അട്ടപ്പാടിയില്‍ നാല് ദിവസത്തിനുള്ളില്‍ മരിച്ചത് 5 കുട്ടികള്‍; ശിശുമരണം തുടരുന്നത് എന്തുകൊണ്ട്

അട്ടപ്പാടിയില്‍ നാല് ദിവസത്തിനുള്ളില്‍ മരിച്ചത് 5 കുട്ടികള്‍; ശിശുമരണം തുടരുന്നത് എന്തുകൊണ്ട്

ഒറ്റദിവസം മൂന്ന് കുട്ടികള്‍ മരിച്ചതോടെ അട്ടപ്പാടിയിലെ ശിശുമരണം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. രണ്ട് നവജാതശിശുക്കളാണ് ഇന്നലെ മരിച്ചത്. നാല് ദിവസത്തിനുള്ളില്‍ അഞ്ച് കുട്ടികളും ഒരു അമ്മയും മരിച്ചു. വീട്ടിയൂര്‍ ഊരിലെ ഗീതുവിന്റെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ വച്ച് മരിച്ചു. കതിരംപതി ഊരിലെ രമ്യയുടെ പത്ത് മാസം പ്രായമുള്ള മകള്‍ അസന്യ ഇന്നലെ വൈകീട്ടും ചിണ്ടക്കി ഊരിലെ കടുകുമണ്ണ സ്വദേശി ജെക്കി-ചെല്ലന്‍ ദമ്പതികളുടെ ആറുവയസ്സുള്ള മകള്‍ ശിവരഞ്ജിനി രാത്രിയിലും മരിച്ചു. കോട്ടത്തറ ആശുപത്രിയില്‍ വച്ചായിരുന്നു ശിവരഞ്ജിനിയുടെ മരണം. സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞിന് രക്തക്കുറവുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കുറവന്‍ കണ്ടി ഊരിലെ 24കാരിയായ ആദിവാസി യുവതി തുളസിയും കുഞ്ഞും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. തുളസി അരിവാള്‍ രോഗബാധിതയായിരുന്നു. തൂവ ഊരിലെ വള്ളിയുടെ ഒന്നരമാസം പ്രായമായ കുഞ്ഞും വ്യാഴാഴ്ച മരിച്ചു.

ഈ വര്‍ഷം ഇതുവരെ 8 ആദിവാസി കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 11 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 12 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 21ന് ഷോളയൂര്‍ പഞ്ചായത്തിലെ ചുണ്ടക്കുളം ഊരിലെ പവിത്രയുടെ ആറ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു. ജനിക്കുമ്പോള്‍ 715 ഗ്രാമായിരുന്നു കുഞ്ഞിന്റെ ഭാരം. ആരോഗ്യനില മോശമായപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം.

അട്ടപ്പാടിയിലെ ശിശുമരണം ഔദ്യോഗിക കണക്ക് പ്രകാരം

2020- 10

2019- 7

2018 -13

2017- 14

2016- 8

2015- 14

2014- 15

2013- 31

2012- 16

പരിഹരിക്കപ്പെടാത്ത പരാതികള്‍

പ്രസവത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച യുവതിക്ക് അരിവാള്‍ രോഗമുണ്ടായിരുന്നു. അരിവാള്‍ രോഗമുള്ളവര്‍ ഗര്‍ഭിണിയാകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ദ ക്യുവിനോട് വ്യക്തമാക്കിയത്. കുഞ്ഞിനും അമ്മയ്ക്കും ജീവന്‍ നഷ്ടപ്പെടുമെന്നതിനാണ് ഇത്തരം നിര്‍ദേശം നല്‍കിയത്. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് ആറ് മാസത്തിന് ശേഷമാണ് അധികൃതര്‍ അറിയുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടും കാര്യമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് അധികൃതര്‍.

അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പരിഹാര നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകും. എന്നാല്‍ നടത്തിപ്പിലും അതിന് തുടര്‍ച്ചയുണ്ടാകുന്നതിലും വീഴ്ചകളുണ്ടാകുന്നുണ്ടെന്നാണ് പരാതികളില്‍ നിന്നും വ്യക്തമാകുന്നത്. ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലെ പോഷകാഹാരക്കുറവും ഹീമോഗ്ലോബിന്റെ കുറവുമാണ് ശിശുമരണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അട്ടിമറയ്ക്കപ്പെടുന്ന ജനനി ജന്‍മ രക്ഷാ പദ്ധതി

ശിശു മരണം തടയുകയെന്ന ലക്ഷ്യത്തോടെ എട്ട് വര്‍ഷം മുമ്പാണ് ജനനി ജന്‍മ രക്ഷാ പദ്ധതി അട്ടപ്പാടിയില്‍ നടപ്പിലാക്കിയത്. ഗര്‍ഭിണികളിലെയും മുലയൂട്ടുന്ന അമ്മമാരിലെയും പോഷകാഹാര കുറവ് പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നാം മാസം മുതല്‍ പതിനെട്ട് മാസം വരെയാണ് ആനുകൂല്യം ലഭിക്കുക. മാസം രണ്ടായിരം രൂപ വിതരണം ചെയ്യും. ഈ പണം മാസങ്ങളായി ലഭിക്കുന്നില്ലെന്നാണ് ആദിവാസി അമ്മമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. അംഗനവാടികള്‍ വഴി ഭക്ഷണം തയ്യാറാക്കിയാണ് നല്‍കിയിരുന്നത്. ഒരുമാസമായിട്ട് ഇത് ലഭിക്കുന്നില്ലെന്നാണ് പരാതി. മന്ത്രി കെ.രാധാകൃഷ്ണന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ അംഗനവാടികളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുമെന്ന സന്ദേശം എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. ഫണ്ട് പാസായിട്ടുണ്ടെന്നും ഗുണഭോക്താക്കള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്നും ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

110 സമൂഹ അടുക്കളകളാണ് അട്ടപ്പാടിയിലുള്ളത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. പോഷകാഹാരം ഉറപ്പാക്കുന്നതിനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മില്ലറ്റ് ഗ്രാമം പദ്ധതിയും നടപ്പിലാക്കിയത്.

പദ്ധതികളുണ്ടായിട്ടും ശിശുമരണം ആവര്‍ത്തിക്കുന്നുവെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

അപാകതകള്‍ പരിശോധിക്കണമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ അട്ടപ്പാടിയിലെത്തി അറിയിച്ചു. പോഷകാഹാര കുറവുകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടായിട്ടും ശിശുമരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കി.

അന്വേഷണം, റിപ്പോര്‍ട്ട് തേടല്‍

ശിശുമരണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കെ.രാധാകൃഷ്ണന്‍ അട്ടപ്പാടിയിലെത്തിയത്. പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. ശിശുമരണം അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ്ജ് ആരോഗ്യവകുപ്പ് ഡയറക്ടറോട് നിര്‍ദേശിച്ചു. പ്രത്യേക സമിതി രൂപീകരിച്ച് ശിശുമരണം പഠിക്കുമെന്ന് പാലക്കാട് ഡി.എം.ഒ ഡോക്ടര്‍ കെ.റീത്തയും അറിയിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഉപദേശകസമിതി രൂപീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശിശുമരണമുണ്ടാകുമ്പോള്‍ നടത്തുന്ന താല്‍കാലിക പ്രഖ്യാപനങ്ങളല്ല അട്ടപ്പാടിയിലെ കുരുന്ന് ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമെന്ന് വ്യക്തം. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് നടപ്പിലാക്കാനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in