ നിന്നും നീക്കം ചെയ്യുവാൻ ആവശ്യ പെട്ടു. ബീഫ് മെനുവിൽ നിന്നും ഒഴിവാക്കിയ കേരളം സമാജം പരിപാടി ബഹിഷ്കരിക്കുക കൂടെ ചെയ്തു. ഇന്ത്യക്കു പുറത്തേക്കു പടരുന്ന മത അസഹ്ഷ്ണുത, ഭക്ഷണ സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയിൽ പ്രതിഷേധിച്ചു ഫ്രാങ്ക്ഫുർട്ടിൽ ഒരു പറ്റം യുവാക്കൾ പ്രതിഷേധ സൂചകം ആയി ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെയും, ഭക്ഷണ സ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചു”

Related Stories

No stories found.
logo
The Cue
www.thecue.in