കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ തുടരുന്ന സംവരണ അട്ടിമറി

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ തുടരുന്ന
സംവരണ അട്ടിമറി
Summary

കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക് സംവരണമുൾപ്പെടെയുള്ള കാര്യങ്ങളെ എത്രത്തോളം സമഗ്രമായി കാണാൻ സാധിക്കുന്നുണ്ട് എന്നതാണ് ഇവിടെയുയരുന്ന പ്രധാന ചോദ്യം.

കേരളത്തിലെ സംവരണ അട്ടിമറികൾക്കും ജാതിവിവേചനങ്ങൾക്കും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംവരണം അട്ടിമറിക്കപ്പെട്ട് സീറ്റ് നഷ്ടപ്പെട്ട ശരത്ത് എന്ന ദളിത് വിദ്യാർത്ഥി. ശരത്തിനോടുകൂടി തീരുന്നതോ ആരംഭിക്കുന്നതോ ആണോ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ വിരുദ്ധതയും ജാതീയതയും? ഈ കേസിൽ പൂർണ്ണമായ തീരുമാനത്തിലേക്കെത്താതെ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവിലേക്കാണ് എത്തിയത്. കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾക്ക് സംവരണമുൾപ്പെടെയുള്ള കാര്യങ്ങളെ എത്രത്തോളം സമഗ്രമായി കാണാൻ സാധിക്കുന്നുണ്ട് എന്നതാണ് ഇവിടെയുയരുന്ന പ്രധാന ചോദ്യം.

കഴിഞ്ഞ കുറച്ച് കാലമായി ഓരോ കേസുകളെയും പ്രത്യേകമായി കാണാൻ ആണ് കോടതികൾ ശ്രമിക്കുന്നതെന്നും, പ്രശ്നം ഈ സംവിധാനത്തിന്റേതാണ് എന്ന രീതിയിൽ സമഗ്രമായി കാണാതിരിക്കാനുള്ള കൗശലം കോടതികൾ നിരന്തരം കാണിക്കുന്നുണ്ടെന്നും, ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാട് പറഞ്ഞു. രാമക്ഷേത്ര വിധിമുതലാണ് കൃത്യമായി ഇന്ത്യൻ കോടതികൾ എന്താണോ പ്രശ്നം, ആ പ്രശ്നത്തെ മാത്രം പരിഗണിച്ചുകൊണ്ട് ഉത്തരവുകൾ ഇറക്കാൻ തുടങ്ങിയത്. സണ്ണി എം. കപിക്കാട് ദ ക്യു വിനോട് പറഞ്ഞു.

ശരത്തിനെതിരെയായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത് എന്നത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്. ശരത്തിനു സീറ്റ് നൽകണമെന്ന ഇടക്കാല വിധിയിലേക്ക് കോടതി എത്തിയെങ്കിലും, വിഷയത്തിൽ പൂർണമായ ഒരു തീർപ്പിലേക്കെത്താൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. വളരെ നിരാശയോടെ കോടതിയിലുള്ള വിശ്വാസം ഇതോടെ നഷ്ടപ്പെട്ടു എന്നാണ് ശരത്ത് പറയുന്നത്.

ശരത്ത്
ശരത്ത്

ഹൈക്കോടതിയിൽ നമുക്ക് നീതി കിട്ടും, കോടതിയാണ് അവസാന വാക്ക് എന്നായിരുന്നു വിചാരിച്ചത്. മറ്റൊരിടത്ത് നിന്നും മറുപടി ലഭിച്ചിട്ടില്ലായിരുന്നു. എന്നാൽ ഹൈക്കോടതി ഇത് അടിയന്തിരമായി തീർപ്പാക്കേണ്ട കാര്യമായി കണ്ടില്ല. കോടതി ഇരയോടൊപ്പമായിരുന്നില്ല. എനിക്കെതിരെ നിന്ന കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനും സർക്കാരിനും രേഖകൾ സമർപ്പിക്കാൻ രണ്ടു മാസത്തോളമാണ് കോടതി സമയം അനുവദിച്ചത്. എന്റെ മാർക്ക് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായ രേഖകളുള്ള കാര്യമാണ്. അത് അവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ തരാൻ കഴിയും പക്ഷെ അവർ രണ്ടുമാസമാണ് എടുത്തത്. അത് തന്നെ ഒരു അനീതിയാണ്.

ശരത്ത്

സംവരണ അട്ടിമറി നടന്നിട്ടുണ്ട് എന്ന് വാക്കാൽ കോടതിയിൽ എൽ.ബി.എസ് സമ്മതിച്ചിരുന്നു, എന്നാൽ പിന്നീട് രേഖാമൂലം എൽ.ബി.എസ് നൽകിയ വിശദീകരണത്തിൽ അങ്ങനെയായിരുന്നില്ല ഉണ്ടായിരുന്നത് എന്നും ശരത്ത് ദ ക്യു വിനോട് പറഞ്ഞു. ഇത്രയും തെളിവുകൾ ലഭിച്ചിട്ടും കോടതി കൃത്യമായ ഒരു വിധി പറയാൻ തയ്യാറായില്ല. നവംബർ ഏഴാം തിയ്യതി ക്ലാസുകൾ തുടങ്ങി എന്ന് ശരത്തിന്റെ വക്കീൽ കോടതിയെ ഓർമിപ്പിച്ചതിന് ശേഷമാണ് നവംബർ 11 മുതൽ ശരത്തിന് ക്ലാസ്സിൽ പോകാമെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. ശരത്ത് പറയുന്നു.

ശരത്തിന്റെ കേസ് ഒരു പ്രധാന ചർച്ചയായി കേരളത്തിന്റെ പൊതുസമൂഹത്തിൽ മാറാതിരിക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷം ഈ വിഷയത്തോട് സ്വീകരിക്കുന്ന അലസസമീപനം കാരണമായിട്ടുണ്ട് എന്ന വിമർശനവും ദളിത് ആക്ടിവിസ്റ്റുകളുടെ ഭാഗത്ത് നിന്നുണ്ട്. കേരളത്തിൽ സവർണ്ണ സംവരണം നടപ്പിലാക്കിയതിന് ഇടതുപക്ഷം നൽകുന്ന വിശദീകരണം, സംവരണേതരായവർക്കും പരിഗണന നൽകണം എന്നതാണ്. അഥവാ, സാമ്പത്തികമായിരിക്കണം സംവരണത്തിന്റെ അടിസ്ഥാനം എന്ന്. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ നേടിക്കൊണ്ട് ശരത്ത് കേരളത്തിലെ സവർണ്ണരുടെ മെറിറ്റ് വാദങ്ങളെ തകിടം മറിക്കുകയാണെന്നും, ശരത്ത് ജനാധിപത്യാവകാശ ധ്വംസനങ്ങളുടെ ജീവിക്കുന്ന അടയാളമാവുകയാണെന്നും ദളിത് ആക്ടിവിസ്റ്റ് അനന്തു രാജ് ദ ക്യു വിനോട് പറഞ്ഞു.

കേസ് പരിഗണിക്കുന്ന സമയത്ത് കോടതി ഇതൊരു സംവരണ അട്ടിമറിയായോ, ജാതിവിവേചനമായോ അല്ല പരിഗണിച്ചത് എന്ന രൂക്ഷമായ ആരോപണവും ശരത്ത് ഉന്നയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാദം നടക്കുന്ന സമയത്ത് അഡ്മിഷൻ നടപടികൾക്കിടയിൽ സ്ഥാപനത്തിന് നിയമങ്ങളിൽ മാറ്റം വരുത്താമെന്ന ഛാർഗണ്ഡ് കോടതിയുടെ ഉത്തരവും ഹൈക്കോടതി ഉദ്ദരിച്ചിരുന്നു എന്നും, എന്നാൽ ഈ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതും ഇതുവരെ തീരുമാനമാകാത്തതുമാണെന്ന് ശരത്ത് പറയുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ അട്ടിമറികൾ നടക്കുമ്പോൾ, ഒരു സംവിധാനം എന്നതിനപ്പുറം അതിന്റെ തലപ്പത്തിരിക്കുന്നയാളാണ് വിമർശിക്കപ്പെടുന്നത്. ഈ സംവിധാനവും അതിന് നേതൃത്വം കൊടുക്കുന്നവരും ഒരുപോലെ ദളിത് വിരുദ്ധമായി മാറുകയാണ് ചെയ്യുന്നതെന്ന്, എം.ജി. യൂണിവേഴ്സിറ്റിയിൽ ജാതി പീഡനങ്ങൾക്കിരയായ ദളിത് ഗവേഷക ദീപ. പി മോഹനൻ പറയുന്നു.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ

ജാതിയുടെ പ്രിവിലേജ് അനുഭവിച്ചു വന്ന ആളുകൾക്ക് മറ്റുള്ളവരെ അപരരായി തോന്നുന്ന ജാതിബോധമാണ് ഇതിന് അടിസ്ഥാനം. ഈ സംവിധാനത്തിനെതിരെ ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേകിച്ച് പദ്ധതികളൊന്നും ഇല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് ഇതൊരു പ്രധാന കാരണമാണ്. അതുകൊണ്ടുതന്നെ ജാതിവിവേചനം നേരിടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾക്ക് ബാധ്യതയുണ്ട്. എന്നാൽ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ മുൻകൈയെടുക്കുകയും, അത് നടപ്പിലാക്കാൻ കേന്ദ്രത്തെ വെല്ലുവിളിക്കുകയും ചെയ്തവരാണ് കേരളത്തിലെ ഇടതുപക്ഷം.

ദീപ. പി. മോഹനൻ

സവർണ്ണസംവരണത്തിൽ കാര്യമായ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ കേരളത്തിലുണ്ടായില്ല എന്നതുകൊണ്ടുതന്നെ സംവരണ വിഭാഗത്തിൽപെട്ടവർ പേടിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ദീപ പി. മോഹനൻ ദ ക്യു വിനോട് പറഞ്ഞു.

കേസ് ക്ലോസ് ആവാനാണ് സാധ്യത: അഡ്വ. ഷിബി കളരിക്കൽ

കോടതി ഇടക്കാല വിധിയിൽ ശരത്തിന് അഡ്മിഷൻ നൽകിയിരുന്നു. എന്നാൽ ആ സമയത്ത് ശരത്തിന് എസ്.ആർ.എഫ്.ടി.ഐ യിൽ അഡ്മിഷൻ ലഭിച്ചിരുന്നു. ഇതുമൂലം കെ.ആർ നാരായണനിൽ അഡ്മിഷൻ എടുക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ ഇനി കേസ് ക്ലോസ് ആവാനാണ് സാധ്യതയെന്നാണ് ശരത്തിന്റെ അഭിഭാഷക, അഡ്വ. ഷിബി കളരിക്കൽ പറഞ്ഞത്. കോടതി ഒരു ജനറൽ ആയ ഫൈൻഡിങ് ഈ കേസിൽ നടത്തിയിട്ടില്ല. അത് കേസിന്റെ അവസാനമാണ് വരേണ്ടിയിരുന്നത്. എന്നാൽ അതിനു മുമ്പ് തന്നെ കേസ് ക്ലോസ് ആവാൻ സാധ്യതയുള്ളത് കൊണ്ടുതന്നെ അങ്ങനെ ഒരു പൊതുവായ നിരീക്ഷണത്തിലേക്ക് കോടതി പോകാൻ സാധ്യതയില്ലെന്നും അഡ്വ. ഷിബി പറയുന്നു.

ശരത്തിന് സീറ്റ് വേണ്ടാത്ത സാഹചര്യത്തിൽ സംവരണ സീറ്റിൽ അപേക്ഷിച്ച മറ്റൊരു വിദ്യാർത്ഥിയുണ്ടായിരുന്നെങ്കിൽ ആ കേസുമായി മുന്നോട്ട് പോകാമായിരുന്നു. എന്നാൽ തങ്ങളുടെ അന്വേഷണത്തിൽ അങ്ങനെ ഒരു വിദ്യാർത്ഥിയെ കണ്ടെത്താനായില്ല എന്നും അഡ്വ. ഷിബി കളരിക്കൽ പറയുന്നു.

ശരത്തിന് അഡ്മിഷൻ നൽകണമെന്ന് കോടതി പറഞ്ഞപ്പോഴും സർക്കാരിന് വേണ്ടി ഹാജരായ ഗവണ്മെന്റ് പ്ലീഡർ പറഞ്ഞത്, അഡ്മിഷൻ നൽകാൻ കോടതി തീരുമാനിച്ചാലും, ശരത്ത് അതിന് അർഹനല്ല എന്നായിരുന്നു എന്നും അഡ്വ. ഷിബി സാക്ഷ്യപ്പെടുത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in