ശിവരാജൻ കമ്മീഷന് അഞ്ചു കോടി കൊടുത്തു എന്ന് പറഞ്ഞിട്ടില്ല, കൊടുത്തത് കമ്മീഷന് ചെലവായ തുക: ആത്മകഥാ വിവാദത്തിൽ സി.ദിവാകരൻ

ശിവരാജൻ കമ്മീഷന് അഞ്ചു കോടി കൊടുത്തു എന്ന് പറഞ്ഞിട്ടില്ല, കൊടുത്തത് കമ്മീഷന് ചെലവായ തുക: ആത്മകഥാ വിവാദത്തിൽ സി.ദിവാകരൻ
Summary

ശിവരാജൻ കമ്മിറ്റിക്ക് കൊടുത്തു എന്ന് പറയുന്ന തുക ആ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് ചെലവായ തുകയാണ്. സോളാർ സമരകാലത്തെ സെക്രട്ടറിയേറ്റ് ഉപരോധം ചീറ്റിപ്പോയി എന്ന് ഞാൻ എഴുതിയിട്ടില്ല, അത് മാധ്യമങ്ങൾ എഴുതിയതാണ്. ഉപരോധം വമ്പിച്ച വിജയമായിരുന്നു. എന്റെ ആത്മകഥ ഇവിടെ തന്നെയുണ്ട്, നിങ്ങൾക്ക് വായിക്കാം. ആത്മകഥ വിവാദത്തിൽ സി.ദിവാകരൻ ദ ക്യുവിനോട്

സോളാർ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിറ്റിക്ക് നാല്, അഞ്ച് കോടി രൂപ കൊടുത്തു എന്ന് ആത്മകഥയിലെഴുതി എന്ന വാർത്ത നിഷേധിച്ച് മുൻമന്ത്രിയും സി.പി.ഐ നേതാവുമായ സി.ദിവാകരൻ രംഗത്ത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്ത് നിയമിക്കപ്പെട്ട കമ്മിറ്റിക്ക് നാല് അഞ്ചു കോടി രൂപ കൊടുത്തിട്ടുണ്ടെന്നും എന്നിട്ടും റിപ്പോർട്ട് ഉമ്മൻചാണ്ടിക്ക് എതിരായി, ആ റിപ്പോർട്ടിന്മേലാണ് പിണറായി സർക്കാർ പിന്നീട് കേസെടുത്തതെന്ന രീതിയിൽ സി.പി.ഐ നേതാവ് സി.ദിവാകരൻ ആത്മകഥയിൽ എഴുതിയെന്ന് മലയാള മനോരമ നൽകിയ വാർത്തയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. താൻ എഴുതിയതോ പറഞ്ഞതോ ആയ കാര്യങ്ങളല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജസ്റ്റിസ് ശിവരാജൻ കമ്മിറ്റിക്ക് നൽകിയത് എന്ന് പറയുന്ന പണം ആ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ചെലവായ തുകയാണ്. സി.ദിവാകരൻ ദ ക്യുവിനോട് പറഞ്ഞു.

സോളാർ സമര കാലത്ത് നടന്ന സെക്രട്ടറിയേറ്റ് ഉപരോധം പരാജയമായിരുന്നു എന്നും താൻ പോലും അറിയാത്ത എന്തോ കാരണത്തിന്റെ പുറത്താണ് ആ സമരം അവസാനിപ്പിച്ചത് എന്നും ആത്മകഥയിൽ പറയുന്നതായി വാർത്തയിൽ പറയുന്നു. എന്നാൽ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഭാഗമായാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറായത്, സമരം വമ്പിച്ച വിജയമായിരുന്നു. ആളുകൾക്ക് ബുദ്ധിമുട്ടാകും എന്ന ധാരണയുടെ പുറത്താണ് സമരം അവസാനിപ്പിച്ചത് എന്നും സി.ദിവാകരൻ പറഞ്ഞു.

ഉപരോധം ചീറ്റിപ്പോയി എന്ന് സി. ദിവാകരൻ ആത്മകഥയിൽ എഴുതി എന്നായിരുന്നു മലയാള മനോരമ റിപ്പോർട്ടിൽ പറഞ്ഞത്. അത് താൻ എഴുതിയതല്ല, അവരെഴുതിയതാണ് എന്നും സി.ദിവാകരൻ ദ ക്യുവിനോട് പറഞ്ഞു. വിവാദങ്ങൾക്കിടയിൽ ഉമ്മൻചാണ്ടിക്ക് രാജിവെച്ചു പോകണമെന്നുണ്ടായിരുന്നു, എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മതിച്ചില്ല. ഒരു ധാരണയുടെ പുറത്തതാണ് ആ സമരം അവസാനിപ്പിച്ചതെന്നു സി.ദിവാകരൻ പറഞ്ഞു എന്നായിരുന്നു മനോരമ റിപ്പോർട്ട്. എന്നാൽ ഈ ആരോപണങ്ങൾ മുഴുവൻ അദ്ദേഹം തള്ളി.

സി. ദിവാകരൻ ദ ക്യുവിനോട് പറഞ്ഞത്

ഞാൻ പറഞ്ഞെന്ന തരത്തിൽ മനോരമ റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ ഒടുവിൽ ആ മാധ്യമം തന്നെ തള്ളി പറഞ്ഞ് രംഗത്ത് വന്നു കഴിഞ്ഞു. ഞാൻ കമ്മീഷന് നൽകി എന്ന് മാധ്യമങ്ങൾ പറയുന്ന തുക കമ്മീഷന്റെ ചെലവാണ്, അത് സാധാരണഗതിയിൽ ഏതു കമ്മീഷനും നൽകുന്നത് തന്നെയാണ്. എന്റെ ആത്മകഥയിൽ അതില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന ധാരണയുടെ പുറത്തതാണ് സോളാർ സമരങ്ങളുടെ ഭാഗമായി നടന്ന സെക്രട്ടറിയറ്റ് ഉപരോധം അവസാനിപ്പിച്ചത്. സെക്രട്ടറിയേറ്റ് ഉപരോധം ഒരു പരാജയമായിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് വമ്പിച്ച വിജയമായിരുന്നു. ആ സമരത്തിന്റെ ഒടുവിൽ അന്നത്തെ സർക്കാരിന് ജുഡീഷ്യൽ അന്വേഷണം അംഗീകരിക്കേണ്ടിവന്നില്ലേ? സെക്രട്ടറിയറ്റ് ഉപരോധം ചീറ്റിപ്പോയി എന്ന് ഞാൻ എഴുതിയിട്ടില്ല. മാധ്യമങ്ങൾ എഴുതിയതാണ്. എന്റെ ആത്മകഥ ഇവിടെയുണ്ടല്ലോ, അത് ആളുകൾക്ക് വായിക്കാമല്ലോ.

വിവാദത്തിൽ ഇടപെടാതെ സി.പി.ഐ

വിവാദത്തിൽ പാർട്ടി ഇടപെടില്ല എന്നും ആത്മകഥ ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആത്മകഥ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി പേറയേണ്ട കാര്യം പാർട്ടിക്കില്ല. പുറത്ത് വരുന്നതൊന്നും പാർട്ടിയുടെ അഭിപ്രായമല്ല. മറുപടി സി.ദിവാകരൻ പറയുമെന്നും കാനം രാജേന്ദ്രൻ ദ ക്യുവിനോട് പറഞ്ഞു. സി.പി.ഐയുടെ തന്നെ പ്രസിദ്ധീകരണ വിഭാഗമായ പ്രഭാത് ബുക്ക് ഹൗസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in