ജാതീയ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും; ട്രാൻസ്ജെൻഡർ കലോത്സവത്തിലെ വിധിനിർണ്ണയത്തിനെതിരെ മത്സരാർഥി

ജാതീയ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും; ട്രാൻസ്ജെൻഡർ കലോത്സവത്തിലെ വിധിനിർണ്ണയത്തിനെതിരെ മത്സരാർഥി

ഒക്ടോബര്‍ പതിനഞ്ചിന് സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം 'വര്‍ണ്ണപ്പകിട്ടിന്' തിരുവനന്തപുരത്ത് കൊടിയേറിയപ്പോള്‍ ഉദ്ഘാടനസമ്മേളനത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു എട്ട് പേര്‍ക്ക് സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം സമ്മാനിച്ചിരുന്നു. കല കായിക വിഭാഗത്തില്‍ ഭരതനാട്യത്തില്‍ നാഷണല്‍ അവാര്‍ഡും ഇന്റര്‍നാഷണല്‍ അവാര്‍ഡും സ്റ്റേറ്റ് അവാര്‍ഡും നേടിയ വ്യക്തിയാണ് സഞ്ജന എസ് ചന്ദ്രനായിരുന്നു അതില്‍ ഒരു പുരസ്‌കാരം ലഭിച്ചത്.

പുരസ്‌കാരം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്ക് ശേഷം സഞ്ജന അതേ വേദിയില്‍ ഭരതനാട്യമത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. മത്സരത്തില്‍ രണ്ടാം സ്ഥാനമായിരുന്നു സഞ്ജനയ്ക്ക് ലഭിച്ചത്. മാനുവല്‍ അനുസരിച്ച് മത്സരിച്ചത് താന്‍ മാത്രമായതുകൊണ്ട് തന്നെ സഞ്ജന അപ്പീല്‍ നല്‍കി. പിറ്റേ ദിവസം സഞ്ജനയ്ക്ക് കിട്ടിയ മറുപടിയില്‍ രണ്ടരപോയിന്റെ വ്യത്യാസത്തില്‍ സഞ്ജനയ്ക്ക് ഒന്നാം സ്ഥാനം നിഷേധിച്ചതിന്റെ കാരണമായി ഒരു ജഡ്ജ് എഴുതുയതിങ്ങനെയായിരുന്നു. സഞ്ജനയ്ക്ക് ദേവിയുടെ സൗന്ദര്യം ഇല്ല...

മത്സരത്തില്‍ രണ്ടാം സ്ഥാനമായതോ സമ്മാനം കിട്ടാത്തതോ ഒന്നുമല്ല ഇവിടുത്തെ വിഷയം. ഒരു കലയെ അതിന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ വീക്ഷിക്കാതെ സൗന്ദര്യത്തിന്റെയും നിറത്തിന്റെയും പേരില്‍ ജഡ്ജ് ചെയ്യുന്നതാണ് പ്രശ്നം.

സംസ്ഥാന ട്രാന്‍സ്ജെൻഡർ കലോത്സവത്തില്‍ നേരിടേണ്ടി വന്ന അധിക്ഷേപത്തെ പറ്റി സംസാരിക്കുകയാണ് സഞ്ജന ചന്ദ്രന്‍. കലാകാരന്മാരുടെ കഴിവിനെ മാനിക്കാതെ സൗന്ദര്യം മാനദണ്ഡമാക്കി, ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ നടത്തി വിധി നിര്‍ണയിച്ചതിനെതിരെയാണ് പ്രതികരണമെന്നും സഞ്ജന 'ദ ക്യുവിനോട് പറഞ്ഞു.

കലയെ നിറത്തിന്റെയും സൗന്ദര്യത്തിന്റെയും അടിസ്ഥാനത്തില്‍ അളക്കുന്നു

ഭരതനാട്യത്തില്‍ നാഷണല്‍ അവാര്‍ഡും ഇന്റര്‍നാഷണല്‍ അവാര്‍ഡും സ്റ്റേറ്റ് അവാര്‍ഡും നേടിയ വ്യക്തിയാണ് ഞാന്‍. മത്സരത്തിന് ഇരുപതിലധികം ആളുകളുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് റിസള്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് രണ്ടാം സ്ഥാനമായിരുന്നു കിട്ടിയിരുന്നത്. അതിന്റെ കാരണം ചോദിച്ച് അപ്പീല്‍ കമ്മിറ്റിയിലേക്ക് ഞാനൊരു പരാതി കൊടുത്തിരുന്നു. ആ പരാതിയുടെ മേല്‍ എനിക്ക് പിറ്റേ ദിവസമാണ് മറുപടി കിട്ടിയത്. രണ്ടര പോയന്റ് വ്യത്യാസത്തിലായിരുന്നു എനിക്ക് രണ്ടാം സ്ഥാനം ഇട്ടിരുന്നത്. അതില്‍ ഒരു ജഡ്ജ് കാരണം എഴുതിയിരുന്നത് എനിക്ക് ദേവിയുടെ സൗന്ദര്യം ഉണ്ടായിരുന്നില്ല എന്നാണ്.

ഭരതനാട്യത്തിന്റെ വിധിനിര്‍ണയത്തില്‍ മാത്രമല്ല അധിക്ഷേപങ്ങളുണ്ടായതെന്ന് സഞ്ജന പറയുന്നു. ഫോക്ലോറില്‍ അറിവോ യോഗ്യതയോ ഇല്ലാത്തവരാണ് ജഡ്ജസ് ആയി ഇരുന്നത്. ആദ്യത്തെ ദിവസം തന്നെ എല്ലാ വേദികളിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സംഘാടകര്‍ അതൊന്നും പരിഹരിക്കാന്‍ യാതൊരു വിധ പരിശ്രമവും നടത്തിയില്ലെന്നും സഞ്ജന പറയുന്നു.

അറച്ചില്‍ ഉണ്ടാക്കുന്ന നാടന്‍ പാട്ട്

കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍ പെട്ട ട്രാന്‍സ്മെന്‍ വ്യക്തിയായ ഉദയ് കൃഷ്ണന്‍ നാടന്‍പാട്ട് അവതരിപ്പിച്ചിരുന്നു. അതിന്റെ ജഡ്ജ്മെന്റില്‍ എഴുതിയിരിക്കുന്നത് പാടിയ പാട്ട് അറച്ചില്‍ ഉണ്ടാക്കുന്നു എന്നായിരുന്നു.

അന്ന് വൈകിട്ട് നടന്ന സംഘനൃത്ത മത്സരത്തിന് ശേഷം വലിയ സംഘര്‍ഷമുണ്ടായിരുന്നു. സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനത്തില്‍ യോഗ്യല്ലാത്തവര്‍ക്ക് സെക്കന്റ് കൊടുത്തെന്നും കഴിവുള്ളവരെ സമ്മാനത്തിന് പരിഗണിക്കാതെ ജഡ്ജ്മെന്റ് പ്രഖ്യാപിച്ചെന്നും പറഞ്ഞുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം ആ സംഘര്‍ഷം നീണ്ടുനിന്നു. ആ സമയത്ത് സാമൂഹ്യ നീതി വകുപ്പില്‍ ജോലി ചെയ്യുന്ന സംഘാടകര്‍ പോലും ആ വ്യക്തികളെ അക്രമിക്കുകയാണുണ്ടായത്. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും കയ്യാങ്കളിയിലേക്ക് പോകുകയാണ് ചെയ്തത്.

മുന്‍വര്‍ഷത്തെ കലോത്സവത്തിലും സമാന അനുഭവം

നാടോടി നൃത്തം മാനുവല്‍ പ്രകാരമാണ് നടത്തുന്നത്. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള, പഴയ നാടന്‍ ശൈലിയിലുള്ള ചുവടുവെപ്പുകളും വാദ്യോപകരണങ്ങളും ഭാവാതികളും എന്ന്് ഈ മാനുവലില്‍ അവര്‍ പ്രത്യേകം എഴുതിയിട്ടുണ്ട്. 2019 ല്‍ നടന്ന കലോത്സവത്തില്‍ ഞാന്‍ മാത്രമായിരുന്നു ഈ മാനുവല്‍ പ്രകാരം നാടോടിനൃത്തം കളിച്ചത്. സാധാരണ സ്‌കൂള്‍ കലോത്സവത്തിലെ മാനുവലും ഈ മാനുവലും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത് പരമ്പരാഗത നാടോടിനൃത്തങ്ങളാണ്. അതായത് ആദിവാസി കുറത്തി പോലുള്ള നാടോടിനൃത്തങ്ങള്‍.

2019 ല്‍ ഞാന്‍ സര്‍പ്പംതുള്ളല്‍ ആയിരുന്നു കളിച്ചത്. അതിന്റെ വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ആ കലോത്സവത്തില്‍ തന്നെ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അന്ന് മാനുവല്‍ പ്രകാരം മത്സരിച്ച ഒരേയൊരു വ്യക്തി ഞാന്‍ മാത്രമായിരുന്നു. എന്നിട്ടും ചിലങ്ക കെട്ടിയില്ല എന്ന കാരണം പറഞ്ഞാണ് എനിക്ക് ഒരു പ്രൈസും തരാതിരുന്നത്. പരമ്പരാഗത നൃത്തത്തിന് നമ്മള്‍ ശാസ്ത്രീയ നൃത്തത്തിന്റെ ചിലങ്ക ധരിക്കാറില്ല. ഇത് ഞാന്‍ അന്ന് തന്നെ പരാതി കമ്മിറ്റിയില്‍ കൊടുത്തിരുന്നു. പകരം തളയോ ചിലമ്പോ ഒക്കെയാണ് ഉപയോഗിക്കാറ്. സര്‍പ്പം തുള്ളലിനൊന്നും ചിലങ്ക ഉപയോഗിക്കില്ല. ആ വര്‍ഷം അത് വലിയ പ്രശ്നങ്ങളിലേക്ക് പോയിരുന്നു.

സാമൂഹ്യ നീതി വകുപ്പ് വിധികര്‍ത്താക്കളായി കൊണ്ടുവന്നത് യോഗ്യതയില്ലാത്തവരെ

ഈ വര്‍ഷം കലോത്സവം നടത്താനായി സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായ അഞ്ജന ഐ.എ.എസ് പങ്കെടുത്ത മീറ്റിങ്ങില്‍ തന്നെ ഈ കാര്യം പറയുകയുണ്ടായി. മാനുവല്‍ പ്രകാരം മാത്രമേ ഇത്തവണയും പരിപാടി നടത്തുകയുള്ളൂ. അതുപോലെ തന്നെ വിധികര്‍ത്താക്കളെ നിര്‍ണ്ണയിക്കുമ്പോള്‍ ഒരിക്കലും നാടോടിനൃത്തത്തിന്റ വേദിയില്‍ ശാസ്ത്രീയ നൃത്തത്തിന്റെ വിധികര്‍ത്താക്കളെ നിയമിക്കില്ല എന്നും ഉറപ്പ് നല്‍കിയിരുന്നു.

അത് പ്രകാരം ഇത്തവണ 24 നാടോടിനൃത്തങ്ങളാണ് രണ്ടാം ദിവസം വേദി ഒന്നായ അയ്യങ്കാളിയില്‍ നടന്നത്. അതില്‍ ഞാന്‍ മാത്രമായിരുന്നു മാനുവല്‍ പ്രകാരം പത്ത് മിനിറ്റ് പരമ്പരാഗതമായ നാടോടിനൃത്തം ചെയ്തത്. എന്നാല്‍ ഫോക്ലോറില്‍ യാതൊരുവിധ ക്വാളിഫിക്കേഷനും ഇല്ലാത്ത വ്യക്തികളായിരുന്നു ജഡ്ജസായിട്ട് ഇരുന്നത്. പരമ്പരാഗതമായ നാടോടിനൃത്തത്തിന്റെ വിധി നിര്‍ണ്ണയിക്കാനുള്ള യാതൊരു യോഗ്യതയും അവര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും വിധി നിര്‍ണ്ണയത്തിന് മുമ്പ് പത്ത് മിനിറ്റോളം അവര്‍ ഒരു പ്രസംഗം നടത്തി. ആ പ്രസംഗത്തില്‍ പറഞ്ഞത് 24 പേരില്‍ ഒരു വ്യക്തി മാത്രമേ മാനുവല്‍ പ്രകാരം ചെയ്തിട്ടുള്ളൂ. പക്ഷേ മാനുവലില്‍ പരമ്പരാഗത നൃത്തച്ചുവടുകളും വാദ്യോപകരണങ്ങളും ഭാവാതികളും എന്ന് പറയുന്നുണ്ട്. ഇതില്‍ ഭാവാതികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മുഖത്ത് ഭാവം ഒന്നും വന്നിരുന്നില്ല എന്നാണ് പറഞ്ഞത്.

എന്നാല്‍ ആദിവാസികളുടെ നൃത്തരൂപങ്ങള്‍ അത്തരത്തിലുള്ളവയായിരിക്കും. പരമ്പരാഗത രീതി പുലര്‍ത്തുന്ന ആദിവാസി നൃത്തത്തില്‍ നവരസങ്ങളൊന്നും നമുക്ക് ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ തന്നെ അവരുടെ ഫോക്ലോറിലുള്ള കഴിവുകേട് അവര്‍ തെളിയിച്ചു. അവര്‍ക്ക് ഫോക്ലോറുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളോ യോഗ്യതയോ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ആദിവാസി നൃത്തത്തിന് മുഖഭാവമില്ല എന്ന് പറഞ്ഞ് പരസ്യമായി അവഹേളിക്കുകയാണ് അവര്‍ ചെയ്തത്. അതിനെതിരെ സാമൂഹ്യ നീതി വകുപ്പില്‍ പരാതി നല്‍കിയപ്പോഴും അവിടെ നിന്ന് വ്യക്തമായ ഒരു മറുപടി കിട്ടിയിരുന്നില്ല.

അതുപോലെ തന്നെ സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിന്റെ ഉദ്യോഗസ്ഥയായ ശ്യാമ. എസ്. പ്രഭ അടക്കമുള്ളവര്‍ ഞങ്ങളെ അധിക്ഷേപിക്കുകയും, എല്ലാത്തിനും നിങ്ങള്‍ക്ക് ഒന്നാം സ്ഥാനം തരാന്‍ കഴിയില്ലെന്ന് പറഞ്ഞ് പബ്ലിക്കായി ഞങ്ങളെ മാറ്റിനിര്‍ത്തുകയുമാണ് ചെയ്തത്. അവിടെ കൂടിയിരുന്ന പല ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളും ട്രാന്‍സ്ജെന്‍ഡേഴ്സിനും ദളിത് വിഭാഗത്തിനും വേണ്ടി വാതോരാതെ പുരോഗമനം സംസാരിക്കുന്നവരും മൗനം പാലിച്ചു.

നിറത്തിന്റെയും ജാതിയുടെയും പേരില്‍ മാറ്റി നിര്‍ത്തി

കഴിഞ്ഞ വര്‍ഷം തന്നെ കലോത്സവവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉയര്‍ന്നിരുന്നു. ഇത്തവണയും പല വേദികളിലും നിറം കുറഞ്ഞതിന്റെ പേരിലും ജാതിയുടെ പേരിലുമൊക്കെ പല വ്യക്തികളെയും മാറ്റി നിര്‍ത്തുന്നത് എല്ലാവരും കണ്ടതാണ്. തലേദിവസം വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായത് കൊണ്ടുതന്നെ രണ്ടാം ദിവസം രാവിലെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ടീച്ചറുടെ പി.എ അടക്കമുള്ള ആളുകള്‍ പങ്കെടുത്ത് ഒരു മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ആ മീറ്റിങ്ങില്‍ ഈ വിഷയങ്ങള്‍ വിശദമായി പറഞ്ഞതുമാണ്.

ഈ വിഷയങ്ങളില്‍ പ്രതിഷേധിച്ച് ഒരുപാട് വ്യക്തികള്‍ തങ്ങള്‍ക്ക് കിട്ടിയ പുരസ്‌കാരം ആ വേദിയില്‍ വെച്ച് തന്നെ ഉപേക്ഷിച്ചു. ഞാനായിരുന്നു ആദ്യം ബഹിഷ്‌കരിച്ചത്. തുടര്‍ന്ന് ഒന്നാം സ്ഥാനക്കാര്‍ അടക്കം മറ്റു ജില്ലകളില്‍ നിന്നു വന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും മന്ത്രിയുടെ കയ്യില്‍ നിന്ന്് പുരസ്‌കാരം വാങ്ങി ആ വേദിയില്‍ തന്നെ അത് ഉപേക്ഷിച്ച് ഇറങ്ങിവന്നു. എന്നിട്ടും എന്താണ് പ്രശ്നമെന്ന് മന്ത്രിയോ സംഘാടകരോ ചോദിച്ചിരുന്നില്ല. മന്ത്രിയോട് ഇക്കാര്യം സംസാരിക്കാനായി മത്സരാര്‍ത്ഥികള്‍ സ്റ്റേജിന് മുന്നിലേക്ക് വന്നപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡിലുള്ളവര്‍ മന്ത്രിയോട് സംസാരിക്കാന്‍ പറ്റില്ലെന്നും അവര്‍ക്ക് മൈക്ക് കൊടുക്കരുത് എന്നും പറഞ്ഞു.

കലോത്സവങ്ങള്‍ വേണ്ട, അവസരങ്ങള്‍ തന്നാല്‍ മതി

ഞങ്ങളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കണം എന്നാണ് കലോത്സവത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. ഞാന്‍ പറയുന്നത്, മത്സരങ്ങളല്ല കഴിവ് പ്രകടിപ്പിക്കാനുള്ള വേദി. മത്സരങ്ങള്‍ വാശിയും വിദ്വേഷവും വളര്‍ത്തുകയേ ഉള്ളൂ. അത് പ്രശ്നങ്ങളിലേക്കും കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്കും വഴിവെക്കും.

ഞങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധാരണ വേദികള്‍ മതി. മത്സരങ്ങള്‍ക്ക് പകരം കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ മതി. ഇത്രയും ലക്ഷങ്ങള്‍ മുടക്കി നടത്തിയിട്ട് സംഘര്‍ഷത്തിലേക്കും അവാര്‍ഡ് നിഷേധത്തിലേക്കും പോയ ഈ കലോത്സവത്തിന് പകരം വര്‍ഷം ഒരു നാലോ അഞ്ചോ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വീട് വെച്ച് നല്‍കാമായിരുന്നു. അടിസ്ഥാനപരമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോട് താല്‍പര്യമില്ല.

ജാതീയ അധിക്ഷേപങ്ങളിലും ബോഡി ഷെയ്മിങ്ങിലും നിയമപരമായി നീങ്ങും

കലോത്സവത്തിലെ ജാതീയ അധിക്ഷേപങ്ങളിലും ബോഡി ഷെയിമിങ്ങിലും പ്രതിഷേധിച്ച് നിരവധി കലാകാരന്‍മാരും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. നിറവും സൗന്ദര്യവും വെച്ച് കലയെ അളക്കുന്നതിനെതിരെയാണ് പ്രതിഷേധം. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ദേവിയുടെ സൗന്ദര്യം ഇല്ല എന്നു പറഞ്ഞ് വ്യക്തി അധിക്ഷേപം നടത്തിയ വ്യക്തിക്കെതിരെയും, നാടോടി നൃത്ത വേദിയില്‍ യോഗ്യരല്ലാത്ത വിധികര്‍ത്താക്കളെ കൊണ്ടിരുത്തിയതിനെതിരെയും, ഒപ്പം വിധി നിര്‍ണ്ണയം നടത്തി ആദിവാസി സമൂഹത്തെ മൊത്തം അപമാനിച്ച ദേവകി രാജേന്ദ്രന്‍ എന്ന വ്യക്തിക്ക് എതിരെയുമാണ് പരാതി പോകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in