'അല്ലാഹുവിനെ മാത്രം ഭയന്നാൽ മതിയെന്ന മുജാഹിദ് സമ്മേളനത്തിനുള്ള ആശംസ, ഗൂഢലക്ഷ്യത്തോടെയുള്ള വിവാദമെന്ന് എ.എം.ആരിഫ്

AM Ariff
AM Ariff

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് സിപിഎം എം.പി എ.എം ആരിഫ് നൽകിയ വീഡിയോ സന്ദേശത്തെ ചൊല്ലി വിവാദം. 'അല്ലാഹുവിന്റെ മുന്നിലല്ലാതെ മറ്റാരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല. അല്ലാഹുവിനേയും റസൂലിനേയുമാണ് നാം ഭയപ്പെടേണ്ടത്. അതിലുപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല.' എന്ന വാചകം ഉൾക്കൊള്ളുന്ന വീഡിയോ സന്ദേശത്തെ ചൊല്ലിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.

ഒരു മതത്തേയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല.വീഡിയോ ക്ലിപ്പിൽ മതേതരത്വത്തെ കുറിച്ച് പറയുന്ന ഭാഗവുമുണ്ട്. അതാരും പറയുന്നില്ല. അതുകൊണ്ട് ഇത് ഗൂഢ ലക്ഷ്യത്തോടെയുള്ള വിവാദമാണ്.'

എ.എം ആരിഫ് എം.പി

സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗം കൂടിയായ എ.എം. ആരിഫിന്റെ വീഡിയോയിലെ വാക്കുകൾ പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾ.

വിവാദം അനാവശ്യമാണെന്നും 'നിർഭയത്വമാണ് മതം' എന്ന മുജാഹിദ് സമ്മേളനത്തിന്റെ സന്ദേശത്തെ കുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും എ.എം. ആരിഫ് ദ ക്യുവിനോട് പ്രതികരിച്ചു. ഒരു മതത്തേയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല.വീഡിയോ ക്ലിപ്പിൽ മതേതരത്വത്തെ കുറിച്ച് പറയുന്ന ഭാഗവുമുണ്ട്. അതാരും പറയുന്നില്ല. അതുകൊണ്ട് ഇത് ഗൂഢ ലക്ഷ്യത്തോടെയുള്ള വിവാദമാണ്.' എ.എം ആരിഫ് എംപി 'ദ ക്യു'വിനോട് പറഞ്ഞു.

ആരാധനാ കേന്ദ്രങ്ങളിൽ പോകുന്ന വിശ്വാസിയായ കമ്യൂണിസ്റ്റാണ് താനെന്ന് നേരത്തെ എ.എം. ആരിഫ് വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളും അവിശ്വാസികളുമെല്ലാം ഇടകലർന്ന് ജീവിക്കുന്ന ഈ സമൂഹത്തിൽ മതേതരത്വമാണ് നമ്മുടെ നാടിന്റെ അഭിമാനമെന്നും അത് സംരക്ഷിക്കണമെന്നും എ.എം ആരിഫ് പറയുന്ന ഭാഗവും വീഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം മുൻ മന്ത്രിയും ആലപ്പുഴ ജില്ലയിൽ നിന്നുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാവായ ജി.സുധാകരൻ ജ്യോതിഷവുമായും വിശ്വാസവുമായും ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളംകാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണമെന്നായിരുന്നു ജി.സുധാകരന്റെ പ്രസ്താവന.

Related Stories

No stories found.
The Cue
www.thecue.in