ആചാര സംരക്ഷണ ബില്ലല്ല കേരളത്തിനാവശ്യം, തോല്‍വിയടയുന്ന കോണ്‍ഗ്രസിനോട് കേരളം പറയുന്നു

ആചാര സംരക്ഷണ ബില്ലല്ല കേരളത്തിനാവശ്യം, തോല്‍വിയടയുന്ന കോണ്‍ഗ്രസിനോട് കേരളം പറയുന്നു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലസൂചനകള്‍ വരുമ്പോള്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടതുപോലെ ഉജ്ജ്വലമായ വിജയം ഇടതുപക്ഷം ഉറപ്പിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന് വലിയ പാഠങ്ങള്‍ നല്‍കുന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തില്‍ മാത്രമല്ല ദേശീയ രാഷ്രീയത്തിലും കോണ്‍ഗ്രസിന് കാലിടറുന്നു എന്നാണ് ഈ തെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ആചാര സംരക്ഷണ ബില്‍ അല്ല വലിയ ചരിത്രമുള്ള കോണ്‍ഗ്രസുപോലൊരു പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് കേരളം വലിയ ഭൂരിപക്ഷത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്. കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്കും പുരോഗമന സ്വഭാവത്തിനും കട്ടയ്ക്ക് നില്‍ക്കുന്ന ഒരു എതിരാളിയെയാണ് കേരളത്തിന് വേണ്ടത് എന്നാണ് ജനവിധി ഇക്കുറി കോണ്‍ഗ്രസിനോട് പറയുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംഘപരിവാര്‍ പുറത്തെടുത്ത ധ്രുവീകരണ തന്ത്രങ്ങളെ നേര്‍പ്പിച്ചോ കടുപ്പിച്ചോ ഉപയോഗിക്കാന്‍ മെനക്കെട്ട കോണ്‍ഗ്രസിനെ ജനം കരുണയില്ലാതെ തന്നെ തള്ളിയിരിക്കുന്നു.

എക്‌സിറ്റ് പോള്‍, പ്രീ പോള്‍, പോസ്റ്റ് പോള്‍ പ്രവചനങ്ങളെല്ലാം എതിരായിരുന്നിട്ട് കൂടിയും കഴിഞ്ഞ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ലഭിച്ചതു പോലൊരു അട്ടിമറി വിജയം അപ്രതീക്ഷിതമായെങ്കിലും ലഭിക്കുമെന്ന ഒരു പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയില്‍ നിന്നും പോലും നേതൃത്വം പാഠം ഉള്‍ക്കൊണ്ടില്ല എന്ന് വേണം കരുതാന്‍. നാഴികയ്ക്ക് നാല്‍പത് വട്ടം ബി.ജെ.പി ചെയ്തത് പോലെ ശരണം വിളിക്കുക മാത്രമാണ് കോണ്‍ഗ്രസിലെ പല നേതാക്കളും ചെയ്തത്. കെട്ടുറപ്പോടെ സംഘടനാ പ്രവര്‍ത്തനം നടത്തി, ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കണമെന്നും പോലും കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും കരുതിയില്ല. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണാ നായരുട പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റര്‍ തൂക്കി വില്‍ക്കുകയാണുണ്ടായത്.

കോണ്‍ഗ്രസില്‍ ഗ്രൂപ്പിലെങ്കില്‍ രക്ഷയില്ലെന്നാണ് തെരഞ്ഞെടുപ്പിനടുപ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ പി.സി ചാക്കോ പറഞ്ഞത്. അന്ന് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.

''സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നാല്‍പത് പേരുള്ള ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റിയെ തീരുമാനിച്ചു. ആ കമ്മിറ്റിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. രണ്ട് പ്രാവശ്യവും കമ്മിറ്റി കൂടിയപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ഞങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. പക്ഷേ ഈ പേരുകളെല്ലാം ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസില്‍ മാത്രമാണ്. ഒരൊറ്റ നിയോജക മണ്ഡലത്തില്‍ പോലും ആരുടെ പേരാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചിട്ടില്ല.

എല്ലാ ഭാരവാഹികളെയും തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്. മെറിറ്റും വിജയസാധ്യതയും സാമൂഹിക സമവാക്യവും ഇവിടെ ഒരു പരിഗണനയേ അല്ല. എയുടെ സീറ്റ് എ തീരുമാനിക്കും, ഐയുടെ സീറ്റ് ഐ തീരുമാനിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം വരുമ്പോള്‍ വിരല്‍മടക്കി സീറ്റെണ്ണുകയാണ് ഗ്രൂപ്പുകള്‍, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത് പ്രഖ്യാപിച്ച പത്ര സമ്മേളനത്തില്‍ പി.സി ചാക്കോ പറഞ്ഞതാണിത്.

നിലപാടില്ലായ്മക്കപ്പുറം കോണ്‍ഗ്രസിന്റെ പരാജയത്തില്‍ നേതൃത്വത്തിന് സംഭവിച്ച പാളിച്ചകള്‍ കൂടി ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് മാത്രം കേരള രാഷ്ട്രീയത്തിലേക്ക് വീണ്ടും സജീവമായ ഉമ്മന്‍ ചാണ്ടിയുടെ ഉദ്ദേശ്യശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയം തോന്നിയാലും കുറ്റം പറയാന്‍ സാധിക്കില്ല. അവസാനനിമിഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചരണത്തിലും വരെ ആശയക്കുഴപ്പമായിരുന്നു. നേമം ബി.ജെ.പിയില്‍ നിന്ന് തിരികെ പിടിക്കണമെന്നും രമേശ് ചെന്നിത്തലയോ, ഉമ്മന്‍ചാണ്ടിയോ അവിടെ മത്സരിക്കണമെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടപ്പോള്‍ തന്നെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രണ്ട് നേതാക്കള്‍ക്കും മുട്ടിടിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പലപിടിപ്പുകേടും രമേശ് ചെന്നിത്തല മുന്നോട്ട് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അവയ്‌ക്കൊന്നും നേതൃത്വത്തില്‍ നിന്ന് പിന്തുണ പോലും ലഭിച്ചില്ല. വലിയ രീതിയില്‍ ആരോപണം നേരിട്ട ആഭ്യന്തര വകുപ്പിന്റെ പരാജയങ്ങള്‍ പോലും അവസരത്തിനൊത്ത് ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

തദ്ദേശ തെരഞ്ഞെടുപ്പോട് കൂടി അപ്രസക്തമായെന്ന് കരുതിയ ശബരിമല യുവതീ പ്രവേശന ബില്‍ ബി.ജെ.പിക്കുമപ്പുറം ഒരു പടി കൂടി കടന്ന് വിശ്വാസ സംരക്ഷണ ബില്ലായി അവതരിപ്പിച്ച് വിദ്വേഷത്തിലൂടെ മാത്രം വിജയത്തിലെത്താമെന്ന ബി.ജെ.പിയുടെ തന്ത്രമാണ്, കേരളത്തിന്റെ വികസനത്തില്‍ ഇടതുപക്ഷത്തിനൊപ്പം പ്രാധാന്യം വഹിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇക്കുറി നടത്തിയത്. അത് തിരുത്താനാകാത്ത തെറ്റായി ജനം വിലയിരുത്തിയിരിക്കുന്നു.

കോണ്‍ഗ്രസിന്റെ കുത്തകകളായ മണ്ഡലങ്ങളില്‍ പോലും തിരിച്ചടിയുണ്ടാകുന്ന സാഹചര്യമാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ നേടിയ സീറ്റിനടുത്ത് യു.ഡി.എഫിന് എത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പലയിടത്തും ദയനീയ പരാജയവും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു. കേരളം കോണ്‍ഗ്രസിനോട് പറഞ്ഞുവെക്കുന്നത് നിങ്ങളുടെ നയങ്ങള്‍ തിരുത്തൂ എന്ന് തന്നെയാണ്. ഹിന്ദുരാഷ്ട്രവാദത്തിലൂന്നി സംഘപരിവാറും നരേന്ദ്ര മോദി സര്‍ക്കാരും മുന്നോട്ട് വെക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ തിരുത്തി, പുരോഗമനത്തിന്റെയും വികസനത്തിന്റെയും മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കൂടിയാണ് കേരളം നിങ്ങളോട് ആവശ്യപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in