കൊവിഡിന്റെയും തലസ്ഥാനമാണ്;സമരവും പ്രക്ഷോഭവും സാമൂഹിക അകലം മറന്നാവരുത്

കൊവിഡിന്റെയും തലസ്ഥാനമാണ്;സമരവും പ്രക്ഷോഭവും സാമൂഹിക അകലം മറന്നാവരുത്

സംസ്ഥാനത്ത് വരുന്ന ആഴ്ച കൊവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ചൊവ്വാഴ്ചയായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച 2375 പേരില്‍ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പത്ത് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 120 ആയി. തിരുവനന്തപുരം ജില്ലയില്‍ 378 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം 20000 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് സെക്രട്ടറിയേറ്റില്‍ നിര്‍ണായക ഫയലുകള്‍ സൂക്ഷിച്ച ഓഫീസില്‍ തീപിടത്തമുണ്ടാകുന്നത്. സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന കേസുകളിലെ അന്വേഷണം നടക്കുകയും ലൈഫ് മിഷന്‍ അഴിമതിയുള്‍പ്പെടെ സജീവമായി നില്‍ക്കുകയും ചെയ്യുന്ന ഘട്ടത്തിലുള്ള തീപിടിത്തത്തില്‍ അട്ടിമറി സാധ്യത സംശയിക്കപ്പെടുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നു. കൂട്ടംകൂടി നില്‍ക്കരുത്, സാമൂഹ്യ അകലം പാലിക്കണം, മാസ്‌ക് ശരിയായി ധരിക്കണം തുടങ്ങി കൊവിഡ് പ്രതിരോധത്തിനായി ഉറപ്പായും പാലിക്കണമെന്ന് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ മറന്നുള്ള പ്രതിഷേധം ആരംഭിച്ചു.നേതാക്കള്‍ തന്നെ ഇങ്ങനെ ഇറങ്ങുമ്പോള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്.

കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച, എസ്ഡിപിഐ എന്നിവരാണ് പ്രതിഷേധിച്ചത്. 50 പേര്‍ മാത്രമാണ് പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നതെന്നാണ് വാദം. തള്ളിക്കയറുന്നതും ജലപീരങ്കി പ്രയോഗിക്കുന്നതും രോഗവ്യാപന സാധ്യത കൂട്ടുകയാണ്. സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന സമരങ്ങളിലാണ് ആശങ്കയുണ്ടാക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തുന്നത്.

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് തൊട്ട് തലേ ദിവസമാണ് നിയമസഭ സമ്മേളനം ചേര്‍ന്നത്. പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം, രാജ്യസഭ തെരഞ്ഞെടുപ്പ് എന്നിവയും ആ ദിവസമുണ്ടായി. കൊവിഡിനെ പ്രതിരോധിക്കാന്‍ മാസങ്ങളോളം യുദ്ധമുഖത്തുള്ള ആരോഗ്യവകുപ്പ് ഒരാഴ്ച നീണ്ട മുന്നൊരുക്കമാണ് സമ്മേളനത്തിനായി നിയമസഭ മന്ദിരത്തില്‍ നടത്തിയിരുന്നത്.നിയമസഭാ മന്ദിരത്തില്‍ കയറുന്നതിന്, ലിഫ്റ്റില്‍ കയറുന്നതില്‍,സാമൂഹിക അകലം പാലിക്കുന്നതില്‍, ഇരിപ്പിടം ഒരുക്കുന്നതില്‍ എല്ലാം കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി നടപ്പാക്കി. അവിശ്വാസ പ്രമേയത്തിന് മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ മാസ്‌ക് ധരിക്കാതെയും കഴുത്തിലണിഞ്ഞും നടുത്തളത്തിലിറങ്ങിയും മോശം മാതൃകയായി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കള്‍.തൊട്ട് പിന്നാലെ നിയന്ത്രണമില്ലാത്ത സമരങ്ങള്‍ നയിക്കുന്നതും ഇതേ സഭയിലിരുന്ന ജനപ്രതിനിധികള്‍.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതില്‍ സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിച്ച് നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് നിയമസഭ മന്ദിരത്തിന് മുന്നില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രതിഷേധവും അറസ്റ്റും. മാസ്‌ക് പോലും ശരിയായി ധരിക്കാത്ത നേതാക്കള്‍. തുടര്‍ച്ചയായി രണ്ട് ദിവസവും പ്രതിഷേധിച്ച കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ഈ ഘട്ടത്തിലും ആരോഗ്യവകുപ്പ് നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുക, സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിക്കുക, കൈ വൃത്തിയായി സൂക്ഷിക്കുക എന്നീ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറയാന്‍ തുടങ്ങിയിട്ട് ആറുമാസമായി. കേരളത്തിലെ ഓരോ പൗരനും ഇവ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

സെപ്റ്റംബര്‍ പകുതിയോടെ കൊവിഡ് രൂക്ഷമാകുമെന്നും സൂക്ഷമമായി കൈകാര്യം ചെയ്യേണ്ട ഘട്ടമാണെന്നും ശാസ്ത്രസാഹിത്യപരിഷത്തിലെ ഡോക്ടര്‍ കെപി അരവിന്ദന്‍ പറയുന്നു. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ 5000ത്തിലെങ്കിലും പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൈകാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാകും. അതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കുന്ന ഘട്ടത്തില്‍ നിരുത്തരവാദപരമായാണ് സമരം നടത്തുന്നത്. തീപിടിത്തം ഉണ്ടായെങ്കില്‍ അതില്‍ ചര്‍ച്ചകളാവാം. അതിന് പകരം പ്രതിപക്ഷ നേതാവും ബിജെപി നേതാവും ആഭാസ സമരമാണ് നടത്തിയത്. കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ഈ നേതാക്കള്‍. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും ഡോക്ടര്‍ കെ പി അരവിന്ദന്‍ പറയുന്നു.

പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് കൊണ്ടാണ് ഇത്തരം സമരങ്ങളുണ്ടാകുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാം നിരീക്ഷിക്കുന്നത്. സര്‍ക്കാര്‍ പ്രശ്‌നങ്ങളില്‍ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താണ് ഈ ഘട്ടത്തില്‍ നീങ്ങേണ്ടത്. പകരം അവസരമായി കാണുകയാണ്. പ്രതിപക്ഷത്തിന് സര്‍ക്കാരിനുള്ളത് പോലെ ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അതും പാലിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വന്നിറങ്ങുന്നത് ആള്‍ക്കൂട്ടത്തിന് മുന്നിലേക്കാണ്. അതില്‍ ആര്‍ക്കൊക്കെ രോഗമുണ്ടെന്നോ ലക്ഷണങ്ങളുള്ളവരണ്ടോയെന്നോ അറിയില്ല. അദ്ദേഹത്തിനും അപകടമാണിത്. പ്രതിഷേധത്തിന് എത്തുമ്പോള്‍ മുന്നൊരുക്കള്‍ സ്വീകരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. എന്‍ഐഎ തെളിവുകള്‍ ആവശ്യപ്പെട്ട ഓഫീസിലെ തീപിടിത്തമുണ്ടാകുമ്പോള്‍, ചീഫ് സെക്രട്ടറി തന്നെ എത്തി ആളുകള്‍ ഒഴിപ്പിക്കുമ്പോള്‍ പ്രതിപക്ഷം പിന്നെ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് സണ്ണിക്കുട്ടി എബ്രഹാം ചോദിക്കുന്നു.

കൊവിഡ് കേസുകളും മരണങ്ങളും ഉയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉത്തരം പ്രതിഷേധങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് നല്ല സന്ദേശമല്ല. പ്രായമായവരും, ജീവിത ശൈലി രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനത്ത് ഇത്തരം വീഴ്ചകള്‍ സ്ഥിതി ഗുരുതരമാക്കിയേക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in