സമ്മാനത്തുക നല്‍കാത്തതില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ഓസ്‌കര്‍ ഡോക്യുമെന്ററിയിലെ യുവതികള്‍ 

സമ്മാനത്തുക നല്‍കാത്തതില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ഓസ്‌കര്‍ ഡോക്യുമെന്ററിയിലെ യുവതികള്‍ 

ഓസ്‌കര്‍ പുരസ്‌കാരാര്‍ഹമായ പിരിയഡ്, എന്‍ഡ് ഓഫ് സെന്റന്‍സ് ഡോക്യുമെന്ററിയിലെ യുവതികള്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ നിന്നുള്ള സ്‌നേഹ്, സുമന്‍ എന്നിവര്‍ക്കാണ് ജോലി നഷ്ടമായത്. സാനിറ്ററി പാഡ് നിര്‍മ്മാണ കമ്പനിയായ ഫ്‌ളൈയില്‍ നിന്ന് പുറത്താക്കപ്പെട്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന്‌ സമ്മാനമായി ലഭിച്ച ഒരു ലക്ഷം രൂപ കമ്പനിക്ക് നല്‍കാന്‍ വിസമ്മതിച്ചതിന് പിരിച്ചുവിടുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ആക്ഷന്‍ ഇന്ത്യയെന്ന എന്‍ജിഒയാണ് ഫ്‌ളൈ എന്ന പാഡ് നിര്‍മ്മാണശാല നടത്തുന്നത്. ഇതേ സ്ഥാപനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിക്കപ്പെട്ടത്. റെയ്ക സെയ്താബ്ചിയാണ് 'പിരിയഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ദ ക്വിന്റ് ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് സ്‌നേഹ് പറയുന്നതിങ്ങനെ.

ഓസ്‌കര്‍ പരിപാടി കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയശേഷം ഏപ്രില്‍ ഒന്നിന് ഞാന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. തുടര്‍ന്ന് മെയ് 16 വരെ ജോലിയെടുത്തു. എന്നാല്‍ എനിക്കൊഴികെ 6 സഹപ്രവര്‍ത്തകര്‍ക്കും ഇക്കാലയളവിലെ ശമ്പളം നല്‍കി. ഇതോടെ മെയിന്‍ ഓഫീസില്‍ വിളിച്ച്, ശമ്പളമാവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ജോലി ചെയ്തത് അവര്‍ കണ്ടില്ലെന്നായിരുന്നു മറുപടി. ഏപ്രില്‍ 1 മുതല്‍ മെയ് 16 വരെ ജോലി ചെയ്തതിന് തെളിവുണ്ട്. ഓഫീസിലെ ഹാജര്‍ പട്ടിക നോക്കിയാല്‍ വ്യക്തമാകും. 

സ്‌നേഹ്

എസ്പിയുടെ അഖിലേഷ് യാദവ് നല്‍കിയ സമ്മാനത്തുകയായ ഒരു ലക്ഷം നല്‍കാത്തതിനാലാണ് കമ്പനി തങ്ങളെ പുറത്താക്കിയതെന്ന് സുമന്‍ പറയുന്നു.

വനിതാ ദിനത്തില്‍ അഖിലേഷ് യാദവ് ഞങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കിയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് പണം സ്വീകരിച്ചത് സ്ഥാപന നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കമ്പനിയുടെ നിലപാട്. തുക കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ സമ്മതിച്ചില്ല. ഒന്നുകില്‍ പണം നല്‍കുക അല്ലെങ്കില്‍ രാജിവെയ്ക്കുക എന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതോടെ സ്ഥാപനം വിടാന്‍ നിര്‍ബന്ധിതയായി. 

സുമന്‍

എന്നാല്‍ സ്‌നേഹും സുമനും സ്വമേധയാ രാജിവെച്ചതാണെന്നാണ് ആക്ഷന്‍ ഇന്ത്യയുടെ വാദം. ഓസ്‌കര്‍ ചടങ്ങിന് ശേഷം തിരിച്ചെത്തിയപ്പോള്‍ ഇരുവരുടെയും പെരുമാറ്റം മോശമായിരുന്നുവെന്ന് ആക്ഷന്‍ ഇന്ത്യ പ്രൊജക്ട് മാനേജര്‍ പറഞ്ഞു. അവരെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. മികച്ച ഉത്തരവാദിത്വങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ജനുവരി ഫെബ്രുവരി മാസങ്ങളിലെ ശമ്പളം നല്‍കിയിട്ടുണ്ട്. രാജി ആവശ്യപ്പെട്ടിട്ടില്ല. എന്‍ജിഒ എന്ന നിലയില്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് പണം സ്വീകരിക്കാന്‍ സാധിക്കില്ല. ഒരു ലക്ഷം രൂപ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ ഞങ്ങള്‍ യോഗം ചേര്‍ന്ന് പണം വാങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു.എന്നാല്‍ എങ്ങനെ നിഷേധിക്കണമെന്ന കാര്യത്തില്‍ ചില ചര്‍ച്ചകള്‍ അവരോട് നടന്നിട്ടുണ്ട്. തുക നിഷേധിക്കുന്നത് ധനസഹായം നല്‍കുന്നവര്‍ക്ക് അപമര്യാദയായി തോന്നാന്‍ പാടില്ലല്ലോയെന്ന വികാരത്തിലാണ് സ്‌നേഹുമായും സുമനുമായും സംസാരിച്ചതെന്നുമാണ് ദേവേന്ദറിന്റെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in