വായയില്‍ പഴുപ്പ് വന്ന് പല്ലെല്ലാം കൊഴിഞ്ഞു പോയി, ചായയില്‍ മുക്കി വേണം ഭക്ഷണം കഴിക്കാന്‍; ചികിത്സക്കെങ്കിലും ഇബ്രാഹിമിന് ജാമ്യം വേണം

വായയില്‍ പഴുപ്പ് വന്ന് പല്ലെല്ലാം കൊഴിഞ്ഞു പോയി, ചായയില്‍ മുക്കി വേണം ഭക്ഷണം കഴിക്കാന്‍; ചികിത്സക്കെങ്കിലും
ഇബ്രാഹിമിന് ജാമ്യം വേണം

പാര്‍ക്കിന്‍സണ്‍ രോഗം മൂലം വെള്ളം കുടിക്കാന്‍ സ്‌ട്രോയ്ക്കും സിപ്പര്‍ കപ്പിനും വേണ്ടി കോടതിക്ക് മുന്നില്‍ യാചിക്കേണ്ടി വന്ന എണ്‍പത്തിനാലുകാരനായ സ്റ്റാന്‍ സ്വാമി, മൂത്രനാളിയിലെ ട്യൂബ് നീക്കം ചെയ്യാന്‍ പോലുമാകാതെ പന്ത്രണ്ട് ആഴ്ചയോളം തലോജ ജയിലില്‍ കഴിയേണ്ടി വന്ന തെലുങ്ക് കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവോ, ചികിത്സ വൈകിയാല്‍ കണ്ണിന് കാഴ്ച പോലും ഇല്ലാതാകുമെന്ന് പറഞ്ഞ ഹാനി ബാബു. ഭരണകൂടത്തില്‍ നിന്ന് ഗുരുതര മനുഷ്യാവകാശ നിഷേധം നേരിടുന്ന മനുഷ്യര്‍ ഈ പേരുകളില്‍ അവസാനിക്കുന്നില്ല.

സ്റ്റാന്‍ സ്വാമിക്ക് നേരിടേണ്ടി വന്ന ചികിത്സാ നിഷേധവും മനുഷ്യാവകാശ ലംഘനവും മരണാനന്തരം രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്യുമ്പോള്‍ ആറ് വര്‍ഷമായി വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന 67 കാരനായ ഇബ്രാഹിം നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും, കൃത്യമായി ചികിത്സ ലഭിക്കാത്തതും മൂലം വലിയ ആശങ്കയിലാണ് ഇബ്രാഹിമിന്റെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും.

67 കാരനായ ഇബ്രാഹിം ഹൃദ്രോഗിയാണ്. രണ്ട് തവണ അദ്ദേഹത്തിന് ഹൃദയാഘാതം വന്നിട്ടുണ്ട്. പ്രമേഹ രോഗം ബാധിച്ച് വായയില്‍ പഴുപ്പ് കയറി പല്ലുകളെല്ലാം നീക്കം ചെയ്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് കുടുംബം പറയുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് യു.എ.പി.എ കേസില്‍ വിചാരണാ തടവുകാരനായി കഴിയുന്ന ഇബ്രാഹിമിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

കവി സച്ചിദാന്ദന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് സര്‍ക്കാരിന് കത്തയച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് യുഎപിഎ തടവുകാര്‍ക്ക് ഇടക്കാല ജാമ്യത്തിന് അര്‍ഹതയില്ലെന്ന തീരുമാനത്തില്‍ ഇളവുണ്ടാകണമെന്നും, പ്രായാധിക്യവും രോഗപീഡയും മൂലം വലയുന്ന ഇബ്രാഹിമിന് മാനുഷിക പരിഗണന നല്‍കി ജയില്‍ മോചിതനാക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇതിന് അനുകൂലമായ മറുപടി സര്‍ക്കാരില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.

അനുദിനം ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയാണെന്നും ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ഹൈ പവര്‍ കമ്മിറ്റിക്ക് ഇദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് ഇടക്കാല ജാമ്യം കൊടുക്കയോ പരോള്‍ അനുവദിക്കുകയോ ചെയ്യാമെന്നിരിക്കെ മൃതപ്രായനായ ഒരാളെ കൊവിഡ് കാലത്ത് കൃത്യമായ ചെക്കപ്പും ചികിത്സയും പോലും ലഭിക്കാത്ത വിധത്തില്‍ തടവിലിടുന്നത് ശരിയല്ലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സെക്രട്ടറി സിപി റഷീദ് ദ ക്യുവിനോട് പറഞ്ഞു.

''സ്റ്റാന്‍ സ്വാമിയുടെ അതേ അവസ്ഥ തന്നെയാണ് ഇബ്രാഹിമിനുമുള്ളത്. അറുപത്തിയേഴ് വയസായി അദ്ദേഹത്തിന്. രണ്ട് തവണ ഹൃദയാഘാതം വന്നിട്ടുണ്ട്. പ്രമേഹ രോഗിയാണ്, വായ പഴുത്തിട്ട് അദ്ദേഹത്തിന്റെ പല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്തു. ഒരു ഭക്ഷണവും കഴിക്കാന്‍ പറ്റില്ല.

അദ്ദേഹം ചൂടുവെള്ളത്തിലും ചായയിലും ചപ്പാത്തി മുക്കി കഴിക്കുകയാണ്. ഒരാഴ്ചകൊണ്ട് ഏഴു കിലോ തൂക്കം കുറഞ്ഞു. ഇരുപത്തിരണ്ടോളം ഗുളികകള്‍ കഴിച്ചിട്ടു പോലും അദ്ദേഹത്തിന്റെ പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ പറ്റുന്നില്ല. റൂട്ടീന്‍ ചികിത്സയും ചെക്കപ്പും ആവശ്യമുള്ളയാളാണ് അയാള്‍.

ഇപ്പോഴത്തെ കൊറോണ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് റൂട്ടീന്‍ ചികിത്സ കൊടുക്കാന്‍ കഴിയില്ല. അതുകൊണ്ട് അദ്ദേഹത്തിന് ജാമ്യമാണ് നല്‍കേണ്ടത്. ജൂണ്‍ 22 നാണ് എന്‍.ഐ.എ കേസിന്റെ വിചാരണ ആരംഭിച്ചത്.
വായയില്‍ പഴുപ്പ് വന്ന് പല്ലെല്ലാം കൊഴിഞ്ഞു പോയി, ചായയില്‍ മുക്കി വേണം ഭക്ഷണം കഴിക്കാന്‍; ചികിത്സക്കെങ്കിലും
ഇബ്രാഹിമിന് ജാമ്യം വേണം
ഫാസിസ്റ്റ് ദേശീയതയോട് ഇണങ്ങുന്നവര്‍ പൗരന്മാരും പിണങ്ങുന്നവര്‍ അപരന്മാരുമാകുന്ന സങ്കല്പത്തില്‍ സ്റ്റാന്‍ സ്വാമി മരിച്ചതല്ല, കൊന്നതാണ്
വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് അദ്ദേഹത്തെ ഹാജരാക്കിയത്. വിചാരണയ്ക്കിടയില്‍ ആരോഗ്യകരമായി അവശനായ ഇബ്രാഹിം കുഴഞ്ഞു വീഴുകയാണുണ്ടായത്. എന്‍.ഐ.എയുടെ പ്രോസിക്യൂട്ടര്‍ പറഞ്ഞത് പ്രകടനമാണ് എന്നാണ്. ഇത് തന്നെയല്ലേ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഇവര്‍ പറഞ്ഞിരുന്നത്.

ഇബ്രാഹിമിന്റെ ഭാര്യ ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൊടുത്തിട്ട് നാലാഴ്ചയോളമാകാനായി. സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഒപ്പിട്ട ഒരു നിവേദനമാണ്് കൊടുത്തത്. അതിന്റെ പുറത്ത് ഒരു നിലപാടും സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഇബ്രാഹിമിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാതെ ഇരിക്കുകയാണ് കേരള സര്‍ക്കാര്‍. ഏതാണ്ട് 140 ഓളം യുഎപിഎ കേസുകള്‍ ഈ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ചുമത്തിയിട്ടുണ്ടെന്ന് ഇപ്രാവശ്യത്തെ നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ അനില്‍ കുമാറിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിട്ടുണ്ട്.

വായയില്‍ പഴുപ്പ് വന്ന് പല്ലെല്ലാം കൊഴിഞ്ഞു പോയി, ചായയില്‍ മുക്കി വേണം ഭക്ഷണം കഴിക്കാന്‍; ചികിത്സക്കെങ്കിലും
ഇബ്രാഹിമിന് ജാമ്യം വേണം
പൗരത്വസമരം ഇനിയൊരിക്കല്‍ കൂടി തുടങ്ങരുത്; അതിനായിരുന്നു ഊതിവീര്‍പ്പിച്ച കഥകളുണ്ടാക്കി കരിനിയമം ചുമത്തിയുള്ള അറസ്റ്റുകള്‍|INTERVIEW

പിണറായി വിജയനും തോമസ്, ഐസകും ഉള്‍പ്പെടെ സ്റ്റാന്‍ സ്വാമിക്കുണ്ടായ നീതി നിഷേധത്തില്‍ പ്രതികരിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ മേഖലാ ജാഥ സംഘടിപ്പിക്കുന്നുണ്ട്. സങ്കുചിത താത്പര്യങ്ങളാണ് ഇതിന് പിന്നില്‍.

ജനാധിപത്യ നീതിയും യുഎപിഎ വിരുദ്ധ കാഴ്ചപ്പാടും ഇവര്‍ക്കുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ഇബ്രാഹിമിന്റെ കാര്യത്തിലെന്തുകൊണ്ട് അനുകൂലമായ ഒരു തീരുമാനം എടുക്കുന്നില്ല,'' സിപി റഷീദ് ചോദിച്ചു.

ഇബ്രാഹിമിന് ജാമ്യം അനുവദിക്കുകയോ പരോള്‍ ലഭിക്കുകയോ ചെയ്താല്‍ നമ്മള്‍ക്ക് കഞ്ഞിയെങ്കിലും ജ്യൂസടിച്ചു കൊടുക്കാമല്ലോ. ഒരു ദാക്ഷിണ്യമില്ലാത്ത നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

ഇബ്രാഹിം ആറുവര്‍ഷമായി കിടക്കുന്നത് വിചാരണ കൂടാതെയാണ്. അയാളെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. അയാള്‍ക്കെതിരെ രണ്ട് കേസാണ് ഉണ്ടായിരുന്നത്. ഒരു കേസില്‍ കോടതി അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. അപ്പോഴാണ് ഈ കേസില്‍ ഗൂഢാലോചന പ്രതിയാക്കുന്നത്. ഈ കേസില്‍ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതി പോലുമില്ല. സിപി റഷീദ് കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗൂഢാലോചന കുറ്റം ആരോപിച്ചാണ് 2014 ഏപ്രിലില്‍ വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ ഇബ്രാഹിമിനെതിരെ കേസെടുക്കുന്നത്. കേസിലെ എട്ടാം പ്രതിയാണ് ഇബ്രാഹിം. മാവോയിസ്റ്റ് നേതാവ് രൂപേഷ്, കന്യ, അനൂപ് മാത്യു എന്നിവര്‍ക്കെതിരെയും എറണാകുളത്തെ എന്‍.ഐ.ഐ പ്രത്യേക കോടതി കേസെടുത്തിരുന്നു.

വായയില്‍ പഴുപ്പ് വന്ന് പല്ലെല്ലാം കൊഴിഞ്ഞു പോയി, ചായയില്‍ മുക്കി വേണം ഭക്ഷണം കഴിക്കാന്‍; ചികിത്സക്കെങ്കിലും
ഇബ്രാഹിമിന് ജാമ്യം വേണം
ദുരിതത്തിന്റേതാണ് 'ഗുജറാത്ത് മോഡല്‍',ആളുകള്‍ക്ക് മോദിയെ മടുത്തു; ജിഗ്‌നേഷ് മേവാനി, അഭിമുഖം

ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതി മോശമാകുന്നതില്‍ വലിയ ആശങ്കയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജമീല ദ ക്യുവിനോട് പറഞ്ഞു.

''സുഖമില്ലാത്തതാണ് വലിയൊരു പ്രശ്‌നം. ജാമ്യത്തില്‍ ഇറക്കാന്‍ നോക്കുന്നുണ്ട് കേസ് ഇതുവരെയും വിളിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. ആറ് വര്‍ഷത്തിനിടയ്ക്ക് രണ്ട് പ്രാവശ്യം ഇവിടെ വന്നു. ഒരു പ്രാവശ്യം വന്നിട്ട് രാവിലെ പത്ത് മണിതൊട്ട് അഞ്ചുമണി വരെ നിന്നു.

പിന്നെയൊരു പ്രാവശ്യം പതിനൊന്നേകാലിന് വന്നിട്ട് രണ്ടു മണിയൊക്കെ ആയപ്പോള്‍ പോയി. അതിനുശേഷം ഇതുവരെ കണ്ടിട്ടില്ല. സുഖമില്ലാത്തതുകൊണ്ട് അവിടെ പിടിച്ചു നിര്‍ത്തിയിട്ട് കാര്യമില്ലല്ലോ. അവിടെ വെച്ച് എന്തെങ്കിലും ആയിപ്പോയാല്‍ നമ്മള്‍ നോക്കിയില്ല എന്നാകില്ലേ. വിട്ടുകിട്ടിയാല്‍ ചികിത്സിക്കാമായിരുന്നു,'' ജമീല പറഞ്ഞു.

ഇബ്രാഹിമിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജമീല കത്തെഴുതിയിട്ടുണ്ട്. വിഷയം പ്രതിപക്ഷ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വിഡി സതീശനും പരാതി നല്‍കിയിട്ടുണ്ട്.

സ്റ്റാന്‍ സ്വാമിയ്ക്ക് സംഭവിച്ചത് ചര്‍ച്ച ചെയ്യുന്ന കേരളം ഇബ്രാഹിമിന് ചികിത്സയ്ക്ക് വേണ്ടിയെങ്കിലും ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് ജമീല പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in