സി.ബി.ഐ അന്വേഷണത്തില്‍ ഉറച്ച് മധുവിന്റെ കുടുംബം; സര്‍ക്കാര്‍ അഭിഭാഷകരില്‍ വിശ്വാസമില്ലെന്ന് സമരസമിതി

സി.ബി.ഐ അന്വേഷണത്തില്‍ ഉറച്ച് മധുവിന്റെ കുടുംബം; സര്‍ക്കാര്‍ അഭിഭാഷകരില്‍ വിശ്വാസമില്ലെന്ന് സമരസമിതി

'സെപ്റ്റംബറില്‍ കേസിന്റെ വിചാരണ തുടങ്ങാന്‍ തീരുമാനിച്ചു. അത് നവംബര്‍ 25ലേക്ക് മാറ്റി. നവംബര്‍ 25ന് കേസ് പരിഗണിച്ച കോടതി ജനുവരി 25ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനായിരുന്നു കൂടുതല്‍ സമയം അനുവദിച്ചത്. ജനുവരി 25ന് പരിഗണിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്തിയില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യത്തോടെ കോടതി കേസിന്റെ വിചാരണ ഫെബ്രുവരി 26ലേക്ക് മാറ്റി'.

നാലുവര്‍ഷം മുമ്പ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി പൊട്ടിക്കല്‍ വനത്തിലെ പാറയിടുക്കില്‍ നിന്നും പിടികൂടി ആള്‍ക്കൂട്ടം ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയില്‍ ഇതുവരെ സംഭവിച്ചതാണിത്. പ്രതികള്‍ക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് 2018 മാര്‍ച്ച് രണ്ടിന് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. നിയമപരമായി ചെയ്യാവുന്നതൊക്കെ ചെയ്യുന്നുണ്ടെന്നും കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് നീതി ഉറപ്പാക്കില്ലെന്ന പരാതിയുള്ള മധുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് കേസിന്റെ വിചാരണ പോലും ശരിയായി നടത്താതിരിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ പ്രോസിക്യൂട്ടറെ മാറ്റുമെന്നാണ് സര്‍ക്കാറിന്റെ പ്രതികരണം. എന്നാല്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നാണ് കുടുംബം പറയുന്നത്. മധുവിന്റെ അമ്മ അടുത്താഴ്ച ഹൈക്കോടതിയെ സമീപിക്കും.

സര്‍ക്കാര്‍ തുടക്കം മുതല്‍ കൈയൊഴിഞ്ഞിരുന്നുവെന്ന് സമരസമിതി നേതാവ് പി.വി സുരേഷ് ആരോപിച്ചു. സര്‍ക്കാര്‍ നിയോഗിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ എത്ര ആത്മാര്‍ത്ഥതയോടെ കേസ് കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം.

ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുന്നതിനുള്ള ലീഗല്‍ ഒപീനിയന്‍ എടുത്തിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുകയാണെങ്കില്‍ സര്‍ക്കാരിന് ഇതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് വ്യക്തമാകും. സര്‍ക്കാരാണ് എ.വി ഗോപിനാഥിനെ നിയമിച്ചത്. കേസിന്റെ ആവശ്യങ്ങള്‍ക്ക് അട്ടപ്പാടിയില്‍ വരുമ്പോള്‍ താമസ സൗകര്യം ഒരുക്കുന്നത് അധിക ബാധ്യതയാകുമെന്ന് പറഞ്ഞാണ് എ.കെ ബാലന്‍ അദ്ദേഹത്തെ ഒഴിവാക്കിയത്. പിന്നീട് രഘുനാഥിനെ നിയമിച്ചു. ഇനി വരുന്ന ആളും സുതാര്യമായി പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
പി.വി സുരേഷ്,സമരസമിതി നേതാവ്

കേസില്‍ തുടക്കം മുതല്‍ വീഴ്ച

മധു വധക്കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ 2018 നവംബറില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഒഴിവാക്കിയത്. കേസില്‍ എസ്.സി/ എസ്.ടി കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ മതിയെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേസില്‍ നിയമിക്കണമെന്ന് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അന്നത്തെ പട്ടികജാതി-പട്ടിക വര്‍ഗ, നിയമ മന്ത്രിയായിരുന്ന എ.കെ ബാലന്‍ ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. വിവിധ കേസുകളില്‍ ഹാജരാകുന്നതിനാല്‍ മധു കേസില്‍ പ്രത്യേക പരിഗണന കിട്ടില്ലെന്ന പരാതി അന്നേ ഉയര്‍ന്നിരുന്നു.

2019 ഓഗസ്തില്‍ വി.ടി രഘുനാഥിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നത്. ഒരു തവണ പോലും വി.ടി രഘുനാഥ് കോടതിയില്‍ ഹാജരായില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.ടി രഘുനാഥ് കോടതിയില്‍ ഹാജരാകാത്തതെന്നാണ് വിശദീകരണം. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും പകരം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പ്രതികളില്‍ നിന്നും പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മധുവിന്റെ സഹോദരി ഭര്‍ത്താവ് മുരുകന്‍ ദ ക്യുവിനോട് പ്രതികരിച്ചു. കേസിന്റെ വിചാരണ സംബന്ധിച്ച് യാതൊരു കാര്യവും കുടുംബത്തെ അറിയിച്ചിട്ടില്ല.

വക്കീലിനെ സ്വാധീനിച്ചുവെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്. ഇത്ര വര്‍ഷമായിട്ടും ഒറ്റത്തവണ പോലും കേസിന് വന്നിട്ടില്ല. ഞങ്ങളോടും സംസാരിക്കുന്നില്ല. അസുഖമായതിനാല്‍ ലീവിലാണെന്നാണ് പറയുന്നത്. കേസ് വാദിക്കാന്‍ പറ്റില്ലെന്ന് കാണിച്ച് സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. അവസാന ഘട്ടത്തിലാണോ ഇങ്ങനെയൊക്കെ ചെയ്യേണ്ടത്. നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കില്‍ നല്ല വക്കീലിനെ വേറെ വെക്കില്ലേ?. ഇതിലൊക്കെ ഒരുപാട് ദുരൂഹതകളുണ്ട്. പ്രതികളെ എല്ലാവര്‍ക്കും അറിയാം. കേസ് തള്ളിപ്പോകാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്.
മുരുകന്‍

16 പ്രതികള്‍; കൊലക്കുറ്റം

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടിക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ ആള്‍ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയില്‍ എത്തിക്കുകയായിരുന്നു. ഗുഹയില്‍ മധു ഉപയോഗിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ചാക്കും തലയിലേറ്റിച്ചിരുന്നു. മുക്കാലിയിലെത്തി മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു.

കൊല്ലപ്പെട്ട് തൊണ്ണൂറാം ദിവസമായിരുന്നു കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. പതിനാറ് പ്രതികളാണ് കേസിലുള്ളത്. മധുവിന്റെ ശരീരത്തിലുണ്ടായിരുന്ന 15 മുറിവുകള്‍ മരണത്തിന് കാരണമായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 11,640 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. എട്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിസിടിവി ക്യാമറകള്‍, അഞ്ച് വാഹനങ്ങള്‍, 165 പേരുടെ മൊഴികള്‍ എന്നിവയാണ് കുറ്റപത്രത്തില്‍ തെളിവുകളായി സമര്‍പ്പിച്ചിരുന്നത്.

മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരിയില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദീഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. കൊലപാതകക്കുറ്റവും പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

നിലവിലെ പ്രതികള്‍ നേരിട്ട് കൊലപാതകം ചെയ്തുവെന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസിന്റെയും ഫോറസ്റ്റിന്റെയും പങ്ക് വ്യക്തമായിട്ടില്ല. മുക്കാളിയില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ ഉള്‍വനത്തില്‍ മധു ഉണ്ടായിരുന്നുവെന്ന വിവരം പുറത്തെത്തിച്ചത് ആരാണ് എന്ന ചോദ്യത്തിന് ഉത്തരമില്ലല്ലോ. ആദിവാസിയായ മധുവിനെ സംരക്ഷിക്കേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചു കൊണ്ടുപോകാന്‍ സഹായിച്ചു. ഫോറസ്റ്റുകാരും ഇതില്‍ പ്രതികളാകും. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനാണ് തുടക്കം മുതല്‍ ശ്രമിച്ചത്.

പി.വി സുരേഷ്,സമരസമിതി നേതാവ്

മധു വധക്കേസില്‍ പ്രതികള്‍ക്കെതിരെ വനംവകുപ്പും കേസെടുത്തിരുന്നു. വനംവകുപ്പ് എടുത്ത കേസില്‍ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേരള ഫോറസ്റ്റ് ആക്ട് അനുസരിച്ച് കേസെടുത്തത്.

ഗൗരവമായി കാണുന്നുവെന്ന് നിയമമന്ത്രി പി.രാജീവ്

മധു വധക്കേസിന്റെ വിചാരണയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തത് ഗൗരവത്തോടെ കാണുന്നുവെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പ്രോസിക്യൂട്ടര്‍ക്കെതിരെയുള്ള കുടുംബത്തിന്റെ പരാതി അന്വേഷിക്കുമെന്നും പി.രാജീവ് വ്യക്തമാക്കി.

മധുവിന്റെ കുടുംബത്തിന് താല്‍പര്യമുള്ള അഭിഭാഷകനെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു. മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടു.

വിചാരണ കോടതിയില്‍ നിന്നുള്ള വിമര്‍ശനവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള കുടുംബത്തിന്റെ തീരുമാനവുമാണ് ഇഴഞ്ഞു നീങ്ങുന്ന മധു വധക്കേസില്‍ പ്രതികരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്. കേസ് നടത്തിപ്പിന് സഹായിക്കാന്‍ പോലും ആരുമില്ലെന്ന് ആ ആദിവാസി കുടുംബം പറയേണ്ടി വരുന്ന സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ സാഹചര്യം ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മധുവിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ വാക്ക് സര്‍ക്കാര്‍ പാലിക്കാമോയെന്നാണ് ഉയരുന്ന ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in