ബിഎസ്പി കേരളാ പൊലീസിന് മാവോയിസ്റ്റ് സംഘടന; പിഡിപിയും വെല്‍ഫയര്‍ പാര്‍ട്ടിയും വര്‍ഗീയം, ഹിന്ദു ഐക്യവേദിയും വിഎച്ച്പിയും വെറും സംഘടനകള്‍
News Moments

ബിഎസ്പി കേരളാ പൊലീസിന് മാവോയിസ്റ്റ് സംഘടന; പിഡിപിയും വെല്‍ഫയര്‍ പാര്‍ട്ടിയും വര്‍ഗീയം, ഹിന്ദു ഐക്യവേദിയും വിഎച്ച്പിയും വെറും സംഘടനകള്‍

ദളിത്-ബഹുജന രാഷ്ട്രീയ പാര്‍ട്ടിയായ ബിഎസ്പിയെ നക്‌സല്‍ സ്വഭാവമുള്ള സംഘടനയെന്ന് വിശേഷിപ്പിച്ച് കേരളാ പൊലീസ്. 2018 ഫെബ്രുവരി 4നു നടന്ന വടയമ്പാടി ആത്മാഭിമാന കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പിലാണ് ബഹുജന്‍ സമാജ് പാര്‍ട്ടിയെ മാവോയിസ്റ്റ് സംഘടനയായി മുദ്രകുത്തിയിരിക്കുന്നത്.

ബിഎസ്പി ഉള്‍പ്പെടെ സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ക്ക് തീവ്രവാദ വിശേഷണം നല്‍കുമ്പോള്‍ സമരത്തെ എതിര്‍ത്ത സംഘടനകളെ ‘തദ്ദേശീയര്‍’ എന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്.  

എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവയെ വര്‍ഗീയ സംഘടനകളെന്ന് വിശേഷിപ്പിച്ച പൊലീസ് ആര്‍എസ്എസ്, ബിജെപി, ഹിന്ദു ഐക്യവേദി എന്നിവയെ സമുദായ സംഘടനകളായി പോലും 'പ്രാഥമികാന്വേഷണത്തില്‍' രേഖപ്പെടുത്തിയിട്ടില്ല. കേരളാ പൊലീസിന്റെ സംഘ്പരിവാര്‍ മനോനിലയാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതെന്ന് ബിഎസ്പി ആലപ്പുഴ ജില്ലാ പ്രസിഡന്റും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ സജി ചേരമന്‍ 'ദ ക്യൂ'വിനോട് പറഞ്ഞു. എറണാകുളം പുത്തന്‍കുരിശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത വടയമ്പാടി കണ്‍വെന്‍ഷന്‍ കേസില്‍ പത്താം പ്രതിയാണ് സജി.

കേരളാ പൊലീസില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കടുത്ത ജാതീയതയും വര്‍ഗീയതയും സംഘ്പരിവാര്‍ മനോനിലയുമാണ് ഈ എഫ്‌ഐആര്‍ മറനീക്കി പുറത്തുകൊണ്ടുവരുന്നത്.

സജി ചേരമന്‍

ബിഎസ്പിയുടെ സ്ഥാപക നേതാവ് കാന്‍ഷി റാം ഈ പ്രശ്‌നത്തെ വളരെ മുന്‍പ് തന്നെ വിശകലനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ബിജെപിയേയും കോണ്‍ഗ്രസിനേയും സിപിഐഎമ്മിനേയും മനുവാദികളുടെ എ ടീം, ബി ടീം, സി ടീം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസിലും ഇടതുപക്ഷത്തിലും സംഘ്പരിവാര്‍ സ്വാധീനം ഏറിയും കുറഞ്ഞുമിരിക്കുന്നു എന്നല്ലാതെ അടിസ്ഥാനപരമായി വലിയ വ്യത്യാസമില്ല. ഇവരെല്ലാം സംഘ്പരിവാര്‍ താല്‍പര്യങ്ങളെയാണ് പോഷിപ്പിക്കുന്നത്. അത് ശരിവെയ്ക്കുന്നതാണ് പിണറായിയുടെ ഇടതുപക്ഷ പൊലീസിന്റെ എഫ്‌ഐആറെന്നും സജി കൂട്ടിച്ചേര്‍ത്തു.

ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് കലാകായിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനും ഭൂരഹിതര്‍ക്ക് വേണ്ടിയും നീക്കി വെച്ചിരുന്ന പുറമ്പോക്ക് പൊതു മൈതാനം എന്‍എസ്എസ് കരയോഗം മതില്‍ കെട്ടി കൈയേറിയതിനേത്തുടര്‍ന്നാണ് വടയമ്പാടി സമരം ആരംഭിച്ചത്.

എഫ്‌ഐആറില്‍ പറയുന്നതിങ്ങനെ

'... ദലിത് ഭൂ അവകാശ സമര സമിതിയുടെ നേത്യത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി പോരാട്ടം, മാവോയിസ്റ്റ്, ബിഎസ്പി, സിപിഐ(എംഎല്‍) തുടങ്ങിയ നക്‌സല്‍ സ്വഭാവമുള്ളതും, എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടി മുതലായ വര്‍ഗ്ഗീയ സ്വഭാവമുള്ള സംഘടനകളും ചേര്‍ന്ന് മേല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ എന്ന രീതിയില്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ മാധ്യമങ്ങളിലൂടെ ദലിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ വടയമ്പാടി ഫെബ്രുവരി 4 എന്ന പേരില്‍ ഒരു സമര പരിപാടി ആസൂത്രണം ചെയ്യുന്നതായും ഇത് മേല്‍ സ്ഥലത്ത് 'തദ്ദേശീയമായ' രാഷ്ട്രീയ സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെയും എതിര്‍പ്പിനും...'

ബിഎസ്പി കേരളാ പൊലീസിന് മാവോയിസ്റ്റ് സംഘടന; പിഡിപിയും വെല്‍ഫയര്‍ പാര്‍ട്ടിയും വര്‍ഗീയം, ഹിന്ദു ഐക്യവേദിയും വിഎച്ച്പിയും വെറും സംഘടനകള്‍
‘ഫാസിസത്തിനെതിരെ പോസ്റ്റിട്ടതിന് മാവോയിസ്റ്റാക്കി’; പൊലീസ് കുടുംബത്തെ ഭീഷണിപ്പെടുത്തുന്നെന്ന് 18കാരന്‍  
logo
The Cue
www.thecue.in