മലയാളിയുടെ ടെക്ജൻഷ്യയ്ക്ക്, 50 ലക്ഷം കേന്ദ്രപുരസ്കാരം

മലയാളിയുടെ ടെക്ജൻഷ്യയ്ക്ക്,
50 ലക്ഷം കേന്ദ്രപുരസ്കാരം
രാജ്യത്തെ വിവധ മൾട്ടി നാഷണൽ കമ്പനികൾ പങ്കെടുത്ത 'ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചിൽ പുരസ്കാരം നേടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും തങ്ങൾക്കു ഈ മേഖലയിൽ കൂടുതൽ അവസരങ്ങളും നൂതനമായ പുതിയ ആശയങ്ങൾ കൊണ്ടുവരാനും ഈ പുരസ്‌കാരം പ്രചോദനം നല്കുമെന്നും ടെക്ജൻഷ്യ കമ്പനിയുടെ ഉടമ ജോയ് സെബാസ്റ്റ്യൻ ക്യൂവിനോട് പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ 'ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചി'ൽ ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ കമ്പനി 'ടെക്ജൻഷ്യ'യ്ക്ക് 50 ലക്ഷം രൂപയുടെ പുരസ്‌കാരം. നാലു ഘട്ടങ്ങളായി നടന്ന മത്സരത്തിൽ വമ്പൻ കമ്പനികളെ പിന്തള്ളിയാണ് പുരസ്‌കാരത്തിന് അർഹമായത് .

ടെക്ജൻഷ്യ' വികസിപ്പിച്ച തത്സമയ വിഡിയോ പരിഭാഷ സോഫ്റ്റ്‌വെയർ സർക്കാർ പദ്ധതികളിൽ നടപ്പാക്കാനുള്ള കരാറും ഇതോടെ ലഭിക്കും.

ഇന്ത്യയിലെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഐ ടി മന്ത്രാലയം ഭാഷിണി ചലഞ്ച് സംഘടിപ്പിച്ചത്.

വിവിധ ഇന്ത്യൻ ഭാഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോയിസ് ടൂ വോയിസ് ട്രാൻസ്ലേഷനും ടെക്സ്റ്റ് ടൂ ടെക്സ്റ്റ് ട്രാൻസ്ലേഷനും സാധ്യമാകുന്നതിനും ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ സാധ്യതകൾ ആക്കി മാറ്റുന്നതിനും വേണ്ടിയാണ് ഐ ടി മന്ത്രാലയം, ഭാഷിണി ഡിവിഷൻ ആരംഭിച്ചത്.

 ജോയ് സെബാസ്റ്റ്യൻ
ജോയ് സെബാസ്റ്റ്യൻ

ഇന്ത്യയിലെ വിവിധ ഭാഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഭാഷിണി പ്ലാറ്റ്ഫോം വഴി ലഭ്യമാക്കിയിട്ടുണ്ട്. ഇതൊരു ഓപ്പൺ ആപ്ലിക്കേഷൻ പ്രോഗ്രാമ്മിങ് ഇന്റർഫേസുകൾ (API) ആയി ലഭ്യമാണ്. ഇതുപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾ നിർമ്മിക്കുക എന്നതായിരുന്നു ഭാഷിണി ഇന്നോവേഷൻ ചലഞ്ച്.

ഭാഷിണി ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ചിൽ രണ്ട് വിഭാഗങ്ങൾ ആയിരുന്നു ഉള്ളത് .

ഒന്നാമത്തേത് ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാൻസ്ലേഷൻ, രണ്ടാമത്തേത് ഡോക്യുമെന്റ് ടെക്സ്റ്റ് ട്രാൻസ്ലേഷൻ

ഇതിൽ ആദ്യത്തെ വിഭാഗത്തിൽ ആണ് ടെക്ജൻഷ്യ മത്സരിച്ചത്. ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാൻസ്ലേഷൻ വിഭാഗത്തിൽ 4 പ്രൊഡക്ടുകൾ ആണ് ടെക്ജൻഷ്യ വികസിപ്പിച്ചത്. ഇതിൽ പ്രധാനമായും ടെക്ജൻഷ്യയുടെ പ്രധാന ഉൽപ്പന്നമായ വി കൺസോൾ വീഡിയോ കോൺഫറൻസിങ്ങിൽ വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ ട്രാൻസ്ലേഷൻ സാധ്യമാക്കുകയാണ് ചെയ്തത്.

വി കൺസോളിൽ സ്പീക്കർ ഇവന്റുകളിൽ സംസാരിക്കുമ്പോൾ ഓഡിയൻസ് എല്ലാവരും തന്നെ മറ്റൊരു ഭാഷ സംസാരിക്കുന്നവർ ആണെങ്കിൽ സ്പീക്കർ സൈഡിൽ തന്നെ കേൾവിക്കാരുടെ ഭാഷയിലേക്ക് ട്രാൻസ്ലേഷൻ സാധ്യമാക്കുന്നതാണ് ആദ്യ പ്രോഡക്ട്.

രണ്ടാമത്തേത് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് അവർക്ക് കേൾക്കേണ്ട ഭാഷ തെരഞ്ഞെടുത്ത് കേൾക്കാവുന്ന "റിസീവർ സൈഡ് ട്രാൻസ്ലേഷൻ" ആണ്. ഇതിൽ കേൾവിക്കാരാണ് അവർക്ക് ഏതു ഭാഷയിൽ നിന്നും ഏതു ഭാഷയിലേക്ക് ട്രാൻസ്ലെറ്റ് ചെയ്യണം എന്ന് തെരഞ്ഞെടുക്കുന്നത് .

മേൽപ്പറഞ്ഞ രണ്ട് ടൂളുകളും വീഡിയോ കോൺഫറൻസിൽ ഭാഷിണി API ഇന്റഗ്രേറ്റ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്.

മൂന്നാമത്തെ പ്രോഡക്റ്റ് സ്പീക്കർ പോഡിയം ട്രാൻസ്ലേഷൻ സോഫ്റ്റ വെയർ ആണ്. ഇതിൽ ഒരു റാലിയിലോ സമ്മേളനത്തിലൊ പങ്കെടുക്കുന്ന സ്പീക്കർമാരുടെ ഭാഷ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന വലിയ സമൂഹത്തിന്റേതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ ആ ഭാഷയിലേക്ക് റിയൽ ടൈമിൽ ട്രാൻസ്ലെറ്റ് ചെയ്തു കേൾപ്പിക്കാൻ ആണ് സ്പീക്കർ പോഡിയം ട്രാൻസ്ലേഷൻ ടൂൾ ഉപയോഗപ്പെടുക.

നാലാമത്തേത് നിലവിലുള്ള വീഡിയോകൾ വ്യത്യസ്ത ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു പുതിയ വീഡിയോകൾ നിർമ്മിക്കുന്നതിനുള്ള ഒരു ടൂള് ആണ് . ഹിന്ദിയിലും ഇംഗ്ലീഷിലും ഇപ്പോൾ ലഭ്യമായ എല്ലാ വീഡിയോകളും വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യേണ്ട വരുന്ന സാഹചര്യങ്ങളിൽ ആണ് ഇതുപയോഗിക്കുക. പ്രത്യേകിച്ചും വിദ്യാഭ്യാസരംഗത്ത് ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ലഭ്യമാകുന്ന എഡ്യൂക്കേഷണൽ കണ്ടന്റുകൾ മനുഷ്യപ്രയത്നം കൂടാതെ ഏത് ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മേന്മ

ഇവയെല്ലാം ഒറ്റ നോട്ടത്തിൽ വ്യത്യസ്ത ടൂളുകൾ ആണെന്ന് തോന്നുമെങ്കിലും ഭാഷിണി പ്ലാറ്റ്ഫോമിലെ സ്പീച് ടൂ സ്പീച് സാങ്കേതിക വിദ്യ ആണ് ടെക്ജൻഷ്യ നിർമ്മിച്ച് ഭാഷിണി ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ചിനായി സമർപ്പിച്ച ഈ നാല് ടൂളുകളുടെയും അടിസ്ഥാനം.

എന്നാൽ ഭാഷിണി പ്ലാറ്റ്ഫോം മാത്രമല്ല ടെക്ജൻഷ്യ നിർമ്മിച്ച പ്രൊഡക്ടുകൾ വർക്ക് ചെയ്യുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ക്ലൗഡിൽ ലഭ്യമായ ഇത്തരം ഏതു സർവീസുകളും പ്ലഗ് ഇൻ ചെയ്യാവുന്ന രീതിയിലാണ് ടെക്ജൻഷ്യയുടെ പ്രൊഡക്ടുകൾ വികസിപ്പിച്ചിട്ടുള്ളത്. ഇതിൽ മൈക്രോസോഫ്റ്റ് , ഗൂഗിൾ, ആമസോൺ എന്നിവരുടെ ലാങ്ഗ്വേജ് മോഡലുകൾ ഇതിനകം തന്നെ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്

നാലു ഘട്ടമായാണ് ഭാഷിണി ഗ്രാൻഡ് ഇന്നോവേഷൻ ചലഞ്ച് . ഓരോ ഘട്ടത്തിലും മികവ് തെളിയിച്ചാണ് ടെക്ജൻഷ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് .

രാജ്യത്തെ വിവധ മൾട്ടി നാഷണൽ കമ്പനികൾ പങ്കെടുത്ത 'ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചിൽ പുരസ്കാരം നേടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും തങ്ങൾക്കു ഈ മേഖലയിൽ കൂടുതൽ അവസരങ്ങളും നൂതനമായ പുതിയ ആശയങ്ങൾ കൊണ്ടുവരാനും ഈ പുരസ്‌കാരം പ്രചോദനം നല്കുമെന്നും ടെക്ജൻഷ്യ കമ്പനിയുടെ ഉടമ ജോയ് സെബാസ്റ്റ്യൻ ക്യൂവിനോട് പറഞ്ഞു.

ടെക്ജൻഷ്യ വികസിപ്പിച്ച ടൂളുകൾ ഇതിനകം തന്നെ ജി 20 ഉച്ചകോടിയിലും , പ്രധാനമന്ത്രി പങ്കെടുത്ത വിവിധ പരിപാടികളിലും ഉപയോഗിച്ചു

കേന്ദ്രസർക്കാർ മുൻപ് 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിങ് ഇന്നവേഷൻ ചലഞ്ചിൽ ഒന്നാംസ്ഥാനം നേടിയതും ടെക്ജെൻഷ്യയാണ്. വീകൺസോൾ ആപ്ലിക്കേഷൻ വി കസിപ്പിച്ചതിലൂടെയായിരുന്നു നേട്ടം

Related Stories

No stories found.
logo
The Cue
www.thecue.in