ഉത്ര, വിസ്മയ, അര്‍ച്ചന, ഇപ്പോള്‍ മൊഫിയ; ഇനിയുമെത്ര പെണ്‍കുരുതി വേണം

ഉത്ര, വിസ്മയ, അര്‍ച്ചന, ഇപ്പോള്‍ മൊഫിയ; ഇനിയുമെത്ര പെണ്‍കുരുതി വേണം

ഉത്ര, വിസ്മയ, അര്‍ച്ചന, ഇപ്പോള്‍ മൊഫിയ. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ സ്ത്രീധനത്തിനെതിരെ വലിയ ചര്‍ച്ചകളും പ്രചരണങ്ങളുമാണ് നടക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭര്‍തൃപീഡനത്തില്‍ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍മീഡിയയിലെ ധാര്‍മ്മികരോഷങ്ങള്‍ക്കപ്പുറം സജീവമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഓരോ സ്ത്രീധന മരണവും.

സ്ത്രീധനത്തിന്റെ പേരില്‍ ഈ വര്‍ഷം സെപ്തംബര്‍ വരെ എട്ട് പെണ്‍കുട്ടികളുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ 76 സ്ത്രീധന മരണം നടന്നു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരമാണിത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ 11,124 അതിക്രമ കേസുകളാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2016 മുതല്‍ സംസ്ഥാനത്ത് നടന്ന സ്ത്രീധന മരണങ്ങള്‍

2016- 25

2017- 12

2018 - 17

2019- 8

2020- 6

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഭര്‍തൃവീട്ടിലെ പീഡന കേസുകള്‍ ഇപ്രകാരമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2016- 3455

2017 -2856

2018 -2046

2019 -2970

2020 -2707

2021 -3252

കുടുംബ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് സ്ത്രീകളുടെ ആത്മഹത്യക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

2020 ജനുവരി മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള 21 മാസത്തിനുള്ളില്‍ 3262 സ്ത്രീകള്‍ ആത്മഹത്യ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിട്ടുള്ളത്.സ്ത്രീകള്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് സ്ത്രീകളുടെ ആത്മഹത്യക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.

സെപ്തംബര്‍ 31 വരെ മുഖ്യമന്ത്രിക്ക് 3556 പരാതികള്‍ ലഭിച്ചപ്പോള്‍ ഇതില്‍ 3534 എണ്ണം തീര്‍പ്പാക്കി. 22 എണ്ണത്തില്‍ തുടരന്വേഷണം നടക്കുകയാണ്. 64223 പരാതികളാണ് പോലീസിന് ഇക്കാലയളവില്‍ ലഭിച്ചത്. ഇതില്‍ 61406 പരാതികള്‍ തീര്‍പ്പാക്കി. 2817 എണ്ണത്തില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി.

സ്ത്രീധനത്തിന്റെ പേരില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍

21 കാരിയായ മൊഫിയ പര്‍വീണിനെ ചൊവ്വാഴ്ച രാത്രിയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെ ആരോപണങ്ങള്‍ എഴുതിവച്ചതിന് ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വച്ച് മധ്യസ്ഥ ചര്‍ച്ച അന്ന് നടന്നിരുന്നു. ചര്‍ച്ചയ്ക്കിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീര്‍ ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും ആത്മഹത്യ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

ഏഴുമാസം മുമ്പായിരുന്നു മൊഫിയയുടെ നിക്കാഹ്. കോതമംഗലം സ്വദേശി സുഹൈലുമായിട്ടുള്ള വിവാഹം ജനുവരിയില്‍ നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും അതിന് മുമ്പ് തന്നെ ഭര്‍തൃവീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ പീഡനം നേരിട്ട മൊഫിയ വീട്ടില്‍ തിരിച്ചെത്തി. ഇതിനിടെ മൊഫിയയെ തലാക്ക് ചൊല്ലിയതായി സുഹൈല്‍ പള്ളിയില്‍ കത്ത് നല്‍കി.

ഭര്‍തൃവീട്ടില്‍ പീഡനം ഏറ്റതായി പോലീസില്‍ പരാതി നല്‍കി. ആലുവ റൂറല്‍ എസ്.പിക്ക് ഒരുമാസം മുമ്പായിരുന്നു പരാതി നല്‍കിയത്. ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ച് മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടെ പെണ്‍കുട്ടിയെ അവഹേളിച്ചുവെന്നാണ് പരാതി.

സി.ഐ സുധീറിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി അറിയിച്ചു. സ്വയം കേസെടുക്കുന്നത് പരിഗണിക്കും. കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും പേടിയില്ലാതെ കയറിച്ചെല്ലാനാകണം. എല്ലാ സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.സതീദേവി പറഞ്ഞു.

'മാനസികരോഗിയാക്കി ചിത്രീകരിച്ചു'

മൊഫിയയെ ഭര്‍തൃവീട്ടുകാര്‍ മാനസികരോഗിയാക്കി ചിത്രീകരിച്ചുവെന്ന് മാതാവ് ഫാരിസ ആരോപിച്ചിരുന്നു. മാനസികരോഗിയാണെന്ന് നിരന്തരം പറഞ്ഞു. മകളെ ഡോക്ടറെ കാണിച്ചു. ഭര്‍ത്താവിനാണ് കൗണ്‍സിലിംങ് നല്‍കേണ്ടതെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

ദീര്‍ഘകാല ഇടപെടല്‍ ആവശ്യം- ടി.വി അനുപമ ഐ.എ.എസ്

സ്ത്രീധനത്തിന്റെ പേരിലുള്‍പ്പെടെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ദീര്‍ഘകാല ഇടപെടല്‍ ആവശ്യമാണെന്ന് വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ ഐ.എ.എസ് ദ ക്യുവിനോട് പ്രതികരിച്ചു. താല്‍്ക്കാലിക പരിഹാരമില്ല. പെണ്‍കുഞ്ഞ് ജനിച്ച് വരുന്നത് മുതല്‍ ഇക്കാര്യങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. മാനസിക പ്രശ്‌നങ്ങളും ആത്മഹത്യ നിരക്കും കൂടുതലാണ്. അത് പരിഹരിക്കപ്പെടുന്നതിനൊപ്പം സ്ത്രീകള്‍ നേരിടുന്ന ഒറ്റപ്പെടലും മാറേണ്ടതുണ്ടെന്നും ടി.വി അനുപമ ഐ.എ.എസ് പറയുന്നു.

സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന തരത്തില്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കാനാണ് ശ്രമിക്കേണ്ടത്. ഇനി വേണ്ട വീട്ടുവീഴ്ച കാമ്പയിനിലൂടെ ലക്ഷ്യമിട്ടത് അതായിരുന്നു. സ്ത്രീധനമോ ഭര്‍തൃപീഡനമോ മാത്രം ഇല്ലാതായാല്‍ പോര. സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നുമാണ് മോചനം വേണ്ടത്.
ടി.വി അനുപമ

നോക്കുകുത്തിയാകുന്ന നിയമം

1961ലാണ് സ്ത്രീധന നിരോധന നിയമം പാര്‍ലമെന്റ് പാസാക്കിയത്. വിവാഹത്തിന് വധുവിന്റെ വീട്ടുകാരില്‍ നിന്നും പണമോ സ്വത്തോ വാങ്ങുന്നത് ഇതുപ്രകാരം കുറ്റകരമാണ്.2004ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീധന നിരോധന ചട്ടവും നടപ്പാക്കി. 14 ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്്തിരുന്നു. പരാതികള്‍ വര്‍ധിച്ച് വന്ന സാഹചര്യത്തിലാണ് 2021 ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പരാതികള്‍ അന്വേഷിക്കാന്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി. പരാതികളില്‍ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരാതികളും അതിലെ നടപടികളും രേഖകകളാക്കി സൂക്ഷിക്കണം. പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലും എത്തുന്ന കേസുകളില്‍ പരാതിക്കാരിക്ക് നീതി ഉറപ്പാക്കാന്‍ ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

ധാരാളം നിയമങ്ങള്‍ സ്ത്രീ സംരക്ഷണത്തിനായിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളോടുള്ള മലയാളിയുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്ന് അഭിഭാഷക ജെ. സന്ധ്യ ചൂണ്ടിക്കാണിക്കുന്നു.

പെണ്‍കുട്ടികള്‍ പ്രതികരിക്കണമെന്നാണ് സമൂഹം പറയുന്നത്. അവിടെയാണ് ആലുവയിലെ പെണ്‍കുട്ടി ഭര്‍ത്താവിനെ പോലീസ് സ്‌റ്റേഷനില്‍ വച്ച് തല്ലുന്നത്. അപ്പോള്‍ കാര്യങ്ങളൊക്കെ മാറിമറഞ്ഞു. പെണ്‍കുട്ടി അഹങ്കാരിയായി. വീട്ടുകാര്‍ നേരെ വളര്‍ത്താതിന്റെ കുഴപ്പമായി. പോലീസ് ആ രീതിയിലാണ് സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. പെണ്‍കുട്ടികള്‍ ആത്മാഭിമാനമുള്ളവരും പ്രതികരിക്കാന്‍ തയ്യാറാകുന്നവരും സ്വപ്‌നങ്ങള്‍ കാണുന്നവരായിരിക്കണമെന്നും പറയുമ്പോഴും മറ്റൊരു സൈഡില്‍ നമുക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. മനോഭാവത്തില്‍ ഒരുപാട് മാറ്റം വരണം. പോലീസ് കൗണ്‍സിലറുടെ റോളല്ല സ്വീകരിക്കേണ്ടത്. നിയമം നടപ്പാക്കുകയാണ് അവര്‍ ചെയ്യേണ്ടത്.
ജെ. സന്ധ്യ

സ്ത്രീധനം വാങ്ങുകയോ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം തടവാണ് ശിക്ഷ. എന്നിട്ടും കിടപ്പാടം വിറ്റും കടക്കെണിയിലായും രക്ഷിതാക്കള്‍ പെണ്‍മക്കള്‍ക്കൊപ്പം പൊന്നും പണവും ഭൂമിയും നല്‍കി വിവാഹം കഴിപ്പിക്കുന്നു. പഠനം, ജോലി എന്നിവയെക്കാളെല്ലാം പ്രധാനം വിവാഹമാണെന്ന പൊതുബോധത്തില്‍ നിന്നും മലയാളി മാറിയിട്ടില്ല. വിവാഹം കഴിപ്പിച്ച് വിട്ട പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ പീഡനമേല്‍ക്കുന്നതായി പരാതി പറഞ്ഞാലും സ്വന്തം വീട്ടില്‍ ഒരു ഇടമുണ്ടെന്നും തിരിച്ച് വരാമെന്നും പറയാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കാത്തതും സമൂഹത്തെ ഭയക്കുന്നത് കൊണ്ട് കൂടിയാണ്. പെണ്‍കുട്ടിയുടെ മാനസിക പ്രശ്‌നമാണെന്ന് ഭര്‍തൃവീട്ടുകാര്‍ ആരോപിക്കുമ്പോള്‍ അവള്‍ക്ക് ചികിത്സ നല്‍കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കുന്നത്. വെറും പൊരുത്തക്കേടുകളല്ലെന്ന് തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്. സ്വന്തമായൊരിടം അവള്‍ക്കുണ്ടെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്നും ആത്മവിശ്വാസം നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.എന്നാല്‍ മാത്രമേ ഒരുതുണ്ട് കയറില്‍ അവസാനിപ്പിക്കേണ്ടതല്ല ജീവിതമെന്നും ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും പെണ്‍കുട്ടികള്‍ക്കും തോന്നുകയുള്ളൂ.

The Cue
www.thecue.in