ജയ്ഹിന്ദ് ടിവിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവാദത്തിന് പിന്നാലെ

ജയ്ഹിന്ദ് ടിവിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവാദത്തിന് പിന്നാലെ

കോണ്‍ഗ്രസിന്‍െ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ മരവിപ്പിച്ചു. ന്യൂസ് ചാനലിന്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിങ്ങില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തുക തിരിച്ചുപിടിക്കാന്‍ രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകള്‍ക്ക് തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജിഎസ്ടി, സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസ് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം എഐസിസിയുടെ പ്രധാന ബാങ്ക് അക്കൗണ്ട് ഇന്‍കം ടാക്സ് വിഭാഗം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയ്ഹിന്ദ് ടിവിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം. എഐസിസി അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്നീട് ട്രിബ്യൂണല്‍ റദ്ദാക്കുകയുണ്ടായി.

ജയ്ഹിന്ദ് ചാനലിന്റെ മുഴുവന്‍ നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ തേടി സിബിഐ അടുത്തിടെ തേടിയിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐ ചാനലിന് നോട്ടിസ് നല്‍കിയത്.

നടപടി തീര്‍ത്തും അപ്രതീക്ഷിതമാണെന്നും ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ബി എസ് ഷിജു പി ടി ഐയോട് പറഞ്ഞു. പെട്ടെന്നുള്ള നടപടി ദൗര്‍ഭാഗ്യകരമാണെന്നും ചാനലിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് ശിവകുമാറും കുടുംബാംഗങ്ങളും ചാനലില്‍ നടത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ജയ്ഹിദിന് നോട്ടീസ് ലഭിച്ചിരുന്നു.

'അന്വേഷണ ഏജന്‍സിയുമായി ഞങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. എന്നാല്‍, ഇതിന് ശേഷം വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമായി ഞങ്ങള്‍ക്ക് അര ഡസന്‍ നോട്ടിസുകളാണ് ലഭിച്ചത്. ഇത് കോണ്‍ഗ്രസിനെതിരെയും ഡി കെ ശിവകുമാറിനെതിരെയുമുള്ള വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ്'- ഷിജു പറഞ്ഞു.

2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഡികെ ശിവകുമാര്‍ കണക്കില്‍പ്പെടാതെ 74 കോടി രൂപ സമ്പാദിച്ചുവെന്നാണ് 2020ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ്. നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള സേവന നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഏഴ് വര്‍ഷം പഴക്കമുള്ള കേസിലാണ് ഇപ്പോള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ചാനലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുതെന്നും ചാനല്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

210 കോടി രൂപ ആവശ്യപ്പെട്ടു ആദായനികുതി വകുപ്പ് വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ പ്രധാന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. പിന്നീട് ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ അടുത്ത ആഴ്ച വാദം കേള്‍ക്കുന്നതുവരെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി . 2018-19 തെരഞ്ഞെടുപ്പു വര്‍ഷത്തെ 210 കോടി രൂപ ഇന്‍കം ടാക്സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in