മുഴുവൻ സമയ ​ഗവേഷകർക്ക് ഇ ​ഗ്രാന്റ്സ് ഉപജീവന മാർ​​ഗമാണ്, ഇനിയും ​ഗ്രാന്റ് മുടങ്ങിയാൽ ഗവേഷണം ഉപേക്ഷിക്കേണ്ടി വരുമോ എന്ന് പേടിയുണ്ട്

മുഴുവൻ സമയ ​ഗവേഷകർക്ക് ഇ ​ഗ്രാന്റ്സ് ഉപജീവന മാർ​​ഗമാണ്, ഇനിയും ​ഗ്രാന്റ് മുടങ്ങിയാൽ ഗവേഷണം ഉപേക്ഷിക്കേണ്ടി വരുമോ എന്ന് പേടിയുണ്ട്
Summary

ഫെലോഷിപ്പ് മുടങ്ങിയതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ഗവേഷകവിദ്യാർഥികൾ. സീനിയർ റിസർച്ച് ഫെലോഷിപ്പ് നേടിയ വിദ്യാർഥികൾക്ക് കഴിഞ്ഞ 10 മാസമായി ഫെലോഷിപ്പ് തുക ലഭിക്കുന്നില്ല. ഒ.ബി.സി ഡയറക്ടറേറ്റിന്റെ കെടുകാര്യസ്ഥതയും ട്രഷറിയില്‍ പണമില്ലാത്തത് മൂലവുമാണ് ​ഗ്രാന്റുകൾ മുടങ്ങിക്കിടക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. ഇതോടെ ഗവേഷണത്തിനാവശ്യമാകുന്ന ചെലവുകൾക്ക് പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ് വിദ്യാർഥികൾ.

മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാത്ത മുഴുവന്‍ സമയ ഗവേഷകരുടെ ഉപജീവനത്തിന് വേണ്ടി കൂടി നല്‍കുന്ന ഇ ​ഗ്രാന്റ്സ് മുടങ്ങിയതോടെ വലഞ്ഞിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയിട്ടും വകുപ്പ് മന്ത്രിയെ നേരിട്ട് ചെന്ന് കണ്ടിട്ടും പരിഹാരമായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ദ ക്യുവിനോട് പറഞ്ഞു. അപേക്ഷ നല്‍കി നാലോ അഞ്ചോ മാസം കഴിഞ്ഞാലാണ് ​ഗ്രാന്റ് ലഭിക്കുന്നത്. ഇപ്പോള്‍ വകുപ്പിന്റെ കൈവശം പണമില്ല എന്ന പേരിൽ അതും നിലച്ചു എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും എല്ലാവര്‍ക്കും ഇ-ഗ്രാന്‍ഡ് നല്‍കുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. 2016-2017 വർഷം തൊട്ടുളള 200 കോടിയോളം രൂപയുടെ കുടിശ്ശികയുണ്ട്. മുന്‍കാല കുട്ടികളുടെ ഒക്കെ ക്ലെയിം തീര്‍ത്തുവരികയാണ്. എല്ലാവര്‍ക്കും ഇ-ഗ്രാന്‍റ്സ് കൊടുക്കും. സംസ്ഥാനത്ത് ഓരോ വകുപ്പിനും വകയിരുത്തേണ്ട ഫണ്ടിനൊരു സീലിംഗ് ഉണ്ട്. അതിനെ മറികടന്ന് ഫണ്ട് നല്‍കാന്‍ കഴിയില്ല. കിട്ടുന്ന പണം കുടിശ്ശികയിലേക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് മന്ത്രി ദ ക്യുവിനോട് പറഞ്ഞത്. ഓരോ മാസവും കൃത്യമായി കിട്ടേണ്ട ഫെല്ലോഷിപ്പ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുമ്പോൾ ​ഗവേഷക വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റി ചോദിച്ചെങ്കിലും മന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല.

വിഷയത്തിൽ ഒ.ബി.സി ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടപ്പോൾ ബജറ്റില്‍ വകയിരുത്തിയ ഫണ്ടും ആവശ്യമായ ഫണ്ടും തമ്മിലുള്ള അന്തരമാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണമെന്നാണ് പറഞ്ഞത്. ഈ വര്‍ഷം ബജറ്റില്‍ 227 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. അതില്‍ 60 ശതമാനം മാത്രം ചെലവഴിക്കാനുള്ള അനുമതിയായിരുന്നു നമുക്ക് തന്നിരുന്നത്. അത് കഴിഞ്ഞ വര്‍ഷത്തെ കുടിശിക കൊടുത്ത് തീര്‍ക്കാന്‍ മാത്രമേ തികഞ്ഞുള്ളു. വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. ഫണ്ട് അനുവദിച്ചാല്‍ മാത്രമേ ഇ-ഗ്രാന്‍റ്സ് കൊടുക്കാന്‍ കഴിയൂ എന്നും ഒ.ബി.സി ഡിപ്പാർ‌ട്ടമെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സിദ്ധാർ‌ത്ഥൻ ദ ക്യുവിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ദ ക്യുവിനോട് പറഞ്ഞത്

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപെന്റായി ഒരു തുക നല്‍കണമെന്ന് യു.ജി.സി പറഞ്ഞിട്ടുണ്ട്. ഏതാണ്ട് 35,000 രൂപയാണത്. അതിന്റെ 75 ശതമാനവും ഇ-ഗ്രാന്‍റ്സ് വഴി കേരള സര്‍ക്കാരാണ് നല്‍കുന്നത്. അത് ഏതാണ്ട് 25,000 രൂപ വരും. ഇതാണ് ഫെല്ലോഷിപ്പ് തുക. നിര്‍ഭാഗ്യവശാല്‍ ഈ ഫെല്ലോഷിപ്പ് തുക സ്‌കോളര്‍ഷിപ്പിന് കൂടെയാണ് കൊടുക്കുന്നത്. യഥാര്‍ത്ഥത്തില്‍ സ്‌കോളര്‍ഷിപ്പും ഫെല്ലോഷിപ്പും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസ ആനുകൂല്യത്തിന് വേണ്ടി മാത്രമായി കൊടുക്കുന്നതാണ്. എന്നാല്‍ ഫെല്ലോഷിപ്പ് മുഴുവന്‍ സമയ ഗവേഷകര്‍ക്കാണ് നല്‍കുന്നത്. അവര്‍ക്ക് മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയില്ല എന്നത് കൊണ്ട് തന്നെ അത് അവരുടെ ഉപജീവനത്തിന് വേണ്ടി കൂടി നല്‍കുന്നതാണ്. ഈ സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും തമ്മിലുള്ള വ്യത്യാസം അറിയാത്തത് കൊണ്ടുതന്നെ കിട്ടുന്ന ഫണ്ട് എങ്ങോട്ട് കൊടുക്കണം എന്ന് വകുപ്പുദ്യോഗസ്ഥര്‍ക്ക് അറിയില്ല.

ഉപജീവനത്തിനുള്ള തുക കൂടിയായത് കൊണ്ട് അത് കൃത്യമായി മാസം തോറും നല്കപ്പെടേണ്ടതും ഉണ്ട്. ഇ-ഗ്രാന്റ്സിനായി അപേക്ഷ കൊടുത്ത് നാലും അഞ്ചും മാസം കഴിഞ്ഞാലാണ് സാധാരണ പണം കിട്ടുന്നത്. ഇപ്പോഴത്തെ പ്രശ്‌നം ഒ.ബി.സി വകുപ്പില്‍ നിന്ന് 10 മാസമായി ആര്‍ക്കും പണം കിട്ടിയിട്ടില്ല. വകുപ്പിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ ട്രഷറിയില്‍ പണമില്ലെന്നും ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ആണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കി. വകുപ്പ് മന്ത്രിയായ കെ.രാധാകൃഷ്ണനെ പോയി കണ്ടു. അതുപോലെ ഒ.ബി.സി ഡയറക്ടറെ ചെന്ന് കണ്ടു. എല്ലാം ശരിയാകും എന്ന് പറയുന്നതല്ലാതെ ഒന്നും ശരിയാകുന്നില്ല.

ഏറ്റവും വലിയ പ്രശ്നം ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഇ-ഗ്രാന്‍റ്സില്‍ നല്‍കുന്ന അപേക്ഷകള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനത്തിന്റെ പരിമിതികളാണ്. അപേക്ഷ ആരുടെ കയ്യിലാണെന്ന് മാത്രമേ അറിയാന്‍ കഴിയൂ, എപ്പോള്‍ കൊടുത്തതാണെന്നോ ആര് കൊടുത്തതാണെന്നോ അതവരുടെ കയ്യില്‍ എത്രകാലം കെട്ടിക്കിടന്നെന്നോ എന്ത് തീരുമാനം എടുത്തെന്നോ ഒന്നും അറിയാന്‍ കഴിയില്ല. അതുകൊണ്ട് ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന അനാസ്ഥ ഇ-ഗ്രാന്‍റ് നല്‍കുന്നതിലെ കാലതാമസത്തിനു കാരണമാകുന്നുണ്ട്. അതിന്റെ കൂടെ പണമില്ലാതാവുകയും കൂടി ചെയ്തതോടെ ഗവേഷക വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ ഗവേഷണം പാതിവഴിയിൽ മുടങ്ങുമോ എന്ന് പലർക്കും ആശങ്കയുണ്ട്.

മന്ത്രി കെ.രാധാകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞത്

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ഗ്രാന്റ്സിന്റെ കുടിശ്ശിക തീര്‍ത്തുകൊണ്ടിരിക്കുകയാണ്. 200 കോടിയോളം രൂപയുടെ കുടിശ്ശികയുണ്ട്. മുന്‍കാല കുട്ടികളുടെ ഒക്കെ ക്ലെയിം തീര്‍ത്തുവരികയാണ്. എല്ലാവര്‍ക്കും ഇ-ഗ്രാന്‍ഡ്സ് കൊടുക്കും. സംസ്ഥാനത്ത് ഓരോ വകുപ്പിനും വകയിരുത്തേണ്ട ഫണ്ടിനൊരു സീലിംഗ് ഉണ്ട്. അതിനെ മറികടന്ന് ഫണ്ട് നല്‍കാന്‍ കഴിയില്ല. കിട്ടുന്ന പണം കുടിശ്ശികയിലേക്ക് കൊടുത്തുകൊണ്ടിരിക്കുകയാണ്.

ഒ.ബി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ദ ക്യുവിനോട് പറഞ്ഞത്

ഈ വര്‍ഷം ബജറ്റില്‍ 227 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. അതില്‍ 60 ശതമാനം മാത്രം ചെലവഴിക്കാനുള്ള അനുമതിയായിരുന്നു നമുക്ക് തന്നിരുന്നത്. അത് കഴിഞ്ഞ വര്‍ഷത്തെ കുടിശിക കൊടുത്ത് തീര്‍ക്കാന്‍ മാത്രമേ തികഞ്ഞുള്ളു. ചെലവഴിക്കാനുള്ള അനുമതി പിന്നീട് 75 ശതമാനമാക്കി ഉയര്‍ത്തിയെങ്കിലും കുടിശിക തീര്‍ക്കാനും പുതിയ അക്കാദമിക്ക് വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി തുടങ്ങാനും ഫണ്ട് അപര്യാപ്തമായിരുന്നു. വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. ഫണ്ട് അനുവദിച്ചാല്‍ മാത്രമേ ഇ-ഗ്രാന്‍റ്സ് കൊടുക്കാന്‍ കഴിയൂ. ഓരോ വര്‍ഷവും എത്ര പേര്‍ക്ക് ഇ-ഗ്രാന്‍റ് നൽകാനുണ്ടെണ്ടെന്നും കുടിശിക എത്രയുണ്ടെന്നുമുള്ള കണക്ക് ധനവകുപ്പിന് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക നില ഭദ്രമല്ലാത്തത് കൊണ്ട് ചെലവുകളെല്ലാം നിയന്ത്രിച്ചാണ് പോകുന്നത്. ഓരോ മാസവും കൃത്യമായി ഇ-ഗ്രാന്‍ഡ് വിതരണം ചെയ്യണമെന്നാണ്. എന്നാല്‍ നമുക്ക് ആവശ്യമുള്ള ഫണ്ടും ബജറ്റില്‍ വകയിരുത്തുന്ന ഫണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്.

Related Stories

No stories found.
The Cue
www.thecue.in