മോദി മികച്ച നേതാവ്, കേരള സ്റ്റോറിയിൽ വിദ്വേഷമില്ല; ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന സംവിധായകൻ രാജസേനൻ

മോദി മികച്ച നേതാവ്, കേരള സ്റ്റോറിയിൽ വിദ്വേഷമില്ല; ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന സംവിധായകൻ രാജസേനൻ

നിരന്തരമായ അവഗണനയിൽ പ്രതിഷേധിച്ചാണ് ബിജെപി വിട്ടതെന്ന് സിനിമ പ്രവർത്തകൻ രാജസേനൻ. സിപിഎമ്മിനൊപ്പം നിൽക്കുമ്പോഴും നരേന്ദ്രമോദിയെ തള്ളിപ്പറയാൻ രാജസേനൻ തയ്യാറായില്ല. മോദി മികച്ച നേതാവാണെന്നതിൽ സംശയമില്ല, രാജസേനൻ ദ ക്യുവിനോട് പറഞ്ഞു. കേരള സ്റ്റോറി എന്ന സിനിമയിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന ഒന്നുമില്ലെന്നും ഉണ്ടായിരുന്നെങ്കിൽ സെൻസർ ബോർഡ് അതിൽ ഇടപെടുമായിരുന്നെന്നും രാജസേനൻ വ്യക്തമാക്കി. സിപിഎം കേരളാ സ്റ്റോറിയെ എതിർത്തത് സിനിമ റിലീസ് ആകുന്നതിനു മുമ്പായിരുന്നു. രാജ്യത്ത് വർഗീയതയുടെ അന്തരീക്ഷമില്ല. മോദിയുടെ കീഴിൽ ഇന്ത്യ വികസന പാതയിലാണ്.

കേന്ദ്ര ഘടകത്തെ പോലെയല്ല കേരളത്തിലെ ബിജെപി പ്രവർത്തിക്കുന്നതെന്ന വിമർശനവുമുണ്ട് രാജസേനന്. 'കേരളത്തിലെ ബിജെപിയുടെ നേതൃത്വത്തെ കുറിച്ച് പരക്കെ ആക്ഷേപമുണ്ട്. ഞാനായിട്ട് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർ കുറച്ചുകൂടി പ്രായോഗികമായി കാര്യങ്ങളെ സമീപിക്കണം. പാർട്ടിയോടൊപ്പം നിൽക്കുന്നവരോട് സൗഹാർദ്ദപരമായി ഇടപെടണം.' രാജസേനൻ ദ ക്യുവിനോട് പറഞ്ഞു.

കലാപരമായി പലതും പാർട്ടിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ആളായിരുന്നു താൻ, പക്ഷെ പാർട്ടി വേണ്ട വിധത്തിൽ തന്നെ ഉപയോഗിച്ചില്ലെന്നും രാജസേനൻ പറഞ്ഞു. പല നിർദേശങ്ങളും മുന്നോട്ട് വെച്ചിരുന്നെങ്കിലും ഒന്ന് പോലും പരിഗണിക്കപ്പെട്ടില്ല. 6000 നാടക കലാകാരന്മാരെ ഉൾപ്പെടുത്തി ഒരു സംഘടന രുപീകരിച്ചിരുന്നു. അവരെ പോലും ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്കിറ്റ് പോലും ചെയ്യിപ്പിച്ചില്ല. അവരെയും അവഗണിച്ചു. അവഗണിച്ചു എന്ന് പറയുന്നത്, കേരളാ ബിജെപിയെ മാത്രം ഉദ്ദ്യേശിച്ചാണ്. രാജസേനൻ കൂട്ടിച്ചേർത്തു.

രാജസേനൻ ഇന്ന് രാവിലെ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ ബിജെപിയുടെ സംസ്ഥാന കമ്മറ്റി അംഗമാണ് രാജസേനൻ. ഉടൻ തന്നെ പദവി രാജിവെക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in