ഇടത് സര്‍ക്കാരിനേറ്റ രാഷ്ട്രീയ തിരിച്ചടി; താഹയുടെ ജാമ്യം കേരളത്തോട് പറയുന്നത്

ഇടത് സര്‍ക്കാരിനേറ്റ രാഷ്ട്രീയ തിരിച്ചടി; താഹയുടെ ജാമ്യം കേരളത്തോട് പറയുന്നത്

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ച് വിധി പുറപ്പെടുവിച്ചത് വ്യാഴാഴ്ചയാണ്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. ഒരാള്‍ ഒരു ആശയത്തില്‍ ആകൃഷ്ടനാകുന്നതോ അതുമായി ബന്ധപ്പെട്ട സാഹിത്യങ്ങള്‍ വായിക്കുന്നതോ ഒന്നും ആ വ്യക്തിക്കെതിരെ യു.എ.പി.എ ചുമത്തി ജയിലില്‍ അടക്കാന്‍ മാത്രമുള്ള കാരണമാകുന്നില്ല എന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിന്യായത്തില്‍ സുപ്രീം കോടതി എടുത്തു പറയുന്നത്. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സി.പി.ഐ.എം 'കരിനിയമ'മെന്ന് വിളിച്ച യു.എ.പി.എ നിയമം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയ കേസ്, കഴിഞ്ഞ ദിവസം പുറത്തുവന്ന ജാമ്യ ഉത്തരവിലൂടെ വീണ്ടും ചര്‍ച്ചയാകുകയാണ്.

അറസ്റ്റ് മുതല്‍ മുതല്‍ ജാമ്യം വരെ

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് അലനെയും താഹയെയും കോഴിക്കോട് നിന്ന് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് വീണ്ടും താഹയ്ക്ക് ജാമ്യം ലഭിക്കുകയും അലന്റെ ജാമ്യം സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരിക്കുന്നത്. 2020 സെപ്തംബറിലാണ് ആദ്യം ഇരുവര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട് എന്‍.ഐ.എ കോടതി ഉത്തരവിടുന്നത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയുണ്ടായി. ഇതേതുടര്‍ന്ന് 2021 ജനുവരി നാലിന് എന്‍.ഐ.എയുടെ അപ്പീലില്‍ ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദ് ചെയ്യുകയും അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കുകയുമായിരുന്നു.

അലനും താഹയും
അലനും താഹയും

ഇതിന് പിന്നാലെ അലന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ താഹയുടെ കേസില്‍ കേരള ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി, എന്‍.ഐ.എ കോടതിയുടെ വിധി ശരിവെക്കുകയാണ് ചെയ്തിരിക്കുന്നത്. താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മാധ്യമപഠന വിദ്യാര്‍ത്ഥിയായ താഹ ഫസലിന്റെയും നിമയവിദ്യാര്‍ത്ഥിയായ അലന്‍ ഷുഹൈബിന്റെയും പക്കല്‍ നിന്ന് മാവോവാദി അനുകൂല ലഘു ലേഖകള്‍ പിടിച്ചെടുത്തെന്നും ഇവരുടെ വീടുകളില്‍ നിന്ന് ലഘുലേഖ, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മെമ്മറി കാര്‍ഡ് എന്നിവയും പിടിച്ചെടുത്തെന്നും ചൂണ്ടിക്കാണിച്ചാണ് പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തിയത്. തുടര്‍ന്ന് കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കുകയും ചെയ്തു.

താഹ ഫസല്‍ കുടുംബത്തോടൊപ്പം
താഹ ഫസല്‍ കുടുംബത്തോടൊപ്പംചിത്രം ഷഫീഖ് താമരശ്ശേരി

താഹയുടെ ജാമ്യം പ്രധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ട്?

യു.എപിഎ നിയമത്തിലെ ജാമ്യ വ്യവസ്ഥയാണ് ഈ നിയമത്തിലെ ഏറ്റവും കിരാതമായ വകുപ്പുകളിലൊന്ന്. യു.എ.പി.എ ചുമത്തപ്പെട്ട കുറ്റാരോപിതര്‍ക്ക് ജാമ്യം കൊടുക്കുന്ന ഹര്‍ജികള്‍ വരുമ്പോള്‍ അതില്‍ അന്വേഷണ ഏജന്‍സികളുടെ വാദവും വിശദീകരണവും വെച്ച് പ്രഥമ ദൃഷ്ട്യാല്‍ ജാമ്യം നല്‍കേണ്ടതുണ്ടോ വേണ്ടയോ എന്ന് കോടതികള്‍ക്ക് തീരുമാനിക്കാനാവും. പൊതുവില്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നതിനൊപ്പമായിരിക്കും കോടതി സഞ്ചരിക്കുക. അത്തരമൊരു ആനുകൂല്യം നല്‍കുന്ന വകുപ്പാണ് 43 ഡി (5). അതായത് പൊലീസ് കേസില്‍ എന്തു പറയുന്നുവോ അതനുസരിച്ചാവും ജാമ്യവ്യവസ്ഥയില്‍ തീരുമാനമെടുക്കുക. എന്നാല്‍ ഇതിന് വ്യത്യസ്തമായി യു.എ.പി.എ കേസില്‍ താഹയ്ക്ക് (അലനും) ജാമ്യം ലഭിക്കുന്നത് പ്രധാന്യമര്‍ഹിക്കുന്നതാണ്.

അലന്റെയും താഹയുടെയും ജാമ്യം കേരളത്തോട് പറയുന്നത്

യു.എ.പി.എ നിയമഭേദഗതിയ്ക്ക് ശേഷം കേരളത്തില്‍ ഈ നിയമപ്രകാരം ആദ്യം അറസ്റ്റിലാക്കപ്പെടുന്നത് അലനും താഹയുമാണ്. താഹയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി നടപടി, എന്‍.ഐ.എയുടെ ഏറ്റവും വൃത്തികെട്ട രീതിയിലുള്ള, ജനാധിപത്യ വിരുദ്ധ നടപടിക്രമങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സഹായകമായെന്ന് പറയുകയാണ് ദ ക്യുവിനോട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സി.പി റഷീദ്.

'കഴിഞ്ഞദിവസം പുറത്തുവന്ന വിധിയുടെ ഗുണവശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും അതിനെ ഉപയോഗപ്പെടുത്തി നിയമം കുറച്ചുകൂടി നീതി പൂര്‍വ്വമാക്കിമാറ്റുന്നതിന് വേണ്ടിയുള്ള തുടര്‍പ്രക്ഷോഭങ്ങള്‍ നടത്തുക എന്നുള്ളതാണ് ഈ ഗുണകരമായ അന്തരീക്ഷത്തില്‍ നമുക്ക് ചെയ്യാനാകുന്നത്. എന്‍.ഐ.എയുടെ ഏറ്റവും വൃത്തികെട്ട, ജനാധിപത്യ വിരുദ്ധ നടപടിക്രമങ്ങളെ ഈ വിധിയ്ക്ക് തടയാനായിട്ടുണ്ട്. ചായകുടിക്കാന്‍ പോയപ്പോഴല്ല അവരെ അറസ്റ്റ് ചെയ്തത് എന്നാണ് അലന്‍-താഹ അറസ്റ്റില്‍ മുഖ്യമന്ത്രി മുമ്പ് പ്രതികരിച്ചത്. ഇവരെന്തോ ഭീകര കൃത്യത്തില്‍ ഏര്‍പ്പെട്ട ആളുകളാണെന്നും സാമൂഹ്യ വിരുദ്ധരായ ആളുകളാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് അന്ന് പലയിടത്തുനിന്നുമുണ്ടായത്. സുപ്രീം കോടതി ജാമ്യം നല്‍കുന്നത് വഴി ഇത്തരം ആരോപണങ്ങളെല്ലാം റദ്ദാക്കപ്പെടുകയാണ്,' സി. പി റഷീദ് പറഞ്ഞു.

സി.പി റഷീദ്
സി.പി റഷീദ്

അലന്‍ താഹ കേസില്‍ ഇവരെ കൈകാര്യം ചെയ്യുന്ന രീതി, നിയമനടപടികള്‍ ഉള്‍പ്പെടെയുള്ളവ ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ക്ക് നീതികിട്ടണമെന്നും ആദ്യം തൊട്ട് പറഞ്ഞ ആളുകള്‍ എന്ന നിലയ്ക്ക് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെയും അത്തരം ജനാധിപത്യ വാദികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആശങ്ക ശരിയാണെന്ന് കൂടിയാണ് ജാമ്യം അനുവദിക്കുക വഴി തെളിഞ്ഞത്. നിയമം മാത്രമല്ല ഇതില്‍ കാര്യം. ഈ വിഷയത്തില്‍ ജനങ്ങളില്‍ നിന്നുമടക്കം ഉണ്ടായിട്ടുള്ള എതിര്‍പ്പുകളാണ് കോടതികളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും സി.പി റഷീദ് പറഞ്ഞു.

താഹയുടെ ജാമ്യം ഒരു പ്രതീക്ഷയാണ്

ഒരിക്കലും തെളിയിക്കാന്‍ പറ്റാത്ത, കെട്ടിച്ചമച്ച കഥകള്‍ കൊണ്ടാണ് പലപ്പോഴും യു.എ.പി.എ കേസുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. വലിയ തോതില്‍ ജാമ്യനിഷേധം നടത്തുന്ന ഈ കേസുകളില്‍ 29% മാത്രമാണ് വിചാരണകോടതികളിലെ ശിക്ഷാനിരക്ക്. പിന്നെന്തിനാണ് ഇങ്ങനെയൊരു നിയമം എന്നതു തന്നെ ഒരു ചോദ്യമാണ്. മേല്‍ക്കോടതികള്‍ കുറ്റവിമുക്തരാക്കുന്നവയാണ് ഇതില്‍ പലതും. കാലങ്ങളോളം വിചാരണ നടപടികള്‍ വൈകിക്കുകയും കുറ്റപത്രം നേരാംവണ്ണം നല്‍കാതിരിക്കുകയും രാഷ്ട്രീയ എതിരാളികളെ യാതൊരു വിശദീകരണവും കൂടാതെ ജയിലിലാക്കുകയുമാണ് ഈ നിയമത്തിലൂടെ ചെയ്യുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകനായ പ്രമോദ് പുഴങ്കര ദ ക്യുവിനോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കുന്നതും, വിദ്യാര്‍ത്ഥി സമരങ്ങളിലെ ആളുകളെ പിടിക്കുന്നതും എല്‍ഗാര്‍ പരിഷദ് കേസില്‍ ആക്ടിവിസ്റ്റുകളെ അടക്കം തടവിലാക്കുന്നതും ഇതിനുദാഹരണമാണ്.

User

രാഷ്ട്രീയ എതിരാളികളെയും സിസ്റ്റത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരെയുമെല്ലാം രാഷ്ട്രീയ അടിച്ചമര്‍ത്തലിന് വേണ്ടി അനന്തകാലത്തേക്ക് തടവിലിടാനും മുഴുവന്‍ എതിര്‍ രാഷ്ട്രീയ ആശയങ്ങളെയും ദുര്‍ബലമാക്കുന്നതിനും നിശബ്ദമാക്കുന്നതിനും വേണ്ടിയാണ് ഇന്ത്യയില്‍ യു.എ.പി.എ നടപ്പാക്കി വരുന്നത്. കോണ്‍ഗ്രസും അങ്ങനെയൊക്കെ തന്നെയാണ് യു.എ.പി.എ ഉപയോഗിച്ചതെങ്കിലും ബിജെപി സര്‍ക്കാര്‍ വന്നതോടുകൂടി അതിഭീകരമായ തരത്തില്‍ എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരെയും അക്കാദമിക് ബുദ്ധിജീവികളെയും അറസ്റ്റു ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായതെന്നും പ്രമോദ് പുഴങ്കര പറയുന്നു.

'2019ല്‍ സഹൂര്‍ അഹമ്മദ് ഷാ വതാലി കേസില്‍ യു.എ.പി.എ കേസുകളിലെ ജാമ്യാപേക്ഷ തീര്‍പ്പാക്കുമ്പോള്‍ കോടതികള്‍ പൊലീസിന്റെ വ്യാഖ്യാനത്തിനപ്പുറമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതില്ല എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ശേഷമുള്ള കേസുകളിലെല്ലാം യു.എ.പി.എ എന്ന മനുഷ്യാവകാശ വിരുദ്ധ നിയമത്തിന്റെ ഭീകരത യാതൊരു വിധ ചോദ്യ ചെയ്യലും കൂടാതെ കോടതികള്‍ വഴി നിലനിര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ കെ.എ നജീബിന്റെ കേസില്‍ വിചാരണ വൈകിക്കുന്നതിനെതിരെ സുപ്രീം കോടതി ഇടപെട്ടിരുന്നു. വേഗത്തിലുള്ള വിചാരണ എന്നത് മൗലിക അവകാശമാണെന്നും അതിനെ നിഷേധിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി ആ കേസില്‍ നജീബിന് ജാമ്യം അനുവദിക്കുകയുണ്ടായി. ഡല്‍ഹി ഹൈക്കോടതി ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിക്കുന്ന വിധിന്യായത്തില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്, യു.എ.പി.എയിലെ ജാമ്യനിഷേധ വകുപ്പിന്റെ പേരില്‍ ജാമ്യം എന്ന അവകാശം പൗരന്മാര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല എന്ന്. പക്ഷെ ആ കേസിന്റെ അപ്പീല്‍ സുപ്രീം കോടതിയില്‍ പോയപ്പോള്‍ ജാമ്യം ശരിവെച്ചെങ്കിലും ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ഉദാഹരണമാക്കി യു.എ.പി.എ കേസുകളില്‍ ജാമ്യം നല്‍കുന്നതിനുള്ള കീഴ്‌വഴക്കമായി എടുക്കരുത് എന്ന നിരാശാജനകമായ അഭിപ്രായമാണ് സുപ്രീം കോടതി പറഞ്ഞത്.

പ്രകാശ് കാരാട്ട്
പ്രകാശ് കാരാട്ട്

അതിനുശേഷമാണ് അലന്‍ താഹ കേസില്‍ ജാമ്യം നല്‍കുന്നത്. യു.എ.പി.എ കേസില്‍ കോടതികള്‍ക്ക് ജാമ്യം കൊടുക്കാം എന്ന ഒരു സ്വാതന്ത്ര്യമാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. എന്ന് മാത്രമല്ല, ഈ വിധിയില്‍ ജാമ്യ വേളയില്‍ പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് കോടതിയ്ക്ക് നോക്കേണ്ട കാര്യമില്ല. കേരളത്തില്‍ ഇബ്രാഹിമിന്റെ കേസുണ്ട്, അലന്‍ താഹ കേസില്‍ തന്നെ അറസ്റ്റിലായ മറ്റൊരു യുവാവ് ഉണ്ട്. ഇവരെല്ലാം വിചാരണ നേരിടാനാവാതെ തടവില്‍ കഴിയുകയാണ്. ഒരു സംഘടനയുടെ ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതോ അതില്‍ വിശ്വസിക്കുന്നതോ അതുമായി ബന്ധപ്പെട്ട പുസ്തകം വായിക്കുന്നതോ ഒന്നും ഒരാള്‍ക്കെതിരെ യു.എ.പി.എ ചുമത്താനുള്ള കാരണമല്ല . പകരം ഒരു തീവ്രവാദ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാവുമ്പോഴാണ് യു.എ.പി.എ ചുമത്തുന്ന സ്ഥിതിയിലേക്ക് എത്താവൂ എന്നും കോടതി പറഞ്ഞിട്ടുണ്ട്. മുമ്പ് മറ്റു ചില കേസുകളിലും ഇതേകാര്യം കോടതി പറഞ്ഞിരുന്നു. ആ നിലയില്‍ സുപ്രീം കോടതി ഇത് ആവര്‍ത്തിച്ചു പറഞ്ഞു എന്നുള്ളത് യു.എ.പി.എ കേസുകളില്‍ ഗുണപരമായ മാറ്റത്തിന് കാരണമാകും. ആ നിലയ്ക്ക് ഇതൊരു പ്രതീക്ഷയാണ്,' പ്രമോദ് പുഴങ്കര പറഞ്ഞു.

ഇടതുപക്ഷത്തിന് തിരിച്ചടി

കേരള സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഒരു കേസാണ് പന്തീരാങ്കാവ് യു.എ.പി.എ കേസ്. സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തമായ ഭാഷയിലാണ് ഇവരുടെ അറസ്റ്റില്‍ പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് അവരുടെ ഭാവിയെ തന്നെ അവതാളത്തിലാക്കുമെന്നും വിമര്‍ശനങ്ങളുയര്‍ന്നു.

അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളെ യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്ത നീക്കത്തിനെതിരാണ് സി.പി.ഐ.എം എന്നും അന്ന് പ്രകാശ് കാരാട്ട് മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ പറഞ്ഞിരുന്നു. പക്ഷെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ചായകുടിക്കാന്‍ പോകുമ്പോഴല്ല അലനെയും താഹയെയും അറസ്റ്റ് ചെയ്തത് എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്.

അലനും താഹയ്ക്കും ജാമ്യം കിട്ടിയെന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന് തിരിച്ചടിയല്ല. യു.എ.പി.എ എടുത്തുമാറ്റാത്തിടത്തോളം കാലം സാങ്കേതികമായി ഇവര്‍ കുറ്റക്കാര്‍ തന്നെയാണ്. പക്ഷെ യു.എ.പി.എ ചുമത്തിയ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നായി ഈ ജാമ്യം മാറുന്നുണ്ടെന്ന് പറയുകയാണ് പ്രമോദ് പുഴങ്കര.

'നിയമപരമായി ജാമ്യം ലഭിച്ചുവെന്നത് എല്‍.ഡി.എഫ് സര്‍ക്കാരിനേറ്റ തിരിച്ചടിയാവുന്നില്ല. കാരണം യു.എ.പി.എ എടുത്തുമാറ്റുന്നില്ല. പകരം കേസില്‍ ഇവര്‍ കുറ്റാക്കാരായി തുടരുമ്പോഴും ജാമ്യം അനുവദിക്കുകയുമാണ് ചെയ്യുന്നത്. പക്ഷെ ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഒട്ടും യുക്തിസഹമായ ഒരു കാര്യമായി തോന്നുന്നില്ല എന്ന് കോടതി പറയുന്നുണ്ട്. ആ നിരീക്ഷണം ചേര്‍ത്ത് വായിക്കുമ്പോള്‍ വളരെ ആവേശ പൂര്‍വ്വം രണ്ട് ചെറുപ്പക്കാര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നായി ഈ ജാമ്യം മാറുന്നുണ്ട്. നിയമപരമായി സര്‍ക്കാരിന് ഇത് തിരിച്ചടിയല്ലെങ്കിലും രാഷ്ട്രീയപരമായി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് എന്ന് തന്നെ പറയേണ്ടി വരും,' പ്രമോദ് പുഴങ്കര പറഞ്ഞു.

പി ജയരാജന്‍
പി ജയരാജന്‍

ഇടതുപക്ഷം പുനരാലോചന നടത്തണം

ദേശീയ തലത്തില്‍ യു.എ.പി.എ നിയമത്തിനെതിരെ നിലപാടെടുത്ത പാര്‍ട്ടിയാണ്. സി.പി.ഐ.എം. എന്നാല്‍ ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന കേരളത്തില്‍ ഈ നിയമമുപയോഗിച്ച് അറസ്റ്റിലാക്കപ്പെട്ടത് രണ്ട് വിദ്യാര്‍ത്ഥികളാണ്. ഭരണകൂടത്തിന്റെ ഇരകളായി എക്കാലവും മാറിയിട്ടുള്ള കമ്യൂണിസ്റ്റുകാര്‍ തന്നെ ലഘുലേഖകള്‍ കൈവശം വെച്ചു എന്നതിന്റെ പേരില്‍ ആളുകളെ തടവിലടക്കാനും യു.എ.പി.എ ചുമത്താനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരായി മാറുന്നത് ലജ്ജാകരമായ നടപടിയാണെന്ന് പറയുകയാണ് പ്രമോദ് പുഴങ്കര.

'ദേശീയ തലത്തില്‍ സി.പി.ഐ.എം സ്വീകരിച്ച നിലപാടല്ല കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചത് എന്നുള്ളത് വലിയൊരു പ്രതിസന്ധിയാണ്. ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ രാഷ്ട്രീയ തടവുകാരെ ജയിലില്‍ അടക്കുന്നതിനെതിരെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇന്ത്യയില്‍ എല്ലാ കാലത്തും കൃത്യമായ നിലപാടുകള്‍ എടുത്തിട്ടുള്ളതാണ്. കാണ്‍പൂര്‍, മീററ്റ്, ലഖ്‌നൗ തുടങ്ങിയ നിരവധി ഗൂഢാലോചന കേസുകള്‍ തൊട്ട് ഭരണകൂടം കള്ളക്കേസുകള്‍ ചുമത്തി രാഷ്ട്രീയ പ്രവര്‍ത്തകരെ തടവില്‍ ഇടുന്നതിന്റെയും അവരെ ശിക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെയും എല്ലാ കാലത്തെയും ഇരകളാണ് കമ്യൂണിസ്റ്റുകാര്‍. അതേകമ്യൂണിസ്റ്റുകാര്‍ തന്നെയാണ് ലഘുലേഖകള്‍ കൈവശം വെച്ചു എന്നതിന്റെ പേരില്‍ ആളുകളെ തടവിലടക്കാനും യു.എ.പി.എ ചുമത്താനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരായി മാറുന്നത് എന്നത് ലജ്ജാകരമായ നടപടിയാണ്. ഇത് രാഷ്ട്രീയ പരമായി സി.പി.ഐ.എം പുനരാലോചിക്കേണ്ടതുണ്ട്,' പ്രമോദ് പുഴങ്കര പറഞ്ഞു.

താഹയ്ക്ക് ജാമ്യം അനുവദിച്ച വിധിയെ സ്വാഗതം ചെയ്ത് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍ മാത്രമാണ് പ്രത്യക്ഷമായി രംഗത്തെത്തിയത്. മാവോയിസ്റ്റ് കേസുകള്‍ക്കെല്ലാം യു.എ.പി.എ ചുമത്തുന്നതിനോട് സി.പി.ഐ.എമ്മിന് യോജിപ്പില്ലെന്നും ചെറിയ കേസുകള്‍ക്ക് പോലും യു.എ.പി.എ ചുമത്തുന്നത് ശരിയായ പ്രവണതയല്ലെന്നുമാണ് പി. ജയരാജന്‍ പ്രതികരിച്ചത്. ഇത്തരം നടപടികള്‍ക്കുള്ള മറുപടിയാണ് സുപ്രീംകോടതി വിധിയെന്നും പി. ജയരാജന്‍ പറഞ്ഞിരുന്നു.

കതിരൂര്‍ മനോജ് വധകേസില്‍ പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ ശക്തമായി പ്രതിഷേധിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. എന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായ രൂപേഷിനെതിരെയുള്ള യു.എ.പി.എ റദ്ദ് ചെയ്ത കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയ പാര്‍ട്ടിയും സി.പി.ഐ.എം തന്നെയാണ്.

യു.എ.പി.എ ഒരു 'ഡ്രാക്കോണിയന്‍' നിയമമാണ് എന്ന് സി.പി.ഐ.എം തന്നെ വിശേഷിപ്പിച്ച മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തമ ഉദാഹരണമായിട്ടുള്ള നിയമം ഉപയോഗിച്ചു എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ തെറ്റാണ്. അതുകൊണ്ട് യു.എ.പി.എ പോലൊരു നിയമം ഉപയോഗിക്കപ്പെടുന്നതില്‍ ഇടതുമുന്നണിക്ക് എതിര്‍ അഭിപ്രായമുണ്ടെന്ന് പറയേണ്ടത് അനിവാര്യമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in