കാട്ടില്‍ കയറി കടുവയെ പേടിക്കണോ?

കാട്ടില്‍ കയറി കടുവയെ പേടിക്കണോ?

രാജ്യത്താകമാനമായി 2,226 എണ്ണം മാത്രമായി അവശേഷിക്കുന്ന, വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗത്തെ സംരക്ഷിക്കേണ്ടതിന് പകരമാണ് അവയെ ഭീതിയുടെ പ്രതീകമാക്കിക്കൊണ്ടുള്ള പ്രചരണങ്ങള്‍

'കടുവ വരുന്നേ കടുവ' ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയാണ് വീണ്ടും. വന്യമൃഗങ്ങള്‍ കാട്ടില്‍ പെരുകിയെന്നും നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കാന്‍ തുടങ്ങിയെന്നുമുള്ള ഭയങ്ങളാണ് ഈ വീഡിയോകളിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്. കാട്ടില്‍ കയറി പകര്‍ത്തിയ ശേഷം പുറത്തുവിടുന്ന കടുവപ്പേടി വീഡിയോകള്‍ക്ക് പിന്നില്‍ എന്തൊക്കെയാണ്? കാട് ചുരുങ്ങുന്നതും കാട്ടിലൂടെയുള്ള യാത്ര കൂടിയതും വനാതിര്‍ത്തിയില്‍ റിസോര്‍ട്ടുകള്‍ വന്നതുമാണ് പ്രധാന കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി സംരക്ഷകരും ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ പ്രദേശത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റിസോര്‍ട്ട് ഇന്‍ഡസ്ട്രിയും കടുവ വീഡിയോകള്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്താകമാനമായി 2,226 എണ്ണം മാത്രമായി അവശേഷിക്കുന്ന, വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗത്തെ സംരക്ഷിക്കേണ്ടതിന് പകരമാണ് അവയെ ഭീതിയുടെ പ്രതീകമാക്കിക്കൊണ്ടുള്ള പ്രചരണങ്ങള്‍. വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങളോട് തണുപ്പന്‍ പ്രതികരണമാണ് സംസ്ഥാനസര്‍ക്കാരില്‍ നിന്നുണ്ടായത്. കടുവകളേയും അവയുടെ ആവാസ വ്യവസ്ഥയേയും ശാസ്ത്രീയമായി സംരക്ഷിക്കേണ്ട സമയത്താണ് അവയ്ക്ക് സങ്കേതം നിഷേധിച്ച് അവരുടെ വാസസ്ഥലത്തേക്ക് കയറുകയും കടുവകളെ വെച്ച് തന്നെ ഭീതിപരത്തുകയും ചെയ്യുന്നത്.

വയനാട് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് പകര്‍ത്തിയതാണെന്ന അടിക്കുറിപ്പോടെ റോഡരികിലെ കടുവകളുടെ ദൃശ്യം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ പാമ്പ്രയില്‍ വനത്തിനുള്ളിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യം ബൈക്ക് യാത്രക്കാര്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. കടുവ ബൈക്ക് യാത്രക്കാര്‍ക്ക് സമീപത്തേക്ക് ഓടിയടുക്കുന്ന ദൃശ്യം വയനാട്ടിലുള്ളവരിലും ആ മേഖലയിലൂടെ സഞ്ചരിക്കുന്നവരിലും ഭീതി സൃഷ്ടിച്ചിരുന്നു. വിവാദമായതിനേത്തുടര്‍ന്ന് ചെതലയം റേഞ്ച് ഓഫീസര്‍ വി രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നാല് കടുവകള്‍ റോഡരികിലൂടെ സഞ്ചരിക്കുന്ന വീഡിയോയും പുറത്ത് വന്നത്. മാനന്തവാടി-മൈസൂര്‍ റോഡരികിലെ കടുവാക്കൂട്ടത്തിന്റെ വീഡിയോ എന്ന പേരിലാണ് ഇതും പ്രചരിപ്പിച്ചത്. റോഡ് മുറിച്ച് കടക്കുന്ന മറ്റൊരു കടുവയുടെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് വയനാട് കടുവകളുടെ വിഹാര കേന്ദ്രമായെന്നും മനുഷ്യര്‍ ഭീതിയിലാണെന്നുമുള്ള തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്.

കടുവകളെല്ലാം വയനാട്ടിലേത് തന്നെയോ?

കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതങ്ങള്‍ വയനാടിന്റെ വനാതിര്‍ത്തികളാണ്. ഈ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ കാണുന്ന കടുവയെ വയനാട്ടിലെതെന്ന പേരില്‍ പ്രചരിപ്പിക്കുകയാണെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കര്‍ണാടകയിലെ ബാവലിയോട് ചേര്‍ന്നുള്ള ഉള്‍ക്കാട്ടില്‍ സഫാരിക്ക് പോയവരാണ് നാല് കടുവകളുടെ വീഡിയോ പകര്‍ത്തിയത്. രാജീവ്ഗാന്ധി നാഷണല്‍ പാര്‍ക്കിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സഫാരി നടത്തുന്നവര്‍ എടുത്ത ദൃശ്യം റോഡരികിലെ കടുവകളായി പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യവും ഇതേ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണെന്ന് കര്‍ണാടക വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ഈ മേഖലയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയാണ് കര്‍ണ്ണാടക വനംവകുപ്പ്. മൃഗങ്ങളെ കണ്ടാല്‍ റോഡരികില്‍ വണ്ടി നിര്‍ത്തിയിടാനോ ഫോട്ടോയെടുക്കാനോ പാടില്ലെന്ന നിര്‍ദേശം വനംവകുപ്പ് നല്‍കിയിട്ടുണ്ട്.

കാടതിര്‍ത്തിയില്‍ കടുവയെ കാണുന്നതില്‍ അസ്വഭാവികതയില്ലെന്ന് വയനാട് വന്യജീവി സങ്കേതത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒ ആസിഫ് ‘ദ ക്യൂ’വിനോട് പറഞ്ഞു. കടുവയുള്ള ആവാസവ്യവസ്ഥയില്‍ അവയെ നിരന്തരം കാണുന്നതാണ്. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ പെട്ടെന്നുണ്ടായതല്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി കാണുന്നുണ്ട്.

നാല് കടുവയെ കണ്ടെന്ന് പ്രചരിപ്പിക്കുന്നത് സഫാരിക്ക് പോയവരാണ്. കടുവയെ കാണാന്‍ പോയിട്ട് കണ്ടെന്നും പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്തിനാണ്. കെ എസ് ആര്‍ ടി സി ബസ് രാത്രി പോകുമ്പോഴാണ് റോഡരികില്‍ കടുവയെ കണ്ടത്.

ഡിഎഫ്ഒ

രണ്ട് കടുവാസങ്കേതങ്ങളോട് ചേര്‍ന്നാണ് വയനാട് വന്യജീവി സങ്കേതം. ദേശീയ കടുവാ സംരക്ഷണ അതോറിറ്റി നാല് വര്‍ഷം കൂടുമ്പോള്‍ കണക്കെടുപ്പ് നടത്താറുണ്ട്. വയനാട്ടില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി 2017-18 ല്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. സംസ്ഥാനത്താകെ 176 കടുവകളെ കണ്ടെത്തിയതില്‍ 84 എണ്ണം വയനാട്ടിലുള്ളതാണ്. സംസ്ഥാനത്തെ കടുവാസങ്കേതങ്ങളായ പറമ്പിക്കുളത്തും പെരിയാറിലും 25 വീതം കടുവകളെയാണ് കണ്ടെത്തിയത്. ഒരു വയസ്സിന് മുകളില്‍ പ്രായമുള്ളവയുടെ കണക്കാണിത്. വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 75 കടുവകളെയും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ നാലും നോര്‍ത്തില്‍ അഞ്ചും കടുവകളെയുമാണ് കണ്ടെത്തിയിരുന്നത്. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തിയത്.

കടുവകളുടെ എണ്ണം കൂടിവരുന്നതാണ് കണക്കുകളെങ്കിലും ഇവയെല്ലാം വയനാട്ടിലെത് തന്നെയാണൈന്ന് പറയാനാവില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. സംസ്ഥാനാതിര്‍ത്തിയായ കാടുകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവയും എത്താം.

സംസ്ഥാനതലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോഴും കടുവകളുടെ എണ്ണം കൂടിവരുന്നതായി കാണാം. 2008ല്‍ 71 ഉം 2012 ല്‍ 136 ഉം കടുവകളായിരുന്നു കേരളത്തിലെ കാടുകളില്‍ നിന്ന് കണ്ടെത്തിയത്. 2017-18ലെ സര്‍വേയില്‍ 36 വനം ഡിവിഷനുകളുള്ളതില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡിവിഷനുകളെ ഒഴിവാക്കിയിരുന്നു. ഈ സര്‍വേയില്‍ കാമറകള്‍ ഉപയോഗിച്ചതിനാല്‍ ആധികാരികമായിരിക്കുമെന്ന വാദവുമുണ്ട്.

'നാട്ടിലിറങ്ങി മനുഷ്യനെ കടിച്ച് കൊല്ലുന്ന കടുവ'

വയനാട് പുല്‍പ്പള്ളിലെ ജനവാസകേന്ദ്രത്തില്‍ കഴിഞ്ഞ മെയ് മാസത്തില്‍ കടുവയെത്തി. രണ്ട് ദിവസം നീണ്ട ശ്രമത്തിനൊടുവില്‍ വനംവകുപ്പ് കടുവയെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലേക്ക് ഓടിച്ചു വിട്ടു. തൊട്ട് മുമ്പായി മാര്‍ച്ച് മാസത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ അഞ്ച് വനപാലകര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ വനത്തിന് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാട്ടിലിറങ്ങിയ കടുവ എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത് ഭീതി പടര്‍ത്തുവാനാണെന്നാണ് വനംവകുപ്പ്. കടുവയുടെ എണ്ണം കൂടി.മറ്റ് കാടുകളിലേക്കള്ള അവയുടെ സഞ്ചാരവഴി പലയിടത്തും തടസ്സപ്പെട്ടു. കൂടാതെ വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുതലായി ഈ മേഖലയിലേക്ക് എത്തുന്നതും കടുവകളെ കാണുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കടുവകളെ കണ്ടാല്‍ ഭയക്കേണ്ടതില്ലെന്ന് കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ പി എസ് ഈസ പറയുന്നു. അപകടകരമായ സാഹചര്യങ്ങളില്‍ പ്രതിരോധത്തിന്റെ ഭാഗമായി അവയും അക്രമിക്കും. കാട് മാറി സഞ്ചരിക്കുന്നത് പതിവാണ്.

കാടിനകത്ത് റോഡുകളും സെറ്റില്‍മെന്റുകളും നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അവ സഞ്ചരിക്കുന്ന മേഖലകളില്‍ കാണാന്‍ ഇടയാക്കും. അതിരാവിലെയും വൈകീട്ടും കാട്ടിലൂടെ സഞ്ചരിക്കുന്നത് കൊണ്ടാണ് കടുവകളെ കാണുന്നത്.

പി എസ് ഈസ

വരള്‍ച്ചയും കാടിനകത്ത് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതും കടുവകള്‍ നാട്ടിലേക്കിറങ്ങാന്‍ കാരണമാണെന്ന വാദവും ഈ മേഖലയിലെ വിദഗ്ധര്‍ തള്ളിക്കളയുന്നു. കാട്ടുപോത്ത്, കാട്ടുപന്നി, മാനുകള്‍ എന്നിവയാണ് കടുവയുടെ പ്രധാന ഇര. പച്ചപ്പുള്ള കാട്ടുപ്രദേശങ്ങളില്‍ ഈ മൃഗങ്ങള്‍ ധാരാളമുണ്ടാകുമെന്നും ആഹാരം തേടിയിറങ്ങുന്നുവെന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിക്കുന്നു. പരിക്ക് പറ്റിയ കടുവ കാടിനകത്ത് നില്‍ക്കില്ലെന്നും ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് അവയാണെന്നും വനംവകുപ്പ് പറയുന്നു. മറ്റ് കടുവകളുടെ അക്രമണം ഭയന്നാണ് അവ പുറത്തേക്ക് വരികയും ആടിനെയും പശുവിനെയും പിടികൂടുകയും ചെയ്യുന്നു.

ടൂറിസത്തിന്റെ ഭാഗമായി റിസോര്‍ട്ടുകളുടെ എണ്ണം കൂടിയതും വന്യമൃഗങ്ങളെ കാണുന്നതും വീഡിയോ പ്രചരിപ്പിക്കുന്നതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാടിനോട് ചേര്‍ന്നാണ് പല റിസോര്‍ട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പരസ്യങ്ങളില്‍ മുഖ്യവാഗ്ദാനം കടുവയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ കാണാമെന്നതാണ്.

മൂന്നാറിലും വയനാട്ടിലും മൃഗങ്ങളിറങ്ങുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ടൂറിസം ഇന്‍ഡസ്ട്രിയിലുള്ളവരാണ്. സഞ്ചാരികള്‍ ഇത് കാണാന്‍ കൂടുതലായി എത്തും. ആ വ്യവസായത്തിന് കൂടുതല്‍ ലാഭം കിട്ടും. കാടിനെ വില്‍ക്കുന്നവര്‍ അതിനെ മാനിക്കണം. ഭയം പടര്‍ത്തുന്നത് നല്ല രീതിയല്ല.

പി എസ് ഈസ 

കടുവാസങ്കേതമാക്കണമെന്ന് കേന്ദ്രം, ആലോചിച്ചിട്ടില്ലെന്ന് സംസ്ഥാനം

വയനാട് വന്യജീവിസങ്കേതം കടുവാ സങ്കേതമാക്കുന്നതിനുള്ള നീക്കങ്ങള്‍ 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. മുത്തങ്ങ, തോല്‍പ്പെട്ടി, സുല്‍ത്താന്‍ ബത്തേരി, കുറിച്ചിയാട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്‍പ്പെടെ പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ഈ മേഖലയെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മെയ് 25ന് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവകളെയും അവയുടെ ആവാസ വ്യവസ്ഥ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനായാണ് കടുവ സങ്കേതമാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ജൂണ്‍ 19ന് കല്‍പറ്റ എം എല്‍ എ സി കെ ശശീന്ദ്രന് വനംമന്ത്രി കെ രാജു നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്. ആദിവാസികളുടെ വനാവകാശം സംരക്ഷിച്ച് കൊണ്ടും ബഫര്‍സോണിലുള്ള മറ്റ് ജനങ്ങളെ പരിഗണിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രത്യേക ഫണ്ട് ലഭിക്കും. കടുവാ സങ്കേതത്തിനുള്ളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായം ലഭിക്കും. കടുവസങ്കേതമായി പ്രഖ്യാപിക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് ജീവിക്കുന്നവരില്‍ നിന്ന് പ്രതിരോധമുയരാറുണ്ട്.

കാട് കാണാനെത്തുന്നവരും വനാതിര്‍ത്തിയില്‍ ജീവിക്കുന്നവരും ചില മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വനംവകുപ്പ് പറയുന്നു

കാടിനെ മാനിച്ച് യാത്ര ചെയ്യുക. ആളുകളെ ഭയപ്പെടുത്തുന്ന രീതിയില്‍ വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. കാടിനോട് ചേര്‍ന്ന് ജീവിക്കുന്നവരെ ബോധവത്കരിച്ച് മനുഷ്യവരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നടപടികളും പദ്ധതികളും നടപ്പാക്കുന്നതിനെ തുരങ്കം വെയ്ക്കുകയാണ് ഇത്തരം വീഡിയോ പ്രചരണങ്ങള്‍. അത് ചെയ്യരുത്.

Related Stories

No stories found.
logo
The Cue
www.thecue.in